അച്ഛൻ പ്രതി

കെ. രേഖ

അമ്മ പണ്ടേ വലിയ തമാശക്കാരിയാണ്.. പക്ഷേ ഞങ്ങളുടെ വീട്ടിൽ ആരും ചിരിച്ചുകണ്ടിട്ടില്ല. ഒന്നു ചിരിക്കാൻ എന്തേ ഇത്ര ബുദ്ധിമുട്ട് എന്നു തീരെ കുട്ടിയായിരുന്നപ്പോൾ ചോദിച്ചു ചോദിച്ച് മുതിർന്നവരുടെ വഴക്കു കേട്ടുമടുത്തിട്ടുണ്ട്. ചിരിയില്ലാത്തൊരു വീട്ടിലേക്ക് പുതിയ പുതിയ ദുരന്തങ്ങൾ കടന്നുവരുമെന്ന് ഞാൻ മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്. പക്ഷേ ആരുമത് കേട്ടിട്ടില്ല. കാലുതളർന്നയാളിന്റെ വാക്കിനും പിഴയ്ക്കുമെന്നാവും അരുടെ വിചാരം.

‘‘സുമീ, വായിച്ചുവായിച്ച് നിന്റെ കണ്ണിനു കാഴ്ചക്കുറവും മറ്റുള്ളവരുടെ മനസിന് സ്വസ്ഥതക്കുറവും ഉണ്ടാക്കും നീ ’’എന്ന് അമ്മ അരിശപ്പെടും.
‘‘ദൈവം നിന്റെ കാലുതളർത്തിയിട്ട് ബുദ്ധി കൂട്ടിത്തന്നു ഞങ്ങളെ ഉപദ്രവിക്കുകയാണ് . ഇടയ്ക്കിടെ കണ്ണടയുടെ പവർ മാറ്റാൻ വയ്യിനി’’ എന്നു ക്ഷോഭിച്ച് കണ്ണട വലിച്ചൂരുകയും ചെയ്യും. അമ്മ, അത്രയേറെ പഴഞ്ചൻ. അത്രയേറെ മണ്ടി. ഈ അമ്മമാരെല്ലാം അങ്ങനെയാണ്. മക്കളെ നോവിച്ചു ദൈവത്തോടു പ്രതികാരം ചെയ്യാമെന്നു കരുതുന്നവർ.

നാലാംക്ലാസ് വരെയെ ഞാൻ സ്കൂളിൽ പോയിട്ടുള്ളൂ.അപ്പോഴേയ്ക്കും എന്നെ താങ്ങിയെടുത്ത് സ്കൂളിൽ കൊണ്ടുപോകാനാർക്കും വയ്യാതായി. ആറുകൊല്ലത്തെ പഠനത്തിന്റെ ശേഷിപ്പുകളായി ചുവരിൽ ആറു ഗ്രൂപ്പ് ഫോട്ടോകൾ. അതിൽ ആറിലും എന്നെ കണ്ടുപിടിക്കാൻ എളുപ്പമാണ്. മുൻനിരയിൽ ടീച്ചർമാർക്കൊപ്പം ഇരിക്കുന്ന ഒരേയൊരു കുട്ടി. ഫോട്ടോഗ്രാഫർ ക്രച്ചസ് ഫോട്ടോയ്ക്കു പുറത്തേക്ക് മാറ്റിവച്ചിട്ടും അദൃശ്യതയുടെ നിഴലിൽ നിന്ന് ക്രച്ചസ് അട്ടഹസിക്കുന്നതായി എനിക്കു തോന്നും.

