വെള്ളം ഇനി അഞ്ച് വർഷം കൂടി മാത്രമോ?

അഞ്ചു വർഷം കൊണ്ട്, അതായത് 2020ഓടെ, ശക്തമായ ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം പിടിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ പകുതിയോളം ജനത്തിനും ജലം ലഭിക്കാത്ത അവസ്ഥ വൈകാതെ തന്നെ സംജാതമാകുമെന്നാണ് ‘ദി ബിസിനസ് കേസ് ഫോർ വാട്ടർ ഡിസ്ക്ലോഷർ ഇൻ ഇന്ത്യ റിപ്പോർട്ടി’ൽ പറയുന്നത്. രാജ്യാന്തര എൻജിഒയായ സിഡിപിയാണ് റിപ്പോർട്ട് തയാറാക്കിയത്.

രാജ്യത്തെ 50% ഗ്രാമങ്ങളിലും ശുദ്ധജലം ലഭിക്കുന്നതിനുള്ള സംവിധാനങ്ങളില്ല. കുതിച്ചുയരുന്ന ജനസംഖ്യ, വൻവ്യവസായവത്കരണം, കൃഷിയുടെ വളർച്ച, നഗരവnൽക്കരണം എന്നിവയാണ് ജലത്തിന്റെ ആവശ്യകത രാജ്യത്തു വൻതോതിൽ വർധിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്. വാട്ടർ റിസോഴ്സസ് ഗ്രൂപ്പ് ഇന്ത്യയുടെ അഭിപ്രായ പ്രകാരം 2030ഓടെ ജലത്തിന്റെ ആവശ്യത്തിൽ ലഭ്യതയേക്കാൾ 50 ശതമാനത്തിന്റെ വർധനയുണ്ടാകും. എന്നാൽ ഇതിനനുസരിച്ചുള്ള ജലസ്രോതസ്സുകൾ രാജ്യത്തില്ല. ഈ സാഹചര്യത്തിൽ ജലസംരക്ഷണത്തിൽ രാജ്യാന്തര തലത്തിൽ വിജയകരമായി നടപ്പാക്കിയ നയങ്ങൾ പിന്തുടരണമെന്ന് വ്യവസായശാലകൾക്കു വിവിധ സർക്കാരുകൾ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

ജലസ്രോതസ്സുകളുടെ ഫലപ്രദമായ പരിപാലനവും ഉപയോഗവുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടു നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന്. പല കമ്പനികളും ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെപ്പറ്റി ബോധവാന്മാരാണ്. എന്നിട്ടും അവരാരും ആ മേഖലയിൽ വേണ്ട ശ്രദ്ധ നൽകുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ത്യൻ കോർപറ്േ ലോകത്ത് ഒരു വാട്ടർ ഓഡിറ്റിങ്ങിന് റിപ്പോർട്ട് സഹായകരമാകുന്ന പ്രതീക്ഷയിലാണ് ഇതു തയാറാക്കിയവർ.