2022 ആകുമ്പോഴേക്കും ലോകത്തിലെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു 2010ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ആദ്യ കടുവ ഉച്ചകോടി നടന്നത്. 2010ൽ ലോകത്ത് അവശേഷിച്ചിരുന്നത് 3200 കടുവകൾ. ഒരു ദശാബ്ദത്തിനിപ്പുറം, ഇന്ന്, കടുവകൾ സുരക്ഷിതരാണോ?
സൈബീരിയയാണ് കടുവകളുടെ ജന്മദേശം. പാന്ഥറ ടൈഗ്രിസ് എന്നു ശാസ്ത്രീയനാമമുള്ള (കുടുംബം: ഫെലിഡേ) ഇവയ്ക്ക് 9 ഉപ ഇനങ്ങളുണ്ട്. അവയിൽ 3 എണ്ണത്തിന് കഴിഞ്ഞനൂറ്റാണ്ടിൽ വംശനാശം സംഭവിച്ചു.
20,000 വർഷം മുൻപ് പടിഞ്ഞാറ് തുർക്കി മുതൽ കിഴക്ക് ഇന്തൊനീഷ്യയിലെ ബാലി വരെയും വടക്ക് സൈബീരിയ വരെയും കടുവകൾ കാണപ്പെട്ടിരുന്നു. നേരത്തെ ജീവിച്ചിരുന്ന 93% സ്ഥലങ്ങളിൽനിന്നും അവ എന്നന്നേക്കുമായി ഇല്ലാതായിക്കഴിഞ്ഞു. ആഫ്രിക്കൻ കാടുകളിൽ ഒരു കടുവ പോലുമില്ല. ഇപ്പോൾ കടുവകളുള്ളത് 13 രാജ്യങ്ങളിൽ മാത്രം.
ഫാമുകളിൽ കടുവകളെ വളർത്തുന്ന രീതിയുണ്ട് ചൈനയിൽ. ഏകദേശം 5000–6000 കടുവകളെ അത്തരത്തിൽ വാണിജ്യാവശ്യത്തിനായി വളർത്തുന്നെന്നാണു കണക്ക്. സർക്കാർതലത്തിൽ ഇത്തരം ഇരുനൂറോളം ടൈഗർ ഫാമുകളുമുണ്ട്. തെക്കൻ ചൈനീസ് എന്നയിനം കടുവകൾക്ക് കാട്ടിൽ വംശനാശം സംഭവിച്ചെങ്കിലും ഫാമുകളിൽ ഇപ്പോഴുമുണ്ട്.
സിംഹവും പുലിയുമെല്ലാം ഉൾപ്പെട്ട ‘വലിയ മാർജാര’ കുടുംബത്തിലെ ഏറ്റവും വലുപ്പമേറിയ അംഗമാണ് കടുവ.
മണിക്കൂറിൽ പരമാവധി 65 കിമീ വരെയാണ് കടുവകളുടെ വേഗം. ഇവയുടെ ശരീരത്തിന്റെ മൂന്നിലൊന്ന് വാലിന്റെ നീളമാണ്. പെൺകടുവകൾക്ക് ആണിനെക്കാൾ 25–40 സെമീ നീളവും 40–60 കിഗ്രാം ഭാരവും കുറഞ്ഞിരിക്കും. കൂട്ടത്തിൽ ഏറ്റവും വലിയ ഇനം സൈബീരിയൻ കടുവകളാണ്.
സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള മൃഗങ്ങളെ വരെ അനായാസം കൊന്നൊടുക്കാനാകുംവിധം കരുത്തനാണ് കടുവ. ഇരകൾക്കു മുന്നിൽ ഇവ ഗർജിക്കാറില്ല. മറ്റു കടുവകളുമായുള്ള ആശയവിനിമയത്തിനാണ് ഗർജനം– 5 കിമീ വരെ ഈ ശബ്ദം കേൾക്കാം. പക്ഷേ ഇരയുടെ തൊട്ടുമുന്നിൽ മണപ്പിച്ചും മുരൾച്ചയോടെയും നടന്നാൽ ഉറപ്പിക്കാം, കടുവ ആക്രമണത്തിനൊരുങ്ങുകയാണെന്ന്. മാൻ, മ്ലാവ്, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങിയവയാണ് പ്രധാന ഇരകൾ. രാത്രികളിലാണ് പ്രധാനമായും ഇരതേടൽ. വഴിയിൽ പതുങ്ങിയിരുന്ന് ആക്രമിക്കുകയാണു പതിവ്. ഇരയുടെ പിന്നാലെ ഏറെ ദൂരം ഓടി കീഴ്പ്പെടുത്തുന്ന സ്വഭാവം ഇല്ലാത്തതിനാൽത്തന്നെ കടുവകളുടെ ഇരപിടിക്കാനുള്ള ശ്രമങ്ങളിൽ പത്തിലൊന്നോളമേ ലക്ഷ്യം കാണാറുള്ളൂ!