അമ്മയ്ക്ക് ഞാനും ചിന്നുവും വലുതാകുന്നതേ പേടിയായിരുന്നു. ഒൻപതാം വയസിൽ സ്കർട്ടിൽ രക്തം പുരണ്ട് ചിന്നു പേടിച്ചു കരഞ്ഞപ്പോൾ —‘‘ദൈവമേ, ബുദ്ധിയില്ലാത്ത ഈ കൊച്ചിനെ നീ ഇത്ര പെട്ടെന്നു ചതിച്ചല്ലോ’’—എന്ന് അമ്മ അലമുറയിട്ടു. എന്നേക്കാൾ രണ്ടുവയസിനിളയവളായ ചിന്നു , പരസ്യങ്ങളിൽ കാണുന്ന പതുപതുത്ത സാനിറ്ററി നാപ്കിനുകൾക്ക് ഉടമയാകുന്നതിൽ തെല്ലൊരു അസൂയ തോന്നാതിരുന്നില്ല. അമ്മ ഭയന്നു ഭയന്ന് സദാ ഓർത്തോർത്ത് വിളിച്ചുവരുത്തിയതാണ് ചിന്നുവിന്റെ വലുതാകൽ എന്നെനിക്കു തോന്നി.
പിന്നെ എല്ലാ മാസങ്ങളിലും ചിന്നു ചുവരിൽ രക്തം കൊണ്ടു കോറിയിട്ടു. അമ്മ പലതവണ ഉരച്ചുകളഞ്ഞിട്ടും ചുവന്ന രക്തക്കറകൾ ചിന്നുവിന്റെ മുറികളിൽ നിറഞ്ഞു. അമ്മ പലതവണ അവളെ അടിച്ചു.

ചിന്നുവിന്റെ അധ്യാപകനായ ഫാദർ ഫെലിക്സ് അമ്മയെ കൂടെക്കൂടെ ഉപദേശിക്കും—‘‘മിസിസ് രമേശ്, നിങ്ങൾ വലിയ വിദ്യാഭ്യാസമുള്ളയാളല്ലേ..അവളുടെ ക്രിയേറ്റിവിറ്റിയെ തടസ്സപ്പെടുത്തരുത്.അവൾക്ക് നിങ്ങളോടും ലോകത്തോടുമൊക്കെ പറയാനുള്ളതായിരിക്കാം അവൾ വരച്ചുകൂട്ടുന്നത്. നിങ്ങളവൾക്ക് ചായപ്പെൻസിലുകളോ കളറുകളോ വാങ്ങിക്കൊടുത്ത് അതു പ്രോൽസാഹിപ്പിക്കണം.’’
പക്ഷേ ചിന്നു കളർപെൻസിലുകൾ തൊട്ടില്ല. ആർത്തവദിനങ്ങളിലെ രക്തപ്പാടുകളാൽ അമ്മയെ ഭയപ്പെടുത്താൻ തന്നെ അവൾ നിശ്ചയിച്ചു. മുകൾ നിലയിലെ ചിന്നുവിന്റെ മുറിയിലേക്ക് സന്ദർശകരെയോ അതിഥികളെയോ കയറ്റാതിരിക്കാൻ അമ്മ പെടാപ്പാടു പെട്ടു. ഞാനും വലുതാകരുതെന്ന് അമ്മ ആഗ്രഹിച്ചു.

നന്നായി സൃഷ്ടിക്കാത്ത ഈ കുഞ്ഞുങ്ങൾക്ക് ഗർഭപാത്രത്തിന്റെ ഭാരം കൂടി നീയെന്തിനാണ് കൊടുത്തത് എന്ന് യേശുവിനോടും ശിവനോടും കൃഷ്ണനോടും അമ്മ ദു:ഖത്തോടെയും വെറുപ്പോടെയും ചോദിച്ചു. ആട്ടിടയ ഉന്നതർ അതുകേട്ടില്ല. അവരുടെ കണ്ണുതുറപ്പിക്കാൻ അമ്മ നാട്ടിലെ കാവിൽ സർപ്പപൂജ, അച്ഛന്റെ നാട്ടിൽ കളിയാട്ടം , ഹോമങ്ങൾ ഒക്കെ നടത്തി. കലൂർ പള്ളിയിൽ ധ്യാനം കൂടി.
ദൈവം പറത്തിവിട്ട പട്ടങ്ങൾ ആയ ഞങ്ങളുടെ ജീവിതം ഒന്നു തിരിച്ചുപിടിച്ചുനേരെയാക്കി വിടാനാകാതെ ദൈവങ്ങൾ വേവലാതിപ്പെട്ടുകാണണം.
അമ്മയ്ക്ക് എന്റെ വായനയോടു വെറുപ്പ് തോന്നാൻ തുടങ്ങിയത് അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങിയ കാലത്ത് ഞാൻ അമ്മയുടെ ഡയറിയാണ് ആദ്യം വായിച്ചതു മുതലാകണം.

