തത്വചിന്ത

രവിവർമ്മ തമ്പുരാൻ

ഇരുട്ടിന്റെ നിഴലിൽ നിന്ന് വെളിച്ചത്തിന്റെ വെളിപ്പെടലിലേക്ക് നമ്മെ ഉണർത്താൻ ജീവിതത്തിന്റെ സങ്കീർണമായ അനുഭവങ്ങൾക്കും അവയുടെ ആകസ്മികതകൾക്കും മാത്രമേ കഴിയൂ. നമ്മെ അഭിമുഖീകരിക്കുന്ന ഓരോ അനുഭവത്തെയും അതായി ഉൾക്കൊണ്ട് അനുഭവിക്കുക, അറിയുക. കഴിഞ്ഞുപോയതോ വരാനിരിക്കുന്നതോ ആയ അനുഭവങ്ങളല്ല, മറിച്ച് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലമാണ് ജീവിതത്തിന്റെ സമ്പത്ത്. മുൻവിധികളില്ലാതെ ജീവിക്കലാണ് ഏറ്റവും വലിയ സൗഭാഗ്യം .
പ്രമോദാണ് പറയുന്നത്. അല്ലെങ്കിലും പ്രമോദ് അങ്ങനെയാണ്. വായനയെ കുറിച്ചും എഴുത്തിനെ കുറിച്ചും സംസാരിക്കാൻ തുടങ്ങിയാൽ പെട്ടെന്ന് ഫിലോസഫിക്കലാവും. തത്വചിന്തയുടെ സാന്നിധ്യമില്ലാത്ത എഴുത്ത് വായനക്കാരന്റെ തലച്ചോറിലേക്കു വലിച്ചെറിയുന്ന മാലിന്യമാണെന്നൊക്കെ അവൻ പറഞ്ഞു കളയും. ചില ചില എഴുത്തുകൾ വായനക്കാരനിലേക്ക് വിസർജിക്കപ്പെടുന്ന അജീർണമാണെന്നു പറഞ്ഞ് പ്രമോദ് എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഞാനെന്റെ അലമാരയിൽ നിന്നു പഴയൊരു മാസിക തപ്പിയെടുത്ത് അവന്റെ കയ്യിൽ കൊടുത്തു.എന്നിട്ടു പറഞ്ഞു.
‘ഇതൊന്നു വായിക്ക്. കുറെക്കാലം മുമ്പ് ഞാനെഴുതിയതാ.’
പോകാനെഴുന്നേറ്റ അവൻ തിരികെ കസേരയിൽ ഇരുന്നു. കണ്ണട ശരിയാക്കി വായിക്കാൻ തുടങ്ങി.
ജാഡ
അയാളുടെയൊരു ജാഡ.
വലിയ എഴുത്തുകാരനൊക്കെയായിരിക്കും.
കോളജ് പ്രഫസറുമായിരിക്കും.
പക്ഷേ, ഇത്രയ്ക്ക് അഹങ്കാരം ആർക്കും പാടില്ല.
എന്നും രാവിലെ റോഡിൽ കൂടി നടന്നു പോകുമ്പോൾ റോഡിനോടു വളരെ ചേർന്ന വീടിന്റെ പൂമുഖത്തിരിക്കുന്ന അയാൾക്കു നേരെ ഞാൻ നിറഞ്ഞ ചിരിയോടെ കൈ വീശി അഭിവാദ്യം ചെയ്യുമായിരുന്നു. അയാൾ ആ ബഹുമാനം തിരികെ തരാതിരിക്കുകയും തീർത്തും അവഗണിക്കുകയും ചെയ്തപ്പോൾ ഞാൻ കരുതി കൈവീശിക്കാണിക്കുന്നതിലുള്ള എതിർപ്പായിരിക്കുമെന്ന്. പിറ്റേന്നു മുതൽ ഞാൻ അയാൾക്കു നേരെ തിരിഞ്ഞ് കുനിഞ്ഞു തൊഴാൻ തുടങ്ങി. എന്നിട്ടും അയാൾ എന്നെ ഗൗനിച്ചില്ല. അയാളുടെ രചനകളെല്ലാം വായിച്ചിട്ടൊന്നുമായിരുന്നില്ല, പത്രത്തിൽ സ്ഥിരമായി പടവും വാർത്തയുമൊക്കെ വരുന്ന നാട്ടുകാരനായ ഒരെഴുത്തുകാരനോടുള്ള ആരാധന മാത്രം. എങ്കിലും കൊടുത്ത ബഹുമാനം തിരികെ കിട്ടാതെ വന്നപ്പോൾ എനിക്കു നിരാശയായി. അതിലുപരി അയാളോട് വെറുപ്പായി.

