കരുതലോടെ കാക്കാം ; പാഴാകാതെ നോക്കാം

*നിങ്ങളുടെ പുൽത്തകിടിയ്ക്ക് വെള്ളം നനയ്ക്കേണ്ട ആവശ്യമുണ്ടോ എന്നറിയാൻ ഒരു മാർഗമുണ്ട്. പതിയെ പുല്ലിന്മേൽ ചവിട്ടുക. കാലെടുക്കുമ്പോൾ പുല്ല് നിവർന്നു വരികയാണെങ്കിൽ വെള്ളം ആവശ്യമില്ല. പക്ഷേ പുല്ല് ചതഞ്ഞ പോലെ കിടക്കുകയാണെങ്കിൽ നനച്ചു കൊടുക്കാം.

*വാഷിങ് മെഷീൻ നിറഞ്ഞു കഴിഞ്ഞതിനു ശേഷം മാത്രം പ്രവർത്തിപ്പിക്കുക.

* ബക്കറ്റിൽ വെള്ളം നിറച്ച് വേണം കാർ കഴുകാൻ. പൈപ്പ് ഉപയോഗിക്കുകയാണെങ്കിൽ വളരെ കുറഞ്ഞ തോതിൽ മാത്രം വെള്ളം നഷ്ടമാവുന്ന വിധം അരിപ്പയുള്ള പൈപ്പ് ഉപയോഗിക്കുക.

* വലിയ പാത്രത്തിൽ വെള്ളം നിറച്ച് പഴങ്ങളും പച്ചക്കറികളും കഴുകുക. ആ വെള്ളം നിങ്ങൾ ഒഴുക്കിക്കളയാനൊരുങ്ങും മുൻപ് അതുകൊണ്ട് മറ്റെന്തെങ്കിലും ഉപയോഗമുണ്ടോയെന്ന് ആലോചിക്കണം. വെള്ളം ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാവുന്ന പോലുള്ള ഉപയോഗങ്ങൾ.

*സോപ്പുവെള്ളം നിറച്ചതിലേക്ക് കഴുകാനുള്ള പാത്രങ്ങളിട്ടു വയ്ക്കണം. പൈപ്പിൽ നിന്നു പതിയെ വെള്ളം വരുംവിധം തുറന്നിടുക. സോപ്പുവെള്ളത്തിൽ മുക്കിയ പാത്രങ്ങൾ അതിനു കീഴെ കാണിച്ച് കഴുകുക.

*തണുത്ത വെള്ളത്തിനായി ഇടയ്ക്കിടെ കൂളറിനെ ആശ്രയിക്കരുത്. ഫ്രിജിൽ കുപ്പിവെള്ളം വച്ച് അതിൽ നിന്നെടുത്തു കുടിക്കാം.

*ചെടികൾ നനയ്ക്കുന്നതിന് അതിരാവിലെയോ സന്ധ്യയോ തിരഞ്ഞെടുക്കുക. ഈ സമയം ചൂടും കാറ്റിന്റെ വേഗവും കുറവായിരിക്കും. ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം ഇതുവഴി കുറയ്ക്കാം. ചെടികൾക്കു കീഴെ ചകിരിച്ചോറും മറ്റും വിതറുന്നത് നല്ലതാണ്. ഇത് വെള്ളം കെട്ടി നിൽക്കാൻ സഹായിക്കും. വീട്ടിലേക്ക് ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കുറച്ചു വെള്ളം മാത്രം വേണ്ടി വരുന്നവയ്ക്ക് മുൻഗണന നൽകാം.

* തുള്ളിതുള്ളിയായി വെള്ളം പോകുന്ന ഒരു പൈപ്പിൽ നിന്ന് വർഷത്തിൽ നഷ്ടമാകുന്നത് 7580 ലീറ്റർ വെള്ളമാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ വീടിനെ പൈപ്പ് ലീക്കിൽ നിന്നു മുക്തമാക്കുക.

*ഷവറിനേക്കാൾ ബക്കറ്റിൽ വെള്ളം നിറച്ചുള്ള കുളിയായിരിക്കും ജലസംരക്ഷണത്തിന് ഉത്തമം.

* തുണി അലക്കുമ്പോൾ അതിൽ സോപ്പിടുന്ന സമയം പൈപ്പ് നിർത്തിയിടാൻ മറക്കരുത്.

* മഴക്കുഴികളും ടാങ്കുകളും മറ്റും നിർമിച്ച് മഴവെള്ളം പാഴാക്കാതെ പരമാവധി സംരക്ഷിക്കുക.

* ദിവസവും അല്പം ജലം ഞാൻ സംരക്ഷിക്കും എന്നൊരു പ്രതിജ്ഞയെടുക്കാം. അങ്ങിനെ പാഴാക്കാതെ സംരക്ഷിക്കുന്ന ജലത്തിന്റെ അളവ് ഓരോ ദിവസവും കൂട്ടിക്കൊണ്ടു വരിക.