ഒരു പള്ളിക്കൂടം കഥ

സുസ്മേഷ് ചന്ത്രോത്ത്

ബസ് കയറ്റം കയറിക്കൊണ്ടിരുന്നു. അയാൾ പിന്നിലേക്ക് തല ചരിച്ചു വച്ച് ഉറങ്ങുകയാണ്. പെട്ടെന്നയാൾ ഞെട്ടിയുണർന്ന് പുറത്തേക്ക് നോക്കി. പുറത്ത് അപരിചിതരൂപികളായ മരങ്ങൾ. നിരത്തരികിൽ വിളയാടുന്ന കുരങ്ങുകൂട്ടം. കൂട്ടമരങ്ങൾക്കിടയിൽ അകലെ ചതുപ്പ്. ഇലകൾ താഴേക്കിടുന്ന വെയിൽ. അതിൽ മഞ്ഞശലഭങ്ങളുടെ പുതപ്പ് ഉണങ്ങിക്കിടക്കുന്നു. അയാൾക്ക് മനസിലായി, വനം കഴിഞ്ഞിട്ടില്ല.

വനത്തിലുള്ളിലൂടെ അറുപത്തിമൂന്ന് കിലോമീറ്റർ പോകുന്ന ഈ പാതയുടെ അറ്റത്താണ് അയാൾക്കെത്തേണ്ട സ്ഥലം. അവിടുത്തെ നാലധ്യാപകർ മാത്രമുള്ള പള്ളിക്കൂടത്തിൽ അയാൾക്ക് കാണേണ്ട ആളുണ്ട്.

വനമായതിനാൽ മഴ പെയ്തുതീർന്നതിന്റെ ഒരു പ്രതീതിയുണ്ടായിരുന്നു പരിസരത്തിന്. അയാൾക്ക് പിന്നീട് ഉറങ്ങാനായില്ല. ബസിൽ യാത്രക്കാർ കുറവാണ്. ബസ് നിയന്ത്രിക്കുന്ന സാരഥി മാത്രമാണ് ഉറങ്ങാതിരിക്കുന്ന ഒരാൾ. അല്ല, വളയത്തിനുമീതേക്ക് തല തൂക്കിയിട്ട് അയാളും ഉറങ്ങുകയാണ്. പക്ഷേ ബസ് ജീവനുള്ള ഒരു മൃഗത്തേപ്പോലെ അതിന്റെ പാതയിലൂടെ മുന്നോട്ടുരുളുന്നു. അയാൾ പരിഭ്രാന്തിയോടെ ചുറ്റിനും നോക്കി. യാത്രാച്ചീട്ട് കൊടുത്തുകഴിഞ്ഞ കണ്ടക്ടറും സീറ്റിലിരുന്ന് മയങ്ങുകയാണ്. മറ്റ് യാത്രക്കാരും ഗാഢമായ ഉറക്കത്തിൽ. അയാൾ മതിയായ അളവിൽത്തന്നെ പരിഭ്രമിച്ചു. ഈ വളവുകളും തിരിവുകളും കയറി ബസ് മുന്നോട്ട് പോകുന്നത് അതിന്റെ ഇഷ്ടത്തിനാണെന്നോ...!

ഹേയ്.. ഡ്രൈവർ... നിങ്ങൾ ഉറങ്ങുകയാണോ..?’’

അയാൾ വേഗമെഴുന്നേറ്റ് മുന്നോട്ട് ചെന്നിട്ട് ചോദിച്ചു. സാരഥിയായ മനുഷ്യൻ ഗിയർ വലിച്ചിട്ടുകൊണ്ട് അയാളെ നോക്കി.

‘‘ആയിരുന്നു. എന്താ...?’’

അയാൾക്ക് ഉത്തരം മുട്ടി

‘‘ഞാനത് കണ്ടു’’

ഒരു വിജയിയെപ്പോലെ അയാൾ പറഞ്ഞു. ഡ്രൈവർ അതിനെ നിസ്സാരമായി തള്ളിക്കളഞ്ഞു

‘‘കണ്ടെങ്കിലെന്താ.. ബസ് ഓടുന്നുണ്ടായിരുന്നല്ലോ.’’

