കണ്ണീരോർമയാകാതിരിക്കട്ടെ ജലം

ഈയടുത്ത് പുറത്തിറങ്ങിയ ഒരു പരസ്യമുണ്ട്. ദൈവവും ഭൂമിയിൽ പിറക്കാനിരിക്കുന്ന കുഞ്ഞും തമ്മിൽ സ്വർഗത്തിൽ വച്ചുനടക്കുന്ന സംഭാഷണമാണ് സംഗതി.
സ്വന്തമായൊരു വൈ—ഫൈ സോണോ ഇന്റർനെറ്റോ ഇല്ലാത്ത വീട്ടിൽ ജനിച്ചുവീഴാൻ തനിക്കു താൽപര്യമില്ലെന്നും താൻ ഭൂമിയിലേക്കു പോകുന്നില്ലെന്നും വാദിക്കുന്ന
കുഞ്ഞാണ് പരസ്യത്തിലെ താരം.

അവസാനം ദൈവം അവനൊരു വഴി പറഞ്ഞുകൊടുക്കുന്നുമുണ്ട്. വേണമെങ്കിൽ ഈ പരസ്യത്തെ ചിരിച്ചുതള്ളാം. പക്ഷേ അതോടൊപ്പം ഓർക്കേണ്ട മറ്റൊരു
സംഗതിയുണ്ട്. ഭൂമിയിലേക്കു ജനിച്ചുവീഴാനൊരുങ്ങുന്ന ഓരോ കുഞ്ഞും ദൈവവും തമ്മിൽ ഇവിടത്തെ അവസ്ഥയെപ്പറ്റി ഒരു സംസാരം നടക്കാനിടയായാൽ
എന്തൊക്കെയായിരിക്കും ആ കുഞ്ഞുങ്ങൾ പറയുക?

ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ ശുദ്ധജലവും കാഴ്ചകൾ കാണാൻ കാടും മലകളുമൊന്നും ഇല്ലാത്ത ഭൂമിയിലേക്ക് പോകാൻ തനിക്കു താൽപര്യമില്ലെന്നു കുഞ്ഞ്
പറഞ്ഞാൽ അതിന് ദൈവം എന്ത് പ്രതിവിധിയായിരിക്കും നൽകുക? ആ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ദൈവമല്ല, നമ്മളോരോരുത്തരുമാണ്. കാരണം,
ഭാവിതലമുറയ്ക്കു വേണ്ടി നമ്മളെന്താണ് ഇവിടെ ശേഖരിച്ചുവച്ചിരിക്കുന്നതെന്ന് സ്വയം ഒന്നാലോചിച്ചു നോക്കുക.

സ്വന്തം ആവശ്യങ്ങൾ മാത്രം നടപ്പാക്കിയെടുക്കാനുള്ള സ്വാർഥതാൽപര്യങ്ങൾക്കിടയിൽ ഭാവിതലമുറയെ നാം മറക്കുന്നുവെന്നതാണു സത്യം. മാർച്ച് 22ന് ആചരിക്കുന്ന
ലോകജലദിനത്തിന്റെ വിഷയവും ഏറെ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്—ജലവും സുസ്ഥിരവികസനവുമാണ് ഇത്തവണ ജലദിനത്തിൽ ലോകം ചർച്ച
ചെയ്യുന്നത്.

ഭാവിതലമുറയ്ക്ക് അവരുടേതായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് യാതൊരുവിധ തടസ്സങ്ങളുമുമുണ്ടാക്കാത്ത വിധത്തിലും അതേസമയം നമ്മുടെ ഇന്നത്തെ
ആവശ്യങ്ങളെല്ലാം കൃത്യമായി നിറവേറ്റുന്ന തരത്തിലുള്ളതുമായ വികസനത്തെയാണ് സുസ്ഥിരവികസനം എന്നു നിർവചിക്കുന്നത്. സാമ്പത്തിക, സാമൂഹിക—രാഷ്ട്രീയ,
പാരിസ്ഥിതിക മേഖലകളിലെ വികസനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതിലെന്താണ് ജലത്തിന്റെ പങ്ക്? ഒന്നാലോചിച്ചു നോക്കിയാലറിയാം, സുസ്ഥിരവികസനത്തിന്റെ
ആണിക്കല്ലാണ് ജലമെന്നത്.

കൂടിപ്പോയാൽ ഒരു 10 കൊല്ലം, 2025ഓടെ ലോകത്തിലെ മുക്കാൽപങ്ക് ജനങ്ങളും കനത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പു
നൽകിക്കഴിഞ്ഞു. ആഗോളതലത്തിൽ നോക്കിയാൽ ജലം ഏറ്റവുമധികം ആവശ്യം വരുന്നത് കൃഷിക്കാണ്—മൊത്തം ജലഉപഭോഗത്തിന്റെ 70%. അതിൽത്തന്നെ മഴയെ
ആശ്രയിച്ചുള്ള കൃഷിയാണ് ഭൂരിപക്ഷവും. നിലവിലെ സാഹചര്യത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ 2050ഓടെ ആഗോളതലത്തിൽ കാർഷികോൽപാദനത്തിൽ 60
ശതമാനത്തിന്റെ വർധനവ് അനിവാര്യമാണ്.