സാധാരണ മനുഷ്യരെ ആക്രമിക്കാറില്ല കടുവകൾ. മറ്റു മൃഗങ്ങളെ ഇരയായി ലഭിക്കാത്ത അപൂർവം അവസരങ്ങളിലാണ് അവ മനുഷ്യനു നേരെ തിരിയാറുള്ളത്. മനുഷ്യ മാംസത്തിന് കടുവയെ ആകർഷിക്കുന്ന ഉപ്പ് രുചിയാണെന്നാണു പറയപ്പെടുന്നത്. അതുകൊണ്ട് ഒരിക്കൽ ആ രുചി കിട്ടിയാൽ കടുവകൾ വീണ്ടും മനുഷ്യനെ തേടുമെന്നാണ് വിശ്വാസം. തിരിച്ച് പ്രതികരിക്കാനോ ആയുധമെടുക്കാനോ സമയം ലഭിക്കാത്ത വിധം പതിയിരുന്ന് സെക്കൻഡുകൾക്കകമാണ് കടുവയുടെ ആക്രമണം. ഇരപിടിത്തത്തിൽ അവയ്ക്ക് സഹായകരമാകുന്ന ഘടകങ്ങൾ എന്തെല്ലാമാണ്?
മുൻനിരയിലെ 4 കോമ്പല്ലുകളാണ് കടുവയുടെ പ്രധാന ആയുധം. കഴുത്തിലോ തലയ്ക്കു പിന്നിലോ ഈ പല്ല് ആഴ്ന്നിറങ്ങി രക്തം നഷ്ടപ്പെട്ടാണ് ഇരയ്ക്ക് പലപ്പോഴും മരണം സംഭവിക്കുക. എന്തെങ്കിലും അപകടത്തിലോ വയസ്സായോ ഈ പല്ലുകൾ നഷ്ടപ്പെട്ടാൽ അതോടെ കടുവയുടെ ഇരപിടിത്തം നിലയ്ക്കും, പട്ടിണി കിടന്ന് ചാകുകയേ പിന്നെ വഴിയുള്ളൂ. ആൺകടുവ ഒറ്റയടിക്ക് ശരാശരി 40 കിലോ ഇറച്ചി വരെ അകത്താക്കും. ബാക്കിയുണ്ടെങ്കിൽ ഇലകളാൽ മൂടി പിന്നീട് ഭക്ഷിക്കും. ഒരു കടുവയ്‌ക്ക് ഏകദേശം 500 മാൻവർഗ ജീവികളെന്ന തോതിൽ ഉണ്ടെങ്കിലേ ആവശ്യത്തിനു ഭക്ഷണം ലഭിക്കൂ എന്നാണു കണക്ക്. നാട്ടിലേക്കിറങ്ങിയാലോ നരഭോജിയായാലോ വനപാലകരും ജനവും കൂട്ടത്തോടെയാണ് കടുവയെ തിരഞ്ഞിറങ്ങുക; ജനക്കൂട്ടത്തെ കാണുമ്പോൾ വലിയ ജീവി ആക്രമിക്കാൻ വരുന്നെന്ന തോന്നലിൽ കടുവ പിന്തിരിഞ്ഞോടുകയാണു പതിവ്.
വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവുമാണ് കടുവ നേരിടുന്ന ഏറ്റവും വലിയ ഭീഷണികൾ. കരുത്തിന്റെ പ്രതീകമായ ഇവയെ കീഴടക്കുന്നത് ധൈര്യത്തിന്റെ ലക്ഷണമായി പണ്ടുകാലത്ത് കരുതിപ്പോന്നു. അതോടെ അവയുടെ എണ്ണം വൻതോതിൽ കുറഞ്ഞു. 1947ൽ രാജ്യത്ത് 40,000 കടുവകളുണ്ടായിരുന്നെന്നാണ് കണക്ക്, ഇപ്പോഴത് മൂവായിരത്തിൽ താഴെയും!
