രാഷ്ട്രം

തമ്പി ആന്റണി

ഞങ്ങളുടെ അരിവിക്കര പ്രദേശത്ത് രാഷ്ട്രം എന്ന പേരിൽ ഒരാൾ ജീവിച്ചിരിക്കുന്നു. സത്യത്തിൽ അയാൾ ഒരു വ്യക്തി മാത്രമല്ല പഞ്ചായത്തിലെ ഒരു
പ്രസ്ഥാനം തന്നെയാണ് . അതുകൊണ്ടുതന്നെ ആ വിളിപ്പേരിന് ഒരു ചരിത്രവുമുണ്ട്. അതാണു നിങ്ങൾ അറിയേണ്ടതും. ആളിനെ കണ്ടാല്‍ ഒരു നാൽപ്പതു
നാൽപ്പത്തഞ്ചു വയസ്സു തോന്നിക്കുമെങ്കിലും കഷ്ടിച്ച് ഇരുപത്തിയൊൻപതു വയസ്സു കാണും. ആകെ ഒന്നെണ്ണിനോക്കാനുള്ള മുടിയേ തലയിലുള്ളു.
ഒറ്റനോട്ടത്തിൽ ജന്മനാ കഷണ്ടിയായിരുന്നെന്നു തോന്നും. പോരാഞ്ഞിട്ട് സാമാന്യം നല്ല കുടവയറും. അതിന്റെ മുകളിൽ ഉടുക്കുന്ന ഖദർ മുണ്ടും പിന്നെ ആ
തിരുമേനിയിൽ ഒരു വെള്ള ജൂബായും കൂടെ ആകുബോൾ അത്രയൊക്കെ തോന്നിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ .

വീട്ടുകാരിട്ട പേര് ജോകുട്ടൻ. വിളിപ്പേര് താഴത്തേടം. ഖദർ ഷർട്ടും മുണ്ടുമാണ് സ്ഥിരം വേഷം. മിക്കവാറും രാവിലെ പത്രവും ഡയറിയും കക്ഷത്തില്‍ വെച്ച്
അരിവിക്കര സിറ്റിയിലുള്ള കുരിശു കവലയുടെ ഓരംചേർന്ന് ആ കൊച്ചു റോഡിലൂടെ കയറ്റം കയറി ഒരു വരവുണ്ട്. അതിനുമാത്രം ഒരു ദിവസം പോലും ഒരു
മുടക്കം വന്നിട്ടില്ല. ആ വഴിയിലൂടെ ഏകദേശം ഒരു കിലോമീറ്റർ നേരേ താഴോട്ടു നടന്നാൽ കാണുന്ന കൊച്ചുതോടാണ് തോണിപ്പാറത്തോട്. ആ തോടിനു
കുറുകെയുള്ള ഒടിഞ്ഞു വീഴാറായ തടിപ്പാലം കടന്നാൽ ആദ്യം കാണുന്ന ഓടിട്ട വീടാണ് താഴത്തേടം തറവാട്. അവിടുന്നങ്ങനെ ഒരൊറ്റയാനായി ചുളുക്കം
വീഴാത്ത വെള്ള ഖദർ ജൂബായും ഇട്ടോണ്ടു വരുന്നതുകണ്ടാല്‍ ഒരു തോറ്റ എമ്മെല്ലെയാണെന്നേ ഒറ്റ നോട്ടത്തില്‍ പറയൂ. അതുമാത്രമല്ല, മിക്കപ്പോഴും
രാഷ്ട്രീയം പറയുന്നതാണ് അദ്ദേഹത്തിനു താൽപ്പര്യം. അതുകൊണ്ട് നാട്ടിലുള്ള ചില കൂട്ടുകാർ ഇട്ട ഓമനപ്പേരാണ് രാഷ്ട്രം. അതിനു പല കാരണങ്ങളുമുണ്ട്.
അതൊക്കെ എന്തുതന്നെയാണങ്കിലും ഇത്രയും യോജിച്ച ഒരു പേര് ഇനി ആരു വിചാരിച്ചാലും മാറ്റാൻ പറ്റുമെന്നു തോന്നുന്നില്ല. ‘നന്നായി അരച്ചു
ചേർത്തപോലെ’ എന്ന് അടുത്ത സുഹൃത്തുക്കൾപോലും കളിയാക്കാറുണ്ടായിരുന്നു. നേരിട്ടു കാണുമ്പോൾ എല്ലാവരും താഴത്തേടം എന്നേ സ്നേഹപൂർവം
വിളിക്കാറുള്ളൂ. വിളിപ്പേരിലെങ്കിലും അൽപ്പം രാഷ്ട്രീയം ഉണ്ടെന്നുള്ള ഒരു തോന്നലാണ് ആ പേരിനോടുള്ള ജോക്കുട്ടന്റെ ഇഷ്ടം. ഒരു ദിവസം
കഞ്ചാവടിച്ചപ്പോൾ പുക ഊതികൊണ്ട് അടുത്ത കൂട്ടുകാരോട് അത് ഉറക്കെ പറയുകയും ചെയ്തു.

‘‘നീയൊക്കെ നോക്കിക്കോടാ മന്ത്രി ജോക്കുട്ടൻ താഴത്തേടം ഒരു ദിവസം കൊടിവെച്ച കാറിൽ ഈ പഞ്ചായത്തിൽ വന്നിറങ്ങും.’’

ഇങ്ങനെ സ്വയം രാഷ്ട്രീയക്കാരനായിട്ടു ഞെളിഞ്ഞു നടന്നിട്ടും ഒരു പഞ്ചായത്തു മെമ്പർ പോലുമായിട്ടില്ല . ആ അരുവിക്കര സിറ്റിയിലൂടെ
പകൽസമയങ്ങളിൽ വെറുതെ അങ്ങോട്ടുമിങ്ങോട്ടും പത്രവും ഡയറിയുമായി നടക്കും. പകലാണെങ്കിൽ ചുണ്ടത്ത് ഒരു സിഗരറ്റ് കാണും . പട്ടണത്തിലെ
പ്രധാനപ്പെട്ട ആളുകളുമായി ഒന്നിടപഴകുക എന്ന നിർദ്ദോഷമായ ഉദ്ദേശ്യം മാത്രമേയുള്ളൂ എന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാലും അതത്ര ശരിയല്ല എന്നു
നാട്ടുകാര്‍ക്കറിയാം. ആളു ശുദ്ധനാണെങ്കിലും ആൾക്കാർ പറയുന്നത് ദുഷ്ടന്റെ ഫലം ചെയ്യുമെന്നാണ്.

അരുവിക്കര ദേവീക്ഷേത്രത്തിനടുത്ത് ഒരു വലിയ ആൽമരമുണ്ട് . അവിടെയാണ് അയാൾ ഇരുട്ടായാൽ കൂട്ടുകാരുമായി സംഗമിക്കുന്നത്. കൂട്ടുകാരെന്നു
പറയുമ്പോൾ, നാട്ടിലെ കോളജില്‍ പഠിക്കുന്ന പൂവാലന്മാരാണ്. അവരെയൊക്കെ കൂട്ടുപിടിച്ചത് ടൗണിൽ താഴത്തേടം ബേക്കറി എന്ന കടയുടെ ഉടമയായി
ഒന്നു വിലസിയ സമയത്താണ് .

