വിനോദ് വിക്രമാദിത്യൻ (സബ് ഇൻസ്പെക്ടർ)
കോവിഡ് കാല പ്രതിസന്ധികളിൽ സഹജീവികൾക്കായി സ്വയം മറന്നു പ്രവർത്തിച്ച നിരവധിപ്പേരെ നാം കണ്ടു. അങ്ങനെ സേവനം മുഖമുദ്രയാക്കിയ ഒരു പൊലീസ് ഒാഫിസറാണ്
കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ. കോവിഡ് കാലത്ത് റേഷൻ കടകളിൽ കിറ്റ് വിതരണം ചെയ്യുന്നതിനെപ്പറ്റിയുള്ള ഒരു വിഡിയോ കേരള പൊലീസ്
പങ്കുവച്ചിരുന്നു. ഈ കാലയളവിൽ കോവിഡുമായി ബന്ധപ്പെട്ടു കേരള പൊലീസ് പങ്കുവച്ച വിഡിയോകളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിഡിയോയാണിത്. ഏകദേശം 60 ലക്ഷം ആളുകളാണ്
ഈ വിഡിയോ കണ്ടുകഴിഞ്ഞത്. റേഷൻ കടകളിൽ കിറ്റ് വിതരണത്തെ കുറിച്ചുള്ള ആ വൈറലായ പ്രസംഗം നടത്തിയത് വിനോദ് വിക്രമാദിത്യൻ ആയിരുന്നു. ആ ഒരൊറ്റ വിഡിയോകൊണ്ട് ഈ
കൊറോണക്കാലത്ത് ശ്രദ്ധേയനായി ഈ യുവ ഓഫിസർ.
കൊറോണക്കാലത്ത് നിസാര കാര്യങ്ങളുടെ പേരുപറഞ്ഞ് പുറത്തിറങ്ങുന്നതിനെതിരെ ചെയ്ത ഒരു ഷോട്ട്ഫിലിമും സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു. അനാവശ്യ കാര്യങ്ങളുടെ
പേരിൽ പുറത്തിറങ്ങരുത് എന്ന സന്ദേശം നൽകുന്ന വിഡിയോയിലെ പ്രധാന കഥാപാത്രവും വിനോദ് വിക്രമാദിത്യൻ ആയിരുന്നു.
തന്റെ സ്റ്റേഷൻ പരിധിയിൽപ്പെടുന്ന കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ഒരാൾക്കു പോലും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. ആളുകളുടെ അടിസ്ഥാന
ആവശ്യങ്ങളായ ഭക്ഷണവും മരുന്നുകളും അദ്ദേഹത്തിന്റെ നേതൃത്യത്തിൽ പൊലീസ് എത്തിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ കണ്ടെയ്ൻമെന്റ് സോണുകളിൾ സന്നദ്ധ പ്രവർത്തകരെ നിർത്തി
ആളുകൾക്കാവശ്യമായ ഇൻസുലിൽ, പ്രഷർ, ഷുഗർ തുടങ്ങിയയ മരുന്നുകൾ എത്തിക്കാനും ഇദ്ദേഹം മുന്നിട്ടിറങ്ങി.
വീട്ടിൽ നിന്നും പുറത്തിറങ്ങാനാവാതെ വിഷമിച്ച ഭിന്ന ശേഷിക്കാരിയായ ഒരു പെൺക്കുട്ടിക്ക് അവൾക്കാവശ്യമായ സാധനങ്ങൾ വീട്ടിലെത്തിക്കാനും ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആ കുട്ടിക്ക്
ഒരു ഇലക്ട്രിക് വീൽചെയർ വാങ്ങിക്കൊടുക്കാനും വിനോദ് മുൻകൈയ്യെടുത്തു. കൂടാതെ ആ കുട്ടിയുെട മാനസിക സമ്മർദം കുറയ്ക്കുന്നതിനായി പാട്ടും കഥകളുമായി അവൾക്കൊപ്പം സമയം
പങ്കിടാനും അദ്ദേഹം ശ്രദ്ധിച്ചു. കോവിഡ് കാലത്ത് ഏറ്റവും ചാരിതാഥാർഥ്യമുണ്ടാക്കിയ ഒന്നായിരുന്നു അദ്ദേഹത്തിനത്.
കോവിഡ് കാലത്ത് ഇല്ലായ്മകളിൽ പകച്ചു നിന്ന അനേകം ആളുകൾ നമുക്കുചുറ്റും ഉണ്ട്. പല കുടുംബങ്ങളും പട്ടിണിയാൽ നട്ടം തിരിഞ്ഞു. എന്നാൽ അവർക്കൊക്കെ താങ്ങായി നിൽക്കാനും ചില
നല്ല മനുഷ്യർ ഉണ്ടായിരുന്നു എന്നത് ഏറെ സന്തോഷകരമായ കാര്യം തന്നെയായിരുന്നു. തനിക്കു ചുറ്റുമുള്ളവരെ കരുണയുെട പ്രവർത്തികളാൽ വയറുനിറയ്ക്കാനും സുരക്ഷിതരാക്കി മാറ്റാനും
അഹോരാത്രം പരിശ്രമിച്ച വിനോദ് വിക്രമാദിത്യൻ അത്തരം നന്മനിറഞ്ഞ ഒരു വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോളനികളിലെ പാവങ്ങൾക്കായി അരിയും പച്ചക്കറികളും
അവർക്കാവശ്യമായ മറ്റു വസ്തുക്കൾ എത്തിക്കുകയും ചെയ്തിരുന്നു. രാപകൽ സ്വന്തം ആരോഗ്യം പോലും മറന്നുകൊണ്ട് ഇന്നും ജനങ്ങൾക്കായി പ്രവർത്തിക്കുന്നു ഈ ഉദ്യോഗസ്ഥൻ.