ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ...

സുകന്യ കൃഷ്ണ

കേരളത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങളായി എന്നും ഉയർത്തിക്കാണിക്കപ്പെടുന്നത് സമൂഹത്തിനു ഞങ്ങളോടുള്ള അവഗണന ഒന്നു മാത്രമാണ്. ചില സന്ദർഭങ്ങളിൽ തൊഴിലും വിദ്യാഭ്യാസവും ചർച്ചകളാകാറുണ്ട്. എന്നാൽ ഇത്തരം ക്ലീഷേ വിഷയങ്ങൾക്കുമപ്പുറം, ചർച്ച ചെയ്യപ്പെടാത്ത നിരവധി വിഷയങ്ങളുണ്ട്.

അവയിൽ പ്രധാനമാണ് ഈ സമൂഹത്തിനകത്തെ അടിമത്തവും മേൽക്കോയ്മയും. പുറംലോകമോ പൊതുസമൂഹമോ ഇതൊന്നും അറിയാതെ പോകുന്നു. ഇത്തരമൊരു വിഷയം ചർച്ച ചെയ്യപ്പെടണമെങ്കിൽ എന്താണ് ട്രാൻസ്ജെൻഡർ സമൂഹം എന്നറിയണം.

യഥാർഥ ട്രാൻസ്‌ജെൻഡർ സമൂഹം എന്താണെന്ന അവബോധം ഇന്നും പൊതുസമൂഹത്തിനില്ല. ട്രാൻസ്‌ജെൻഡർ സമൂഹമെന്നാൽ സ്ത്രീവേഷം ധരിക്കുന്ന പുരുഷന്മാരും സ്വവർഗാനുരാഗികളും മാത്രമാണെന്ന തെറ്റിദ്ധാരണയും, ഈ സമൂഹത്തിന്റെ തൊഴിൽ സാധ്യതകൾ വ്യഭിചാരവും ഭിക്ഷാടനവുമൊക്കെയാണെന്ന കാഴ്ചപ്പാടും ഇന്നും പൊതുസമൂഹത്തിനുണ്ട്. ഇതിൽ അവരെ തെറ്റു പറയാനാവില്ല. കാരണം, കുറച്ചാളുകൾ അവരുടെ സ്വാർഥലാഭത്തിനായി ഇത്തരമൊരു അവബോധം മനഃപൂർവം സൃഷ്ടിച്ചതാണ്.

ഇന്നും ലൈംഗിക വൈവിധ്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ നടക്കുന്നില്ല, പകരം ഈ സമൂഹത്തിലെ ചില സ്വയം അവരോധിത നേതാക്കന്മാരുടെ പ്രസംഗം മാത്രമാണ് കേരളത്തിൽ നടക്കുന്നത്. അതു തികച്ചും ഏകപക്ഷീയമാണ്. ചിലർ തങ്ങളുടെ പരിമിതമായ അറിവ് ജനങ്ങളിലേക്ക് പകരുന്നു, എന്നിട്ട് ഇതാണ് ട്രാൻസ്‌ജെൻഡർ സമൂഹമെന്ന് പറഞ്ഞുവെക്കുന്നു. ഇതൊക്കെ കേട്ട്, ഈ വിഷയത്തിൽ അധികം അറിവോ പരിചയമോ ഇല്ലാത്ത പൊതുസമൂഹം തെറ്റായ ഒരു കാഴ്ചപ്പാട് വളർത്തിയെടുക്കുകയും ചെയ്യുന്നു.

ലൈംഗിക വൈവിധ്യങ്ങളാൽ സമ്പന്നമാണ് ട്രാൻസ്‌ജെൻഡർ സമൂഹം. സ്ത്രീവേഷം ധരിക്കുന്ന പുരുഷന്മാർ അഥവാ ക്രോസ്സ്‌ഡ്രെസ്സർ സമൂഹവും ട്രാൻസ്‌ജെൻഡർ സമൂഹവും തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. LGBT എന്ന പേരിൽ പൊതുവായി അറിയപ്പെട്ടിരുന്ന ഒരു വിഭാഗമുണ്ട്. ലെസ്ബിയൻ, ഗേ, ബൈസെക്‌ഷ്വൽ, ട്രാൻസ്‌ജെൻഡർ എന്നാണ് LGBT യുടെ പൂർണരൂപം. ഇതിൽ ആദ്യ മൂന്നു പിരിവുകളും ലൈംഗിക വൈവിധ്യമല്ല, മറിച്ച് ലൈംഗിക അഭിവിന്യാസം (Sexual Orientation) ആണ്. അവയ്ക്ക് ശാരീരികമായോ ജനിതകമായോ വൈകല്യങ്ങളോ വൈചിത്ര്യങ്ങളോ ഇല്ല, മറിച്ച് തികച്ചും ലൈംഗികമായ കാരണങ്ങൾ മാത്രമാണ് ഈ വിഭാഗങ്ങൾക്കുള്ളത്. ലെസ്ബിയനും ഗേയും തനതായ സ്വവർഗ്ഗാനുരാഗമാണ്. ബൈസെക്‌ഷ്വൽ എന്നാൽ പുരുഷനോടും സ്ത്രീയോടും ഒരേപോലെ ലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കുന്നവരും.

