കുട്ടിപ്പ്രേതം

ജി.ആർ. ഇന്ദുഗോപൻ

ഞാൻ നിങ്ങളോടൊരു രഹസ്യം പറയാം. എന്റെ ക്ലാസിലൊരു പ്രേതമുണ്ടായിരുന്നു. അഞ്ച് എ യിൽ. പണ്ടെന്നോ അതേ ക്ലാസിൽ പഠിച്ച കുട്ടിയായിരുന്നു.
ഇതിപ്പോ ഓർക്കാൻ കാര്യമുണ്ട്. ഞാനിപ്പോ ആ സ്കൂളിൽ നിൽക്കുകയാണ്. ഞങ്ങളുടെ പത്താം ക്ലാസ് ബാച്ചിന്റെ 25 ാം വാർഷികമാണ്. അതിനെത്തിയതാണ്.
ആ പ്രേതക്കുട്ടിയുടെ കഥയ്ക്കു മുമ്പ് എന്റെ അവസ്ഥ പറയാം:
നാലാം ക്ലാസ് വരെ ഞാൻ ഒരു തിരുമണ്ടനായിരുന്നു. പത്തു മുപ്പത്തഞ്ചു പേരുള്ള ക്ലാസിൽ ഇരുപത്തഞ്ചിനു താഴെയായിരുന്നു റാങ്ക്. പഠിക്കുന്നതൊന്നും മനസ്സിലാകുന്നില്ല. നഗരത്തിലെ ഏറ്റവും വലിയ ഇംഗ്ലിഷ് മീഡിയം സ്‌കൂളാണ്. ചുറ്റും മിടുക്കന്മാർ. ഓരോ തവണ പ്രോഗസ്സ് റിപ്പോർട്ട് കിട്ടുമ്പോഴും ഞാൻ നിരാശനായിക്കൊണ്ടിരുന്നു. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല.

സ്‌കൂളിനു പുറത്തും ഞാനൊരു സ്വപ്‌നജീവിയാണ്. വിശാലമായ പാടത്തിന്റെ നടുക്കായിരുന്നു എന്റെ വീട്. കണ്ണെത്താ ദൂരം എങ്ങോട്ടു തിരിഞ്ഞാലും പച്ച. അതിൽ നോക്കി സ്വന്തം ദേഹത്തോട്ടു നോക്കിയാൽ നമ്മളുടെ ദേഹവും പച്ചയായി കാണും; ഒരു പച്ചോന്തിനെ പോലെ. ഒരുപാട് സമപ്രായക്കാർ ചുറ്റുമുണ്ട്. അവരുടെ ഒപ്പം ചേർന്ന് കളിക്കണമെന്ന് ആശയുണ്ട്. പറ്റുന്നില്ല. പഠിക്കാനാകാത്തതിന് ഞാൻ ശരിക്ക് കള്ളവും പറയുമായിരുന്നു. ആകെക്കൂടി ഒരു ചീത്ത കുട്ടി. പക്ഷേ എന്റെ ഉള്ളിൽ പഠിക്കണമെന്നും നല്ല ആളാകണമെന്നും ആശയുള്ള വേറെയൊരു കുട്ടിയുണ്ട്. അതെനിക്കറിയാം.
അഞ്ചാം ക്ലാസിൽ എന്നെ വീടിനടുത്തുള്ള സാധാരണ സ്‌കൂളിലേക്ക് മാറ്റാൻ അച്‌ഛൻ തീരുമാനിച്ചു.

സ്‌കൂൾ തുറക്കുന്ന ദിവസം. അച്‌ഛന്റെ ഏറ്റവും ഇളയ സഹോദരനാണ് എന്ന സ്കൂളിലാക്കാനുള്ള ചുമതല. ആ ചിറ്റപ്പനെ ഞാൻ ചിറ്റയെന്നാണ് വിളിക്കുന്നത്. അന്ന് ചിറ്റയ്‌ക്ക് പതിനെട്ട്– പത്തൊമ്പത് വയസ്സ് മാത്രമേയുള്ളൂ. എന്നെ പോലെ തന്നെ. പഠിക്കില്ല. പക്ഷേ ആത്മവിശ്വാസത്തിനൊരു കുറവുമില്ല. വയലിലെ നേർത്ത വരമ്പിലൂടെ സൈക്കിളിലാണ് ഞങ്ങളുടെ യാത്ര. ഇടയ്‌ക്ക് വെള്ളത്തിൽ വീഴുമെന്ന് പേടിച്ച് ഞാൻ ഹാൻഡിൽ വെട്ടിക്കാൻ നോക്കും. ചിറ്റയ്‌ക്ക് അതും പ്രശ്നമല്ല. ക്ലബുകൾ നടത്തുന്ന സൈക്കിൾ സ്ലോ റെയ്‌സിൽ പുള്ളി സ്‌ഥിരം ജേതാവാണ്.