രണ്ടാംക്ലാസിലോ മറ്റോ പഠിക്കുമ്പോൾ..പക്ഷേ അന്നെനിക്ക് അതിന്റെ അർഥം മനസിലായില്ല. എല്ലാ വരികളും ഞാൻ മനപ്പാഠമാക്കി. പിന്നീട് വളർച്ചയുടെ ഓരോ ഘട്ടത്തിലും ആ വരികൾ ഓർമയുടെ പത്തായത്തിൽ നിന്നു പുറത്തെടുത്ത് അതിന്റെ അർഥം ഞാൻ കൂടുതൽ കൂടുതൽ മനസിലാക്കി. അത് ഏതാണ്ടിങ്ങനെയാണ്— അമ്മ സാധാരണ പെൺകുട്ടികൾക്കു പതിവില്ലാത്ത വലിയ ഹാസ്യബോധത്തിനുടമയായിരുന്നു. (ഡയറിയിൽ അതിനു തെളിവുണ്ട്.. രസമുള്ള ഭാഷ, കുസൃതിയുള്ള നിരീക്ഷണം. കൂട്ടുകാരെക്കുറിച്ചൊക്കെ പറയുന്നിടത്ത് ഫലിതത്തിന്റെ ചാട്ടുളിപ്രയോഗം) സൗഹൃദസദസ്സുകളുടെ രാജകുമാരി. എല്ലാവർക്കും അമ്മയെ വേണം. ചാടാനും ഓടാനും പാടാനും ആടാനും മിടുക്കി. എല്ലാ പരീക്ഷയ്ക്കും വലിയ മാർക്ക്. ആൺകുട്ടികൾക്കും അമ്മയോടു ബഹുമാനം.

കുട്ടിക്കാലത്ത് പഠനത്തിൽ മൽസരിച്ചിരുന്ന ഉമേഷ്ബാബു പ്രേമം പറയേണ്ട പ്രായത്തിൽ അമ്മയോട് പ്രേമം പറയുന്നു. മഴവില്ലും പേമാരിയും ഇളംകാറ്റും കവിതയും ഒക്കെയായി ആ പ്രേമം തളിർക്കുന്നു. വാശിയോടെ പഠിച്ച് ഇരുവരും എൻജിനീയറിങ് പഠനം പൂർത്തിയാക്കാനിരിക്കവെയാണ് ഉമേഷിനെ കാണാതാകുന്നത്. അമ്മയ്ക്ക് വേദനയേക്കാൾ വാശിയാണു തോന്നിയത്. നാട്ടിലെ കുസുമം ട്രാൻസ്പോർട്ട് ബസോടിച്ചിരുന്ന ഡ്രൈവർ രാജുവിനെ അമ്മ ഒരു തമാശപോലെ പ്രേമിക്കുന്നു. രാജുവുമൊന്നിച്ച് ഒളിച്ചോടാൻ തുടങ്ങുമ്പോഴാണ് വീട്ടുകാർ പിടികൂടിയത്. സെൻട്രൽ കസ്റ്റംസിൽ ഉദ്യോഗസ്ഥനായ രമേശ് നമ്പ്യാരുടെ ഭാര്യയായി മറ്റൊരു ഹാസ്യനാടകം.

