Bhoomi Malayalam, Malayalam Language, മലയാളഭാഷ, ഭൂമി മലയാളം, Malayalam Mission

വരൂ, ഭാഷാപ്രതിജ്ഞയില്‍ പങ്കുചേരാം

Bhoomi Malayalam, Malayalam Language, മലയാളഭാഷ, ഭൂമി മലയാളം, Malayalam Mission

ഭൂപടത്തിന്റെ നാനാകോണിലും പടര്‍ന്നുകിടക്കുന്ന മലയാളി എന്ന ഭാഷാസമൂഹത്തെ കണ്ണിചേര്‍ത്ത് ഭാഷയുടെ വേദിയില്‍ അണിനിരത്തുന്ന സംരംഭമാണ് ഭൂമിമലയാളം പദ്ധതി. ലോകരാഷ്ട്രങ്ങളില്‍ നിന്ന് ഒട്ടാകെ ലക്ഷക്കണക്കിന് മലയാളികള്‍ ഭാഷാപ്രതിജ്ഞ ചൊല്ലുന്ന ലോകമലയാളദിനാചരണം, വിവിധ ഭാഷാപ്രചാരണ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്നത്. മലയാളിയുടെ കൂട്ടായ്മ കാല-ദേശ അന്തരമില്ലാതെ സുസ്ഥിരമാക്കാനും, മലയാളഭാഷാപഠനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും  വ്യാപിപ്പിക്കുന്നതും ഭൂമിമലയാളം ക്യാംപെയ്ന്‍ വഴി ഉദ്ദേശിക്കുന്നു.

ലോകഭൂപടത്തിന്റെ വിശാലക്യാന്‍വാസില്‍ മലയാളി സാന്നിധ്യം വരച്ചുകാട്ടുന്ന ലോകമലയാളദിനാചരണമാണ് ഭൂമിമലയാളത്തിന്റെ പ്രധാനഘടകം. നവംബര്‍ ഒന്നുമുതല്‍ നാലുവരെ ഓസ്ട്രേലിയ മുതല്‍ അമേരിക്ക വരെയായി വിവിധ രാജ്യങ്ങളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു മലയാളികളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഭാഷാപ്രതിജ്ഞയിലൂടെയാണ് ലോകമലയാളദിനാചരണം നടക്കുക. ഭാഷാപ്രതിജ്ഞ തയാറാക്കിയത് മലയാളികളുടെ പ്രിയകവിയും പ്രവാസിമലയാളിയുമായ കെ. സച്ചിദാനന്ദനാണ്.    

ലോകമലയാളദിനാചരണത്തിനു ഔപചാരികമായി തുടക്കംകുറിച്ചുകൊണ്ട് നവംബര്‍ ഒന്നിനു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാഷാപ്രതിജ്ഞയില്‍ പങ്കുചേരും. തിരുവനന്തപുരം ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് കോണഫറന്‍സ് ഹാളില്‍ രാവിലെ 11നു നടക്കുന്ന ചടങ്ങില്‍, ബഹു. സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ. ബാലന്‍, മലയാളംമിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്, കെ. സച്ചിദാനന്ദൻ, സുഗതകുമാരി, ശാരദക്കുട്ടി തുടങ്ങിയവരോടൊപ്പം ഭാഷാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 

അകം കേരളത്തിലും പുറംകേരളത്തിലുമായി എല്ലാ മലയാളികള്‍ക്കും ലോകമലയാളദിനം ആചരിക്കാം. വ്യക്തികള്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ, സംഘടനാതലത്തിലോ, സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലോ ഭാഷാപ്രതിജ്ഞയില്‍ പങ്കുചേരാം.

രജിസ്ട്രേഷന്‍, പങ്കാളിത്തം, വിശദവിവരങ്ങള്‍ എന്നിവയ്ക്ക് സന്ദര്‍ശിക്കുക www.bhoomimalayalam.org

© Copyright 2018 Manoramaonline. All rights reserved.