വരമ്പു തീർന്ന്, വീതിയുള്ള റോഡിലേക്കു കടക്കുമ്പോൾ എനിക്ക് ധൈര്യം കിട്ടും. ഒരു പ്രത്യേക ഊർജം. അതു വച്ച് ഞാൻ ചിറ്റയോട് ചോദിച്ചു: ‘ചുമ്മാ ചവിട്ടുമ്പോൾ സൈക്കിൾ എങ്ങനാ വീഴാതെ നിൽക്കുന്നത്?’
ചിറ്റ പറഞ്ഞു: ‘ചവിട്ടു കൊള്ളുമെന്ന് പേടിയുണ്ടെങ്കിൽ ആരും വീഴില്ല.’
എനിക്ക് തൃപ്‌തിയായില്ല. ചിറ്റ പറഞ്ഞു: ‘അതൊരു ശക്‌തിയാണ്. ആ ശക്‌തിയെ കാണാനൊക്കില്ല.’
‘ദൈവമാണോ?’: ഞാൻ ചോദിച്ചു.
‘യേയ്.. ദൈവത്തിന് ഓരോ സൈക്കിളും കറക്കാൻ നേരമുണ്ടോ?’ ചിറ്റ ചോദിച്ചു: ‘ദൈവം ഒരാളും സൈക്കിളുകൾ ഒരുപാടുമല്ലേ.. ഇതൊക്കെ ചെറിയ ചെറിയ ശക്‌തികൾ.’
‘ശിവന് ഭൂതഗണങ്ങൾ പോലെ...അല്ലേ?’: ആയിടെ വായിച്ച അമർചിത്രകഥയെ ഓർമിച്ച് ഞാൻ ചോദിച്ചു.
‘കറക്‌ട്..’ ചിറ്റ പറഞ്ഞു.
ഞാൻ ചോദിച്ചു: ‘പഠിക്കാൻ ഹെൽപ് ചെയ്യുന്ന ഭൂതങ്ങളുണ്ടോ?’
‘ഉണ്ട്. ട്യൂഷൻ മാസ്‌റ്റർ!’
എനിക്ക് ചിരി വന്നില്ല.
ഞാൻ മിണ്ടാതിരുന്നു.
‘നിനക്ക് ഏതു വിഷയമാ പാട്.. ’: ചിറ്റ ചോദിച്ചു.
‘എല്ലാ വിഷയവും പാടാ..’ : ഞാൻ സങ്കടത്തോടെ പറഞ്ഞു. അത് പറഞ്ഞപ്പോൾ എന്റെ ശബ്ദം വിങ്ങിപ്പോയി.
ചിറ്റ അത് മനസ്സിലാക്കിയെന്നു തോന്നുന്നു.
ചിറ്റ ചോദിച്ചു: ‘നീ ഏതു ഡിവിഷനിലാ?’
ഞാൻ പറഞ്ഞു: ‘അഞ്ച് എ.’
അദ്‌ഭുതം പോലെ ചിറ്റ പറഞ്ഞു: ‘അഞ്ച് എയോ. എങ്കീ നീ രക്ഷപ്പെട്ടു.’
അതെങ്ങനാ എന്ന അർഥത്തിൽ ഞാൻ തിരിഞ്ഞു നോക്കി.

ചിറ്റ മെല്ലെ പറഞ്ഞു: ‘നീ ആരോടും പറയരുത്. ആ ക്ലാസിലൊരു ഭൂതക്കുട്ടിയൊണ്ട്. പഠിക്കണമെന്ന് വല്യ ആശയൊള്ള കൊച്ചായിരുന്നു. എന്തു ചെയ്യാനാ. പനി വന്നതാ. അത് കൂടി. മരിച്ചു പോയി. ആ കുട്ടിയെ എന്റെ ഒരു കൂട്ടുകാരൻ കണ്ടിട്ടുണ്ട്. മരിച്ച ശേഷം..’
‘ചുമ്മാ..’