1970 മുതൽ ഇന്ത്യയിൽ കടുവാവേട്ട നിരോധിച്ചിട്ടുണ്ട്.1972ൽ രാജ്യത്തെ കടുവകളുടെ എണ്ണമെടുത്തപ്പോൾ ആകെ കണ്ടെത്താനായത് 1800 എണ്ണത്തെ. ആ വർഷം കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു.1973ൽ നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ചു. തുടർന്നാണ് അവയ്ക്കായി പ്രത്യേകം കടുവാ സംരക്ഷണ കേന്ദ്രങ്ങളും (ടൈഗർ റിസർവ്) ആരംഭിച്ചത്. 1973-ൽ ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയോദ്യാനത്തിൽ തുടങ്ങി, രാജ്യത്ത് ഇന്ന് 18 സംസ്ഥാനങ്ങളിലായി 50 കടുവാ സംരക്ഷണ കേന്ദ്രങ്ങളുണ്ട്. കേരളത്തിലെ കേന്ദ്രങ്ങള്‍: പെരിയാർ, പറമ്പിക്കുളം.
ഇന്ത്യയിലെ ടൈഗർ റിസർവുകളുടെ ആകെ വിസ്തൃതി 71,000 ച.കിമീ വരും. ഏകദേശം 2 കേരളം ചേർന്നാലുള്ളത്ര! ഇന്ത്യയിലെ ഏറ്റവും വലിയ കടുവാസംരക്ഷണ കേന്ദ്രമാണ് ആന്ധ്രപ്രദേശിലെ നാഗാർജുൻ സാഗർ. ഏറ്റവും ചെറുത് മഹാരാഷ്ട്രയിലെ പെഞ്ച്. ബംഗാളിലെ ബക്സ, മിസോറമിലെ ഡംപ, ജാർഖണ്ഡിലെ പലാമു കടുവാ സംരക്ഷണ കേന്ദ്രങ്ങളിൽ നിലവിൽ ഒറ്റ കടുവകളുമില്ല. ഓരോ ടൈഗർ റിസർവിലും മനുഷ്യരെ ഒരുതരത്തിലും അനുവദിക്കാത്ത കോർ ഏരിയയും ഫോറസ്റ്റ്, നോൺ–ഫോറസ്റ്റ് പ്രദേശങ്ങൾ ചേർന്ന ബഫർ സോണുമുണ്ട്.
2018ൽ നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിൽ 93.75% നേട്ടം കൈവരിച്ചതിലൂടെ രാജ്യത്തെ ഏറ്റവും മികച്ച കടുവസങ്കേതം എന്ന ബഹുമതി പെരിയാർ ടൈഗർ റിസർവിനു ലഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച കടുവ സംരക്ഷണ പ്രവർത്തനം നടത്തുന്ന സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിനായിരുന്നു.
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ വിവരം ഉൾപ്പെടുത്തി ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പുറത്തിറക്കുന്നതാണ് റെഡ് ഡേറ്റ ബുക്ക്. അതിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഒന്നാംസ്‌ഥാനത്ത് കടുവയാണ്. മൃതദേഹത്തിൽനിന്നെടുക്കുന്ന എല്ലാ വസ്തുക്കളുടെയും കരിഞ്ചന്തയിലെ വില കണക്കാക്കിയാൽ ഒരു കടുവയ്ക്ക് 20–40 ലക്ഷം രൂപ വില വരും! കടുവകളുടെ ശരീരഭാഗങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്ധവിശ്വാസങ്ങളുണ്ട്. അവയിൽ പ്രധാനം അവ ചില രോഗങ്ങൾക്കു പരിഹാരമാണെന്നതാണ്. കടുവകളുടെ ശരീരഭാഗങ്ങളും അവ ഉപയോഗിച്ച് പരിഹരിക്കാമെന്നു പറയപ്പെടുന്ന രോഗങ്ങളും എന്തെല്ലാമാണ്? (ഒന്നോർക്കണം, ഇതിലൊന്നു പോലും ഇന്നേവരെ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല)
കടുവവേട്ട ലോകമെമ്പാടും നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും ചൈന, തയ്‌വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ്, യുകെ എന്നിവിടങ്ങളിൽ ഈ മൃഗവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെന്നാണ് എൻവയോണ്മെന്റൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ റിപ്പോർട്ട്.
