Read in English
Scroll Down
1956 നവംബർ 1. കേരള സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുത്ത ദിനം. കോവിഡെന്ന മഹാമാരി തീർത്ത പ്രതിസന്ധികളുടെ നടുക്കടലിലാണ് കേരളത്തിന്റെ 64–ാം പിറന്നാൾ. മഹാമാരിയുടെ ദുരിതക്കടൽ കടന്ന് പുതുപ്രതീക്ഷകളുടെ തീരമണയാൻ മലയാളികൾ കരുതലോടെ ഒറ്റക്കെട്ടായി നിന്ന കാലം കൂടിയാണിത്. പത്തു മാസത്തിനിടെ അതിജീവനത്തിന്റെ ഏറെ കഥകൾ നാം കേട്ടു. പ്രതിസന്ധികളിൽനിന്നുള്ള കരകയറ്റത്തിന്റെ കരുത്തും കാരുണ്യവും നന്മയും നിറഞ്ഞ ചില നിറവാർന്ന ഓർമകളിൽ കുറിക്കാം നമുക്കു മറ്റൊരു പുതുകേരളപ്പിറവി...

മനസ്സുണ്ടെങ്കിൽ അതിജീവനത്തിന് വഴിയുമുണ്ട്...

പത്തനംതിട്ട റാന്നി സ്വദേശി തോമസ് ഏബ്രഹാമും (93) ഭാര്യ മറിയാമ്മയും (88) കോവിഡ് മുക്തരായി ഏപ്രിൽ മൂന്നിന് ആശുപത്രി വിടുമ്പോൾ അന്നുവരെ ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ കോവിഡ് രോഗികളായിരുന്നു ഇരുവരും. കോവിഡ്‌ ഭീതിയിൽ കേരളം വിറങ്ങലിച്ചു നിൽക്കുന്ന സമയത്തായിരുന്നു കേരളത്തിനാകെ ആശ്വാസം പകർന്ന ഈ വാർത്ത. 22 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ വീട്ടിലേക്കു തിരികെപ്പോകുമ്പോൾ ഇരുവരും കേരളത്തിനു സമ്മാനിച്ചത് കാരിരുമ്പിന്റെ കരുത്തുള്ള അതിജീവന പാഠം.

‘വിഷമേൽക്കാത്ത’ മനുഷ്യനന്മ

കാസർകോട് പാണത്തൂര്‍ വട്ടക്കയത്ത് ക്വാറന്റീനിൽ കഴിയുന്ന വീട്ടിലെ കുഞ്ഞിനെ രാത്രി അണലി കടിച്ചപ്പോൾ കോവിഡിനെ ഭയന്ന് പ്രദേശവാസികളൊന്നും അടുക്കാൻ തയാറായില്ല. എന്നാൽ അയൽവാസി ജിനിൽ മാത്യു രണ്ടാമതൊന്നാലോചിക്കാതെ കുട്ടിയുമായി ആംബുലൻസിൽ രക്ഷാതീരത്തേക്കു പാഞ്ഞു. ആ ഒന്നരവയസ്സുകാരി വൈകാതെ രക്ഷപ്പെട്ടു, പിന്നാലെ അവൾക്ക് കോവിഡും സ്ഥിരീകരിച്ചു. എന്നാൽ കേരളത്തിന്റെ ഒന്നാകെയുള്ള പ്രാർഥന ഫലിച്ചു– ജിനിലിനെ കോവിഡ് ബാധിച്ചില്ല. മഹാമാരികളെപ്പോലും പേടിക്കാത്ത സഹജീവി സ്നേഹത്തിന്റെയും നന്മയുടെയും കേരളമാതൃകയായി ജിനിൽ.