എന്നാൽ ട്രാൻസ്‌ജെൻഡർ ഇങ്ങനെയൊന്നുമല്ല, ജനിതകം, ശാരീരികം, മാനസികം തുടങ്ങിയ തലങ്ങൾ ഉള്ള ഒരു വിഭാഗമാണ് ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌ഷ്വൽ തുടങ്ങിയ വിഭാഗങ്ങൾ. LGBT എന്ന വിഭാഗം വികസിച്ച് ഇപ്പോൾ LGBTIQA ആയിരിക്കുന്നു. ഇന്റർസെക്‌ഷ്വൽ, ക്വിയർ, ആസെക്‌ഷ്വൽ തുടങ്ങിയ സമൂഹങ്ങൾ കൂടി ഈ വിഭാഗത്തോടു ചേർത്ത് ഇന്നു ചർച്ച ചെയ്യപ്പെടുന്നു.

ഇതിൽ തന്നെ ക്വിയർ അല്ലെങ്കിൽ questioning എന്ന സമൂഹത്തിൽപ്പെടുന്നവരെയാണ് ട്രാൻസ്‌ജെൻഡർ ആയി നമ്മുടെ സമൂഹം തെറ്റിദ്ധരിക്കുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിനുള്ളിൽ ധാരാളം വിഭാഗങ്ങളുണ്ട്, അവയെല്ലാം പ്രധാനമായ രണ്ട് തരങ്ങളിലായി ഇടംപിടിക്കുന്നു - Pre-op ട്രാൻസ്ജെൻഡറും Post-op ട്രാൻസ്ജെൻഡറും. Pre-op എന്നാൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു തയാറെടുക്കുന്നവരും Post-op എന്നാൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയവരായവരും. അത്തരക്കാർ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി, ഹോർമോൺ ബാലൻസിങ് തെറാപ്പി തുടങ്ങിയ ചികിത്സകൾക്കു വിധേയരാകുന്നവരും അനുബന്ധമായ മരുന്നുകൾ ഉപയോഗിക്കുന്നവരുമാണ്. നിയമപരമായ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ട്. വളരെക്കാലം നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയുമാണത്. ഈ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയാണ് Pre-op ട്രാൻസ്‌ജെൻഡർ എന്നറിയപ്പെടുന്നത്.

ജീവിച്ചു വന്ന ലിംഗത്തിൽ നിന്ന് എതിർലിംഗത്തിലേക്കു ചേക്കേറുന്നവരാണ് ഇത്തരം ട്രാൻസ്‌ജെൻഡറുകൾ. പുരുഷനായി ജനിച്ച ഒരു വ്യക്തി സ്ത്രീയായി (M2F/MTF) മാറുന്നതും സ്ത്രീയായി ജനിച്ച ഒരു വ്യക്തി പുരുഷനായി (F2M/FTM) മാറുന്നതും ലിംഗമാറ്റത്തിന് ഉദാഹരണങ്ങളാണ്.

എന്നാൽ ജന്മനാ ലൈംഗികാവയവത്തിന്റെ അടിസ്ഥാനത്തിൽ ലിംഗനിർണയം സാധ്യമല്ലാത്ത ശാരീരികാവസ്ഥകളിൽ പിറക്കുന്ന കുട്ടികളുമുണ്ട് - മുൻകാലങ്ങളിൽ ജൻഡർ ഐഡന്റിറ്റി ഡിസോർഡർ (GID) എന്നും ഇപ്പോൾ ജൻഡർ നോൺ-കൺഫോമിങ് അല്ലെങ്കിൽ ജൻഡർ ഡിസ്‌ഫോറിയ എന്നുമൊക്കെ അറിയപ്പെടുന്ന അവസ്ഥയിൽ ജനിക്കുന്നവർ. ഇത്തരക്കാരെ ഇന്റർസെക്‌ഷ്വൽ എന്ന് പറയുന്നു.

