ചൈനീസ് സൈനികരെ അപേക്ഷിച്ച് യുദ്ധമുൾപ്പെടെയുള്ള സംഘർഷങ്ങളിൽ പങ്കെടുത്തതിന്റെ അനുഭവസമ്പത്തിൽ ഇന്ത്യൻ സൈനികർ മുന്നിലാണ്. പടിഞ്ഞാറൻ അതിർത്തിയിൽ പാക്കിസ്ഥാനെതിരെ വർഷം മുഴുവൻ പോരാടുന്നവരാണ് അവർ. പ്രാണവായു പോലും ദുർലഭമായ സിയാച്ചിനിലെ പ്രവർത്തന പരിചയവുമുണ്ട്. മലനിരകളിലെ യുദ്ധ സാഹചര്യങ്ങളിൽ മിടുക്കർ. ജമ്മു കശ്മീരിലെ ഭീകരർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികൾ എന്നിവർ സൃഷ്ടിക്കുന്ന സംഘർഷ സാഹചര്യങ്ങൾ നിരന്തരം നേരിടുന്നവരുമാണവർ. മറുവശത്ത് സൈനിക അഭ്യാസങ്ങളിലൂടെ മാത്രം ആർജിച്ച അനുഭവസമ്പത്തേ ചൈനയുടെ പട്ടാളക്കാർക്കുള്ളൂ.
വുഹാനിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ അതിർത്തിയിലേക്ക് മണിക്കൂറുകൾകൊണ്ട് സൈന്യത്തെ എത്തിക്കുന്ന വിഡിയോ ചൈന പുറത്തിറക്കിയിരുന്നു. പക്ഷേ ചൈന ഒരു കാര്യം മറന്നു; സമതല പ്രദേശമായ വുഹാനിൽനിന്ന് 14,000 അടി ഉയരത്തിലേക്ക് സേനാംഗങ്ങളെ മണിക്കൂറുകൾകൊണ്ടെത്തിച്ചാൽ അവർ കുഴഞ്ഞു വീഴും. എതിരാളിയെ മാനസികമായി സമ്മർദത്തിലാക്കുന്ന ചൈനയുടെ സൈക്കോളജിക്കൽ ഓപറേഷൻ മാത്രമായിരുന്നു അത്. യഥാർഥ യുദ്ധസമയത്ത് ഇതൊന്നും നടപ്പിലാകില്ലെന്നു ചുരുക്കം.