അതിജീവനത്തിന്റെ രുചിക്കൂട്ട്

ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശി ജൂബി റിജോയും കാഞ്ഞിരപ്പള്ളി 26–ാം മൈൽ സ്വദേശി സെറീന ഹാരിസും കോവിഡിനു മുന്‍പ് ഡ്രസ് ഡിസൈനിങ്ങും ഓൺലൈൻ ഫാഷൻ ബൂട്ടീക്കുമായി ജീവിതം ഒരു തീരത്തോടടുപ്പിക്കുകയായിരുന്നു. കോവിഡിനെത്തുടർന്ന് വിപണി നഷ്ടമായെങ്കിലും ഇരുവരും കയ്യുംകെട്ടിയിരുന്നില്ല. ജൂബി തുടങ്ങിയത് ‘റിജോയ്‌സ് ഹോം മെയ്‌ഡ് ഫൂഡ്’, സെറീനയാകട്ടെ ‘സാറാ ക്ലൗഡ് കിച്ചനും’. ഓൺലൈൻ തട്ടകത്തിൽ അതിജീവനത്തിന്റെ പുതിയ രുചിക്കൂട്ടൊരുക്കി വിജയം നേടുകയായിരുന്നു ഇരുവരും.

അതിജീവനം സഹജീവിസ്നേഹത്തിലൂടെ...

കോവിഡിനു വിട്ടുകൊടുക്കാതെ ഓരോ ജീവനും രക്ഷിച്ചെടുക്കാൻ കേരളത്തിന് കരുത്തു പകർന്നത് ഒരൊറ്റക്കാര്യമാണ്– മനുഷ്യത്വം. സഹജീവികളോടുള്ള നമ്മുടെ സ്നേഹത്തിന്റെ നല്ല മാതൃകകളിലൊന്നായിരുന്നു കൊച്ചിയിലെ ഡോ. മേരി അനിതയും കുടുംബവും. കോവി‍ഡ് പോസിറ്റിവായ അമ്മയും അച്ഛനും ക്വാറന്റീനിൽ പോകേണ്ടി വന്നപ്പോൾ, ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുക്കുകയും, ഒരു മാസത്തോളം അവനെ കരുതലോടെ ഒപ്പം നിർത്തി സംരക്ഷിക്കുകയും ചെയ്ത സ്നേഹത്തിന്റെ കഥയായിരുന്നു അത്. കോവിഡ് പോസിറ്റീവായ ആളുകളുടെ വാർഡിൽ കുഞ്ഞിനെ താമസിപ്പിക്കാനാവില്ല. മുലപ്പാൽ മാത്രം കുടിക്കുന്ന പിഞ്ചുകുഞ്ഞിനെ എന്തു ചെയ്യുമെന്ന മെഡിക്കൽ കോളജ് അധികൃതരുടെ അന്വേഷണമാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് എന്ന സ്ഥാപനം നടത്തുന്ന ഡോ. മേരി അനിതയിലേയ്ക്കെത്തിയത്. ഒരു മാസത്തിനു ശേഷം കുട്ടിയെ മാതാപിതാക്കൾക്കു കൈമാറിയപ്പോഴുണ്ടായ സ്നേഹക്കാഴ്ച കേരളം ഒരിക്കലും മറക്കില്ല.