ഞങ്ങളുടെ നാട്ടുകാരനായിരുന്നില്ല അയാൾ. ഇവിടെ വന്ന് വാടകയ്ക്കു താമസിക്കുകയാണ്. ഞാൻ വിദേശത്തു ജോലി ചെയ്യുന്നു. ഇടയ്ക്കു വരുമ്പോൾ മാത്രമാണ് ഇങ്ങനെയുള്ള ആൾക്കാരുമായി ഇടപഴകാൻ കഴിയുക. അയാളൊന്നു ചിരിച്ചാൽ വീട്ടിൽ കയറിയൊന്നു പരിചയപ്പെടാമായിരുന്നു. തിരിച്ചു ജോലിസ്ഥലത്തെത്തുമ്പോൾ കൂട്ടുകാരോടൊക്കെ വലിയൊരു എഴുത്തുകാരനെ പരിചയപ്പെട്ട കാര്യം പറയാം. പക്ഷേ, അയാളൊന്നു ചിരിക്കണ്ടേ? ഇങ്ങോട്ടൊന്നു ചിരിച്ചാലല്ലേ അങ്ങോട്ടേക്കു കയറിച്ചെല്ലാൻ പറ്റൂ. അയാളുടെ ഇഷ്ടമില്ലാതെ കയറിച്ചെന്നിട്ട് ഇറക്കിവിടുകയെങ്ങാനും ചെയ്താൽ വലിയ നാണക്കേടാകും. അതുവേണ്ട. നമുക്കുമില്ലേ അൽപസ്വൽപ്പം ആത്മാഭിമാനമൊക്കെ.

അന്നു സിനിമ കാണാൻ ചെന്നപ്പോൾ ഒരു ചെറുപ്പക്കാരനുമൊത്ത് അയാളും തീയറ്ററിൽ വന്നിട്ടുണ്ടായിരുന്നു. ചെറുപ്പക്കാരൻ അയാളുടെ കയ്യിൽ പിടിച്ചിരുന്നു. പ്രായമായതുകൊണ്ടാവും. എന്തായാലും കെളവനോടിന്നു രണ്ടു പറഞ്ഞിട്ടു തന്നെ.
ടിക്കറ്റെടുക്കാനുള്ള ക്യൂവിൽ നിന്ന ചെറുപ്പക്കാരനെ അവഗണിച്ച് അയാളുടെ അടുത്തു ചെന്നു ഞാൻ പറഞ്ഞു.
‘വലിയ എഴുത്തുകാരനൊക്കെയായിരിക്കും. കോളജ് പ്രഫസറുമായിരിക്കും. പക്ഷേ, ഇത്രയ്ക്ക് ജാഡ പാടില്ല.’
അപ്പോൾ അയാളുടെ മുഖത്ത് നിസഹായമെന്നു തോന്നുന്നൊരു വാടിയ മന്ദഹാസം ഞാൻ കണ്ടു. അടുത്തു നിന്ന ചെറുപ്പക്കാരൻ വേഗം പറഞ്ഞു.
‘അയ്യോ, അച്ഛനു കണ്ണു കാണില്ല. നിങ്ങളെ അച്ഛൻ കാണുന്നില്ല.’
‘കണ്ണു കാണാത്തയാളാണോ സിനിമ കാണാൻ വന്നിരിക്കുന്നത്?’
‘അച്ഛൻ സിനിമ കാണും, പുസ്തകം വായിക്കും, ആളുകളെ കാണും, സംസാരിക്കും. ഞാനടുത്തുള്ളപ്പോൾ മാത്രം. ഞാനാണ് അച്ഛന്റെ കണ്ണ്.’
അപ്പോൾ ആ ചെറുപ്പക്കാരനോടും ആ വന്ദ്യവയോവൃദ്ധനോടും എനിക്ക് അളവില്ലാത്ത ആദരവു തോന്നി.എന്നെക്കുറിച്ച് ചെറുതല്ലാത്ത ലജ്ജയും.

വായന പൂർത്തായാക്കി പ്രമോദ് എന്റെ മുഖത്തേക്കു നോക്കിയപ്പോൾ ഞാൻ ചോദിച്ചു.
‘എങ്ങനെയുണ്ട് തത്വചിന്ത?’.
മാസിക തിരികെ തന്നുകൊണ്ട് അവൻ പറഞ്ഞു.
‘തീർത്തും ശരിയാണ്. വായിക്കാനും എഴുതാനും മാത്രമുള്ളതല്ല, അത് സമാധാനത്തോടെ ജീവിക്കാൻ വേണ്ടിക്കൂടിയുള്ളതാണ്. അഥവാ, ഓരോ ജീവിതവും പടുത്തുയർത്തപ്പെടുന്നത് ഉറപ്പാർന്ന ഒരു തത്വത്തിൻമേലാണ്. ആയിരിക്കണം. അപ്പോൾ എഴുത്തിൽ അതില്ലാതെ വന്നാലെന്തു ചെയ്യും?’
അതു ചോദിക്കുമ്പോൾ അവന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു. എഴുത്താഴങ്ങളുടെ മനസ്സു കണ്ടൊരു സൗമ്യസ്മേരം.

© Copyright 2017 Manoramaonline. All rights reserved....
റെയിൽ പാത അവസാനിക്കുന്നിടത്ത്
പിതാമഹൻ
കുട്ടിപ്പ്രേതം
വശ്യമോഹിനി യന്ത്രം
പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്
അച്ഛൻ പ്രതി
മറക്കല്ലേ ഈ മഴക്കാലം
ദൈവദേശത്ത്.
ചരിത്രം പറയാത്ത ചില രഹസ്യങ്ങൾ....
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ...
ഒരു പള്ളിക്കൂടം കഥ.
രാഷ്ട്രം.