‘ആണെന്നേ. നിന്റെ പള്ളിക്കൂടത്തിന്റെ ചുറ്റും എനിക്ക് ഒരുപാട് ഗ്യാംഗുണ്ട്. മതിലു ചാടി ഞങ്ങള് ഗ്രൗണ്ടില് കേറി കളിക്കും. ഇപ്പോ ഫുട്‌ബോളല്ല. പുതിയ ഒരു തരം കളിയുണ്ട്. ക്രിക്കറ്റ്. ഒരുത്തനൊരു പന്തെറിയും. നമ്മള് ബാറ്റ് കൊണ്ട് ഒറ്റ അടിയാണ്. ആ പന്തെടുക്കാൻ, പോയതാണ് ഞങ്ങളുടെ കൂടെ കളിച്ചു കൊണ്ടിരുന്ന കൂട്ടുകാരൻ. ചെന്നപ്പോ ഒരു കുട്ടിയുടെ കൈയിലിരുന്നു പന്ത്. അവൻ ക്ലാസ്മുറിയുടെ അഴികളില്ലാത്ത ജനലീ കേറി ഇരിക്കുകയാണ്. നിന്റത്രയുമേയുള്ളൂ അവൻ. ഇങ്ങു താടാ പന്ത് എന്നു പറഞ്ഞപ്പോ ചെറുക്കൻ ക്ലാസിനകത്തേയ്‌ക്ക് ചാടി. ഇവൻ പുറകെ ചെന്നു. ചെറുക്കൻ വരാന്തയിലേക്ക് ചാടി ഓടി. നീണ്ട വരാന്തയാണ്. ഇവൻ പിറകെ. വടക്കു ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ടി കെട്ടിടമുണ്ട്. ഇംഗ്ളിഷിലെ ടി ആകൃതിയാണ്. പയ്യൻ അതിനകത്തേക്കാണ് ഓടിക്കയറിയത്. പിറകെ ചെന്നപ്പോ അകത്താരുമില്ല. ഒരു ഓഡിറ്റോറിയം പോലെ വിശാലം. പ്രാവിന്റെ കുറുകൽ മാത്രം. വവ്വാലിന്റെ മണം. ടി കെട്ടിടം ആയതു കൊണ്ട് രണ്ടു വശത്തേക്കും കാണാനാവാത്ത ഭാഗമുണ്ട്. ഇവനോടി അങ്ങോട്ട് ചെന്നപ്പോ, അവിടെയും പയ്യനില്ല. അറിയാതെ മുകളിലേക്ക് നോക്കിയപ്പോ, ഓടിട്ട കെട്ടിടത്തിന്റെ കുറുകെയുളള കഴുക്കോലിൽ കേറി ചെറുക്കനിരിക്കുന്നു. ഇങ്ങോട്ടെടുക്കെടാ പന്ത് എന്ന് പറഞ്ഞു. പയ്യൻ ചുമ്മാതിരുന്നു ചിരിച്ചു. അവൻ ചിരിച്ചപ്പോ പ്രാവുകളുടെ കുറുകലുകൾ സ്വയം നിന്നു. പയ്യന്റെ ചിരി മാത്രം കിടന്ന് ചിലമ്പുകയാണ്. എന്തോ പന്തിക്കേട് തോന്നി. ഇത്രേം ചെറിയ ചെറുക്കനെങ്ങനെ ഇത്രേം പെട്ടെന്ന് ഇത്രേം മുകളിൽ. അതും പള്ളിക്കൂടമില്ലാത്ത ദിവസം.. പതിയെ പേടി അരിച്ചു കേറാൻ തുടങ്ങി. അവൻ തിരിഞ്ഞൊരു ഓട്ടം.’
ഞാൻ സൈക്കിളിന്റെ ഹാൻഡിലിൽ മുറുകെ പിടിച്ചു. കൈ വിയർത്തു.
ഞാൻ വിറയലോടെ പറഞ്ഞു: ‘ചുമ്മാതായിരിക്കും.’
ചിറ്റ പറഞ്ഞു: ‘ഞങ്ങളും അങ്ങനാ വിചാരിച്ചത്. ഇവൻ പറഞ്ഞതു കേട്ട് പിറകെ ചെന്ന് നോക്കിയപ്പോ ഞെട്ടിപ്പോയി. പന്ത് അവിടെയുണ്ട്. താഴെ വീഴാതെ കഴുക്കോലിലിരുന്ന് അത് അനങ്ങുന്നുണ്ട്.’
‘ചുമ്മാ..’ :ഞാൻ കരച്ചിലിന്റെ വക്കിലായി. ശബ്‌ദം ഇടറി.
