കേരളജനതയിലെ 73% പേരും വോട്ടു ചെയ്യാനെത്തുന്ന തിരഞ്ഞെടുപ്പ്. ജനവിധി തേടാനെത്തുന്നത് 75,000ത്തിലേറെ സ്ഥാനാർഥികൾ. സാമൂഹിക അകലവും സാനിറ്റൈസറും മാസ്‍ക്കും ക്വാറന്റീനും അരങ്ങുവാഴുന്ന ഈ കോവിഡ്‌കാലത്ത് എങ്ങനെയാണ് സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നത്?
ഇത്തവണ വോട്ടർമാരിൽ കൂടുതലും വനിതകളാണ്. പുരുഷന്മാരേക്കാൾ 1,312,039 പേർ അധികം. 1,72,331 കന്നി വോട്ടർമാരുമുണ്ട്. .
പുരുഷന്മാർ
വനിതകൾ
ട്രാൻസ്‌ജെൻഡർ
ഏറ്റവുമധികം വോട്ടർമാർ
ഏറ്റവും കുറവ് വോട്ടർമാർ
പുരുഷന്മാർ
വനിതകൾ
ട്രാൻസ്‌ജെൻഡർ
ഗ്രാമപഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത്
നഗരസഭ
കോർപറേഷൻ
തിരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയും ഉദ്യോഗസ്ഥ പരിശീലനവും പത്രിക സമര്‍പ്പിക്കലും പ്രചാരണവും കടന്ന് കേരളം പോളിങ് ബൂത്തിലേക്ക് എത്തുന്നതെങ്ങനെ? എന്തെല്ലാമാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ കോവിഡ് മുന്നൊരുക്കങ്ങൾ?
തിരഞ്ഞെടുപ്പു നടത്തിപ്പിന് ഏകദേശം 2 ലക്ഷം ജീവനക്കാർ. എല്ലാവർക്കും മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ്, ഫെയ്‌സ് ഷീൽഡ് എന്നിവ തിരഞ്ഞെടുപ്പുകമ്മിഷൻ വക. പരമാവധി 40 പേരുടെ വിവിധ ബാച്ചുകളായി ഉദ്യോഗസ്ഥർക്ക് പരിശീലനം. ഫർണിച്ചർ, ഹാളുകൾ എന്നിവ മുൻകൂട്ടി അണുവിമുക്തമാക്കി. എസി ഹാളുകൾ ഒഴിവാക്കി. സീറ്റുകൾ ക്രമീകരിച്ചത് 2 മീറ്റർ അകലം പാലിച്ച്. സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ ഉറപ്പാക്കിയതിനൊപ്പം യോഗത്തിനെത്തുന്നവർക്ക് മാസ്‌കും നിർബന്ധമാക്കി. പരിശീലനത്തിനു മുൻപ് ശരീരോഷ്‌മാവ് പരിശോധിച്ച് രേഖപ്പെടുത്തി. കണ്ടെയിൻമെന്റ് സോണുകളിലും ക്വാറന്റീനിലുമുള്ള പരിശീലനാർഥികൾക്ക് പ്രത്യേകം പരിശീലനം. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു പ്രതിനിധി എന്ന കണക്കിൽ പരമാവധി 40 പേരുമായി, കോവിഡ് മാനദണ്ഡം പാലിച്ച്, വിവിധ പാർട്ടികളുടെ യോഗവും കലക്ടർമാർ ജില്ലതോറും വിളിച്ചുചേർത്തു.
തിരഞ്ഞെടുപ്പിനെത്തിച്ച എല്ലാ വോട്ടിങ് യന്ത്രങ്ങളും പ്രവർത്തന സജ്ജമാണോയെന്ന് ജില്ലാ കേന്ദ്രങ്ങളിൽ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയിലെ എൻജിനീയർമാർ പരിശോധിച്ചു. പുറത്തുനിന്നു വന്ന എല്ലാ എൻജിനീയര്‍മാർക്കും ഒരാഴ്ച ക്വാറന്റീൻ. ശേഷം ആരോഗ്യവകുപ്പ് കോവിഡ് പരിശോധന നടത്തി ആദ്യഘട്ട മെഷീൻ പരിശോധനയ്ക്ക് (ഫസ്റ്റ് ലെവൽ ചെക്കിങ് –എഫ്എൽസി) പച്ചക്കൊടി കാണിച്ചു. ഓരോ ജില്ലയിലും ഒരു മാസമെടുത്തായിരുന്നു പരിശോധന. മോക്ക് പോളിങ്ങും നടത്തി. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ഹാളിൽ അനുവദിച്ചത് പരമാവധി 30 പേരെ. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഒരു പ്രതിനിധിക്ക് മാത്രം പ്രവേശനം.
