മാനുഷി എന്താ കഴിച്ചത്?
തടി കൂടുതലുള്ള കുട്ടികളെ കാണുമ്പോള്‍ കളിയാക്കി ചോദിക്കാറുണ്ട്, നിന്റെ വീട്ടില്‍ അരി വാങ്ങുന്നത് ഏതു റേഷന്‍ കടേന്നാടാ എന്നൊക്കെ. ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി മാനുഷി ചില്ലറിനോടും ഇതേ ചോദ്യം ചോദിക്കാവുന്നതാണ്, എന്താ കഴിക്കുന്നതെന്ന്. അതു പരിഹാസമല്ല, സ്ലിം ബ്യൂട്ടിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഫിറ്റ്‌നസ് മന്ത്രമാണ്.
ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കുന്നതാണ് പ്രധാന രഹസ്യമെന്ന് പകുതി കളിയായും പകുതി കാര്യമായും മാനുഷി പറയുന്നതു കേട്ട് പേടിച്ചോടണ്ട. കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമുണ്ടെങ്കില്‍ അതുപോലെ സുന്ദരമായൊരു ശരീരം പലര്‍ക്കും സാധ്യമാണ്, എല്ലാവര്‍ക്കുമെന്നു പറയുന്നില്ല. കാരണം, പരിധിയില്‍ കൂടുതല്‍ തടിച്ച ശരീര പ്രകൃതമുള്ളവര്‍ക്കു ചേരുന്ന ഭക്ഷണക്രമം ഇതായിരിക്കില്ല.
സെലിബ്രിറ്റി ന്യൂട്രീഷനായ മാമി അഗര്‍വാളിന്റെ ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസരിച്ചായിരുന്നു മിസ് ഇന്ത്യ മത്സരത്തിനും പിന്നീട് മിസ് വേള്‍ഡ് മത്സരത്തിനുമുള്ള മാനുഷിയുടെ തയാറെടുപ്പ്. ഓരോ ദിവസത്തെയും ഭക്ഷണം ആറു നേരമായാണ് മാനുഷിക്ക് മാമി വിഭജിച്ചു കൊടുത്തത്. ആ ഡയറ്റ് ചാര്‍ട്ട് മാനുഷി കിറുകൃത്യമായി പാലിക്കുകയും ചെയ്തു.
അതിരാവിലെ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ടാണ് ചാര്‍ട്ടിന്റെ തുടക്കം. താത്പര്യമുണ്ടെങ്കില്‍ ഈ കുടിക്കുന്ന വെള്ളത്തില്‍ ചെറുനാരങ്ങാ നീരും ചേര്‍ക്കാവുന്നതാണ്. രാവിലത്തെ പ്രധാന ഭക്ഷണം ഓട്ട്‌സ് അല്ലെങ്കില്‍ വീറ്റ് ഫ്‌ളെയ്ക്ക്‌സാണ്. അതിനൊപ്പം ശുദ്ധമായ കട്ടത്തൈരും ഫ്രഷ് ഫ്രൂട്ട്‌സും സീഡ്‌സും രണ്ടോ മൂന്നോ മുട്ടയുടെ വെള്ളയും കാരറ്റും ബീറ്റ്‌റൂട്ടും മധുരക്കിഴങ്ങും.
മൂന്നാമത്തെ നേരത്ത് കഴിക്കേണ്ടത് തേങ്ങാ വെള്ളവും പഴങ്ങളും മാത്രം. ഉച്ചയ്ക്ക് ക്വിനോയോ ചോറോ ചപ്പാത്തിയോ ആവാം. ഇതിനൊപ്പം വേവിക്കാത്ത ഒരു ബൗള്‍ പച്ചക്കറി. ഷ്രെഡഡ് ചിക്കന്‍ അല്ലെങ്കില്‍ പയറുവര്‍ഗങ്ങള്‍ കൂടി ചേരുന്നതോടെ ഉച്ചഭക്ഷണം കഴിഞ്ഞു.
വൈകുന്നേരം പഴവര്‍ഗ്ഗങ്ങളാണ് നിര്‍ദേശിച്ചിരുന്നത്. ഫിഗ് സ്മൂത്തി, ഉപ്പുചേര്‍ക്കാത്ത നട്‌സ് എന്നിവ കൂടെ. രാത്രി പാകം ചെയ്ത പച്ചക്കറിയാണ് നിര്‍ദേശം. ഇതില്‍ ബ്രൊക്കോളി, കാരറ്റ്, ബീന്‍സ്, കൂണ്‍, ബീറ്റ്‌റൂട്ട് എന്നിവയിലേതുമാകാം. ചിക്കന്‍, അല്ലെങ്കില്‍ ഗ്രില്‍ ചെയ്തതോ റോസ്റ്റ് ചെയ്തതോ ആയ മത്സ്യം എന്നിവയും അത്താഴത്തിനൊപ്പം.
ഈ ഡയറ്റ് ചാര്‍ട്ടിന് പുറമെ നിത്യവും മൂന്ന് ലിറ്റര്‍ വെള്ളവും നിര്‍ബന്ധം. രാത്രി എട്ടുമണിക്കൂര്‍ തടസമില്ലാത്ത ഉറക്കം. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസമാണ് മാനുഷി വര്‍ക്കൗട്ട് ചെയ്തിരുന്നത്. നേരത്തെ പറഞ്ഞതു പോലെ, ശരീരഭാരം അമിതമായവര്‍ക്ക് വര്‍ക്കൗട്ട് സമയം കൂടും, ഭക്ഷണക്രമം കൂടുതല്‍ വ്യത്യാസം വരും.