വികസ്വര രാജ്യങ്ങളിലാകട്ടെ അത് 100 ശതമാനം വരെ ഉയർത്തേണ്ടി വരും. അതിനനുസരിച്ച് ജലം നാം സംരക്ഷിക്കുന്നുണ്ടോയെന്നാണ് ആലോചിക്കേണ്ടത്. ഇന്നത്തെ
ആവശ്യത്തിന് പരമാവധി ജലം ഊറ്റിയെടുത്ത് കൃഷി ചെയ്യുമ്പോൾ ഭാവിയിൽ ആവശ്യങ്ങൾ ഏറുകയാണെന്നോർക്കുക. ഒപ്പം ജലലഭ്യത കുറഞ്ഞുവരികയാണെന്നും.
ഒരു കിലോ അരി ഉൽപാദിപ്പിക്കാനായി 3500 ലീറ്റർ ജലം വേണമെന്നതാണു സത്യം. ഇതോടൊപ്പം ലോകത്തിന്റെ ഭക്ഷണശീലം മാറുകയാണെന്നും ഓർക്കുക. അരിയും
ഗോതമ്പും ചോളവും കൊണ്ടെല്ലാം നിർമിക്കുന്ന ഭക്ഷണത്തേക്കാൾ ലോകജനത മാംസാഹാരത്തിലേക്കും പാലുൽപന്നങ്ങളിലേക്കും മാറുന്നതായാണ് കണക്ക്. ഇത് സ്ഥിതി
പിന്നെയും ഗുരുതരമാക്കും. ഒരു കിലോ ബീഫ് ഉൽപാദിപ്പിക്കുന്നതിന് വേണ്ടി വരുന്നത് 15,000 ലീറ്റർ ജലമാണ്!!

ആഗോളതലത്തിൽ മൊത്തമുള്ള ജലഉപഭോഗത്തിന്റെ 20 ശതമാനവും വ്യാവസായിക ആവശ്യങ്ങൾക്കും ഊർജോൽപാദനത്തിനുമാണ് ഉപയോഗിക്കുന്നത്. അതിൽത്തന്നെ
വ്യവസായം കൊണ്ട് ജീവിക്കുന്ന വികസിത രാജ്യങ്ങളാണ് കൂടുതൽ ജലവും ഉപയോഗിച്ചുതീർക്കുന്നത്. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന രാജ്യങ്ങളിലാകട്ടെ
വ്യാവസായിക ആവശ്യത്തിന് ജലം ഉപയോഗിക്കുന്നത് തീരെ കുറവും. അതേസമയം തന്നെ കൃഷിയും മറ്റ് പരമ്പരാഗത തൊഴിലുകളും ഉപേക്ഷിച്ച് പലരും ഗ്രാമങ്ങളിൽ
നിന്ന് നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. നിലവിൽ ലോകജനസംഖ്യയിൽ പകുതിയും നഗരങ്ങളിലാണ്. 2050ഓടെ മുക്കാൽപങ്കും ജനങ്ങൾ നഗരങ്ങളിലേക്കെത്തുമെന്നാണ്
കണക്കുകൾ. നിലവിലെ അവസ്ഥ തകിടം മറിയുന്നതോടെ ജലവിതരണത്തിന്റെ അസന്തുലിതാവസ്ഥയായിരിക്കും ഫലം.

മൊത്തം ജലഉപഭോഗത്തിന്റെ 10 ശതമാനം മാത്രമാണ് വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. എന്നിട്ടും ലോകത്തെ 75 കോടിയോളം ജനങ്ങൾക്ക് ഇന്നും കൃത്യമായ
കുടിവെള്ള സ്രോതസ്സില്ല. ഇന്നത്തെ നില തുടരുകയാണെങ്കിൽ ജലത്തിന്റെ ആവശ്യകത ഇനിയും ഏറും, പക്ഷേ അതിനനുസരിച്ച് ജലലഭ്യത ഇല്ലാതാകും. അതോടെ
പ്രകൃതിയുടെ തന്നെ സന്തുലിതാവസ്ഥയാണ് തകിടം മറിയുക.

ആവശ്യത്തിന് ജലവും ശുചിത്വമുള്ള അന്തരീക്ഷവും ഒരുക്കിയില്ലെങ്കിൽ ഓരോ രാജ്യത്തിന്റെയും മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 1.5 ശതമാനവും ആ
വഴിക്ക് നഷ്ടമാകുമെന്നാണ് ലോകാരോഗ്യസംഘടനയുടെ തന്നെകണക്ക്. അതുകൊണ്ട്, പ്രകൃതിയെ, ജലത്തെ മറന്നുകൊണ്ട് യാതൊരുവിധത്തിലുള്ള വികസനവും
സാധ്യമല്ലെന്നോർക്കുക. വരുംതലമുറയെ ഓർത്തെങ്കിലും ജലം കരുതിവയ്ക്കാൻ ഈ ജലദിനത്തിലെങ്കിലും നമുക്ക് ശ്രമം തുടങ്ങാം.

തയാറാക്കിയത് : നവീൻ