IVF Treatment

പരിശോധനയിലൂടെ കണ്ടെത്താം വന്ധ്യതയുടെ കാരണം

IVF Treatment Questions

ഗർഭധാരണത്തിനു വേണ്ടി ബന്ധപ്പെട്ടിട്ടും ഫലം കിട്ടാതെ വരുമ്പോഴാണ് പലരും വന്ധ്യതയെക്കുറിച്ച് ചിന്തിക്കുന്നത്. ദമ്പതികളിൽ ആർക്കാണ് തകരാറെന്നു കണ്ടെത്താനുള്ള പരിശോധനകൾ കൃത്യമായി ചെയ്യുകയാണ് വന്ധ്യതാ ചികിൽസയുടെ ആദ്യ ഘട്ടം. ആരോഗ്യമുള്ള ബീജവും അണ്ഡവും ചേർന്ന് കുറ്റമറ്റ ഭ്രൂണം രൂപപ്പെടുന്നതോടെയാണ് സ്വന്തം കുഞ്ഞെന്ന ദമ്പതികളുടെ സ്വപ്നം സഫലമാകുന്നത്. പുരുഷ വന്ധ്യതയ്ക്ക് പല കാരണങ്ങളുണ്ടെങ്കിലും ഏറ്റവും സാധാരണമായി കാണുന്ന രോഗാവസ്ഥയാണ് അസൂസ്പേർമിയ (Azoospermia). പുരുഷ ശുക്ലത്തിൽ ബീജാണുക്കൾ ഒട്ടുമില്ലാത്ത അവസ്ഥയാണിത്. വിദഗ്ധ പരിശോധനയിൽ അസൂസ്പേർമിയ കണ്ടെത്തിയാൽ പല ദമ്പതിമാരും നിരാശരാകും. ചികിൽസ തേടുന്ന പുരുഷന്റെ വൃഷണത്തിന്റെ ആരോഗ്യസ്ഥിയാണ് മുഖ്യമായും പരിശോധിക്കുന്നത്. വൃഷണങ്ങൾ വൃഷണസഞ്ചിയിൽ തന്നെയാണോ എന്നതും വലുപ്പവുമെല്ലാം നോക്കിയാണ് ചികിൽസ ആരംഭിക്കുന്നത്. എഫ് എഎച്ച് എൽഎച്ച് എന്ന നൂതന ഹോർമോൺ ടെസ്റ്റുകളിലൂടെ വൃഷണത്തിന്റെ പ്രവർത്തനശേഷം കൃത്യമായി വിലയിരുത്താം.

ഹോർമോൺ വളരെ കുറഞ്ഞ അവസ്ഥയിലാണെങ്കിൽ മരുന്നുകൊണ്ട് അസൂസ്പേർമിയ ചികിൽസിക്കാൻ സാധിക്കും. ചിലരിൽ ഇൻജക്ഷനുകൾ മതിയാകും. പരിശോധനയിൽ ഹോർമോണുകളുടെ അളവ് സാധാരണ നിലയിലായിട്ടും ശുക്ലത്തിൽ ബീജാണുക്കളില്ലാത്ത അവസ്ഥയാണെങ്കിൽ വൃഷണത്തിന്റെയുളളിലോ അതിന്റെ മുകളിലുള്ള എപ്പിഡമിസ് ഗ്രന്ഥയിലോ ബീജാണുക്കളെ തിരയുന്നതാണ് പതിവ്. ഭൂരിപക്ഷം പേർക്കും അങ്ങനെ കണ്ടെത്തുന്ന ആരോഗ്യമുള്ള ബീജങ്ങളെ െഎവിഎഫ് ചികിൽസയ്ക്ക് ഉപയോഗിക്കുന്നു. ടീസാ, പീസാ മൈക്രോ പീസാ എന്നീ ശസ്ത്രക്രിയയകൾ വഴിയാണ് ആരോഗ്യമുള്ള ബീജങ്ങളെ കണ്ടെത്തുന്നത്.