ഒരുപക്ഷേ, ഈ സമൂഹങ്ങൾക്കിടയിൽ ഏറ്റവുമധികം സങ്കീർണ്ണതകൾ അനുഭവിക്കുന്നതും ഇന്റർസെക്‌ഷ്വൽ സമൂഹമാണ്. ഇന്റർസെക്‌ഷ്വലായ ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരുന്ന ലിംഗമായിരിക്കില്ല പിന്നീടൊരു കാലഘട്ടത്തിൽ ആ കുട്ടിയുടെ ലൈംഗിക വ്യക്തിത്വം. പലപ്പോഴും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ശരീരം സ്വയം പരിവർത്തനവിധേയമാകുന്ന ഒരാവസ്ഥയായി ഇതിനെ കണക്കാക്കാം. ഉദാഹരണമായി, ഈ അവസ്ഥയിൽ ജനിക്കുന്ന ഒരു കുട്ടിയുടെ ജനനേന്ദ്രിയത്തിന് വ്യക്തതയില്ലെങ്കിലും വിദൂരസാദൃശ്യത്തിന്റെ പേരിൽ ആ കുട്ടിയെ കുടുംബം ഒരാൺകുട്ടിയായി വളർത്തുന്നു. അങ്ങനെ വളരുന്നമ്പോൾ താനൊരാണാണെന്ന വികാരമാകും ആ കുട്ടിക്ക് ഉണ്ടാകുക. പക്ഷേ, ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ (മിക്കവാറും ടീനേജിൽ തന്നെ) ശരീരം എതിർലിംഗ അവസ്ഥകളിലേക്കു പരിണമിക്കുന്നു. വളരെ ചെറിയ ഒരു കാലയളവിൽതന്നെ പ്രഥമദൃഷ്ട്യാ പ്രകടമാകുംവിധം ഈ പരിണാമം സംഭവിക്കുന്നു. ഈ ശാരീരിക പരിണാമത്തോട് മാനസികമായി പൊരുത്തപ്പെടാൻ കുട്ടിക്ക് അത്ര പെട്ടെന്നു സാധിക്കില്ല. അത്തരമൊരു അവസ്ഥയിൽ ആ കുട്ടി നേരിടേണ്ടി വരുന്ന മാനസികസംഘർഷം വളരെ വലുതായിരിക്കും. ചിലപ്പോൾ ആത്മഹത്യാപ്രവണതയിലേക്കു വരെ എത്തിച്ചേരാവുന്ന ഒന്ന്…

അത്രയും കാലം ആൺകുട്ടിയായി ജീവിച്ച അവന് ‘അവളി’ലേക്കുള്ള ദൂരം മാനസികമായി വളരെ കൂടുതലാണ്, എന്നാൽ ശാരീരികമായി അവളിലേക്കെത്തുകയും ചെയ്യുന്നു. ഈ അവസ്ഥ ആ കുട്ടിക്കും അവനു ചുറ്റും ഉള്ളവർക്കും അംഗീകരിക്കാൻ ഒരുപോലെ പ്രയാസമാണ്. അത്തരമൊരു സന്ദർഭത്തിൽ കൂടെ നിൽക്കേണ്ട സുഹൃത്തുക്കൾ പോലും തിരിഞ്ഞുനടക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അവൻ പ്രിയപ്പെട്ടതായി കണ്ട ഓരോന്നും നഷ്ടമായെന്നും വരാം. അത്തരം ഒരവസ്ഥ തരണം ചെയ്യുക അതികഠിനമാണ്.

എന്നാൽ ഇത്തരം അവസ്ഥകൾ സാധാരണമാണെന്ന ബോധം സമൂഹത്തിനുണ്ടായാൽ ആ കുട്ടി ഒറ്റപ്പെടുകയില്ല. സമൂഹത്തിലൊരുവനായോ ഒരുവളായോ അവൻ/അവൾ മുന്നോട്ടുപോകും, സാധാരണമായി തന്നെ.

ലൈംഗിക വൈവിധ്യങ്ങൾ സാധാരണമാണെന്നു നമ്മുടെ സമൂഹം മനസ്സിലാക്കണമെങ്കിൽ, അതു മനസ്സിലാക്കിക്കൊടുക്കും വിധമായിരിക്കണം ഈ വിഭാഗത്തിൽപ്പെടുന്നവരും പെരുമാറേണ്ടത്. അല്ലാതെ ‘ഞങ്ങൾ പൊതുസമൂഹത്തിൽനിന്നു വ്യത്യസ്തരാണ്’ എന്നു വാക്കിലും പ്രവൃത്തിയിലും ഭാവത്തിലും സ്ഥാപിക്കുകയല്ല വേണ്ടത്. ദൗർഭാഗ്യമെന്നു പറയട്ടെ... ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽനിന്നു ലൈംഗികവൈവിധ്യങ്ങളെ അകറ്റി നിർത്താൻ മാത്രം ഉതകുന്നവയാണ്.