ജോക്കുട്ടൻ പത്തിൽ തോറ്റപ്പോഴാണ് നെഗറ്റീവു ജോസഫ് മകനെ ഒന്നു നേരെയാക്കാൻ അരുവിക്കര ബസ്‌സ്റ്റാന്റിനടുത്ത് താഴത്തേടം എന്ന പേരിൽ ഒരു
ബേക്കറി ഇട്ടുകൊടുത്തത്. അപ്പന്റെ ശരിക്കുള്ള പേര് ഔസേപ്പ് ജോസഫ് താഴത്തേടം എന്നാണ്. ആളിനു നല്ല കറുപ്പുനിറമാണങ്കിലും തല നിറയെ നരച്ച
വെള്ളി മുടിയാണ്. കണ്ടാൽ അസ്സൽ പഴേ ബ്ലാക്ക് ആൻഡ്‌ വൈറ്റ് ഫോട്ടോകളിലെ നെഗറ്റീവു പോലിരിക്കും. അതുകൊണ്ട് സ്കൂൾ കുട്ടികൾ കളിയാക്കി
വിളിക്കുന്ന പേരാണ് നെഗറ്റീവു ജോസഫ്. കുറേക്കാലം ഗൾഫിൽ ഡ്രൈവറായിരുന്നു എന്നാണ് പറയപ്പെടുന്നത്‌. എന്നാലും ആരെക്കണ്ടാലും ഗൾഫ്‌
ജീവിതത്തെപ്പറ്റി വാതോരാതെ വീമ്പടിക്കും. ആള് അവിടെ ഒട്ടകത്തിനു തീറ്റ കൊടുക്കുകയായിരുന്നു എന്നാണ് പരദൂഷണക്കാർ പറയുന്നത്. അങ്ങനെ
പൊടിപ്പും തൊങ്ങലും വെച്ച പല കഥകളിലെയും നായകനായിരുന്നു അപ്പൻ ഔസേപ്പ് താഴത്തേടം.

കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് നാട്ടിൽ വന്ന് കുറെ രാഷ്ട്രീയം കളിച്ചു. അവസാനം അരുവിക്കര മണ്ഡലം എമ്മെല്ലേയായി നിന്ന് കെട്ടിവെച്ചതും പോയി.
പിന്നെയുണ്ടായിരുന്ന മൊതലുകൊണ്ടാണ് മകൻ താഴത്തേടത്തിന് ടൗണിൽ കടയിട്ടു കൊടുത്തത്. നാടു തെണ്ടി നടക്കുന്ന മകനെ ഒന്നു തളച്ചിടുക എന്നൊരു
ദുരുദ്ദേശ്യം കൂടി അതിന്റെ പിന്നിലുണ്ടായിരുന്നു. അൽപ്പം രാഷ്ട്രീയ പാരമ്പര്യമുള്ളതുകൊണ്ട് ആ വഴിക്കെങ്ങാനും തിരിഞ്ഞാലോ എന്നൊരു പേടിയും
അച്ഛനുണ്ടായിരുന്നു. കടയാകുമ്പോൾ അവിടുന്ന് അനങ്ങാൻ പറ്റില്ലല്ലോ. പിന്നീട് ആ ബേക്കറി ബസ്‌ കയറാൻ വരുന്ന കോളേജ് കുട്ടികളുടെ തട്ടകമായി
മാറുകയായിരുന്നു. ബേക്കറിയിൽ രാഷ്ട്രവുമായി സംസാരിച്ചിരുന്നാൽ ‍ അങ്കോം കാണാം പൂരോം കാണാം എന്നു പറഞ്ഞ പോലെയാ. കോളജിൽ പോകുന്ന
പെണ്‍കുട്ടികളെയും കാണാം കൂട്ടുകാരുമായി ഒന്നു കൂടുകയും ചെയ്യാം. കള്ളടി, കമന്റടി, പഞ്ചാരയടി മുതലായവ മുറയ്ക്കു നടക്കുകയും ചെയ്യും. പിന്നെ,
വരുന്നവരോടൊക്കെ നാട്ടുവിശേഷവും കോളേജ് വിശേഷവും പറയുക എന്നതായിരുന്നു പ്രധാന ഹോബി. അതിന്റെ കൂടെ നല്ല എരിവും പുളിയും ചേർത്ത
പരദൂഷണവും. എന്നാലും പ്രേമകഥകളിലായിരുന്നു ആദ്യമൊക്കെ ജോക്കുട്ടനു താല്‍പ്പര്യം. മിക്കവാറും കൂട്ടുകൂടാനായി കുട്ടികള്‍ക്കു കടം
കൊടുക്കുകയായിരുന്നു പതിവ്. എല്ലാം ബുക്കിൽ കൃത്യമായി കുത്തിക്കുറിച്ചിടുന്നതല്ലാതെ ഒന്നും കിട്ടപ്പോരില്ല എന്നു മനസ്സിലായി. സ്കൂളില്‍ വെച്ചേ
ജോക്കുട്ടന് കണക്കിനു വട്ടപ്പൂജ്യമായിരുന്നു. പഠിത്തം നിർത്തിയതുതന്നെ കണക്കിനെയും കണക്കുസാറിനെയും പേടിച്ചാണ്. ഇപ്പോഴാണെങ്കിലും
കണക്കുസാർ അതുവഴിയെങ്ങാനും പോയാൽ ചങ്കിനകത്ത്‌ ഇടിത്തീയാണ്. മിക്കവാറും കാണാത്ത മട്ടിൽ ഒന്നു തിരിഞ്ഞുനിൽക്കും. അതുകൊണ്ട് തൽക്കാലം
കണക്കെഴുത്തു തന്നെ വേണ്ടെന്നുവെച്ചു. രൊക്കം കാശുണ്ട
െങ്കില്‍ മാത്രം എന്ന് ഒരു പുതിയ ഒരു ബോര്‍ഡും വെച്ചു . അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടായില്ല . നല്ല മഴയുള്ള ഒരു ഇടവപ്പാതിദിവസം ആ
ബോർഡുപോലും ഏതോ കുരുത്തംകേട്ട പിള്ളേർ തലേൽ വെച്ചോണ്ടുപോയി.