സമാധാനിപ്പിക്കാനായി ചിറ്റ പറഞ്ഞു: ‘ടാ അതൊരു പാവം ചെറുക്കനായിരുന്നു. നിനക്ക് പഠിക്കാൻ ആശയുണ്ടെങ്കിൽ അവനെ ഓർക്കണം. അവൻ നിന്റെ ബുദ്ധിയിലോട്ട് കേറും. നീ നോക്കിക്കോ..’

ലത എന്നു പേരുള്ള സുന്ദരിയായ, അമ്മയെ പോലെ സ്‌നേഹമുള്ള ഒരു ടീച്ചറായിരുന്നു എന്റെ ക്ലാസ് ടീച്ചർ. ആദ്യദിവസങ്ങളിലൊക്കെ ഞാനാ പ്രേതക്കുട്ടിയെ കുറിച്ച് ഓർക്കുമായിരുന്നെങ്കിലും പിന്നെ മറന്നു. ഓണപ്പരീക്ഷ വന്നു. ഓണം വന്നു. ഓണം കഴിഞ്ഞ് ചെന്നപ്പോ പ്രോഗ്രസ് കാർഡ്. റാങ്കു ക്രമത്തിൽ ടീച്ചർ വായിച്ചു. ‘ഫസ്‌റ്റ് റാങ്ക്. കെ. എസ്. ഹരി. സെക്കൻഡ് റാങ്ക്...’ അപ്രതീക്ഷിതമായി എന്റെ പേര്. ഞാൻ ഞെട്ടിപ്പോയി. പിന്നെ ഇതു വരെയില്ലാത്ത ഒരു ഉൽസാഹം എന്റെ ദേഹത്തേക്ക് കയറി. വെളിയിൽ നിന്ന് ചാഞ്ഞ് വന്ന വെയിലിന്റെ ഒരു പാളി മുറിയിൽ വീണു. അതിലേക്കു നോക്കിയപ്പോ, ഒരു ചെറുക്കന്റെ രൂപം. എന്നെ രക്ഷിച്ച ആ പ്രേതക്കുട്ടി. ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി: ‘തേർഡ് റാങ്ക്..’ ടീച്ചർ ആളിന്റെ പേരു പറയുന്നതിന് മുമ്പ് ഞാൻ വിളിച്ചു പറഞ്ഞു: ‘മിനി ഡി.വി.’ ‘അതേ’ ടീച്ചർ പറഞ്ഞു: ‘മിനി ഡിവി. ഫോർത്ത് റാങ്ക്...’ ടീച്ചർ പറയുന്നതിന് മുമ്പ് ഞാൻ പറഞ്ഞു: ‘സനൂജ് എസ്.’ പത്തിരുപത് റാങ്കിൽ നാലോ അഞ്ചോ എണ്ണം തെറ്റിയതൊഴിച്ചാൽ ഞാൻ പറഞ്ഞതെല്ലാം കൃത്യമായിരുന്നു.
ഇന്റർവെൽ സമയത്ത് എന്നെ ടീച്ചേഴ്‌സ് റൂമിലേക്ക് വിളിപ്പിച്ചു. അദ്‌ഭുതത്തോടെ ലത ടീച്ചർ എന്നോട് ചോദിച്ചു: ‘മോനെങ്ങനാ അത്രയും റാങ്കുകൾ തെറ്റാതെ പറഞ്ഞത്?’ ഞാൻ പറഞ്ഞു: ‘അറിയില്ല..’ വേറൊരു ടീച്ചർ ചോദിച്ചു: ‘നീ ഈ സ്‌കൂളിൽ വന്നിട്ടുള്ള ആദ്യത്തെ പരീക്ഷയാണ്. അല്ലേ.. ഈ കുട്ടികൾ പഠിക്കുമോയെന്നു പോലും നിനക്കറിയില്ല. പിന്നെങ്ങനാ...’ ഞാൻ പേടിച്ച് അറിഞ്ഞുകൂടെന്ന് തലയാട്ടി. ‘മോൻ പൊക്കോ. ഗുഡ് ബോയ് കേട്ടോ..’ ലത ടീച്ചർ പറഞ്ഞു. ഞാൻ തിരികെ ക്ലാസിലേക്ക് ഓടി.