‘ഇനി എന്റെ ജീവിതത്തിൽ ഇതുപോലെ എത്ര തമാശകൾ’ എന്ന ചോദ്യത്തോടെ കാൽപനികത ഏറിയും കുറഞ്ഞുമിരിക്കുന്ന അമ്മയുടെ അവസാനഡയറി അവസാനിക്കുന്നു. കാൽപനികതയും ബുദ്ധിയുമുള്ള എല്ലാ ഇരുപതുകാരിപെൺകുട്ടികളും എഴുതാനിടയുള്ള സുന്ദരവാക്യങ്ങളും കവിതകളും ഡയറികൾക്കു അന്തസ്സു നൽകുന്നു. നാഫ്ത്തലീൻഗുളികകളും കർപ്പൂരവും ചന്ദനത്തിരിയും കൂടിച്ചേരുമ്പോഴുള്ള സങ്കരമണവുമുണ്ട് പേജുകൾക്ക്.
പിൽക്കാല ജീവിതത്തിന് ആ ഡയറികൾ ഒരു അനാവശ്യവസ്തുവാണെന്നറിഞ്ഞിട്ടും അമ്മ അതു നശിപ്പിച്ചില്ല. ഭർത്താവിനോട് ഞാൻ ആദ്യമായി കാണുന്ന പുരുഷൻ അങ്ങാണെന്നൊരു വലിയ തമാശ പറഞ്ഞ് തുടങ്ങേണ്ടതായിരുന്നു അമ്മയുടെ ആദ്യരാത്രി. പക്ഷേ അച്ഛന് അതൊന്നും ഒരു വിഷയമായിരുന്നില്ല. അച്ഛനു വേണ്ടത് നല്ല സുന്ദരശരീരവും പെരുമാറ്റവും ആർഭാടവുമൊക്കെയുള്ള ഒരു ഭാര്യയെയായിരുന്നു. രസിപ്പിക്കുന്ന ഒരു ഭാര്യയെയാണ് അച്ഛനാഗ്രഹിച്ചത്. കാൽപനികസ്നേഹത്താൽ തൊട്ടുണർത്തുന്ന ഭർത്താവും, മിടുക്കരും സുന്ദരരുമായ കുട്ടികളുമുള്ള കുടുംബമായിരുന്നു അമ്മയുടെ സങ്കൽപം.

മദ്രാസിലെ കൊച്ചു ഫ്ളാറ്റിൽ അച്ഛനുമമ്മയും ജീവിക്കാൻ തുടങ്ങി. മുൻപ്രണയങ്ങളുടെ പാട തൂത്തുകളയാൻ അച്ഛന്റെ ഒന്നോ രണ്ടോ ഇടപെടൽ മതിയായിരുന്നിരിക്കണം. അച്ഛന്റെ സൗഹൃദസംഘങ്ങളിലും യാത്രകളിലും ഒക്കെ അലോസരമുണ്ടാക്കാതെ അമ്മ കൂടെ നടന്നു. ഞാൻ നടക്കാനാകാത്തവളായി വളർന്നതോടെ അമ്മയുടെ ചെറുചിരി മാഞ്ഞു.ഞങ്ങളുടെ ബീച്ച് യാത്രകളും കപ്പലണ്ടി കൊറിക്കലും ഐസ്ക്രീം കഴിക്കലും പാർക്കിലൂടെയുള്ള ഓട്ടവും അവസാനിച്ചു.അമ്മയും അച്ഛനും സ്നേഹം തുടിക്കുന്ന നോട്ടം കൈമാറാനാകാതെ ബദ്ധപ്പെട്ടു.
അച്ഛൻ അതുവരെ കൈക്കൂലിയൊന്നും വാങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു. സത്യസന്ധതയുടെ പേരിൽ എല്ലാവരും ബഹുമാനിച്ചിരുന്ന ഒരാൾ. നല്ല ഫുട്ബോൾ കളിക്കാരൻ. കാലു തളർന്ന പെൺകുട്ടിയുടെ അച്ഛന് കൈക്കൂലി വാങ്ങാതിരിക്കാനാകില്ലെന്നു തോന്നിയപ്പോൾ എല്ലാം പിടിച്ചുപറിക്കുന്നയാളായി. രണ്ടോ മൂന്നോയിടങ്ങളിൽ ബംഗ്ലാവുകൾ .ചിന്നു കൂടിയായതോടെ അമ്മയും അച്ഛനും പരസ്പരം മുഖം നോക്കാനാകാതെ കഷ്ടപ്പെട്ടു.

