ചുറ്റവട്ടം അവാർഡ്: അവസാന റൗണ്ടിൽ 33 റസിഡന്റ്സ് അസോസിയേഷനുകൾ

കോട്ടയം ∙ കേരളത്തിലെ ഏറ്റവും മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈനും അസെറ്റ് ഹോംസും ചേർന്നു നടത്തുന്ന ചുറ്റുവട്ടം അവാർഡിന്റെ അവസാന റൗണ്ടിൽ 33 റസിഡന്റ്സ് അസോസിയേഷനുകൾ. സൗത്ത് സോണിൽ നിന്ന് പതിനഞ്ചും സെന്‍ട്രൽ സോണിൽ നിന്നു എട്ടും നോർത്ത് സോണിൽ നിന്നു പത്തും അസോസിയേഷനുകളാണ് അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്.



റസിഡന്റ്സ് അസോസിയേഷനുകളുെട പ്രതിനിധികളും വിദഗ്ധ ജൂറി അംഗങ്ങളുമായുള്ള മുഖാമുഖം മലയാള മനോരമ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ വച്ച് നടന്നു. ഈ അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തിയ ശേഷം മികച്ച പത്തു കൂട്ടായ്മകളെ തിരഞ്ഞെടുക്കും. ഇവരിൽ നിന്നാകും ഏറ്റവും മികച്ച മൂന്നു അസോസിയേഷനുകളെ തിരഞ്ഞെടുക്കുക. അവാർഡ് പ്രഖ്യാപനവും വിതരണവും മാർച്ച് ആദ്യവാരം നടക്കും.



സൗത്ത് സോണിൽ നിന്ന് അവസാന റൗണ്ടിലെത്തിയ റസിഡന്റ്സ് അസോസിയേഷനുകൾ: വാമനപുരം ടൗൺ (തിരുവനന്തപുരം), ചായം (തിരുവനന്തപുരം), ജനത (തിരുവനന്തപുരം), ഗാന്ധിപുരം (തിരുവനന്തപുരം), നവജ്യോതി (തിരുവനന്തപുരം), സൗഹൃദ (തിരുവനന്തപുരം), ശ്രീരാമകൃഷ്ണപുരം (തിരുവനന്തപുരം), കേശവദേവ് റോഡ് (തിരുവനന്തപുരം), വാലഞ്ചേരി (തിരുവനന്തപുരം), മൈത്രി നഗർ (കൊല്ലം), മൈത്രി നഗർ (കോട്ടയം), മിത്രം (കോട്ടയം), മൈത്രി (കോട്ടയം), സുരക്ഷ (കോട്ടയം), മുണ്ടമല (പത്തനംതിട്ട).



സെൻട്രൽ സോൺ: ചെമ്പകശേരി നഗർ (ആലപ്പുഴ), സഞ്ജീവനി നഗർ (ആലപ്പുഴ), ന്യൂമാൻ (ഇടുക്കി), തുരുത്തിക്കര സൗത്ത്– വെസ്റ്റ് ( എറണാകുളം), പാറപ്പിള്ളി റോഡ് (എറണാകുളം), തണൽ (തൃശൂർ), ഐശ്വര്യ (തൃശൂർ), എസ്എൻ റോഡ് (തൃശൂർ).



നോർത്ത് സോൺ: ഹലോ (പാലക്കാട്), അരിയല്ലൂർ വളവ് (മലപ്പുറം), മലയാളം (കോഴിക്കോട്), ചൈതന്യ (കോഴിക്കോട്), സൗഹൃദം (കോഴിക്കോട്), അമൃത (കോഴിക്കോട്), ഉസ്താദ് നഗർ (വയനാട്), മാർഗദീപം (കണ്ണൂർ​).



ചുറ്റുവട്ടം അവാർഡിലെ താരങ്ങളായവർ

തിരുവനന്തപുരം∙ കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള മനോരമ ഓൺലൈൻ – അസറ്റ് ഹോംസ് ചുറ്റുവട്ടം സീസൺ–2 പുരസ്കാരം കണ്ണൂർ പള്ളിക്കുന്ന് ഇടച്ചേരി റസിഡന്റ്സ് അസോസിയേഷനാണ് ലഭിച്ചത്. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ധനമന്ത്രി തോമസ് ഐസക് സമ്മാനിച്ചത്.വർഷങ്ങളുടെ അനുഭവപരിചയമില്ലെങ്കിലും പ്രവർത്തനം തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ മികവിന്റെ പുതുകൂട്ടായ്മ സൃഷ്ടിച്ചാണ് കണ്ണൂര്‍ ജില്ലയിൽ ഇടച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന്‍ മനോരമ ഓൺലൈൻ– അസെറ്റ് ഹോംസ് ചുറ്റുവട്ടം റസി‍ഡന്റ്സ് അസോസിയേഷൻ അവാർഡ് സീസൺ രണ്ടിലെ ഒന്നാം സമ്മാനത്തിന് അർഹമായത്.



