2012–13: സീസൺ 3

ഫൈനൽ മത്സര വേദിയിലെത്തിയിത് 46 ആശയങ്ങൾ; സ്‌കൂൾതലത്തിൽ 22, കോളജ് തലത്തിൽ 24. ഐഎസ്‌ആർഒ ചെയർമാൻ ഡോ. കെ.രാധാകൃഷ്‌ണനായിരുന്നു വിശിഷ്‌ടാതിഥി.

സ്‌കൂൾ തലത്തിൽ ഒന്നാം സമ്മാനം (50,000 രൂപ) നേടിയത് കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ. പ്ലാസ്‌റ്റിക്കിലെ വിഷവസ്‌തുക്കളെ വിഘടിപ്പിക്കുകയും അതുവഴിയുണ്ടാകുന്ന മീഥെയിൻ ബയോഗ്യാസായി ഉപയോഗിക്കാമെന്നുമായിരുന്നു ടി.അഞ്‌ജനയും അഞ്‌ജലി സൈലാസും കണ്ടെത്തിയത്.

കോഴിക്കോട്ടെ മാലിന്യക്കൂമ്പാരങ്ങളുടെ കാഴ്‌ചയാണു പ്ലാസ്‌റ്റിക്കിനിട്ടൊരു ‘പണി’ കൊടുക്കാൻ ഇവരെ പ്രേരിപ്പിച്ചത്. സഹായത്തിന് നയന ടീച്ചറും ബേബി ടീച്ചറും കൂടി. അങ്ങനെയാണു പെനിസിലിയം ബ്രോക്കെ എന്ന ഫംഗസിനെ ഈ സംഘം കൂട്ടുപിടിക്കുന്നത്. കക്ഷിക്ക് ‘കഴിക്കാൻ’ ആവശ്യത്തിന് പ്ലാസ്‌റ്റിക് കൊടുത്തു. പിന്നെ പ്ലാസ്‌റ്റിക്കിന്റെ രാസബന്ധനങ്ങളെ തകർക്കാനുള്ള ചില രാസവസ്‌തുക്കളും ചേർത്തു. പിടിച്ചുനിൽക്കാൻ പ്ലാസ്‌റ്റിക്കിനായില്ല. സംഗതി വിഘടിച്ചു തുടങ്ങി.

കോളജ് വിഭാഗം ഒന്നാം സമ്മാനം (ഒരു ലക്ഷം രൂപ) തൃശൂർ ദേശമംഗലം മലബാർ കോളജ് ഓഫ് എൻജിനീയറിങ്ങിന് ആയിരുന്നു. ഹെൽമറ്റ് തലയിൽ വയ്‌ക്കാതെ ബൈക്ക് ഒരടി മുന്നോട്ടെടുക്കാൻ പോയിട്ട് സ്‌റ്റാർട്ടാക്കാൻ പോലും പറ്റാത്ത അവസ്‌ഥയുണ്ടാക്കിയാണ് ഇവർ ഒന്നാം സ്‌ഥാനത്തേക്ക് ഓടിക്കയറിയത്. കൂട്ടുകാരായ ആർ. രഞ്‌ജിത്, മാത്യൂസ് പോൾ, എ. അജിത്‌കുമാർ, കെ. ശ്രീജിത് എന്നിവരും അധ്യാപകനായ എസ്. ശ്രീജിത്തും കൂടിയിരുന്ന് ആലോചിച്ചാണ് ഇന്റലിജന്റ് ഹെൽമറ്റ് ലോകത്തിനു മുന്നിലേക്കെത്തിച്ചത്.

തുടക്കത്തിൽ ഹെൽമറ്റ് വയ്‌ക്കാതെ ബൈക്ക് ഓടിക്കാനാകാത്ത സാങ്കേതികവിദ്യ മാത്രമായിരുന്നു മനസിൽ. പിന്നെ മദ്യപിച്ചാൽ ‘പൂസായ മട്ടിൽ’ ബൈക്ക് ഓടാനാവാതെയാവുന്ന സിസ്‌റ്റവും അപകടമുണ്ടായാൽ ആ വിവരവും സ്‌ഥലവും എസ്‌എംഎസായി വേണ്ടപ്പെട്ടവരെ അറിയിക്കുന്ന സംവിധാനവും കൂട്ടിച്ചേർത്തു.

ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച പ്രോജക്‌ടുകൾക്ക് അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് ഏർപ്പെടുത്തിയ സതീഷ് ജോൺ സ്‌മാരക പുരസ്‌കാരം (60,000 രൂപ) കോളജ് വിഭാഗത്തിൽ തൃശൂർ കൊടകര സഹൃദയ കോളജ് ഓഫ് എൻജിനീയറിങ് നേടി. സ്‌കൂൾ വിഭാഗത്തിൽ എറണാകുളം ഉദയംപേരൂർ എസ്‌എൻഡിപി എച്ച്‌എസ്‌എസിനായിരുന്നു പുരസ്‌കാരം (40,000 രൂപ).

പാചകം പൂർത്തിയാകുമ്പോൾ ഓട്ടോമാറ്റിക്കായി നിന്നുപോകുന്ന ഗ്യാസ് സിലിണ്ടർ, ഗ്യാസ് ലീക്ക് ചെയ്‌താൽ അലാം നൽകുന്ന സംവിധാനം, ഒട്ടും മുൻപരിചയമില്ലാത്തവർക്കു പോലും ഉപയോഗിക്കാവുന്ന വിധത്തിലുള്ള റബർ ടാപ്പിങ് കത്തി, വാഴക്കന്ന് എളുപ്പത്തിൽ പിഴുതെടുക്കാവുന്ന യന്ത്രം, മൂത്രത്തിൽനിന്ന് വൈദ്യുതി, സിഎഫ്‌എല്ലിനേക്കാളും കുറഞ്ഞ ചെലവിൽ ട്യൂബ് ലൈറ്റ് കത്തിക്കാനുള്ള തന്ത്രം, വീട്ടിലെ ഓരോ ഉപകരണത്തിലേക്കും ആവശ്യസമയത്തു മാത്രം വൈദ്യുതി എത്തിച്ച് ഷോക്കടിക്കാത്ത ബിൽ മാസാമാസം സമ്മാനിക്കാൻ സഹായിക്കുന്ന സംവിധാനം, വണ്ടി നിർത്തിയിട്ടാൽ നിരങ്ങിനീങ്ങി കുളത്തിലോ മറ്റോ മറിഞ്ഞുവീഴുന്നതു തടയാനുള്ള ഓട്ടോമാറ്റിക് ബ്രേക്കിങ് സിസ്‌റ്റം, ട്രാഫിക് ബ്ലോക്കിനിടയിലൂടെ കുതിച്ചുപാഞ്ഞ് സഹായത്തിനെത്തുന്ന ബൈക്ക് ആംബുലൻസ്, അപകടം പറ്റിയാൽ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് ഫോട്ടോ സഹിതം വിവരമെത്തിക്കുന്ന സംവിധാനം തുടങ്ങിയ ആശയങ്ങളാണു മാറ്റുരച്ചത്.

© Copyright 2019 Manoramaonline. All rights reserved...