വന്നവരൊക്കെ പ്രേമകഥകള്‍ പറഞ്ഞു ജോക്കുട്ടനെ കോൾമയിർ കൊള്ളിച്ചു. ഭരണിയില്‍ കൈയിട്ടു ബിസ്ക്കറ്റും മുട്ടായിയും സിഗററ്റും പാനീയങ്ങളും മറ്റും
ഇഷ്ടംപോലെ അകത്താക്കി. തൊട്ടടുത്തുതന്നെ മുഹമ്മദുകുട്ടിയുടെ മലബാർ ഹോട്ടലുണ്ടായിരുന്നത് അതിലും പുകിലായി. ഇടയ്ക്കിടെ ചില ഛോട്ടാ
രാഷ്ട്രീയക്കാരു വന്നിരിക്കും. ഇരുപ്പുകണ്ടാൽ അവന്റെയൊക്കെ കുടുംബസ്വത്താണന്നേ തോന്നൂ. എന്നിട്ട് കക്ഷത്തില്‍ ഇരിക്കുന്ന ന്യൂസ്‌ പേപ്പര്‍ എടുത്ത്
മേശപ്പുറത്തു വെച്ചിട്ട് എഴുന്നേറ്റു നിന്ന് നാലുപേരു കേൾക്കെ ഞെളിഞ്ഞുനിന്ന് കൈ കൊട്ടി വിളിക്കും.

‘‘മമ്മൂക്കാ കടുപ്പത്തിൽ ഒരു ചായ’’

അടുത്തറിയാവുന്നവർക്ക് പിറകുവശത്തുകൂടി ചെറിയതോതിൽ കള്ളു വിൽപ്പനയുണ്ട്. അതുകൊണ്ട് നാട്ടുകാര്‍ പറയുന്നത് മല- ബാർ ഹോട്ടൽ എന്നാണ്.
മാന്യമായി ഇരുന്നു മദ്യപിക്കുന്ന ഛോട്ടാ നേതാക്കളിൽ പലരും സന്ധ്യയായാൽ ഒതുക്കത്തിൽ ‍ കാശു കൊടുക്കാതെ മുങ്ങും. മുഹമ്മദുകുട്ടി ആരാ മോൻ.
അതൊക്കെ താഴത്തേടം ബേക്കറി പറ്റിൽ കിറുകൃത്യമായി കുറിച്ചിടും. പകലാണങ്കിൽ കൂട്ടുകാരായ പൂവാലന്മാരുടെ ഒരിടത്താവളമായി ബേക്കറി
മാറിയിരുന്നു. ആ ചർച്ചകളിലാണ് ജോക്കുട്ടന് ആദ്യം രാഷ്ട്രീയത്തോട് ഒരാഭിമുഖ്യം തോന്നിത്തുടങ്ങിയത്. ഒരുതരത്തിൽ പറഞ്ഞാൽ രാഷ്ട്രം എന്ന പേരിന്റെ
ഉത്ഭവവും ആ ബേക്കറിയുടെ പിന്നാമ്പുറങ്ങളിൽ നടന്ന ഗൗരവകരമായ ചർച്ചകളിൽനിന്നാണ്.

എന്തിനു പറയുന്നു, കൂട്ടുകാരു കാരണം കടം കേറിക്കേറി മുടിഞ്ഞു. അങ്ങനെ ഏതാണ്ട് രണ്ടു വർഷം പിടിച്ചുനിന്ന ബേക്കറി ഒരു ദിവസം പൂട്ടി. എല്ലാം
പൊളിച്ചടുക്കി ജോക്കുട്ടൻ രാഷ്ട്രം എന്ന പുതിയ പേരുമായി വീണ്ടും തെരുവിലായി. എന്നാലും അതോടുകൂടിയാണ് താഴത്തേടം എന്ന കുടുബപ്പേരിന് ഒരു
പ്രശസ്തിയൊക്കെ ഉണ്ടായത്. ഒള്ളതുപറഞ്ഞാൽ ആ കടക്കൂട്ടായ്മയിലൂടെ, കോളജിൽ പഠിക്കുന്ന ഒരു നല്ല ഒരു സുഹൃദ് വലയം മാത്രമാണ് രാഷ്ട്രത്തിന്റെ
ആകെയുള്ള സമ്പാദ്യം. മിക്കവാറും വൈകുന്നേരങ്ങളിൽ അവരുമായി ഒത്തുകൂടാറുണ്ട്. സ്ഥല പരിമിതി കൊണ്ടുമാത്രമാണ് മറ്റു പ്രധാനപ്പെട്ട രാഷ്ട്രീയ
ചർച്ചകൾ രാത്രിസമയങ്ങളിൽ ടൗണിലുള്ള ആലുംമൂട്ടിലേക്ക് മാറ്റിയത്. ആ പുതിയ കൂട്ടായ്മകളിലെ കഥാനായകൻ ഒരു കോളേജ് പ്രൊഫസർ ആണ്.
നാട്ടുകാര്‍ വട്ടൻസാർ എന്നു വിളിക്കുന്ന പ്രൊഫസര്‍ പീറ്റർ പുത്തൻവീട്. ആള് ഒരു എക്സ് സർവീസ് വീരനാണ്. പത്തു പാക്കിസ്ഥാൻകാരെ ഒരു ദിവസം
വെടിവെച്ചു കൊന്നു എന്നാണ് പലപ്പോഴും വീമ്പടിക്കുന്നത് . സർവീസിൽനിന്നു പെൻഷനായ ശേഷമാണ് വാദ്ധ്യാരായത്. അതുകൊണ്ട് മാസാമാസം മിലിട്ടറി
ക്വാട്ടാ കിട്ടും. അതറിഞ്ഞുകൊണ്ടുതന്നെയാണ് നമ്മുടെ സ്വന്തം രാഷ്ട്രവും കൂട്ടുകാരും അയാളോടു മമത കാണിച്ചുതുടങ്ങിയത്. അതുമാത്രമല്ല, പിള്ളേരുമായി
സകല വേണ്ടാതീനത്തിനും കൂടും. കുട്ടികൾക്കും പ്രൊഫസർ എന്നുവെച്ചാൽ ജീവനാ. അതിന്റെ രഹസ്യം ഇടയ്ക്കിടെ കുട്ടികള്‍ക്കു കിട്ടുന്ന ഇടുക്കി ഗോള്‍ഡ്‌
തന്നെ. അതില്‍ കുറെയൊക്കെ സത്യവുമുണ്ട് . കാരണം പ്രൊഫസർ പുത്തൻവീടൻ ഒരു കഞ്ചെന്‍സാണെന്നു കണ്ണു കണ്ടാലറിയാം. നാട്ടിലൊക്കെ അങ്ങനെ
ഒരു കിംവദന്തിയുമുണ്ട്.

