2011–12: സീസൺ 2

യുവ മാസ്റ്റർമൈൻഡ് സീസൺ–2 പോരാട്ടത്തിനു വേദിയായതും കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ്. ഇൻഫോസിസ് ചെയർമാൻ ഇമെരിറ്റസ് എൻ.ആർ.നാരായണമൂർത്തിയായിരുന്നു വിശിഷ്‌ടാതിഥി.

കോളജ് വിഭാഗത്തിൽ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജ് രൂപം നൽകിയ ‘മൈൻഡ് കൺട്രോൾഡ് വീൽ ചെയർ’ ഒന്നാം സമ്മാനം(ഒരു ലക്ഷം രൂപ) നേടി. വീൽചെയറിൽ ജീവിതം ഒതുങ്ങിപ്പോയവരുടെ നിസ്സഹായതയ്‌ക്കു സാങ്കേതികവിദ്യയുടെ ഉത്തരമായിരുന്നു അലൻ ടോം മാത്യു, അതുൽ സുധീഷ്, വിഷ്‌ണു ഈശ്വരൻ എന്നിവർ ഗൈഡ് എം.ശിവകുമാറിന്റെ മാർഗനിർദേശത്തിൽ തയാറാക്കിയ ‘മനസ്സുനിയന്ത്രിക്കുന്ന കസേര’. ചിന്ത തലച്ചോറിലുണ്ടാക്കുന്ന തരംഗങ്ങളെ രേഖപ്പെടുത്തി അതു കംപ്യൂട്ടറിലേക്കു പകർത്തി ആ തോന്നലിനൊത്തു യന്ത്രവൽകൃത വീൽചെയർ ചലിപ്പിക്കുന്ന വിദ്യയാണിത്.

സ്‌കൂൾ വിഭാഗത്തിൽ കോട്ടയം നെടുങ്കുന്നം സെന്റ് ജോൺ ദ് ബാപ്‌റ്റിസ്‌റ്റ് സ്‌കൂൾ തയാറാക്കിയ സെൽഫ് ഇന്റലിജൻസ് ഇലക്‌ട്രോ സ്‌മാർട് ഷൂ ഒന്നാം സമ്മാനം (അരലക്ഷം രൂപ) നേടി. ഈ ഷൂ ഇട്ടു നടക്കുമ്പോൾ മൊബൈൽ ഫോൺ ചാർജാവുന്ന വിദ്യ അവതരിപ്പിച്ചതു റിജുമോൻ, വൈശാഖ്, അർച്ചന എന്നിവർ. അധ്യാപികയായ ജിൻസി ജോസഫ് മാർഗനിർദേശങ്ങൾ നൽകി.

ട്രെയിനിൽ സ്‌ത്രീകൾക്കുനേരെ ആക്രമണമുണ്ടായാൽ എല്ലാ കംപാർട്‌മെന്റിലും മുഴങ്ങുന്ന അപായമണി, ഇരുട്ടു തിരിച്ചറിഞ്ഞു തനിയേ പ്രകാശിക്കുന്ന വെഹിക്കിൾ ലൈറ്റ്, കുട്ടികൾക്ക് അപകടം സംഭവിച്ചാൽ വിവരം തരുന്ന ബെൽറ്റ്, ദുരന്തസ്‌ഥലങ്ങളിൽ നുഴഞ്ഞുകയറി സഹായമെത്തിക്കുന്ന സ്‌നേക്ക് റോബട്, തനിയേ പടികൾ കയറുകയും കിടന്നു വ്യായാമം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന വീൽചെയർ, ടൈപ്പ് ചെയ്യുന്ന സന്ദേശം ശബ്‌ദമാക്കി മാറ്റുന്ന സ്‌പീച്ച് ബീ, രക്‌തസമ്മർദത്തിന്റെ അളവു കൃത്യമായി പറഞ്ഞുകൊടുക്കുന്ന വാച്ച്, ഇ-മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ സംസ്‌കരിക്കാനുള്ള വഴികൾ, ആളില്ലാതെ തെങ്ങുകയറി തേങ്ങയിടുന്ന യന്ത്രം, റോഡിൽ അപകടത്തിൽപ്പെട്ടാൽ വിവരം പൊലീസ് സ്‌റ്റേഷനിലെത്തിക്കുന്ന സംവിധാനം തുടങ്ങി ശ്രദ്ധേയമായ ആശയങ്ങളാണ് അന്തിമ മത്സരത്തിൽ മാറ്റുരച്ചത്.

© Copyright 2019 Manoramaonline. All rights reserved...