ഇത്തരം വസ്തുതകൾ മനസ്സിലാക്കുന്ന പൊതുസമൂഹത്തോടായി ചില കാര്യങ്ങൾ ഇനി പറയാം. ഞാൻ മനസ്സിലാക്കിയ/ അനുഭവിച്ച കാര്യങ്ങൾ പുറംലോകത്തെ അറിയിച്ചാൽ എന്നെ ഇല്ലാതാക്കും എന്നൊരു ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ലേഖനം എഴുതുന്നത് എന്നുകൂടി വെളിപ്പെടുത്തട്ടെ.

കേരളത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് മലയാളികളാൽ നിയന്ത്രിക്കപ്പെടുന്ന ചില അന്യസംസ്ഥാന ഹിജഡാ സമൂഹങ്ങളുമായി വളരെ സജീവമായ ബന്ധമുണ്ട്. വളരെ തെറ്റായ രീതിയിൽ അവിടങ്ങളിൽ പ്രവർത്തിക്കുന്ന ചിലർ കേരളത്തിൽ മഹത്വവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്ത്രീയായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരുപറ്റം യൗവനക്കാർ ഇതിനോടകം അവരുടെ ചതിക്കുഴിയിലും പെട്ടു. അതിനു കാരണമായതാകട്ടെ ഇത്തരം കള്ളനാണയങ്ങൾക്കു കേരളത്തിൽ ലഭിച്ച ജനപിന്തുണയും. പാർശ്വവത്കരിക്കപ്പെട്ട സമൂഹം എന്ന അനുതാപം, അവർ തങ്ങളുടെ സ്വാർഥലാഭങ്ങൾക്കായി ഉപയോഗിക്കുന്നു.

ബാംഗ്ലൂർ നഗരം കേന്ദ്രീകരിച്ചാണ് ഇവരിൽ ഒരു വലിയ സംഘം പ്രവർത്തിക്കുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിൽനിന്നു വിഭിന്നമായി ഹിജഡ സമൂഹത്തിൽ ജീവിക്കുന്ന ഇവർ, ആ സമൂഹത്തിന്റെ നല്ല വശങ്ങൾ പ്രയോജനപ്പെടുത്താതെ, അതിലെ ദുരാചാരങ്ങൾ പ്രയോജനപ്പെടുത്തി, തങ്ങളുടെ സമൂഹത്തിലേക്ക് എത്തിപ്പെടുന്ന പുതുമുഖങ്ങളെ സാമ്പത്തികമായും ശാരീരികമായും ലൈംഗികമായുമൊക്കെ ചൂഷണം ചെയ്യുന്നു.

ഇതൊക്കെ അറിയുന്ന കേരളത്തിലെ ട്രാൻസ് നേതാക്കൻമാർ മൗനംപാലിച്ച്, ചൂഷകരെ ഇപ്പോഴും നിശ്ശബ്ദമായി സഹായിക്കുന്നു. ചോദ്യം ചെയ്യുന്നവരെയും ഉയരുന്ന എതിർ ശബ്ദങ്ങളെയും ഇല്ലാതാക്കി ഇന്നും അവർ സമൂഹത്തിനു മുമ്പിൽ പീഡിതരുടെ മൂടുപടമണിയുന്നു.

ധാരാളം അനുഭവങ്ങൾ വെളിപ്പെടുത്താനുണ്ട്... ഇനിയും എഴുതാനായാൽ

© Copyright 2017 Manoramaonline. All rights reserved....
റെയിൽ പാത അവസാനിക്കുന്നിടത്ത്
പിതാമഹൻ
കുട്ടിപ്പ്രേതം
വശ്യമോഹിനി യന്ത്രം
പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്
അച്ഛൻ പ്രതി
മറക്കല്ലേ ഈ മഴക്കാലം
തത്വചിന്ത.
ദൈവദേശത്ത്.
ചരിത്രം പറയാത്ത ചില രഹസ്യങ്ങൾ....
ഒരു പള്ളിക്കൂടം കഥ.
രാഷ്ട്രം.