ഭാര്യ അമ്മുക്കുട്ടി സർക്കാർ ഉദ്യോഗസ്ഥയാണ്. ആവശ്യത്തിനു വരുമാനമൊക്കെയുണ്ടെങ്കിലും അമ്മുക്കുട്ടിക്ക് ജോലിക്കു പോകുന്നതാണിഷ്ടം. അല്ലെങ്കിൽ
പീറ്റർസാറിന്റെ പട്ടാളക്കഥകൾ ഇരുപത്തിനാലു മണിക്കൂറും സഹിക്കണ്ടി വരും . അതുമാത്രമല്ല രണ്ടെണ്ണം അടിച്ചുകഴിഞ്ഞാൽ കൊന്ന പാക്കിസ്ഥാൻകാരുടെ
എണ്ണം കൂടും. അമ്മുക്കുട്ടി ജോലിക്കു പോകുന്നതുകൊണ്ട്‌ പകലൊക്കെ വീട്ടുജോലിക്ക് ‌ഒരു സ്ത്രീയുണ്ട്, കുഞ്ഞുമോൾ. കറുത്തതാണെങ്കിലും കാണാന്‍
തരക്കേടില്ലാത്ത ഒരു സ്ത്രീയാണ്. അതുകൊണ്ടാണോ എന്നറിയില്ല പ്രൊഫസർ പീറ്റർ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും അവധി എടുക്കാറുണ്ട്. അതൊക്കെ
താഴത്തേടം ബേക്കറിയിലെ കൂട്ടായ്മകളിൽ പലപ്പോഴും ചർച്ചയ്ക്കു വരാറുണ്ട്. അമ്മുക്കുട്ടി അതൊന്നും കേട്ടാൽ കമാന്നൊരക്ഷരം മിണ്ടില്ല. എന്നാലും
പീറ്റർസാർ കുഞ്ഞുമോളേ എന്നു നീട്ടി വിളിക്കുന്നതു കേട്ടാൽ അമ്മുക്കുട്ടിക്കു കലിയിളകും. അവൾക്ക് അമ്മുക്കുട്ടീ എന്നു നീട്ടിവിളിക്കുന്നതാണ് ഇഷ്ടമെന്ന്
പ്രൊഫസർക്കറിയാം.

മിക്കവാറും വൈകുന്നേരങ്ങളിൽ പ്രൊഫസർ രാഷ്ട്രത്തിനെയും വീട്ടിലേക്കു വിളിക്കാറുണ്ട്. ഒറ്റയ്ക്കിരുന്ന് കള്ളടിക്കാൻ അമ്മുക്കുട്ടി സമ്മതിക്കില്ല. അങ്ങനെ
കുടിക്കുന്നവർ മുഴുക്കുടിയന്മാരാണെന്ന് ആരോ പറഞ്ഞറിയാം. അമ്മുക്കുട്ടിയെ അറിയാവുന്നതുകൊണ്ട്‌ കുടിക്കണമെന്നു തോന്നുമ്പോൾ പ്രൊഫസർ വഴിയേ
പോകുന്ന ആരെയെങ്കിലും വീട്ടിലേക്കു ക്ഷണിക്കും. എന്നിട്ട് മൂക്കുമുട്ടെ കുടിച്ചിട്ട് നാട്ടുകാരുടെ കുറ്റങ്ങൾ കണ്ടുപിടിക്കുക, അതിനൊക്കെ പരിഹാരം
നിർദ്ദേശിക്കുക അതൊക്കെയാണ് പതിവ്. അതുകേട്ട് തലയാട്ടാനും തിരിച്ച് അൽപ്പംകൂടി ഡോസ്സുകൂട്ടി സംവദിക്കാനും പറ്റിയ ആൾ രാഷ്ട്രം തന്നെ എന്ന്
അയാൾക്ക്‌ നല്ലവണ്ണം അറിയാം. രാഷ്ട്രം മിക്കവാറും ആദരപൂർവം നിലത്താണ് ഇരിക്കാറ്. അതിൽ ചെറിയ ഒരു ദുരുദ്ദേശം ഇല്ലാതില്ല . സോഫായോടു
ചേർന്നിരുന്ന് ഒരു നാലെണ്ണം വിട്ടാലും ആരും അറിയില്ല. ടീപ്പോയിയുടെ മറവിൽ ഒന്നു ചെരിഞ്ഞിരുന്നാൽ പ്രൊഫസർ കൊടുക്കുന്ന തെറുപ്പുബീടിയിൽ
കഞ്ചാവ് തിരുകി വെക്കാനുള്ള സൗകര്യം വേറെ. അമ്മുക്കുട്ടിക്ക് അടുക്കളയിൽനിന്ന് എത്തിനോക്കിയാൽപോലും അതൊന്നും കാണാൻ പറ്റുകയുമില്ല
എന്നുതന്നെയാണ് അവർ കരുതുന്നത്.

ജോലിക്കാരി കുഞ്ഞുമോൾ പകൽ ജോലിക്കാരിയാണ് . കണ്ണെഴുതി പൊട്ടും തൊട്ട് വൈകുന്നേരം അവളുടെ വീട്ടിൽ പോകും. അതുകൊണ്ട് അടുക്കളയിൽ
പാചകത്തിൽ മാത്രം ശ്രദ്ധിക്കുന്ന അമ്മുക്കുട്ടി ഒന്നും അറിയിന്നില്ലെന്നാണ് അവരുടെ വിശ്വാസം. സത്യത്തിൽ അമ്മുക്കുട്ടി എല്ലാം കാണുന്നുമുണ്ട്
കേൾക്കുന്നുമുണ്ട്. എന്നിട്ട് ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിൽ മിണ്ടാതിരിക്കും. അതൊക്കെ ഈ പെണ്‍ വർഗ്ഗത്തിന്റെ സ്ഥിരം നമ്പരുകളാണന്ന് പ്രൊഫസർ
പീറ്ററിന് അറിയാമെങ്കിലും ഒന്നു പൊട്ടൻ കളിക്കും. അല്ലെങ്കിലും പ്രിയതമനോട്‌ പറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്ന് അമ്മുക്കുട്ടിക്കും അറിയാം. ആള് എക്സ്
മിലിട്ടറി. ഒരുകാലത്ത് ഭാരതത്തിന്റെ രഷകനായിരുന്നല്ലോ. അതുകൊണ്ട് ഒന്നു കണ്ണടയ്ക്കുന്നു. എന്നാലും രാഷ്ട്രത്തിനെ കാണുമ്പൊഴേ അമ്മുക്കുട്ടിക്ക്
ദേഷ്യംകൊണ്ട്‌ അടി മുതൽ മുടിവരെ വിറയ്ക്കും. ആ കൂട്ടായ്മ കഴിഞ്ഞ്‌ സന്ധ്യ ആകുമ്പോഴാണ് ഒരു കെട്ട്‌ തെറുപ്പുബീഡിയുമായി രണ്ടുപേരുംകൂടി
അരുവിക്കര അങ്ങാടിയിലേക്കിറങ്ങുന്നത്. താഴത്തേടം ബേക്കറിയിലെ നിത്യ സന്ദർശകരായിരുന്ന അലവലാതി കോളേജ് പിള്ളാർ ഷാജഹാനും
ജോയിഅളിയനും സ്വദേശി തമ്പിയും തങ്കച്ചനും രത്നകുമാറും ഷംസുദീനും അവിടെക്കാണും. പൊന്നമ്പലത്തിനടുത്തുള്ള ആൽത്തറയിലാണ് പൂവാലസഗമം .
പ്രൊഫസർ ആദ്യം എല്ലവവർക്കും ഓരോ തെറുപ്പുബീഡി കൊടുക്കും. എന്നിട്ട് ഒന്നു ചിരിച്ചിട്ട് പറയും.