പത്താം ക്ലാസ് ബാച്ചിന്റെ വാർഷികാഘോഷം തുടങ്ങി. ഞങ്ങളുടെ ഒരു സഹപാഠിയെ ആദരിക്കുന്നുണ്ട്. ഡോക്‌ടറാണ്. കേരളത്തിലെ ഏറ്റവും പ്രഗൽഭനായ ഹൃദയമാറ്റ ശസ്‌ത്രക്രിയാവിദഗ്‌ധന്റെ ടീമിലെ അംഗമാണ്. കൊച്ചിയിൽനിന്ന് ഈ മീറ്റിങ്ങിനായി മാത്രം വന്നതാണ്. അവൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു:
‘ഞാൻ ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടിയല്ലായിരുന്നു. എന്നിട്ടും ഞാൻ ഒരു ഡോക്‌ടറായി. വാശിയൊന്നുമല്ലായിരുന്നു. ആത്മവിശ്വാസം. അതെനിക്ക് തന്നത് ഈ സ്കൂളായിരുന്നു. ഈ സ്‌കൂളിനോട് ചേർന്ന ഒരു കൊച്ചു കുടിലിലാണ് ഞാൻ താമസിച്ചിരുന്നത്, അച്‌ഛൻ മരിച്ച, കൂലിപ്പണിക്ക് പോകുന്ന ഒരു അമ്മയുടെ സാധാരണ മകൻ. ആഹാരത്തിന് മുട്ടുണ്ട്. ഈ ഈ സ്കൂളിന്റെ മതിലു ചാടി വന്ന്, തേങ്ങയും കരിക്കും ഞങ്ങൾക്കാവശ്യമുള്ളത് പിരിച്ചിടുമായിരുന്നു. ആ കരിക്കിന്റെ കാതലാണ് എന്റെ ബുദ്ധിയെ പരിപോഷിപ്പിച്ചത്. ഈ സ്‌കൂളിലെ ആ നിൽക്കുന്ന മുത്തശിമാവുകൾക്ക് അന്നിത്ര പ്രായമില്ല. വെക്കേഷൻ സമയങ്ങളിൽ സ്‌കൂൾ അടച്ചിടുന്ന കാലത്താണ് മാങ്ങ വിളയുന്നത്. ഏത് ഉച്ചംമണ്ടയിലും ഞാൻ പിടിച്ചു കയറുമായിരുന്നു. ഇടയ്ക്ക് ഞാൻ വിജനമായ ഈ സ്കൂൾ വരാന്തകളിലൂടെ കറങ്ങിനടക്കും. ഇവിടെയുണ്ടായിരുന്ന ടി കെട്ടിടത്തിലെ അര മതിലിലൂടെ കയറി കഴുക്കോലിൽ തൂങ്ങിക്കിടങ്ങും. ഇടയ്ക്ക് പലരും അപ്രതീക്ഷിതമായി എന്നെക്കണ്ട് പേടിച്ചിട്ടുണ്ട്. ആ കുട്ടി പലരും കരുതിയതു പോലെ ഒരു പ്രേതമായിരുന്നില്ല. ജീവിക്കാൻ ആഗ്രഹമുള്ള ഒരു കുട്ടിയായിരുന്നു. പഠിച്ചത് ജീവിക്കാൻ വേണ്ടിയായിരുന്നു.’
ഗദ്‌ഗദം മൂലം അവൻ പ്രസംഗം പകുതിക്കു നിർത്തി.കൈലേസ് കൊണ്ട് കണ്ണു തുടച്ച് സ്വന്തം കസേരയിൽ വന്നിരുന്നു.
അവനറിയുന്നുണ്ടായിരുന്നില്ല. അവൻ മൂലം ആത്മവിശ്വാസത്തിന്റെ പരകോടിയിലെത്തിയതു കൊണ്ടു മാത്രം, ഒരു പ്രതിഭയും കഴിവുമില്ലാതിരുന്ന ഒരു സഹപാഠി കൂടി ജീവിതത്തിന്റെ പടുകുഴിയിൽനിന്ന് കുറച്ചെങ്കിലും കര കയറിയ കഥ.
ഞാനത് പറഞ്ഞുമില്ല. പകരം..., പകരം അവന്റെ ഗദ്ഗദം ഞാൻ ഏറ്റെടുത്തു. അവന്റെ തോളിൽ കയ്യിട്ടു. കുറച്ചു ചുവടുകൾ അങ്ങനെ നടന്നു.

© Copyright 2017 Manoramaonline. All rights reserved....
റെയിൽ പാത അവസാനിക്കുന്നിടത്ത്
പിതാമഹൻ
വശ്യമോഹിനി യന്ത്രം
പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്
അച്ഛൻ പ്രതി
മറക്കല്ലേ ഈ മഴക്കാലം
തത്വചിന്ത.
ദൈവദേശത്ത്.
ചരിത്രം പറയാത്ത ചില രഹസ്യങ്ങൾ....
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ...
ഒരു പള്ളിക്കൂടം കഥ.
രാഷ്ട്രം.