സാരഥിയുടെ പരിഹാസഭാവത്തിൽ അയാൾക്ക് അമർഷമല്ല, അങ്ങനെയൊക്കെ സംഭവിക്കുന്നതിൽ അമ്പരപ്പാണ് തോന്നിയത്.

‘‘ഉറങ്ങിക്കൊണ്ട് ബസോടിക്കുന്നത് എനിക്കും ബസിനും ഒരു സുഖമാണ്. നിങ്ങളാ സുഖം മുറിച്ചു.’’

കോട്ടുവായിട്ടുകൊണ്ട് ഡ്രൈവർ പറഞ്ഞു. പിന്നെ തവിട്ടുനിറമുള്ള ഒരു ചുരുട്ടെടുത്ത് ഡ്രൈവർ കത്തിച്ചു. അതിന്റെ കട്ടിപ്പുക തന്റെ നേരെയും വരുന്നത് അയാൾ കണ്ടു

‘‘ശരി.. ഞാനിവിടെയിരിക്കാം.... എനിക്കും ഉറക്കം വരാതെയിരിക്കുമല്ലോ’’

‘‘ഹാ.. മനുഷ്യാ... നിങ്ങളെന്തിനാണ് എനിക്ക് വേണ്ടി ഉറങ്ങാതിരിക്കുന്നത്. പിന്നെ നിങ്ങളിരുന്നാലും ഞങ്ങളുറങ്ങും. ദാ.. ഇപ്പോ ബസാണ് ഉറങ്ങുന്നത്.’’

അയാൾ കൂടുതൽ പരിഭ്രാന്തിയോടെ ശ്രദ്ധിച്ചു. ബസിന്റെ ശ്വസനതാളം മാറിയിട്ടുണ്ട്. ഒരു കുഞ്ഞിന്റെ ഉറക്കം പോലെയായിരിക്കുന്നു ബസിന്റെ ഗതി.

‘‘ ഒന്നുകൂടി ഉറപ്പുവരുത്താം. ദാ..’’

അതും പറഞ്ഞിട്ട് ഡ്രൈവർ ഗിയർ മാറ്റിയിട്ടു. ബസിന്റെ ഗതിക്ക് ഒരു മാറ്റവുമുണ്ടായില്ല. ഡ്രൈവർ അയാളോട് നോക്കിക്കൊള്ളാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചിട്ട് ആക്സിലേറ്ററിൽ കാലമർത്തി,. അപ്പോഴും ബസിന്റെ ഗതിക്ക് ഒരു മാറ്റവും വന്നില്ല. ഡ്രൈവർ ഉറക്കെ ചിരിക്കാനാരംഭിച്ചു. അയാൾക്ക് ഭയം തോന്നി. ഡ്രൈവർ ശാന്തനായി പറഞ്ഞു.

‘‘ കുറച്ചു നേരം മയങ്ങിയിട്ട് ബസുണരും. അപ്പോ ഞാനൊന്ന് മയങ്ങും. അങ്ങനെ മയങ്ങിയും തെളിഞ്ഞു ഞങ്ങള് മല കേറും ! നിങ്ങക്ക് എവിടെപ്പോകാനാ...’

അയാൾക്ക് ബസിനോടും ഡ്രൈവറോടും വിശ്വാസം തോന്നി. അയാൾ പറഞ്ഞു

‘‘അനങ്ങാപ്പാറ’’

‘‘ഓഹോ അനങ്ങാപ്പാറ എവിടെ..?’’

‘‘അവിടെ സ്കൂളിൽ.’’

‘‘ഓ.. സ്കൂളിലാരെ കാണാനാ...?’’

‘‘എന്റെ ഭാര്യ അവിടെ ടീച്ചറാണ്’’

‘‘അപ്പോ നിങ്ങള് വിവരമറിഞ്ഞിട്ട് വരികയാണ് ല്ലേ.’’