‘‘ഇങ്ങനെയായാൽ നിനക്കൊക്കെ ബീഡി മേടിച്ചു തന്നെ ഞാൻ മുടിയും’’

സംഘത്തിൽ പെട്ടവർ ഒന്നും മിണ്ടാതെ നിന്നു പുകയ്ക്കും. കാരണം അതിനകത്തുള്ള ഇടുക്കി ഗോൾഡ്‌ തന്നെ. മാത്രമല്ല അവരിൽ സ്വന്തമായി വരുമാനമുള്ള
ഒരേ ഒരു മെംബർ പീറ്റർസാറാണ്. അൽപ്പം ഇരുട്ടായിക്കഴിഞ്ഞാൽ അവർ ആ ആൽത്തറയിൽ ഇരിപ്പുറപ്പിക്കും. അവിടുന്ന് കഞ്ചാവിന്റെ പുക കുമുകുമാന്നു
ആൽമരത്തിനു ചുറ്റും പടരും. അത് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലെ മിക്കവാറും പോലീസുകാർക്കും അറിയാം. ആർക്കും പ്രത്യേകിച്ചു
ശല്യമൊന്നുമില്ലാത്തതുകൊണ്ട് അവരും മൗനം പാലിക്കുന്നു. ഒരിക്കൽ കഞ്ചാവു മൂത്തപ്പോൾ താഴത്തേടം അവരുമായി ഒന്നുടക്കി. എന്നിട്ട് പോലീസ്
സ്റ്റേഷനിലേക്കു നോക്കി നെഞ്ചു വിരിച്ചുനിന്ന് നല്ല ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

" എല്ലാത്തിന്റെയും തൊപ്പി ഞാൻ തെറിപ്പിക്കും "

ശരിക്കും അതൊരട്ടഹാസമായിരുന്നു. അതാണ് ആകെ പുകിലായത് . അരിവിക്കര സ്റ്റേഷനിലെ സകല പോലീസുകാരും ഓടിയെത്തി. പൂവാല സംഘത്തിനെ
അറസ്റ്റ് ചെയ്യുമെന്ന വാശിയിലായി . പ്രൊഫസർ കാലുപിടിച്ചു പറഞ്ഞു നോക്കി. അവസാനം സബ് ഇൻസ്പെക്റ്റർ തന്നെ അതിനു പരിഹാരമായി ഒരു
നിർദ്ദേശം വെച്ചു. മുടി നീട്ടി വളർത്തിയ പൂവാല സംഘം തല മൊട്ടയടിക്കണം. താഴത്തേടം മാത്രം അതിൽ കാര്യമായ എതിർപ്പു പ്രകടിപ്പിച്ചില്ല. കാരണം
തലയിൽ മുടിയില്ലല്ലോ. പിന്നെ പിറകിലുള്ള കുറച്ചു രോമമല്ലേയുള്ളൂ അതങ്ങു പോനാൽ പോകട്ടും എന്ന മട്ടിൽ മിണ്ടാതിരുന്നു. മുടിക്ക് ഏറ്റവും നീളമുള്ള
ഷാജഹാൻ അൽപ്പം അതൃപ്തി പ്രകടിപ്പിച്ചങ്കിലും കഞ്ചാവു മൂത്ത പ്രൊഫസർ എസ്ഐക്ക് കൈ കൊടുത്തു. ആ രാത്രിയിൽ തന്നെ തൊട്ടടുത്തുള്ള
ബാർബർ ഷോപ്പിൽ എല്ലാത്തിനെയും കയറ്റി തല വടിപ്പിച്ചു. അതിന്റെ പിറ്റേദിവസമാണ് അരുവിക്കരയിലെ അന്തിപ്പത്രത്തിൽ ‘മൊട്ടയടിക്കപ്പെട്ട ഹിപ്പികൾ’
എന്ന തലക്കെട്ടിൽ എല്ലാവരുടെയും ഫോട്ടോ സഹിതം വാർത്ത വന്നത് . പ്രൊഫസറെ മാത്രം ശിക്ഷയിൽനിന്ന് ഇളവുചെയ്തു. അതുകൊണ്ട് പത്രത്തിൽ
പടവും വന്നില്ല. പൂവാലന്മാരുടെ ഈ രൂപമാറ്റം അരുവിക്കരയിലെ പൊതുജനം നല്ലപോലെ ഒന്നാഘോഷിച്ചു .

‘ഹൊ അങ്ങനെയെങ്കിലും അവന്മാരു മുടിയൊന്നു വെട്ടിച്ചല്ലോ’.

നെഗറ്റീവു ജോസഫാണ് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് . എന്നിട്ടും ആലുംമൂട്ടിൽ സംഗമത്തിനു മാത്രം വിരാമമിട്ടില്ല. ശിക്ഷ കൊടുത്തല്ലോ അതുകൊണ്ട്
പോലീസുകാരും ഒന്നു കൈ അയച്ചു. തൊട്ടടുത്ത്‌ ഒരു കുരിശുപള്ളിയുണ്ട് . അതുകൊണ്ട് ഷാപ്പുമാത്രം അൽപ്പം താഴോട്ടു മാറി ഇരുട്ടുകവലയിലാണ് .
പണ്ടൊക്കെ ഇടതൂർന്നു നിൽക്കുന്ന ഉയരമുള്ള വന്മരങ്ങളായിരുന്നു ആ പ്രദേശം മുഴുവനും. അക്കാലത്ത് ആ നാലും കൂടിയ കവലയ്ക്ക്‌ കുടിയേറ്റക്കാർ ഇട്ട
പേരാണ് ഇരുട്ടുകവല. കാരണം പകലുപോലും സൂര്യപ്രകാശം കഷ്ടിയായിരുന്നു. കൃഷി ചെയാൻ വന്ന ചേട്ടന്മാർ എല്ലാം വെട്ടിത്തെളിച്ച് റബ്ബർവെച്ചു.
അതുകൊണ്ട് നല്ല വെട്ടമാണ്. എന്നാലും കവലയുടെ പേര് ഇപ്പോഴും ഇരുട്ടു‌കവല എന്നുതന്നെ.

അങ്ങെനെ കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് പഞ്ചായത്ത് ഇലക്ഷൻ വന്നത്. കേട്ടപാടെ കേൾക്കാത്ത പാടെ
എല്ലാവരും ആലുംമൂട്ടിൽ അടിയന്തര യോഗം കൂടി. അവിടെവെച്ച് നമ്മുടെ പ്രൊഫസറാണ്‌ ആദ്യത്തെ വെടി പൊട്ടിച്ചത്. മറ്റൊന്നുമല്ല, ഇത്തവണ ജോക്കുട്ടൻ
നിൽക്കണം. രാഷ്ട്രം ആ അഭിപ്രായത്തെ കഞ്ചാവിന്റെ ലഹരിയിൽ പുച്ഛത്തോടെ വീറ്റോ ചെയിതു.