ഹൈടെക് കുട്ടികൾ

പ്രവേശനോൽസവം പോലും നടത്താനാകാതെ സ്കൂളുകൾക്കു പൂട്ടു വീണപ്പോൾ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാൻ തുടങ്ങി നമ്മൾ. സിനിമയും മറ്റു പരിപാടികളും മാത്രം ടിവിയിൽ കണ്ടിരുന്ന കുട്ടികൾ വിക്ടേഴ്സ് ചാനലിലെ ഓൺലൈന്‍ ക്ലാസിനു മുന്നിൽ അനുസരണയോടെയിരുന്നു. കളിച്ചും ചിരിച്ചും കഥ പറഞ്ഞും ക്ലാസെടുത്ത് അധ്യാപകരും. ടിവിയും ലാപ്‌ടോപുമില്ലാത്ത കുട്ടികൾക്ക് സന്നദ്ധ സംഘടനകളും പൂർവവിദ്യാർഥി കൂട്ടായ്മകളും സൗഹൃദസംഘങ്ങളുമെല്ലാം ചേർന്ന് സൗകര്യമൊരുക്കുന്ന നന്മക്കാഴ്ചയും കേരളം കണ്ടു. മകന്റെ വിവാഹം ലളിതമായി നടത്തി മിച്ചം പിടിച്ച രണ്ടര ലക്ഷം രൂപയ്ക്ക് വിദ്യാർഥികൾക്ക് പുസ്തകം വാങ്ങിക്കൊടുത്ത തൃക്കാക്കര ഭാരതമാത കോളജ് പ്രിൻസിപ്പൽ ഡോ. ഷൈനി പാലാട്ടി, കിലോമീറ്ററുകളോളം സഞ്ചരിച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളിൽ ഓരോരുത്തരുടെയും വീട്ടിലെത്തി പഠനം വിലയിരുത്തിയ ഇരിട്ടി മണിക്കടവ് സെന്റ്തോമസ് ഹൈസ്കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകൻ റോബിൻ ജോസഫ് തുടങ്ങിയവർ ചില ഉദാഹരണങ്ങൾ. എല്ലാവരും പകർന്നത് ഒരൊറ്റ സന്ദേശം– ഒരു മഹാമാരിക്കും നാം വിട്ടുകൊടുക്കില്ല നമ്മുടെ കുട്ടികളെ...

അതിജീവനത്തിന്റെ വഴിയോരക്കാഴ്ചകൾ

സ്ഥിരവരുമാനമെന്ന സ്വപ്നത്തിന് കോവിഡ് തടസ്സമായപ്പോൾ പ്രശ്നങ്ങളെയെല്ലാം ഒരു വഴിയോരത്തേക്കു മാറ്റി നിർത്തി അതിജീവനത്തിന്റെ വഴിതെളിച്ച കാഴ്ചകള്‍ കാണാം ഇന്നു കേരളത്തിലാകെ. വിട്ടിലുണ്ടാക്കിയ ഇലപ്പൊതി ഊണും ബിരിയാണിയും പായസവും പലഹാരങ്ങളുമെല്ലാം വിൽപനയ്ക്കെത്തിക്കുന്നത് ഇപ്പോൾ വഴിയോരത്തെ സ്ഥിരം കാഴ്ചകളാണ്. അണ്ടിപ്പരിപ്പ്, അച്ചാർ, കാർഷിക വിഭവങ്ങൾ, പൂച്ചെടികൾ, വിത്തുകൾ, അലങ്കാര മത്സ്യങ്ങൾ, കോഴിമുട്ട, മാസ്‌ക്, സാനിട്ടൈസർ തുടങ്ങി വിൽപനയ്ക്കെത്തുന്ന വസ്തുക്കൾ ഇനിയുമേറെ. ഒരു കോവിഡിനും വിട്ടുകൊടുക്കാതെ ജീവിതത്തെ തിരികെ പിടിക്കുമെന്ന മലയാളികളുടെ പോരാട്ടത്തിന്റെ ആശ്വാസക്കാഴ്ചയാണത്.

പ്രതിസന്ധികളിൽനിന്നൊരു ‘റീസ്റ്റാർട്ട്’

കോവിഡ്‌കാലത്ത് പ്രതിസന്ധി നേരിട്ടവയിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകളുമേറെ. എന്നാൽ അവിടെയും അതിജീവനത്തിന്റെ ഏറ്റവും മികച്ച മാതൃക സമ്മാനിച്ചത് ഒരു മലയാളിയാണ്– ആലപ്പുഴ ചേർത്തല സ്വദേശി ജോയ് സെബാസ്റ്റ്യൻ. ലോക്‌ഡൗൺ കാലത്ത് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷൻ ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടെക്ജൻഷ്യ സോഫ്റ്റ്െവയർ ടെക്നോളജീസ് തയാറാക്കിയ വി–കൺസോൾ എന്ന സോഫ്റ്റ്‌വെയറായിരുന്നു. കമ്പനിക്ക് ഒരു കോടി രൂപയും കേന്ദ്രസർക്കാരിന്റെ സ്ഥാപനങ്ങളിൽ വിഡിയോ കോൺഫറൻസിങ് സംവിധാനമൊരുക്കാനുള്ള 3 വർഷത്തെ കരാറുമായിരുന്നു സമ്മാനം. മലയാളത്തിന്റെ ഐടി സ്വപ്നങ്ങൾക്ക് കോവിഡ്‌കാലത്തും ചിറകുകൾ സമ്മാനിച്ച നേട്ടമായിരുന്നു അത്.