‘‘ വിവരമോ... എന്തു വിവരം?’’

അയാൾ പരിഭ്രാന്തി മറയ്ക്കാതെ ചോദിച്ചു

‘‘ ഇന്നലെ രാത്രി സ്കൂളിന് തീയിട്ടതറിഞ്ഞില്ലേ. ഇനിയാരും പള്ളിക്കൂടത്തിൽ പോയി പഠിക്കേണ്ടെന്ന് ഉത്തരവിറക്കി കലക്ടറാ തീയിട്ടത്. എല്ലാവർക്കും വീട്ടിലിരുന്ന് പഠിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്നാ കലക്ടറ് പറഞ്ഞത്...’’


അതുകേട്ട് അയാൾ ഭയന്നുപോയെന്നു പറഞ്ഞാൽ അത് ചുരുങ്ങിപ്പോകും. അയാൾ വിയർത്തുകുളിച്ച് വികൃതരൂപിയായി എന്നു പറയുന്നതാണ് കേമം.

‘‘ തീയിട്ടെന്നോ... എന്റെ ഭാര്യ.... സ്കൂളിലെ കുട്ടികൾ... അയ്യോ...’’

അയാൾ നിലവിളിക്കാനാരംഭിച്ചു

‘‘ ഹേയ്.. പേടിക്കാനൊന്നുമില്ല,. സ്കൂളേ കത്തിച്ചാമ്പലായുള്ളൂ.. ആളുകളൊക്കെ ജീവനോടെയുണ്ട്.’’

അയാൾക്ക് പാതി ജീവൻ നേരെ വന്നു. ഡ്രൈവർ അയാളെ നോക്കിയിട്ട് ചോദിച്ചു.

‘‘അപ്പോ നിങ്ങളുടെ ഭാര്യ നിങ്ങളോടൊന്നും പറഞ്ഞില്ലേ’’

അയാൾ മുഖം കുനിച്ചു. ബസ് പിന്നെയും ഉറങ്ങിത്തുടങ്ങിയിരുന്നു. അങ്ങിങ്ങ് ചില യാത്രക്കാർ ഒരു കപ്പ് ചായ കിട്ടിയാൽ നന്നായിരുന്നു എന്ന മുഖഭാവത്തോടെ പുറത്തേക്ക് നോക്കിയിരിക്കുന്നുണ്ട്. ഡ്രൈവർ ബസിന്റെ മുൻചില്ല് കൈയെത്തിച്ച് തുടച്ചു. എന്നിട്ട് ആവർത്തിച്ചു ചോദിച്ചു.

‘‘ഭാര്യ നിങ്ങളെ വിളിച്ചില്ലേ. അതോ വിളിച്ചപ്പം ഇതൊന്നും പറഞ്ഞില്ലേ?’’

‘‘അത് ... ഞങ്ങള് കുറച്ചുദിവസങ്ങളായി പിണക്കത്തിലായിരുന്നു. ഇന്നലെ പതിനേഴ് തവണ അവള് വിളിച്ചിരുന്നു. ഞാൻ ഫോണെടുത്തില്ല.’’

‘‘ ഹോ... കടുപ്പം തന്നെ.’’

ഡ്രൈവർ ചുണ്ടുകോട്ടി സ്വയം എന്തോ പിറുപിറുത്തു. പിന്നെ ഡ്രൈവറും ഉറങ്ങാൻ തുടങ്ങി. എതിരെ വന്ന വൈയ്ക്കോൽ കയറ്റിയ ലോറിക്ക് പോകാൻ ഇടം കൊടുത്ത് ബസ് തനിയെ മുന്നേറി. അയാൾ ഒരു കാവലാളെപ്പോലെ ബസിനൊപ്പം സഞ്ചരിച്ചു. പിന്നെ അയാളും ഇരുന്നുറങ്ങാൻ തുടങ്ങി.