‘‘അങ്ങെനെ ഈ താഴത്തേടത്തിനെ ഒതുക്കാമെന്നൊന്നും ആരും കരുതണ്ട. ഒന്നുകിൽ മന്ത്രിസ്ഥാനം, അല്ലെങ്കിൽ പാർലമെന്റിൽ. അതിൽ കുറഞ്ഞ ഒരു
സംഭവത്തിനും എന്നെ കിട്ടുകേല. അതുകൊണ്ട് താൻ തൽക്കാലം ആ വെള്ളമങ്ങ്‌ വാങ്ങി വെച്ചേര് "

കഞ്ചാവു മൂത്താൽ രാഷ്ട്രം അങ്ങനെയാ. സകല മര്യാദകളും ലംഘിക്കും. കുറച്ചൂടെ കഴിഞ്ഞാൽ പ്രൊഫസറെ കേറി ‘എടാ പീറ്ററെ’ എന്നുവരെ
വിളിച്ചുകളയും. മറ്റു കൂട്ടുകാരെ അല്ലെങ്കിലും എടാ പോടാ എന്നൊക്കെയേ വിളിക്കൂ. അത് സംഘത്തിന് അനുഭവത്തിൽനിന്ന് അറിയാം. അങ്ങനെയുള്ള ചില
ശല്യങ്ങൾ ഒഴിവാക്കാനാണ് ആലുംമൂട്ടിൽ കൂട്ടായ്മ ഏകപക്ഷീയമായി പുതിയൊരു തീരുമാനമെടുത്തത് . രാഷ്ട്രത്തിനെ ഒന്നു കല്ല്യാണം കഴിപ്പിച്ചാലോ.
കഞ്ചാവിന്റെ ലഹരിയിലായിട്ടുപോലും ആ തീരുമാനത്തെ മാത്രം അയാൾ വീറ്റോ ചെയിതില്ല. അതുകൊണ്ട് സംഘത്തിനു ചെറിയ ഒരു പ്രതീക്ഷയുണ്ടായി.
പക്ഷാ രാവിലെ പത്രവുമായി പട്ടണത്തിൽകൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന ഒരു ഒരു ഖദർധാരിക്ക് ആരു പെണ്ണുകൊടുക്കും. ഒരിക്കൽ ഒരു
ശ്രമം നടത്തിയതാ. അന്ന് പെണ്ണുകാണാൻ കൂടെ കൊണ്ടുപോയ കൂട്ടുകാരന് ആ പെണ്ണു കത്തുകൊടുത്തു അവനും കേറിയങ്ങു പ്രേമിച്ചു .
അതോടുകൂടിയാണ് പെണ്ണുകാണലിന് താൽക്കാല വിരാമമിട്ടത്. പ്രൊഫസർക്ക് അതറിയുകയും ചെയാം. അയാൾ ബീഡി ഒന്നുകൂടി ആഞ്ഞു വലിച്ചിട്ട്
കുറച്ചുനേരം എന്തോ ആലോചിച്ചു . അപ്പോഴാണ്‌ സ്വദേശി പറഞ്ഞത്.

" എന്തെങ്കിലും ഒന്നു പറ സാറേ. നേരം പാതിരായായി "

"എനിക്കറിയാവുന്ന ഒരു പെണ്ണുണ്ട് അവളുടെ തന്ത ഒരിക്കലും ജയിക്കാത്ത എമ്മെല്ലെയാ. ഇവൻ ഭാവിയിൽ കേന്ദ്രമന്ത്രിയാകുമെന്നൊക്കെ ഒരു കീച്ച് കീച്ചി
സംഗതി ഒപ്പിക്കാം"

ഉടനെ ഷംസുദീന് ഒരു സംശയം .

" പെണ്ണ് എങ്ങനെയുണ്ട്‌ "

" അതിനൊന്നും ഇപ്പോൾ വലിയ പ്രസക്തിയില്ല. ഈ മൊട്ടത്തലയൻ ഭാവി പാർലമെന്റു മെംബറെ അവൾക്ക് ഇഷ്ടമാകുമോ എന്നു നോക്കിയാൽ മതി.
അതിനുള്ള ഏക പോംവഴി സ്ഥാനാർഥി ആക്കുക എന്നതാണ്. ആദ്യം പഞ്ചായത്ത്, പിന്നെ നിയമസഭ, പാർലമെൻറ്... അങ്ങനെ കേന്ദ്രമന്ത്രി വരെ
ആകില്ലെന്നാരുകണ്ടു ".

ഇത്രയും കാര്യങ്ങൾ പ്രൊഫസർ നല്ല ഗൗരവത്തിൽ പറഞ്ഞപ്പോൾ അതിൽ എന്തോ കാര്യമുണ്ടെന്ന് സംഘത്തിലെ ഭൂരിപക്ഷം പേർക്കും തോന്നി. അപ്പോഴാണ്‌
തോട്ടം മുതലാളിയുടെ മകൻ തങ്കച്ചൻ പ്രതികരിച്ചത്.
" അപ്പോൾ നമ്മുടെ ജോക്കുട്ടൻ താഴത്തേടം അരിവിക്കര അഞ്ചാം വാർഡിലെ സ്ഥാനാർഥി "
എല്ലാവരും കൈയടിച്ചു പാസാക്കി. എന്നിട്ട് ആലുംമൂട് സംഘം ഒന്നിച്ചു കഞ്ചാവിന്റെ മണമുള്ള പുകച്ചുരുളുകൾ ആകാശത്തേക്ക് ഊതി.
അങ്ങനെയെങ്കിലും ഒരു പെണ്ണു കെട്ടാമല്ലോ എന്നൊരു പ്രതീക്ഷയിൽ താഴത്തേടം മൗനം പാലിച്ചു. ഉടനെ ഷാജഹാൻ മറ്റൊരു പ്രസ്താവന ഇറക്കി .

" എടാ താഴത്തേടം, ഇതൊരു പാക്കേജു ഡീലാ. ഒരു വെടിക്ക് രണ്ടു പക്ഷി. മെംബറുമാകാം പെണ്ണും കെട്ടാം "

എന്നിട്ടും രാഷ്ട്രം ഒന്നും പറയാതെ ഊതിവിട്ട പുകച്ചുരുളുകൾ നോക്കിയിരുന്നു.

അപ്പോഴാണ്‌ പ്രൊഫസർ പറഞ്ഞത്

"മൗനം സമ്മതം എന്നാണല്ലോ"

ഇനി ഒരു ചിഹ്നം വേണമെല്ലോ . അതത്ര എളുപ്പമുള്ള പണിയല്ല. കാരണം ചൂലു വരെ പല പാർട്ടിക്കാരും അടിച്ചുമാറ്റി. വല്ല പട്ടിയോ പൂച്ചയോ മറ്റോ
ആയാലോ എന്നുവരെ അവർ ചർച്ച ചെയ്തു. അപ്പോഴാണ്‌ ജോയി അളിയന് ഒരു ഐഡിയ തോന്നിയത്. അളിയൻ എന്ന് ജോയിയെ ആരോ തമാശിനു
വിളിച്ചുതുടങ്ങിയതാണ്.

