ദംഗലിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളുമായി ആമിറിന്റെ സ്വന്തം ഡോക്ടര്‍
മഹാവീര്‍ സിങ് ഫോഗാട്ട്, ദംഗല്‍ എന്ന സിനിമയിലൂടെ ആമിര്‍ ഖാന്‍ അനശ്വരനാക്കിയ കഥാപാത്രം, ദേശീയ ചാംപ്യനായിരുന്ന ഗുസ്തിക്കാരന്‍. ഗുസ്തി പടിച്ചു നടന്ന ഫുള്ളി ഫിറ്റ് കാലത്തെയും, ഗുസ്തിയൊക്കെ ഉപേക്ഷിച്ച് സാധാരണ ഗൃഹസ്ഥനായി കഴിഞ്ഞുകൂടി വയറു ചാടിയ രൂപത്തെയും അവതരിപ്പിച്ചത് ഒരേ നടനാണെന്ന് അദ്ദേഹത്തെ അറിയാത്തവര്‍ വിശ്വസിക്കാന്‍ വിസമ്മതിക്കും. അത്ര വലിയ മാറ്റമാണ് സിനിമയില്‍ ഈ ഒരേ കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടങ്ങള്‍ക്കു വേണ്ടി ആമിര്‍ ഖാന്‍ സ്വന്തം ശരീരത്തില്‍ വരുത്തിയത്. മേക്കപ്പിന്റെയോ ഗ്രാഫിക്‌സിന്റെയോ സഹായമില്ലാതെ ശാരീരികാധ്വാനം കൊണ്ടു മാത്രം സാധ്യമായ ഈ അദ്ഭുതത്തിന് ആമിര്‍ കടപ്പെട്ടിരിക്കുന്നത് ഡോ. നിഖില്‍ ദുരന്ധറിനോടാണ്.
ശരീരത്തിലെ കൊഴുപ്പ് 10 ശതമാനത്തില്‍ താഴേക്കു കുറച്ചുകൊണ്ടുവരുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ആമിര്‍ ഖാന്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഡോ.നിഖില്‍ ദുരന്ധറിന്റെ അനുഭവ പരിചയും ഭാരം കുറയ്ക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ സംബന്ധിച്ച അറിവുമാണ് തനിക്ക് ദംഗലില്‍ സഹായകമായതെന്നും അദ്ദേഹം വെളിപ്പെടുക്തിയിരുന്നു.
എന്നാലിനി ആമിറിനു മാത്രമല്ല, ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ദുരന്ധറിനോടു നന്ദി പറയാന്‍ ഇതാ അവസരമൊരുങ്ങിയിരിക്കുന്നു. മഹാവീര്‍ സിങ്ങിന്റെ ഗുസ്തിക്കാരന്‍ രൂപത്തിലെത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് വാങ്ങി വായിക്കാന്‍ ഫാറ്റ് ലോസ് ഡയറ്റ് എന്ന പേരിലൊരു പുസ്തകമെഴുതിയിരിക്കുന്നു ഡോ. ദുരന്ധര്‍. ഫിറ്റ്‌നസും ആരോഗ്യവുമുള്ള ശരീരം ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങളാണ് ഇതില്‍ വിശദമായി പ്രതിപാദിക്കുന്നത്. ഭാരം കൂടാനുള്ള കാരണങ്ങള്‍ എന്തൊക്കെ, എങ്ങനെയൊക്കെ അതു കുറയ്ക്കാം, അതിനു യോജിച്ച ഭക്ഷണ രീതികള്‍ ഏതൊക്കെ, ഒരിക്കല്‍ കുറഞ്ഞ ഭാരം കൂടാതെ സൂക്ഷിക്കാന്‍ എന്തൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇതില്‍ വിശദീകരിക്കുന്നു.
ഭക്ഷണശീലങ്ങള്‍ സംബന്ധിച്ച് പ്രചാരമാര്‍ജിച്ചിട്ടുള്ള പല മിഥ്യാധാരണകളെയും പൊളിക്കാനാവുന്നുണ്ട് പുസ്തകത്തിന്. ഇന്ത്യക്കാരുടെ ശരീര പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള ഭക്ഷണക്രമവും അദ്ദേഹം നിര്‍ദേശിക്കുന്നു. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കുന്ന പുസ്തകം പുതുവര്‍ഷത്തില്‍ പുറത്തിറങ്ങും.