പ്രവർത്തനങ്ങളിലെ വൈവിധ്യം, ലക്ഷ്യപ്രാപ്തിക്കായി അംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള അശ്രാന്ത പരിശ്രമം തുടങ്ങിയവയാണ് 200 ലേറെ കുടുംബങ്ങള്‍ മാത്രമുള്ള ഈ വീട്ടുകൂട്ടായ്മയ്ക്കു പിൻബലം.'ശുചിത്വം, സുന്ദരം, ഇടച്ചേരി'- അസോസിയേഷന്റെ ഈ മുദ്രാവാക്യത്തെ അന്വർഥമാക്കുന്ന കാഴ്ചയാണ് അവാർഡ് നിർണയത്തിന്റെ ഭാഗമായി മിന്നൽ സന്ദർശനത്തിനെത്തിയ മനോരമ ഓൺലൈൻ– അസെറ്റ് ഹോംസ് പ്രത്യേക ജൂറി സംഘത്തിന് കാണാനായത്. ശുചീകരണ പ്രവർത്തനങ്ങളിലും ആരോഗ്യപ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന അസോസിയേഷന്‍ ഒരു ഏക്കറോളം സ്ഥലത്ത് മാതൃകാപരമായി കൃഷി ചെയ്യുന്നുമുണ്ട്.



അസോസിയേഷനിലെ എല്ലാ വീടുകളിലേക്കു ആവശ്യമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിനൊപ്പം അസോസിയേഷന്റെ പ്രധാന വരുമാനമാർഗവുമായി ഇവർ കൃഷിയെ മാറ്റിയിരിക്കുന്നു. വീട്ടുമുറ്റങ്ങളിലേക്ക് പച്ചക്കറി കൃഷി മടങ്ങിയെത്തുന്ന കാലത്ത് വീട്ടുകൂട്ടായ്മയിലൂടെ കൃഷിയിൽ മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നു ഈ അസോസിയേഷൻ. പ്ളാസ്റ്റിക് മാലിന്യ സംസ്കരണത്തിന് വൈവിധ്യപരമായ ആശയങ്ങളാണ് ഇടച്ചേരി റസിഡന്റ്സ് അസോസിയേഷൻ നടപ്പാക്കിയിരിക്കുന്നത്. സാന്ത്വന പരിചരണം, ഊര്‍ജ സംരക്ഷണം, ഡിജിറ്റൽ സംരംഭം, സ്ത്രീശാക്തീകരണം, ആരോഗ്യ സംരക്ഷണം എന്നിങ്ങനെ മനോരമ ഓൺലൈൻ – അസറ്റ് ഹോംസ് ചുറ്റുവട്ടം റസി‍ഡന്റ്സ് അസോസിയേഷൻ അവാർഡ് സീസൺ രണ്ട് ഇത്തവണ മുന്നിൽ വച്ച എല്ലാ വിഭാഗങ്ങളിലും മികച്ച പ്രവർത്തനമാണ് ഈ വീട്ടുകൂട്ടം കാഴ്ചവച്ചത്.



75,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങിയ രണ്ടാം സ്ഥാനം തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം റസിഡന്റ്സ് അസോസിയേഷനാണ് സ്വന്തമാക്കിയത്.തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്ത് സ്ഥിതി ചെയ്യുന്ന വീട്ടുകൂട്ടായ്മയാണ് ഗാന്ധിപുരം റസിഡന്റ്സ് അസോസിയേഷൻ. 1241 അംഗങ്ങളുള്ള, രജത ജൂബിലി പിന്നിട്ട ഈ അസോസിയേഷൻ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനരംഗത്ത് ഭാവനാസമ്പൂർണമായ നിരവധി ആശയങ്ങൾ പ്രാവർത്തികമാക്കിയിട്ടുണ്ട്. വീട്ടുകൂട്ടായ്മകൾ സജീവമായ തലസ്ഥാനനഗരിയിൽ അംഗബലത്തിലും പ്രവർത്തനവൈവിധ്യത്തിലും ശക്തമായ സാന്നിധ്യമാണ് ഈ അസോസിയേഷൻ. മനോരമ ഓൺലൈൻ – അസറ്റ് ഹോംസ് ചുറ്റുവട്ടം റസി‍ഡന്റ്സ് അസോസിയേഷൻ അവാർഡ് സീസൺ രണ്ടിന്റെ ഭാഗമായി അവതരിപ്പിച്ച പ്രധാന മൽസര വിഭാഗങ്ങളിൽ എല്ലാം മികച്ച പ്രവർത്തനമാണ് ഈ അസോസിയേഷൻ കാഴ്ചവച്ചത്. വൈവിധ്യപൂർണമായ ഉൽപന്നങ്ങൾ രംഗത്തിറക്കി സ്ത്രീശാക്തീകരണരംഗത്ത് മുന്നേറുന്ന വനിതാവേദി, സ്വാന്തനപരിചരണത്തിനും ആരോഗ്യസംരക്ഷണത്തിനും മികവുറ്റ പദ്ധതികൾ, സജീവമായ വെബ്സൈറ്റ്, വാട്സാപ്, ഹെൽപ്–ലൈൻ ഉൾപ്പെടെ ഡിജിറ്റൽ പ്രവർത്തങ്ങളുടെ മികവുറ്റ ഉപയോഗം, ഊർജ്ജ സംരക്ഷണരംഗത്തെ മികച്ച പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് 30 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ അസോസിയേഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.