" കപ്പ ആയോലോ . കേരള കർഷകരുടെയും ചേട്ടന്മാരുടെയും മുഴുവൻ വോട്ടും പുഷ്പംപോലെ ഇങ്ങു പോരും "
" കപ്പ വെറും ചീപ്പായിപ്പോയി. റബ്ബർ മരമാ കുറച്ചുകൂടി നല്ലത്. അല്ലെങ്കിലും കേരളം മുഴുവനും ഇപ്പോൾ അതല്ലേ "
അതു പറഞ്ഞത് തോട്ടം മുതലാളിയുടെ മകൻ തങ്കച്ചനാണ്. അതിൽ ആരും എതിരഭിപ്രായം ഒന്നും പറഞ്ഞതുമില്ല.

തോട്ടപ്പുറം വീണ്ടും പുകച്ചുരുളുകൾ പുറത്തേക്ക് വിട്ടുകൊണ്ട്‌ ഒന്നും മിണ്ടാതെയിരുന്നു. സംഘം വളരെ പ്രതീക്ഷയോടെ അയാളുടെ സമ്മതത്തിനായി
കാത്തിരുന്നു.
" എനിക്കൊട്ടകം മതി" താഴത്തേടം ആദ്യത്തെ വെടി പൊട്ടിച്ചു.

ആദ്യം എല്ലാവരും ഒന്നു ഞെട്ടി. എന്നാലും ഒട്ടകമെങ്കിൽ ഒട്ടകം. മൽസരിക്കാമെന്നു സമ്മതിച്ചതിലുള്ള ആശ്വാസത്തിലാണ് ആലുംമൂട്ടിൽ സംഘം. സ്വദേശി
തമ്പിയാണ് ഉടനെ മറ്റൊരു അഭിപ്രായം പറഞ്ഞത്. സ്വദേശി എന്നുള്ളത് അവരുടെ സ്വർണ്ണക്കടയുടെ പേരാണ്. ഇപ്പോൾ അങ്ങനെ പറഞ്ഞാലേ നാട്ടുകാരറിയൂ.
" സ്ഥാനാർഥി ആയാലുടൻ പെണ്ണുകാണൽ. എങ്ങാനും തോറ്റുപോയാൽ പണി പാളും."

രാഷ്ട്രത്തിനു ദേഷ്യം വന്നു.

" പക്ഷേ ഒരു നിബന്ധന. പീറ്റർ സാറല്ലാതെ ഒറ്റ ഒരുത്തനെയും ഞാൻ കൂടെ കൊണ്ടുപോകില്ല "
"അത് സമ്മതിച്ചു. ഒരിക്കൽ ചൂടുവെള്ളത്തിൽ വീണ പൂച്ചയാ. ഇനിയിപ്പം പച്ചവെള്ളം കണ്ടാലും ഒന്നറയ്ക്കും " ഷംസുദീനാണ് അതുപറഞ്ഞത്‌ .

എന്തായാലും എല്ലാവരും കൈ അടിച്ചു പാസ്സാക്കി .

" എന്നാലും ഒട്ടകം വേണ്ട. അതറബികളുടെ മൃഗമാ "

ജോയിഅളിയൻ എന്തോ ആലോചിച്ചിട്ടെന്നപോലെ പറഞ്ഞു .

" അതുകൊണ്ടുതന്നെയാ ഞാൻ പറഞ്ഞത്. ഭാവിയിൽ ഞാൻ ഗൾഫ്‌ ജനകീയ പാർട്ടി എന്നൊരു പാർട്ടിയുണ്ടാക്കും . എന്നിട്ട് പാർലമെന്റിലേക്ക് ഒറ്റയ്ക്ക്
മത്സരിക്കും. ഈ അലവലാതികളുടെ കൂടെയൊന്നും നിന്നിട്ട് ഒരു കാര്യവുമില്ല. പുതിയ ഒരു പാർട്ടിയുണ്ടാക്കി ജയിച്ചാൽ മന്ത്രിക്കസേര ഉറപ്പാ"

രാഷ്ട്രം വളരെ സീരിയസ് ആയിട്ടാണ് ഇത്രയും പറഞ്ഞത് .

" എന്നാൽ പിന്നെ ഈന്തപ്പനയാ അതിലും നല്ലത് അവരുടെ കൽപ്പവൃക്ഷമല്ലേ "

അതു പറഞ്ഞത് പ്രൊഫസർ ആണ്.

" അത് നേരാ. എന്തുകൊണ്ടും നല്ലത് ഈന്തപ്പന തന്നെയാ" കാക്കായും പറഞ്ഞ. ഷംസുദീനെ ഒന്ന് ആക്കി വിളിക്കുന്ന പേരാ ഈ കാക്കാ.

രാഷ്ട്രമൊണ്ടോ വിടുന്നു. അയാൾ തറപ്പിച്ചു പറഞ്ഞു.

" എനിക്ക് ഒട്ടകം മതി . ഇല്ലെങ്കിൽ ഞാൻ നിൽക്കുന്നില്ല "

ഈ വാശിക്ക് മറ്റൊരു കാരണംകൂടിയുണ്ട് . തന്ത താഴത്തേടം അറബിനാട്ടിൽ ഒട്ടകങ്ങളെ നോക്കുകയായിരുന്നു എന്നൊരു കേട്ടുകേൾവിയുണ്ട്‌ . നാട്ടിൽനിന്ന്
ഡ്രൈവർ പണിക്കാനെന്നും പറഞ്ഞാണ് ആരോ കൊണ്ടുപോയത്. അവിടെ ചെന്നപ്പോഴാണ് അറബി ഒട്ടകഇടയനാക്കിയത്. അങ്ങനെ കഷ്ടപ്പെട്ടാണ്‌ ഭാര്യ
എലിസബത്തിനെയും മക്കളെയും സംരക്ഷിച്ചത്. പിന്നെ ബാക്കിയുണ്ടായിരുന്ന റിയാൽ കൊണ്ടാണ് മകന് ടൗണിൽ ബേക്കറി ഇട്ടുകൊടുത്തത്. അത്
അവനും നാട്ടിലെ ചില അലവലാതികളുംകൂടി നിലംപരിശാക്കി. അപ്പോൾ പിന്നെ ഒട്ടകത്തിനോട് ഒരു സ്നേഹമൊക്കെ സ്വാഭാവികമായും ഉണ്ടായില്ലെങ്കിലേ
അത്ഭുതമുള്ളൂ . രാഷ്ട്രം ഒട്ടകത്തിൽ തന്നെ പാറപോലെ ഉറച്ചുനിന്നു. അതുകൊണ്ട് എല്ലാവരും സമ്മതം മൂളി .