ചൈനീസ് ഭാഷയിൽ ‘രാജാവ്’ എന്നെഴുതുന്നതിന്റെ അതേ ആകൃതിയിലാണ് കടുവയുടെ നെറ്റിയിലുള്ള വരകളെന്നാണു പറയപ്പെടുന്നത്. അതിനാൽത്തന്നെ കടുവകൾ ചൈനയിൽ രാജകീയ ആഡംബരത്തിന്റെ ലക്ഷണമാണ്. കടുവയുമായി ബന്ധപ്പെട്ടതെല്ലാം പൊന്നുംവില കൊടുത്തും വാങ്ങുന്നതിനാൽ കാട്ടുകൊള്ളക്കാരുടെ പ്രധാന വിപണിയുമാണു ചൈന.
ഏറ്റവും കൂടുതൽ കടുവകളുള്ളത് ഇന്ത്യയിലാണ്– ലോകത്തിലെ ആകെ കടുവകളുടെ 80%. റോയൽ ബംഗാൾ കടുവകളാണ് ഇന്ത്യൻ കടുവകൾ എന്നറിയപ്പെടുന്നത്. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ ഇവയെ കണ്ടുവരുന്നു. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യ ഔദ്യോഗിക കടുവ സെൻസസ് ആരംഭിക്കുന്നത് 2006ലാണ്. അതു പ്രകാരം നിലവിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം മധ്യപ്രദേശാണ്–526. രാജ്യത്തെ 28ൽ 11 സംസ്ഥാനങ്ങളിലും കടുവകളില്ല.
കടുവകളെ വേട്ടക്കാരിൽനിന്നു രക്ഷിക്കാൻ ടൈഗർ പ്രൊട്ടക്‌ഷൻ ഫോഴ്സ് ഉൾപ്പെടെ രൂപീകരിച്ചു നടത്തിയ ശ്രമങ്ങൾ അരനൂറ്റാണ്ടിനോടടുക്കുമ്പോൾ ഫലം കണ്ടതായാണ് ഇന്ത്യയിലെയും കേരളത്തിലെയും കണക്കുകൾ സൂചിപ്പിക്കുന്നത്.
1978ൽ ഇന്ത്യയിലെ പത്താമത്തെ കടുവാസംരക്ഷണ കേന്ദ്രമായാണ് പെരിയാർ ടൈഗർ റിസർവ് പ്രഖ്യാപിച്ചത്, 2010ൽ 38-ാമത്തെ സംരക്ഷണ കേന്ദ്രമായി പറമ്പിക്കുളവും. 2018ലെ കണക്കെടുപ്പ് പ്രകാരം പെരിയാറിൽ 30–35, പറമ്പിക്കുളത്ത് 25–30 എന്നിങ്ങനെ കടുവകളുണ്ട്. പക്ഷേ വയനാട് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലാണ് കൂടുതൽ കടുവകൾ: 80–85 എണ്ണം
ഭക്ഷ്യശൃംഖലയുടെ ഏറ്റവും ഉയർന്നസ്ഥാനത്തുള്ള കടുവയാണു വനത്തിലെ സസ്യാഹാരികളായ വലിയ സസ്തനികളുടെ എണ്ണം നിയന്ത്രിച്ചുനിർത്തുന്നത്. അതുവഴി മാംസാഹാരികളും സസ്യാഹാരികളുമായ ജീവികളുടെ എണ്ണത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്താനും അങ്ങനെ ആ ജൈവവ്യവസ്ഥ തകരാതിരിക്കാനും വലിയ സംഭാവന നൽകുന്നുണ്ട് കടുവകൾ. അങ്ങനെ നോക്കുമ്പോൾ മനുഷ്യന്റെ നിലനിൽപിനും കടുവകൾ വലിയപ്രാധാന്യം വഹിക്കുന്നു. ആ യാഥാർഥ്യം ഒരിക്കലും മറക്കാതിരിക്കാം നമുക്ക്. ഒപ്പം കടുവാവേട്ടയ്ക്കെതിരെ കൈകോർക്കുകയും ചെയ്യാം...