പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്

കവിത നായർ

എന്റെ മൂന്ന് കുറിപ്പുകൾ

1.
പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്

ആര്‍ക്കും പിടികൊടുക്കാതെ എനിക്ക്തന്നെ ഒരു മിഥ്യയായി
അതിങ്ങനെ ജീവിച്ചുമരിക്കും
എനിക്കുമുന്നേ അതു മരിക്കുന്നുവെങ്കില്‍ അതിനു ഞാനൊരു
മനോഹരമായ റീത്ത് സമര്‍പ്പിക്കും
പൂക്കളില്ലാത്ത , ഇലകളില്ലാത്ത ഒരു പ്രത്യേകതരം റീത്ത്
അതിലേക്ക് വേണ്ടതൊക്കെ ഞാന്‍
ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കും

എന്‍റെ പ്രണയത്തിന്‍റെ ആദ്യത്തെ കുപ്പായം, വിടര്‍ന്ന കണ്ണുകളോടെ
ഞാനതില്‍ പാകിയ മുല്ലപ്പൂ ഗന്ധം,
അതിരാവിലെ കിടക്കയില്‍ നിന്നും പെറുക്കിയെടുത്തിരുന്ന
എന്‍റെ കൊഴിഞ്ഞ മുടിയിഴകള്‍,
എന്‍റെ പ്രണയത്തിന്‍റെ മുന്‍ശുണ്ഠിയില്‍ ചിതറിവീണ കുപ്പിച്ചില്ലുകള്‍,
എന്‍റെ ശരീരത്തിലെ കരിഞ്ഞ പാടുകള്‍ മാറ്റുവാന്‍ ഉപയോഗിച്ചുപോന്ന
ലേപനത്തിന്‍റെ ഒന്‍പതു കാലിട്യൂബുകള്‍,
എന്‍റെ പ്രണയത്തിന്‍റെ അവസാന നാളുകളിലെ
നുരയും പതയും പട്ടിണിയും തൂത്തെടുത്ത തൂവാലകള്‍..
അങ്ങനെ ഈ ലോകത്തില്‍ ആരാലും സമര്‍പ്പിക്കപ്പെട്ട
ഏറ്റവും മനോഹരമായ റീത്തുമായി ഞാന്‍ നില്‍ക്കും.

പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്.

2.
കരിഞ്ഞു കിടക്കുന്ന തേക്കിന്‍റെ ഇലകള്‍ക്ക് മുകളില്‍ ചവിട്ടിയപ്പോള്‍ ആ പ്രദേശമാകെ ഞെട്ടിയുണര്‍ന്നപോലെയായി. ഇടയ്ക്ക് വീശിയടിക്കുന്ന ചൂടുകാട്ടില്‍
പഞ്ഞിക്കായകള്‍ തോടില്‍ നിന്നും വിണ്ടുകീറി പുറത്തേക്ക് വന്നു. ഒരു വേനല്‍മഴയ്ക്കിടെ ജനിച്ചു വീണതുകൊണ്ടോ ഓരോ വേനലിലും
ആരെയെങ്കിലുമൊക്കെ വിട്ടുപിരിയുന്നതുകൊണ്ടോ അതുമല്ലെങ്കില്‍ വിണ്ടുകീറിയ മനസ്സുമായി ,വരണ്ട തൊലിപ്പുറത്തെ കറുത്ത പൊണ്ണന്‍ മറുകുകള്‍ക്ക്
വല്ലാത്ത സ്നേഹമുള്ളതുകൊണ്ടോ.. വേനല്‍ അയാള്‍ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്.

വേനല്‍..

അമ്മ വയറ്റിലെ

ചാണകം മെഴുകിയ ചായ്പ്പിലെ

സ്കൂള്‍ തിണ്ണയിലെ

ആല്‍ത്തറയിലെ- തണുപ്പ് ഇനിയില്ല

ഇനി വേനല്‍ മാത്രം.

3.
ഒരു തണുത്ത കാറ്റില്‍ ഒരിതള്‍ സ്നേഹമങ്ങനെ പറന്നു നടന്നു. മരച്ചില്ലകളില്‍ തട്ടിത്തടഞ്ഞ്.. പിന്നെ കുറച്ചുനേരം ഓടിട്ട ഒരു കെട്ടിടത്തിന്‍റെ മുകളില്‍..
അവള്‍ കാര്‍ പാര്‍ക്ക് ചെയ്തിറങ്ങിയതും ഇളകിയാടി അതുമെല്ലെ അവള്‍ക്കു മുന്നിലിറങ്ങി വീണു.

ടുലിപ്സ്. അവളുടെ പ്രിയപ്പെട്ട പുഷ്പം.

അതെടുത്ത് ഹാന്‍ഡ്‌ബാഗിലിട്ടു. സ്നേഹമിപ്പോള്‍ ഇരുട്ടിലാണ്. അവള്‍ക്കിത്തിരി ചിരി വരാതെയിരുന്നില്ല. ആകെ കിട്ടിയ ഒരു ദിവസം നാലഞ്ചു മണിക്കൂര്‍
കാറോടിച്ച് വന്നത് അയാളെ കാണുവാനാണ്. മുടിയൊതുക്കി വിറയാര്‍ന്ന കൈകൊണ്ട് ബെല്ലമര്‍ത്തി.

ബാല്‍ക്കണിയിലെ കൈവരിയില്‍ ചേര്‍ന്നു നിന്ന് സംസാരിക്കവേ, മേശമേല്‍ കിടന്നിരുന്ന ഒരേയൊരു പൂവ് അയാളവള്‍ക്ക് നല്‍കി.

പ്രണയം പൂര്‍ണ്ണമല്ല.

ബാഗിനുള്ളില്‍ കിടന്നിരുന്ന ഒരിതള്‍ സ്നേഹം കൂടി ചേര്‍ത്തുവച്ചപ്പോള്‍ അവള്‍ നിറഞ്ഞുചിരിച്ചു.

© Copyright 2017 Manoramaonline. All rights reserved....
റെയിൽ പാത അവസാനിക്കുന്നിടത്ത്
പിതാമഹൻ
കുട്ടിപ്പ്രേതം
വശ്യമോഹിനി യന്ത്രം
അച്ഛൻ പ്രതി
മറക്കല്ലേ ഈ മഴക്കാലം
തത്വചിന്ത.
ദൈവദേശത്ത്.
ചരിത്രം പറയാത്ത ചില രഹസ്യങ്ങൾ....
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ...
ഒരു പള്ളിക്കൂടം കഥ.
രാഷ്ട്രം.