ഒരു സമയം ഒരു സ്ഥാനാർഥിയുടെ ആളുകൾക്കു മാത്രമായിരുന്നു നോമിനേഷൻ നൽകാൻ ഹാളിലേക്കു പ്രവേശനം. ഇതിനു മുൻകൂറായി പ്രത്യേകം സമയം അനുവദിച്ചു. സ്ഥാനാർഥിയോടൊപ്പം ആൾക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല. ഹാളിൽ കയറും മുൻപ് കൈ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം. സ്ഥാനാർഥിയും നിർദേശകനും ഉൾപ്പെടെ ഹാളിൽ 3 പേരിൽ കൂടാനും അനുവദിച്ചില്ല. മാസ്‌ക് ധരിച്ചെത്തി, സാമൂഹിക അകലം പാലിച്ച് മാത്രം നോമിനേഷൻ സമർപ്പണം. പത്രിക സ്വീകരിക്കുന്ന വരണാധികാരി/ഉപവരണാധികാരിക്ക് മാസ്ക്, കയ്യുറ, ഫെയ്സ് ഷീൽഡ് എന്നിവ നിർബന്ധം.
കണ്ടെയിൻമെന്റ് സോണിലുള്ളവർക്കും ക്വാറന്റീനിലുള്ളവർക്കും നോമിനേഷൻ സമർപ്പിക്കുന്നതിന് മുൻകൂട്ടി അനുമതിയും പ്രത്യേക സമയവും ഉറപ്പാക്കിയിരുന്നു. സ്ഥാനാർഥി കോവിഡ് പോസിറ്റിവോ ക‍്വാറന്റീനിലോ ആണെങ്കിൽ നാമനിർദ്ദേശ പത്രിക നിർദേശകൻ വഴി സമർപ്പിക്കാൻ അവസരം നൽകി. തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ സ്ഥാനാർഥിക്ക് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പു രേഖപ്പെടുത്താനും സാധിച്ചു.
അണുവിമുക്തമാക്കിയ, വായുസഞ്ചാരമുള്ള ഹാളിലായിരുന്നു പത്രികകളുടെ സൂക്ഷ്മ പരിശോധന. ഓരോ വാർഡിലെയും സ്ഥാനാർഥികൾക്കും നിർദേശകർക്കും ഏജന്റുമാർക്കും മാത്രം പ്രവേശനം. പരമാവധി 30 പേർ. സാമൂഹിക അകലം പാലിച്ച് ഒരുക്കിയ സീറ്റുകളിലായിരുന്നു സ്ഥാനാർഥികളുടെ സ്ഥാനം. പത്രിക പരിശോധിക്കുമ്പോൾ വരണാധികാരി, ഉപവരണാധികാരി എന്നിവർക്ക് മാസ്ക്, കയ്യുറ, ഫെയ്സ് ഷീൽഡ്, സാനിറ്റൈസർ എന്നിവ നിർബന്ധം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മാതൃകാ പെരുമാറ്റ ചട്ടവും വിശദീകരിക്കാൻ വരണാധികാരി സ്ഥാനാർഥികളുടെയും രാഷ്ട്രീയ കക്ഷികളുടെയും യോഗം വിളിച്ചതായിരുന്നു അടുത്ത ഘട്ടം. അതിൽ ഒരു സമയം 30 പേർക്കു വീതം മാത്രം പ്രവേശനം. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു ഇത്.
