സംരക്ഷിക്കാം ; ജലമെന്ന അമൂല്യ ഊർജസ്രോതസിനെ

ആഗ്രഹിക്കുന്ന സമയത്ത് ഒരു തുള്ളി വെള്ളം പോലും കിട്ടാതിരിക്കുമ്പോഴത്തെ അവസ്ഥയെന്താവും? പ്രാഥമീകാവശ്യങ്ങൾക്കു പോലും കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥ ഒന്നു ഓർത്തു നോക്കൂ. ഒരിറ്റു ജലത്തിനു വേണ്ടി മനുഷ്യർ തമ്മിൽത്തല്ലുന്ന കാഴ്ചയും അതിവിദൂരമല്ല. അതിനാൽ പ്രകൃതി തരുന്ന ജലമെന്ന അമൂല്യ ഊർജസ്രോതസിനെ നാം പരിപാലിക്കേണ്ടതുണ്ട്.

ഈ ലക്ഷ്യം മുന്നിൽകണ്ടാണ് ഐക്യരാഷ്ട്രസംഘടന ഏഴു മാർഗനിർദേശങ്ങൾ മുന്നോട്ടു വെച്ചിരിക്കുന്നത്. ഇവ ശ്രദ്ധയോടെ പാലിച്ചാൽ ഭാവി തലമുറക്കായി ജലം കരുതിവെയ്ക്കുന്നതിനോടൊപ്പം ഊർജവും സംരക്ഷിക്കാം

1. പ്രാദേശികമായി ലഭ്യമാകുന്ന വെള്ളം ശേഖരിക്കുക:

ജലം പലയിടത്തും കൊണ്ടു പോയി വിതരണം ചെയ്യുന്നത് ഒരേസമയം ഊർജനഷ്ടം കൂടിയാണുണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ പ്രാദേശികമായി ലഭിക്കുന്ന വെള്ളം പരമാവധി ഉപയോഗപ്പെടുത്തുക. മഴവെള്ള സംരക്ഷണം തന്നെ അതിന് ഏറ്റവും മികച്ച ഉദാഹരണം.

2. ചൂടുകുറഞ്ഞ വെള്ളം ഉപയോഗിക്കുക:

ചൂടാകുന്ന വെള്ളം ഏറെ ഊർജ നഷ്ടവുമുണ്ടാക്കുന്നു. തുണികളും പാത്രങ്ങളുമെല്ലാം കഴുകാൻ തണുത്ത വെള്ളം ഉപയോഗിക്കാം.

3. ഊർജ സംരംക്ഷണം ഉറപ്പു വരുത്തുന്ന ഗൃഹോപകരണങ്ങൾ വാങ്ങുക:

എസി, ഫ്രിജ്, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കെല്ലാം 3 സ്റ്റാർ, 5 സ്റ്റാർ എന്നിങ്ങനെ ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട റേറ്റിങ്ങുകളുണ്ട്. ഇത്തരം ഉപകരണങ്ങൾ വാങ്ങുമ്പോൾ വൈദ്യുതി നഷ്ടം പരമാവധി കുറയ്ക്കാൻ സഹായിക്കുന്ന റേറ്റിങ്ങുള്ളവ വാങ്ങുക.

4. ഓസ്ട്രേലിയ ഒരു പാഠമാകണം:

2006ൽ ഓസ്ട്രേലിയയിൽ ഒരു വരൾച്ചയുണ്ടായി. ആയിരം വർഷത്തിനിടെ ആ രാജ്യത്തുണ്ടായ ഏറ്റവും രൂക്ഷമായ വരൾച്ച. എന്നിട്ടും ആ രാജ്യത്തുള്ളവർ പാഠം പഠിച്ചിട്ടില്ല. ഒരു ദ്വീപ്രാജ്യമായിരിക്കെ വെള്ളത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഇനിയും അവിടുത്തുകാർ പഠിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ദിനംപ്രതിയെന്നോണം ജലസംരക്ഷണവും ഊർജസംരക്ഷണവും സംബന്ധിച്ച് നയങ്ങളുണ്ടാക്കി അവ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയൻ സർക്കാർ. ഇക്കാര്യം മാതൃകയാക്കാനല്ല, ഇത്തരമൊരു സാഹചര്യം നിങ്ങളുടെ രാജ്യത്തും ഏതുനിമിഷവും പ്രതീക്ഷിക്കാമെന്നു വേണം ഓർക്കാൻ.

5. ബാത്ത് റൂം — വീണ്ടുവിചാരം വേണം:

xബാത്ത് റൂം വഴിയാണ് ഒരു വീട്ടിൽ ഏറ്റവുമധികം വെള്ളം ചെലവാകുന്നത്. ഒരൊറ്റത്തവണ ടോയ്ലറ്റിൽ ഫ്ളഷ് ചെയ്യുന്നതിലൂടെ നഷ്ടമാകുന്നത് എട്ടു ലീറ്റർ വെള്ളമാണ്. നാലുപേരടങ്ങിയ ഒരു കുടുംബം ടോയ്ലറ്റ് ഫ്ളഷിങ്ങിലൂടെ മാത്രം ആഴ്ചയിൽ ശരാശരി 3338 ലീറ്റർ വെള്ളം പാഴാക്കുന്നുണ്ട്. ഒരാൾക്കു കുളിക്കുന്നതിന് ശരാശരി വേണ്ടത് 140 ലീറ്റർ വെള്ളം. അഞ്ചു മിനിറ്റെടുത്തുള്ള കുളിക്കു പോലും ചെലവാകുന്നത് 56.85 മുതൽ 94.75 ലീറ്റർ വരെ വെള്ളമാണ്. ഒരു ബാത്ത്ടബ് നിറയാൻ ശരാശരി 113 ലീറ്റർ വെള്ളം വേണം. ബ്രഷ് ചെയ്യുന്നതിനിടെ പൈപ്പ് തുറന്നിട്ടാൽ ഒറ്റത്തവണ മാത്രം പാഴായിപ്പോകുന്നത് ശരാശരി 19 ലീറ്റർ വെള്ളമാണ്. ബാത്ത്റൂമിൽ വെള്ളം ഉപയോഗിക്കുമ്പോൾ ഇനി ഈ കണക്കുകൾ മനസിലുണ്ടാകണം.