കൊല്ലം ശാന്തിനഗർ റസിഡൻസ് അസോസിയേഷനാണ് മൂന്നാം സ്ഥാനം. 50,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം കൊല്ലം കണ്ടവന് ഇല്ലം വേണ്ടെ’ന്നാണ് ചൊല്ല്. കുടുംബങ്ങളുടെ ഇഴയടുപ്പം ദൃശ്യമാക്കി വീട്ടുകൂട്ടായ്മയിൽ അന്തർലീനമായ ഒത്തൊരുമ പ്രകടമാക്കിയ പ്രവർത്തനമാണ് കൊല്ലം ജില്ലയിലെ അയത്തിലിൽ സ്ഥിതി ചെയ്യുന്ന 353 കുടുംബങ്ങളുടെ കൂട്ടായ്മയായ ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ കാഴ്ചവച്ചത്. മനോരമ ഓൺലൈൻ – അസറ്റ് ഹോംസ് ചുറ്റുവട്ടം റസി‍ഡന്റ്സ് അസോസിയേഷൻ അവാർഡ് സീസൺ രണ്ട് മൽസരത്തിൽ അവതരിപ്പിച്ച അഞ്ച് വിഭാഗങ്ങളിലും നേട്ടത്തിന്റെ പൊൻതൂവലുമായാണ് ഈ അസോസിയേഷൻ മുന്നേറിയത്.



25 വനിതകളുടെ നേതൃത്വത്തിലുള്ള വനിതാവേദിയാണ് അസോസിയേഷനിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. തയ്യൽപരിശീലനത്തിലടക്കം മികച്ച പരിശീലനമാണ് അസോസിയേഷൻ സ്ത്രീശാക്തീകരണ രംഗത്ത് പ്രാവർത്തികമാക്കിയിട്ടുളളത്. വിദഗ്ധ പരിശീലനം നേടിയ പാലിയേറ്റീവ് കെയർ യൂണിറ്റും അസോസിയേഷനിലുണ്ട്. ആരോഗ്യസംരക്ഷണ രംഗത്ത് മികവ് പുലർത്തുന്നതിനൊപ്പം ഊർജസംരക്ഷണ രംഗത്തെ മികവുറ്റ ബോധവൽക്കരണത്തിനും അസോസിയേഷൻ മുൻകൈയ്യെടുക്കുന്നു.



വാട്സാപ് തുടങ്ങിയ ഡിജിറ്റൽ സേവന സാധ്യതകളും ഈ അസോസിയേഷൻ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നു. വായന മരിക്കുന്നുവെന്ന മുറവിളി ഉയരുന്ന കാലത്ത് കുടുംബാംഗങ്ങളുടെ വായനാശീലം മെച്ചപ്പെടുത്താൻ നാലായിരത്തോളം പുസ്തകങ്ങളോടെ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ഒരു മാതൃകാ വായനശാലയും അസോസിയേഷനിലുണ്ട്.



ചുറ്റുവട്ടം അവാർഡ് – ഒന്നാം സീസൺ



ആദ്യ സീസണിൽ ജൈവകൃഷി, പരിസര ശുചീകരണം, മാലിന്യസംസ്കരണം തുടങ്ങിയ വിഷയങ്ങളിലായിരുന്നു മൽസരം. സംസ്ഥാനത്തെ അഞ്ഞൂറോളം റസിഡന്റ്സ് അസോസിയേഷനുകൾ മൽസരത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് ഉടനീളം നടത്തിയ റോഡ് ഷോ, റസി‍ഡന്റ്സ് അസോസിയേഷനുകളിൽ വിദഗ്ധ സമിതിയംഗങ്ങളുടെ നേരിട്ടുള്ള സന്ദർശനം, അസോസിയേഷൻ ഭാരവാഹികളുമായി സംസ്ഥാനത്തെ മൂന്നു പ്രധാന നഗരങ്ങളിൽ നടത്തിയ മുഖാമുഖങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഒന്നാം സീസണിൽ കോഴിക്കോട് ജില്ലയിലെ വേങ്ങേരി നിറവ് അസോസിയേഷനാണ് ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയ ഒന്നാം സമ്മാനം ഏറ്റുവാങ്ങിയത്. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം റസിഡന്റ്സ് അസോസിയേഷനും മൂന്നാം സമ്മാനം കൊല്ലം അയത്തിൽ ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷനും നേടി. എറണാകുളത്തു നടന്ന ഗ്രാൻഡ് ഫിനാലെയിൽ ഗവർണർ റിട്ട. ജസ്റ്റിസ് പി.സദാശിവമാണ് പുരസ്കാരങ്ങൾ സമർപ്പിച്ചത്. ആദ്യ സീസണിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ആയിരുന്നു. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും www.chuttuvattom.com സന്ദർശിക്കാം...



© Copyright 2018 Manoramaonline. All rights reserved.