തിരിച്ചുപിടിച്ച സമൃദ്ധി

തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരികെയെത്തിയ പ്രവാസികൾ അതിജീവനത്തിൽ പുതു മാതൃകകളാണു സമ്മാനിക്കുന്നത്. കൃഷിയാണ് അതിൽ മുന്നിൽ. മണ്ണിൽ വിയർപ്പൊഴുക്കാൻ എന്നും തയാറായ പ്രവാസികൾക്കു വേണ്ടി സർക്കാരിന്റെ പ്രത്യേക പദ്ധതികൾ കൂടിയായതോടെ പലരും പതിയെ ജീവിതത്തിലേക്ക് പിടിച്ചു കയറുകയാണ്. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സർക്കാരിന്റെ പ്രവാസി ജൈവകൃഷി പദ്ധതിക്ക് തുടക്കമിട്ടത് കുവൈത്തിൽനിന്നു തിരികെയെത്തിയ മധു രവീന്ദ്രന്റെ കൃഷിയിടത്തിലായിരുന്നു. ലോക്‌ഡൗണിനിപ്പുറവും കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട് ആത്മവിശ്വാസം. ലോക്‌ഡൗണിനെ തുടർന്ന് വിദേശത്തേക്കു തിരികെ പോകാനാകാതെ നാട്ടിൽ കുടുങ്ങിയപ്പോൾ തരിശുഭൂമിയിൽ കൃഷിയിറക്കി വിജയം കൊയ്ത കൊല്ലം മയ്യനാട്ടെ സാജനും വിജയകുമാറും ഉള്‍പ്പെട്ട ഏഴംഗസംഘത്തിന്റെ വിജയകഥയും നമുക്കു മുന്നിലുണ്ട്. ടെറസിലും ഇത്തിരിമുറ്റത്തും വരെ കൃഷി തുടങ്ങാൻ പ്രേരിപ്പിച്ച ലോക്‌‌ഡൗൺ കാലം മലയാളത്തിന്റെ കാർഷികസമൃദ്ധിയെക്കൂടിയാണ് തിരികെയെത്തിച്ചിരിക്കുന്നത്.

പൊലീസിലെ പൊൻതൂവലുകൾ

കോവിഡ് ലോക്‌ഡൗൺ കാലത്ത് ആർ‍ക്കും പുറത്തിറങ്ങാനാവാതായതോടെ ക്രമസമാധാനം മാത്രമല്ല ഭക്ഷണവിതരണവും ഏറ്റെടുത്ത് നടപ്പാക്കി നമ്മുടെ പൊലീസ്. ‘ഒരു വയറൂട്ടാം’ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ഭക്ഷണപ്പൊതികളാണ് ലോക്‌ഡൗൺ കാലത്തു മാത്രം പൊലീസ് വിതരണം ചെയ്തത്. അതിപ്പോഴും തുടരുകയുമാണ്. അതിനിടെ സേനയിലെ പലർക്കും കോവിഡ് ബാധിച്ചു. ഇപ്പോഴും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാപ്പകൽ അധ്വാനിക്കുന്നതിനൊപ്പം ഇത്തരം അനുകരണീയ മാതൃകകളിലും മുന്നിലുണ്ട് കേരള പൊലീസ്.

മറക്കില്ല കേരളം നിങ്ങളെ...