നാടെങ്ങും പൊടിപാറേണ്ട തിരഞ്ഞെടുപ്പു പ്രചാരണത്തെയായിരുന്നു കോവിഡ് അടിമുടി മാറ്റിമറിച്ചത്. പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് ഒരു സമയം സ്ഥാനാർഥികൾ ഉൾപ്പെടെ പരമാവധി 5 പേർക്കു മാത്രമായിരുന്നു അനുവാദം. റോഡ് ഷോ/ വാഹന റാലി എന്നിവയ്ക്ക് പരമാവധി 3 വാഹനങ്ങൾ. ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കി. യോഗങ്ങളെല്ലാം കോവിഡ് മാനദണ്ഡം പാലിച്ചു മാത്രം. പൊതുയോഗങ്ങൾക്ക് പൊലീസിന്റെ മുൻകൂർ അനുമതി നിർബന്ധം. നോട്ടിസ്/ലഘുലേഖ എന്നിവ കുറച്ച് പരമാവധി സമൂഹമാധ്യമം പ്രയോജനപ്പെടുത്താനും നിർദേശം. സ്ഥാനാർഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകികൊണ്ടുള്ള സ്വീകരണ പരിപാടികളും ഒഴിവാക്കി. സ്ഥാനാർഥി കോവിഡ് പോസിറ്റിവാകുകയോ ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകുകയോ ചെയ്താൽ ഉടൻതന്നെ പ്രചാരണ രംഗത്തുനിന്നു മാറണം. ഫലം നെഗറ്റിവ് ആയതിനു ശേഷം ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം മാത്രം തുടർപ്രവർത്തനം.
വോട്ടിങ് യന്ത്രങ്ങളില്‍ ഓരോ സ്ഥാനാർഥിയുടെയും വിവരങ്ങൾ ചേർത്തത് പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്. ഓരോ ബൂത്തിലെയും വോട്ടെടുപ്പിന് ആവശ്യമുള്ള സാധനസാമഗ്രികൾ ഒരാഴ്ചയ്ക്ക് മുൻപുതന്നെ പ്രത്യേകം പായ്ക്ക് ചെയ്ത് സൂക്ഷിച്ചു. പോളിങ് സാധനങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ വിതരണത്തിനു തലേന്നും പോളിങ് ദിവസവും അണുവിമുക്തമാക്കാൻ നിർദേശം നൽകി. പോളിങ് ഉദ്യോഗസ്ഥർക്ക് സാമഗ്രികൾ ശേഖരിക്കാൻ എത്തുന്നതിനു നിശ്ചിത സമയം നൽകി, പോളിങ് സാമഗ്രികളടങ്ങിയ കിറ്റ് ഇവർക്ക് പ്രത്യേക വാഹനങ്ങളിൽ സജ്ജമാക്കി നൽകി. വോട്ടെടുപ്പിന് ശേഷവും സാമഗ്രികൾ അനുവദിച്ച സമയത്ത്, നിശ്ചിത വാഹനത്തിൽ തിരികെ എത്തിക്കാനും നിർദേശിച്ചു.
വോട്ടെടുപ്പിന്റെ തലേന്ന് വൈകിട്ട് 3 വരെ കോവിഡ് ബാധിതരാവുകയോ ആരോഗ്യവകുപ്പ് ക്വാറന്റീൻ നിര്‍ദേശിക്കുകയോ ചെയ്യുന്നവർ ഇത്തവണ ‘പ്രത്യേക’ വോട്ടർമാരാണ്. ഇവർക്കു വേണ്ടി, താമസസ്ഥലത്തും ആശുപത്രിയിലും പൊലീസ് അകമ്പടിയോടെ ഉദ്യോഗസ്ഥർ പിപിഇ കിറ്റ് ധരിച്ചെത്തി ബാലറ്റ് കൈമാറും. വരുന്നതിന്റെ സമയം എസ്‌എംഎസ് വഴിയോ ഫോണിലൂടെയോ അറിയിക്കും. ബാലറ്റ് ലഭിക്കുമ്പോൾതന്നെ വോട്ടു രേഖപ്പെടുത്തി സംഘത്തിലെ സ്പെഷൽ പോളിങ് ഓഫിസർക്കു കൈമാറാം, അല്ലെങ്കിൽ തപാലിലോ ആൾവശമോ വരണാധികാരിക്ക് എത്തിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായിട്ടാണിങ്ങനെ. കോവിഡ് ബാധിച്ച് മറ്റു ജില്ലകളിൽ കുടുങ്ങിപ്പോയവർക്കും തപാൽ ബാലറ്റ് ലഭ്യമാക്കി. ജില്ലാ മെഡിക്കൽ ഓഫിസർമാര്‍ നൽകുന്ന സർട്ടിഫൈഡ് പട്ടിക അനുസരിച്ചാണ് പ്രത്യേക വോട്ടർമാരെ തിരഞ്ഞെടുക്കുന്നത്. ഇതിൽ പേര് ഉൾപ്പെട്ടാൽ പിന്നീട് കോവിഡ് ഭേദമായാലും ക്വാറന്റീൻ കഴിഞ്ഞാലും ഇവർക്ക് പോളിങ് ദിവസം ബൂത്തിലെത്തി വോട്ടു ചെയ്യാനാകില്ല.