ബസ് നിന്നപ്പോഴാണ് അയാളുണർന്നത്.ഡ്രൈവർ പറഞ്ഞു.
‘‘എന്തൊരുറക്കമായിരുന്നു. ദാ.. സ്കൂളെത്തി.’’

അയാൾ നോക്കി. പുറത്ത് ആൾക്കൂട്ടമുണ്ട്. അതിനപ്പുറത്ത് കത്തിക്കിടക്കുന്ന സ്കൂൾ. കൂടിനിൽക്കുന്ന നാട്ടുകാർ. പാതയരികിൽ പൂത്തുനിൽക്കുന്ന വാകമരം. അതിന്റെ ഇലകൾ കാണാനില്ലാത്തവിധം പൂക്കൾ. ചുവന്ന പൂക്കൾ.

അയാളിറങ്ങി. ബസ് നീങ്ങി. അയാൾ സ്കൂളിലേക്ക് ധൃതിയിൽ നടന്നു. അയാളുടെ ഭാര്യ കുറച്ച് കുട്ടികൾക്കിടയിൽ നിൽക്കുന്നുണ്ടായിരുന്നു.

‘‘എന്താ ഉണ്ടായത്...?’’

‘‘ കലക്ടർ നേരിട്ടുവന്ന് തീയിട്ടതാ. ഇനി സ്കൂൾ വേണ്ടാത്രേ.’’

‘‘പിന്നെ..?’’

‘‘കമ്പ്യൂട്ടർ വഴി വീട്ടിലിരുന്ന് പഠിക്കാനുള്ള സാങ്കേതികവിദ്യ വരുന്നുണ്ടത്രേ.’’

‘‘ആർക്ക്.. ഈ ആദിവാസിക്കുട്ടികൾക്കോ...?’’

‘‘അതെ... സർക്കാരുത്തരവാകുമ്പോ നമുക്കെന്തു ചെയ്യാൻ പറ്റും.’’

അയാൾ ഒന്നും മിണ്ടാതെ ചുറ്റിനും നോക്കി നിന്നു. അയാളുടെ ഭാര്യ ചോദിച്ചു

‘‘ നിങ്ങളെന്തിനാ എന്നോട് പിണങ്ങിയത്?’’

അയാൾക്ക് പെട്ടെന്നുത്തരം കിട്ടിയില്ല. കുറേ ആലോചിച്ചശേഷമാണ് അയാൾക്ക് മറുപടിയുണ്ടായത്.

‘‘ഒന്നും ചെയ്യാനില്ലാതെ, ഉത്കണ്ഠപ്പെടാനില്ലാതെ, ഉണ്ടും ഉറങ്ങിയും സ്വസ്ഥമായി ജീവിക്കുന്ന നമുക്ക് പിണങ്ങാൻ വല്ല കാരണങ്ങളും വേണോ... ചുമ്മാ നേരമ്പോക്കിന് പിണങ്ങുക തന്നെ. അല്ലാതെന്താ..’’

അപ്പോൾ അയാളുടെ ഭാര്യ മെല്ലെ പറഞ്ഞു

‘‘നേരമ്പോക്കു ജീവിതം അവസാനിച്ചു.’’

കത്തിക്കിടക്കുന്ന പള്ളിക്കൂടത്തിന്റെ ഏതോ കഴുക്കോൽ കൂടി ചാരത്തിലേക്ക് വീണു.

© Copyright 2017 Manoramaonline. All rights reserved....
റെയിൽ പാത അവസാനിക്കുന്നിടത്ത്
പിതാമഹൻ
കുട്ടിപ്പ്രേതം
വശ്യമോഹിനി യന്ത്രം
പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്
അച്ഛൻ പ്രതി
മറക്കല്ലേ ഈ മഴക്കാലം
തത്വചിന്ത.
ദൈവദേശത്ത്.
ചരിത്രം പറയാത്ത ചില രഹസ്യങ്ങൾ....
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ...
രാഷ്ട്രം.