സ്ത്രീവന്ധ്യതയെക്കുറിച്ചു പരാമർശിക്കുമ്പോൾ സാധാരണയായി കേൾക്കുന്ന അസുഖമാണ് എൻഡോമെട്രിയോസിസ്. ഗർഭാശയത്തിന്റെ ഉൾഭാഗത്തു പാളി പോലെ കാണപ്പെടുന്ന ഭാഗമാണ് എൻഡോമെട്രിയം. അണ്ഡം ഗർഭാശയത്തിനകത്തെ ഇൗ പാളികളിലോ മസിലുകളിലോ അണ്ഡാശയത്തിലോ സമീപ അവയവങ്ങളിലോ പറ്റിപ്പിടിച്ചു വളരുന്ന അവസ്‌ഥയാണ് എൻഡോമെട്രിയോസിസ്. സാധാരണ ആർത്തവസമയത്തു ഗർഭാശയത്തിൽനിന്ന് എൻഡോമെട്രിയം അണ്ഡവാഹിനിക്കുഴലുകളിലൂടെ പുറത്തേക്കു പോകുകയാണു ചെയ്യുന്നത്. അണ്ഡവാഹിനിക്കുഴലുകളിലും മറ്റും എൻഡോമെട്രിയം വളരുന്നതോടെ ഇവ വയറിനകത്തേക്കു തന്നെ വരാനുള്ള സാധ്യത കൂടുന്നു. ഓരോ മാസവും ആർത്തവ സമയങ്ങളിൽ ഇത്തരത്തിൽ എൻഡോമെട്രിയം പ്രവർത്തിക്കുന്നതോടെ ഇത് അണ്ഡാശയത്തിലും സമീപത്തെ മറ്റ് അവയവങ്ങളിലും പറ്റിപ്പിടിക്കും.

അണ്ഡാശയങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഇത്തരം കോശങ്ങളാണ് സിസ്‌റ്റുകളായി രൂപാന്തരപ്പെടുന്നത്. ഇവ പിന്നീട് അണ്ഡാശയം, കുടലുകൾ, അണ്ഡവാഹിനിക്കുഴലുകൾ തുടങ്ങി ഗർഭാശയത്തിനു സമീപമുള്ള അവയവങ്ങളിലേക്കു കൂടി പടരും. ചെറുപ്പത്തിൽതന്നെ ആർത്തവസമയത്ത് അനുഭവപ്പെടുന്ന തീവ്രവേദന എൻഡോമെട്രിയോസിന്റെ കാരണമാണോയെന്ന് ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ ഉറപ്പു വരുത്തണം. അണ്ഡാശയമുഴ അല്ലെങ്കിൽ ഒാവേറിയൻ സിസ്റ്റ് എൻഡോമെട്രിയോസിസ് രോഗികളിൽ സാധാരണയായി കാണാറുണ്ട്. അണ്ഡാശയമുഴയും മറ്റ് അനുബന്ധ രോഗങ്ങളും കണ്ടെത്തിക്കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് അണ്ഡായത്തിലെ നല്ല അണ്ഡങ്ങൾ ഉത്പാദിപ്പിക്കാനുള്ള കഴിവു പരിശോധിക്കുകയാണ്. ഇൗ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ചികിൽസാരീതി അവലംബിക്കുന്നത്. അണ്ഡാശത്തിലെ നല്ല അണ്ഡങ്ങളുടെ ശേഖരം സാധാരണ അളവിലാണെങ്കിൽ താക്കോൽദ്വാര ശസ്ത്രക്രിയ വഴി അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യാം. ചില പ്രത്യേക സാഹചര്യങ്ങളിൽ അണ്ഡാശയത്തിലെ നല്ല അണ്ഡങ്ങളുടെ അളവു കുറവാണെങ്കിൽ ചിലരുടെ ആരോഗ്യത്തെ ബാധിക്കാനിടയുള്ളതിനാൽ െഎവിഎഫ് ചികിൽസ നിർദേശിക്കാറുണ്ട്.

© Copyright 2018 Manoramaonline. All rights reserved...