ഇൻഫോപാർക്കിൽ പിള്ളേർക്കെന്താ കാര്യം?

ഐറ്റി മേഖലയിലുള്ള ദമ്പതികളുടെ മുൻപിലുള്ള വലിയ സമസ്യയാണ് ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ട് പോകുക എന്നത്. സർക്കാർ മേഖലയിൽ ഉള്ളത് പോലുള്ള പ്രസവാവധിയോ മറ്റു ആനുകൂല്യങ്ങളോ ഇവർക്കില്ല. പല യുവതികളും ആദ്യ പ്രസവം കൊണ്ട് തന്നെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. ഇതിനൊരു പരിഹാരവുമായി ആണ് ഡേ കെയർ സെന്ററുകൾ എന്ന ആശയം ഐറ്റി ഹബുകളിൽ തുടങ്ങിയത്.
 കൊച്ചി ഇൻഫോപാർക്കിലെ ഈ ഡേ കെയർ സെന്റർ വ്യത്യസ്തമാകുന്നത് അതിന്റെ നിർമിതിയിൽ കൂടെയാണ്. വലിയവർക്ക് വേണ്ടി നിർമിച്ച കെട്ടിടങ്ങളിലാണ് കുട്ടികൾ വളരുന്നതും പഠിക്കുന്നതുമൊക്കെ. എന്തു കൊണ്ട് ഇതിൽ നിന്നും മാറിച്ചിന്തിച്ചു കൂടാ. ചിന്തിച്ചു കഴിഞ്ഞു...! അതിനു ഫലവും കണ്ടു. കൊച്ചി ഇൻഫോപാർക്കിലെ 'ഡേ കെയർ സെന്റർ' കുട്ടികൾക്കായി രൂപകല്പ്പന ചെയ്തു നിർമിച്ചതാണ്.
അവരുടെ വലുപ്പം, ശരീരപ്രകൃതം, ശീലങ്ങൾ ഇതൊക്കെയനുസരിച്ചാണ് കെട്ടിടം ഡിസൈൻ ചെയ്തിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ, ആകൃതികൾ എല്ലാം കുട്ടികളെ മുന്നിൽക്കണ്ടുള്ളതാണ്. അവരുടെ മാനസിക വളർച്ചയും ബുദ്ധിവികാസവും ഉദ്ദീപിപിക്കുന്ന രീതിയിലാണ് 4780 സ്ക്വയർഫീറ്റ് വലുപ്പമുള്ള കെട്ടിടത്തിലെ എല്ലാ ക്രമീകരണങ്ങളും. ജിജെസി ആർക്കിടെക്ട്സിലെ ജോർജ് ജെ. ചിറ്റൂരിന്റെതാണ് ഡിസൈൻ.

© Copyright 2016 Manoramaonline. All rights reserved...