സോജി മാത്യു
നാടാകെ കൊറോണ വൈറസ് ഭീതിയിൽ നിൽക്കുമ്പോഴാണ് ശുചീകരണ പ്രവർത്തനങ്ങൾക്കും കോവിഡ് ബാധിതരെ സഹായിക്കാനുമായി ചങ്ങനാശേരി സ്വദേശിയായ 23കാരൻ
സോജി മാത്യു മുന്നിട്ടിറങ്ങുന്നത്. ഇതൊന്നും വേണ്ട എന്നു പറഞ്ഞ് ചുറ്റുമുള്ളവർ വിലക്കിയതോ കൂട്ടുകാർ ഒറ്റപ്പെടുത്തിയതോ ഒന്നും സോജിയെ അലട്ടിയതേ ഇല്ല. അയൽവാസിയുടെ ബൈക്കുമെടുത്ത് സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.
എന്തായിരുന്നു ഈ മനോധൈര്യത്തിനു പിന്നിലെന്നു ചോദിച്ചാൽ സോജി പറയും ചങ്ങനാശേരി ഫയർഫോഴ്സിന്റെ സിവില്‍ ഡിഫൻസ് സേനയിൽ നിന്നു ലഭിച്ച ആറു ദിവസത്തെ പരിശീലനവും
പിന്നെ മനക്കരുത്തുമാണെന്ന്. ഫയർ ആൻഡ് സേഫ്റ്റി കോഴ്സിനു ശേഷം വിശാഖപട്ടണത്ത് ഷിപ്പ്‍യാർഡിൽ പരിശീലനം നേടി. തിരികെ നാട്ടിലെത്തിയ ശേഷമായിരുന്നു സിവിൽ ഡിഫൻസ് സേനയിൽ ചേർന്നത്.
കോവിഡ് പോസിറ്റീവായ ആളുകളുടെ വീടുകള്‍ ശുദ്ധീകരിക്കുക, കിടപ്പിലായ കോവിഡ് രോഗികളെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കുക,പോസിറ്റീവായവർക്ക് ആഹാരം എത്തിക്കുക,
മരണപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാൻ സഹായിക്കുക തുടങ്ങി കോവിഡ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സജി. കുറുമ്പനാട് തകിടിയേൽ മാത്യുവിന്റെ മകനാണ് സോജി മാത്യു.