കോവിഡ് ബാധിതനായി 43 ദിവസം വെന്റിലേറ്ററിൽ, അതിൽ 20 ദിവസവും കോമയിൽ–കൊല്ലം ശാസ്താംകോട്ട ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യവ്യാപാരി ടൈറ്റസ് (54) ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ജീവനു വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ആരോഗ്യപ്രവർത്തകർ. ആവശ്യം വേണ്ട പണം ചെലവാക്കി സർക്കാരും രാപ്പകലില്ലാതെ പ്രയത്നിച്ച് ഡോക്ടർമാരും നഴ്സുമാരും ആ ജീവനെ നഷ്ടപ്പെടാതെ തിരിച്ചെടുത്തു. ഒടുവിൽ സെപ്റ്റംബർ മൂന്നാം വാരം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രി വിടുമ്പോൾ കേരളത്തിന്റെ ആരോഗ്യസംവിധാനങ്ങളിലെ പൊൻതൂവലായി ടൈറ്റസിന്റെ അതിജീവനം.

സ്വന്തം കുടുംബാംഗങ്ങളെപ്പോലും കാണാനാകാതെ ക്വാറന്റീൻ പാലിച്ച്, പിപിഇ കിറ്റിന്റെ ശ്വാസംമുട്ടലിനുള്ളിൽ നിന്ന് കോവിഡ് രോഗികളുടെ ജീവശ്വാസം നിലനിർത്താൻ പ്രയത്നിച്ച് അതിജീവനത്തിന്റെ ഏറ്റവും മികച്ച പാഠം കേരളത്തിനു പകർന്നുതന്നത് നമ്മുടെ ആരോഗ്യ പ്രവർത്തകരാണ്. മാസങ്ങളോളം അവധി പോലും എടുക്കാത്തവരുണ്ട് കൂട്ടത്തിൽ. പലരും കോവിഡ് ബാധിതരുമായി. ശാരീരികമായി മാത്രമല്ല, മാനസികമായും കോവിഡിനാൽ തളർന്നുപോയവരെ രക്ഷിച്ചെടുക്കുകയെന്ന വലിയ വെല്ലുവിളിയായിരുന്നു അവർക്കു മുന്നിലുണ്ടായിരുന്നത്. ആ പ്രയത്നം ഇപ്പോഴും തുടരുകയാണ്...

കോവിഡിൽനിന്നു കേരളത്തെ കൈകോർത്തു രക്ഷിക്കുന്നവരിൽ ഇനിയുമേറെ മുഖങ്ങളുണ്ട്. വാർത്തകളിൽ മുഖം കാണിക്കാത്ത, വൈറലാകാത്ത ഒട്ടേറെ പേർ. കോവിഡ് വ്യാപനത്തിനിടയിലും കടകൾ തുറന്നുവച്ച വ്യാപാരികൾ, കെഎസ്ഇബി ജീവനക്കാർ, ബാങ്ക് ജീവനക്കാർ, കനത്ത കാറ്റിലും മഴയിലും പതറാതെ രക്ഷയ്ക്കെത്തുന്ന അഗ്നിരക്ഷാസേന, കോവിഡിനെപ്പറ്റി ആലോചിക്കാൻ നില്‍ക്കാതെ കരിപ്പൂർ വിമാനാപകടത്തിലും പെട്ടിമുടി ഉരുൾപൊട്ടലിലും രക്ഷാകരങ്ങളുമായെത്തിയവർ... എല്ലാവരും പകരുന്നത് നന്മയുടെ, കരുതലിന്റെ, മനോധൈര്യത്തിന്റെ പാഠങ്ങളാണ്. മറക്കില്ല കേരളം ഈ പാഠങ്ങളും അതു നമ്മെ പഠിപ്പിച്ചവരെയും. അങ്ങിനെ നമുക്കു ചുവടുവയ്ക്കാം അതിജീവനത്തിന്റെ ഒരു പുതുകേരളപ്പിറവിയിലേക്ക്...