അങ്ങനെയാണ് രാഷ്ട്രം ഒട്ടകത്തിന്റെ പുറത്തിരിക്കുന്ന പടമുള്ള പോസ്റ്റർ പഞ്ചായത്തു മുഴുവനും നിരന്നത്; ജോക്കുട്ടൻ താഴത്തേടത്തിന്റെ പുഞ്ചിരിച്ചു
കൊണ്ടുള്ള കളർ ഫ്ലെക്സും. രാഷ്ട്രം ജീവിതത്തിൽ ആദ്യമായി ചിരിക്കുന്നത് ആ ഫോട്ടോയ്ക്കുവേണ്ടി മാത്രമായിരുന്നെന്ന് നാട്ടുകാർ കഥ മെനഞ്ഞു. എതിർ
സ്ഥാനാർഥി കാട്ടിൽ രാജേന്ദ്രന് വിവരവും വിദ്യാഭ്യാസവും ഉണ്ട്. എന്നാലും രാഷ്ട്രീയ പാരമ്പര്യമുള്ള താഴത്തേടംകാരോടു കളിക്കാറായിട്ടില്ല എന്നൊരു
തോന്നൽ അപ്പൻ നെഗറ്റീവ് ജോസഫിനുണ്ടായിരുന്നു. ആ വാശിയിൽ അയാൾ നല്ല ഒരു തുക വലിച്ചെറിഞ്ഞു. പക്ഷേ ഫലം വന്നപ്പോൾ ചില മലയാള സിനിമ
പോലെ എട്ടു നിലയിൽ പൊട്ടി, കെട്ടിവെച്ചതുംപോയി. ചാക്കോച്ചന്റെ സകല കണക്കുകൂട്ടലും തെറ്റി. അതോടുകൂടി ഒട്ടകംപാർട്ടിയുടെ ഫ്ലെക്സെല്ലാം കാട്ടിൽ
രാജേന്ദ്രന്റെ പാർട്ടിക്കാർ വലിച്ചു കീറി. പ്രതിഷേധിച്ചിട്ട്‌ ഒരു കാര്യവുമില്ല. ജോക്കുട്ടൻ താഴത്തേടം ക്ലീൻ ബൗൾഡ് എന്നു കൂട്ടുകാർപോലും പറഞ്ഞുതുടങ്ങി .

"ഇനിയിപ്പം വേണമെങ്കിൽ ആടുജീവിതം എഴുതിയ എഴുത്തുകാരൻ ബെന്യാമിനെ ഒന്നു കാണാം. ആദ്യം തോറ്റു തുന്നം പാടിയ അപ്പൻ താഴത്തേടത്തിന്റെ
കഥ ഒട്ടകജീവിതം എന്ന പേരിൽ ഒരു പുസ്തകമാക്കാം. ആവ ഴിക്ക് ഇത്തിരി കാശുണ്ടാക്കാനുള്ള ഒരു വകുപ്പു കാണുന്നുണ്ട്."

സ്വദേശി തമ്പി രാഷ്ട്രത്തിനെ ഒന്ന് ആക്കി പറഞ്ഞതാണ്. പ്രൊഫസർ ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു. രാഷ്ട്രം ഒന്നും മിണ്ടിയതേയില്ല .
പ്രചാരണത്തിന്റെ തിരക്കു കാരണം പെണ്ണുകാണലും നടന്നില്ല. എല്ലാം കൂടി ‘കടിച്ചതുമില്ല പിടിച്ചതുമില്ല’ എന്ന അവസ്ഥയിലായി.

എന്തിനു പറയുന്നു ആ എപ്പിസോ‍ഡോടുകൂടി താഴത്തേടത്തിന്റെ കല്യാണവും നനഞ്ഞ പടക്കംപോലെ ചീറ്റിപ്പോയി. എല്ലാം സഹിക്കാം, ഇപ്പോൾ
പള്ളിക്കൂടത്തിൽ പോകുന്ന പീക്കിരി പിള്ളേർ വരെ അയാളെ ഒട്ടകം എന്നാണ് വിളിക്കുന്നത്‌ . ചില കുരുത്തംകെട്ട പിള്ളേർ എടാ ഒട്ടകക്കുട്ടാ ജോക്കുട്ടാ
എന്നൊക്കെ നീട്ടി വിളിക്കും. അതിത്തിരി കട്ടിയാ. അന്ന് രാത്രിയിൽ അവർ ആലുംമൂട്ടിൽ തെറുപ്പുബീഡിക്കെട്ടുമായി വീണ്ടും ഒട്ടകപ്പാർട്ടിയുടെ അടിയന്തര
യോഗം കൂടി. കഞ്ചാവിന്റെ ലഹരിയിൽ ഒട്ടകത്തെ എങ്ങനെയെങ്കിലും കെട്ടിക്കണമെന്ന തീരുമാനത്തിലെത്തി. അപ്പോഴാണ് എ.ആർ. റഹ്മാന്റെ
സൂപ്പർഹിറ്റായ ഒരു ഒട്ടക തമിഴ്പാട്ട് സംഘത്തിന് ഓർമ്മ വന്നത്. ആ ആനന്ദലഹരിയിലാണ് ആദ്യമായി ആലുംമൂട്ടിൽ കമ്മറ്റിക്കാർ ഒന്നിച്ച് ഒരു സമൂഹഗാനം
പാടുന്നതും .

ആദ്യം പ്രൊഫസർ ഒന്നു തുടക്കമിട്ടു .

" ഒട്ടകത്തെ കെട്ടിക്കോ ...
ഗെട്ടിയാകെ ഒട്ടിക്കോ
വട്ട വട്ട പൊട്ടുക്കാരീ .......

പിന്നെ എല്ലാവരും കൂടി

" ഒട്ടകത്തെ കെട്ടിക്കോ
ഗെട്ടിയാകെ ഒട്ടിക്കോ
വട്ട വട്ട പൊട്ടുക്കാരി ........"

രാഷ്ട്രം ഒന്നും കേൾക്കാത്തമട്ടിൽ ആകാശത്തേക്കു നോക്കി വട്ടത്തിൽ പുകച്ചുരുളുകൾ വിട്ടുകൊണ്ടിരുന്നു. എല്ലാത്തിനും മൂകസാക്ഷിയായി ആ
ആൽമരംമാത്രം ഇളംകാറ്റിൽ ഒന്നാടിയുലഞ്ഞു.

© Copyright 2017 Manoramaonline. All rights reserved....
റെയിൽ പാത അവസാനിക്കുന്നിടത്ത്
പിതാമഹൻ
കുട്ടിപ്പ്രേതം
വശ്യമോഹിനി യന്ത്രം
പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്
അച്ഛൻ പ്രതി
മറക്കല്ലേ ഈ മഴക്കാലം
തത്വചിന്ത.
ദൈവദേശത്ത്.
ചരിത്രം പറയാത്ത ചില രഹസ്യങ്ങൾ....
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ...
ഒരു പള്ളിക്കൂടം കഥ.