അമ്മ സാരി തെറുത്തുകയറ്റി നടക്കുമ്പോൾ കാണുന്ന കണങ്കാലുകളുടെ വെണ്മയിലേക്ക് അച്ഛൻ ആഗ്രഹത്തോടെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഭക്ഷണം വിളമ്പുമ്പോൾ മൃദുവായ വയറും ശരീരവും ഒന്നുമുട്ടുമ്പോൾ അച്ഛൻ ആകെ ഇളകി മറിയുന്നത് ഞാനറിഞ്ഞിട്ടുണ്ട്.
‘‘ജോസഫേ...എന്റെ ഭാര്യയെ ഞാനൊന്ന് തൊട്ടിട്ട് കൊല്ലങ്ങളായെടോ..താൻ പറഞ്ഞില്ലേ ഭാര്യയുടെ കൈ തൊടുമ്പോൾ സ്വന്തം കൈ തൊടുന്ന പോലെ അത്രയ്ക്കു പരിചിതമായെന്ന്. എനിക്ക് എന്റെ ഭാര്യയുടെ ശ്വാസം തട്ടുമ്പോൾ പോലും മനസിളകും. ഇത്തിരി മധുരമുള്ളൊരു വാക്ക് ഞങ്ങൾ പറഞ്ഞിട്ട് കൊല്ലങ്ങളായി. കുട്ടികൾക്ക് വാങ്ങേണ്ട മരുന്നുകളും സാധനങ്ങളും മാത്രമാണ് ഞങ്ങൾ കഴിഞ്ഞ കുറെ കൊല്ലങ്ങളായി സംസാരിക്കുന്നത് ’’ എന്നു ജോസഫ് അഗസ്റ്റിനുമൊന്നിച്ചിരുന്ന് മദ്യപിക്കുമ്പോൾ പതിഞ്ഞ ശബ്ദത്തിൽ അച്ഛൻ മനസ് തുറക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്—
പ്രാർഥനാ മുറികളിൽ നിന്നു പുറത്തുകടക്കുമ്പോൾ അമ്മ നാമം ജപിക്കുകയാണോ ശപിക്കുകയാണോ എന്നറിഞ്ഞുകൂടാ. ഒരു ദൈവച്ചിത്രം പോലുമില്ലാത്ത വീടായിരുന്നു അമ്മയുടേത്. ഈ പൂജകളും ഹോമങ്ങളും അമ്മയുടെ മറ്റൊരു തമാശയാണോ എന്നു ഞാൻ സംശയിച്ചിട്ടുണ്ട്.

അച്ഛന്റെ വിയർപ്പടിഞ്ഞ ഷർട്ടു മണത്തു നോക്കുന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട് . അതു കണ്ടതിന് അമ്മ എന്നെ വഴക്കു പറഞ്ഞിട്ടുണ്ട്. പത്തോ പന്ത്രണ്ടോ വയസുള്ളപ്പോൾ ‘അമ്മ അച്ഛനെ സ്നേഹിക്കാത്തതെന്താണെന്നു’ ഞാൻ ചോദിച്ചിട്ടുണ്ട്. ഒരു പ്രായം കഴിഞ്ഞാൽ നിഷ്കളങ്കമായി പോലും ചില ചോദ്യങ്ങൾ ചോദിക്കാനാകാതാകും. വലുതാകുന്നതിന്റെ മറ്റൊരു പ്രയാസമതാണ്. പിന്നെ ചോദ്യങ്ങൾ ഉള്ളിലേക്ക് തള്ളലാണ്.
അടുക്കളയിൽ ജോലിക്കെത്തുന്ന പെണ്ണുങ്ങൾ എളുപ്പം ജോലിയിട്ടെറിഞ്ഞുപോയപ്പോഴെ ഞാനോരോന്ന് സങ്കൽപിച്ചു തുടങ്ങിയതാണ്. അമ്മയോടതു പറഞ്ഞാൽ അതിനും അമ്മ എന്തെങ്കിലും വ്രതമോ നോമ്പോ കൂടും. ഞങ്ങളെയെല്ലാം ഏതെങ്കിലും ദിവ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോകും .മനുഷ്യദൈവങ്ങളെ കാണാനുളള തിരക്കിനിടയിൽ എനിക്കും ചിന്നുവിനും ആളുകളുടെ നോക്കുകൊണ്ടും വാക്കുകൊണ്ടും മുറിവേൽക്കും. ദിവ്യന്മാരുടെ സ്പർശത്താൽ ഞാൻ എഴുന്നേറ്റു നടക്കുമെന്നും ചിന്നു ബുദ്ധിയുള്ളവളാകുമെന്നും എനിക്കൊരിക്കലും പ്രതീക്ഷയില്ല. പക്ഷേ അമ്മയ്ക്കു പിറകെ പോകാതിരിക്കാൻ അച്ഛനോ ഞങ്ങൾക്കോ കഴിഞ്ഞില്ല.

പതിനേഴുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച മുപ്പത്തിരണ്ടുപേരെക്കുറിച്ചുള്ള വാർത്ത വായിച്ച് അമ്മ വൃദ്ധരായ സ്ത്രീകൾ പറയുമ്പോലെ —‘ഈശ്വരാ എന്തൊരു കാലമാണിത്’—എന്നു വെപ്രാളപ്പെട്ടു.ചിന്നുവിന്റെ പ്രായമാണ് പതിനേഴ് എന്നതുകൊണ്ടാണ് അമ്മയുടെ ആധിയെന്ന് എനിക്കു ബോധ്യമായി. പെട്ടെന്ന് എനിക്കെന്തോ ഉൾവിളി തോന്നി—അച്ഛനാകുമോ ഈ മുപ്പത്തിരണ്ടുപേരിലൊരാൾ .

ദിവ്യന്മാരും പൂജകളും നിറഞ്ഞ ചുറ്റുപാടുകളിൽ ഉൾവിളി ഉണ്ടാകുന്നത് സ്വാഭാവികമാണല്ലോ എന്നോർത്ത് ഞാൻ സ്വയം പരിഹസിച്ചുചിരിച്ചു. ദൈവമേ അതെന്തൊരു ചിരിയായിരുന്നു. അച്ഛൻ ആ ദിവസങ്ങളിൽ തിരക്കിട്ടു ഫോൺ വിളിച്ചുകൂട്ടുന്നതും തലകുനിച്ചു നടക്കുന്നതും കണ്ട് തോന്നിയതാകുമോ ?
വലംകൈ പോലീസിന്റെ കൈയിലും ഇടംകൈ മുഖംമറച്ചും ടെലിവിഷനിൽ അച്ഛന്റെ മുഖം പ്രത്യക്ഷമായ ദിവസം അമ്മ തറയിലിരുന്ന് കോണിയിൽ തലയടിച്ചു നിലവിളിച്ചു.ചിന്നുവിന്റെ പ്രായമുള്ള കുട്ടിയെ തൊട്ടപ്പോൾ ഞങ്ങളുടെ വീട്ടിലെ രക്തക്കറ പുരണ്ട ചുമരുകൾ അച്ഛനെ വിലക്കാതിരിക്കുമോ എന്നായിരുന്നു എന്റെ ചിന്ത. അച്ഛന്റെ വികാരവിചാരങ്ങൾ അതിരുകൾക്കുള്ളിലിരുന്ന് വീർപ്പുമുട്ടിയതാകാമെന്നു ഞാൻ വായിച്ചുകൂട്ടിയ പുസ്തകങ്ങൾ ഓർമിപ്പിച്ചു. അമ്മയുടെ വിശുദ്ധഗന്ധവും വെണ്മയും അന്നേരം എന്നെ അമ്പരപ്പിച്ചു.