പോളിങ് സമയം രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. എല്ലാ പോളിങ് ബൂത്തുകളും തലേന്ന് അണുവിമുക്തമാക്കും. പോളിങ് ഉദ്യോഗസ്ഥരും തലേന്നു മുതൽ ബൂത്തിൽ താമസിക്കണം. ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയോ സാനിറ്റൈസറോ ഉറപ്പാക്കി. വോട്ടു ചെയ്യാൻ പോകുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കണം. തെർമൽ സ്കാനർ പരിശോധന ഒഴിവാക്കി. വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കാൻ നിശ്ചിത അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്തു നൽകി.
വോട്ടർമാർക്ക് മാസ്ക് നിർബന്ധം. തിരിച്ചറിയൽ വേളയിൽ മാത്രം ആവശ്യമെങ്കിൽ മാസ്ക് മാറ്റാം. പോളിങ് ഉദ്യോഗസ്ഥർക്ക് ഫെയ്സ് ഷീൽഡ്, മാസ്ക്, സാനിറ്റൈസർ, കയ്യുറ എന്നിവ നിർബന്ധം. ബൂത്തിനകത്ത് ഒരേസമയം 3 വോട്ടർമാർക്ക് സാമൂഹിക അകലം പാലിച്ച് പ്രവേശനം. തപാൽ ബാലറ്റ് ലഭിക്കാത്ത കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവര്‍ക്കും അവസാന മണിക്കൂറില്‍ ബൂത്തിലെത്തിയും വോട്ട് ചെയ്യാം. ആ സമയം ബൂത്തിലെ എല്ലാവരും പിപിഇ കിറ്റ് ധരിക്കും.
സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാർ പത്തിൽ കൂടാൻ പാടില്ല. പോളിങ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാർഥികളോ മറ്റോ സ്‌ലിപ് വിതരണം നടത്തുന്ന സ്ഥലത്ത് 2 പേർ മാത്രം; ഇവിടെ സോപ്പ്, വെള്ളം, സാനിറ്റൈസർ, മാസ്ക്, കയ്യുറ നിർബന്ധം. പോളിങ് സ്റ്റേഷനുകളിൽ അവശേഷിക്കുന്ന മാസ്‌ക്, കയ്യുറ, കോവിഡ് രോഗികൾ ഉപയോഗിച്ച പേന തുടങ്ങിയ മെഡിക്കൽ മാലിന്യം പ്രത്യേകം ശേഖരിച്ച് പിഎച്ച്‌സി, സിഎച്ച്സി, സിഎഫ്എൽടിസി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സംസ്കരിക്കണം.
ഡിസംബർ 16 രാവിലെ 8 മുതലാണ് വോട്ടെണ്ണൽ. 15നുതന്നെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം. കൗണ്ടിങ് ഓഫിസർമാർ, സ്ഥാനാർഥികൾ, കൗണ്ടിങ് ഏജന്റുമാർ തുടങ്ങിയവർ നിർബന്ധമായും കയ്യുറ, മാസ്ക് എന്നിവ ഉപയോഗിക്കണം. സാമൂഹിക അകലം പാലിച്ചു വേണം കൗണ്ടിങ് ടേബിളുകൾ സജ്ജമാക്കേണ്ടത്. വോട്ടെണ്ണുന്ന ഹാളിൽ പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധം.
തിരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും കൊറോണവൈറസ് ‘ജയിക്കാതെ’ നോക്കണമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. അതിനാൽത്തന്നെ വിജയാഹ്ലാദ പ്രകടനങ്ങളിൽ പോലും കോവിഡ്19 മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും കമ്മിഷൻ കർശനമായി നിഷ്കർഷിക്കുന്നുണ്ട്.