ഭർത്താവിന്റെ മരണശേഷം ഐവിഎഫ് ചികിൽസയിലൂടെ ഭാര്യയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങൾ
ഷിൽനയുടെ അമ്മ പുഷ്പവല്ലി ഷിൽനയ്ക്കു ജനിച്ച ഇരട്ടക്കുട്ടികളോടൊപ്പം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ, 2. കെ.വി.സുധാകരനും ഷിൽനയും (ഫയൽ ചിത്രം)
ഭർത്താവിന്റെ മരണശേഷം ഐവിഎഫ് ചികിൽസ വഴി ഭാര്യ ഇരട്ടക്കുഞ്ഞുങ്ങൾക്കു ജൻമം നൽകി. വാഹനപാകടത്തിൽ മരണമടഞ്ഞ എഴുത്തുകാരനും തലശ്ശേരി ബ്രണ്ണൻ കോളജിലെ അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെ ഭാര്യ ഷിൽനയാണ് ഇരട്ടപ്പെൺക്കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. കോഴിക്കോട് എആർഎംസി ചികിൽസാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു നടത്തിയ ചികിൽസയാണു ഫലം കണ്ടത്. ഓഗസ്റ്റ് 15നു നിലമ്പൂരിലെ അധ്യാപക ക്യാംപിനുശേഷം കോഴിക്കോട്ടേക്കു യാത്ര പുറപ്പെടുമ്പോഴായിരുന്നു ലോറിയിടിച്ചു കെ.വി.സുധാകരന്റെ മരണം. പ്രണയവിവാഹിതരായ സുധാകരനും ഷിൽനയും നാലുവർഷം മുൻപാണു കുഞ്ഞുങ്ങൾക്കായി ചികിൽസ തുടങ്ങിയത്. 2016ലും 2017 തുടക്കത്തിലും ഐവിഎഫ് വഴി ഷിൽന ഗർഭം ധരിച്ചെങ്കിലും ഫലം കണ്ടില്ല. സുധാകരന്റെ മരണശേഷം പലരുടെയും എതിർപ്പുകൾ മറികടന്ന്, മൂന്നാമത്തെ പരീക്ഷണത്തിനൊരുങ്ങിയ ഷിൽനയെ വീട്ടുകാർ പിന്തുണച്ചു. ഡോ.ഷൈജസ് നായരുടെ നേതൃത്വത്തിലായിരുന്നു ചികിൽസ. ഡോ.അമർ രാമചന്ദ്രന്റെ നേതൃത്വത്തിൽ കണ്ണൂർ കൊയിലി ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. കുഞ്ഞുങ്ങൾക്ക് 2.3 കിലോഗ്രാമും 2.5 കിലോഗ്രാമും തൂക്കം. ഷിൽന കണ്ണൂരിൽ ഫെഡറൽ ബാങ്ക് മാനേജരാണ്. (ഇക്കഴിഞ്ഞ സെപ്റ്റംബർ 13നാണ് ഷിൽന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്.)