അച്ഛന്റെ ആഡംബരങ്ങളും അഴിമതിയും പശ്ചാത്തലവും വർണിച്ച പത്രങ്ങൾ ഞങ്ങളുടെ വീട്ടിലെ കാർഷെഡ്ഢിൽ മരവിച്ചുകിടന്നു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി, അവളെ പീഡിപ്പിച്ച അഞ്ചാം പ്രതി രമേശ് നമ്പ്യാർ അവളെ ഇരയാക്കിയ വിധം വിവരിക്കുന്നതും ആ പത്രത്തിൽ കാണുമെന്ന് എനിക്കറിയാമായിരുന്നു. വീട്ടിലെ ഫോൺ പിന്നെ ബന്ധുക്കളുടെ അന്വേഷണങ്ങളില്ലാതെ സ്തംഭിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ അമ്മയുടെ പ്രാർഥനയുടെ ധൂപഗന്ധമുയർന്നില്ല. ചിന്നുവിന്റെ രക്തംകൊണ്ടു കോറിയ ചുമർചിത്രങ്ങളെ അമ്മ ശാസിച്ചില്ല. പുസ്തകത്തിൽ മുഖംപൂഴ്ത്തി രക്ഷപ്പെടാനുള്ള എന്റെ ശ്രമവും അമ്മ കണ്ടില്ല. ഇന്നലെയാണ് അച്ഛൻ വീടെത്തുന്നത്. അമ്മ ഉറക്കെ ശകാരിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല.
തളർന്നെത്തിയ അച്ഛന് അമ്മ പുതിനയിലയിട്ട നാരങ്ങനീരൊഴിച്ച ചായ കൊടുത്തു. ചൂടാക്കിയ കുഴമ്പും ഒരുക്കി. കുളികഴിഞ്ഞെത്തിയപ്പോൾ പുളിശേരിയും കണ്ണിമാങ്ങയും പൊടിമീൻ വറുത്തതുമായി ഊണൊരുക്കി.
ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോൾ—‘‘ഷൈമയും കുട്ടികളും എന്നോടു ക്ഷമിക്കണം ’’ എന്ന് അച്ഛൻ വിതുമ്പി . ഒരാഴ്ചയ്ക്കിടയിൽ ഞങ്ങളുടെ വീട്ടിൽ ഉയർന്ന വാക്കുകളായിരുന്നു അത്. അമ്മ എന്നിട്ടും അതുകേൾക്കാത്തതായി ഭാവിച്ച് , ദിവ്യാശ്രമത്തിലെ പായസം ഫ്രിഡ്ജിൽ വച്ചിരുന്നത് എടുത്തു ചൂടാക്കി അച്ഛനു മുൻപിൽ കൊണ്ടുവച്ചു.

പിന്നെയാണ് അമ്മ മുകളിൽ ചിന്നുവിന്റെ മുറിയിൽ പോയത്, തീയെ വിഴുങ്ങിയത്, ദേഹമാകെ തീപടർന്നപ്പോൾ ചിന്നുവിനെ കെട്ടിപ്പുണർന്നത്.
പാതിവെന്ത പ്രാണൻ കൊണ്ടുള്ള ചിത്രവേലകളിലാണിപ്പോൾ ചിന്നു. അമ്മയല്ലേ വലിയ തമാശക്കാരി....ഈ ജീവിതം പോലെ വലിയ തമാശ വേറെയില്ലെന്നു ഞങ്ങളെ നോക്കി ചിരിച്ചു പരിഹസിക്കുകയാവും മിടുക്കി.

© Copyright 2017 Manoramaonline. All rights reserved....
റെയിൽ പാത അവസാനിക്കുന്നിടത്ത്
പിതാമഹൻ
കുട്ടിപ്പ്രേതം
വശ്യമോഹിനി യന്ത്രം
പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്
മറക്കല്ലേ ഈ മഴക്കാലം
തത്വചിന്ത.
ദൈവദേശത്ത്.
ചരിത്രം പറയാത്ത ചില രഹസ്യങ്ങൾ....
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ...
ഒരു പള്ളിക്കൂടം കഥ.
രാഷ്ട്രം.