നിയമത്തിന്റെ പഴുതുകളിലൂടെ...
പ്രതികളെ തൂക്കിലേറ്റണമെന്നു ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 തീയതികളിൽ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും വിവിധ ഹർജികൾ പരിഗണനയിലായിരുന്നതിനാൽ റദ്ദാക്കേണ്ടിവന്നു. വധശിക്ഷയിൽനിന്നു രക്ഷപ്പെടാൻ രാജ്യാന്തര നീതിന്യായ കോടതിയെ വരെ പ്രതികൾ സമീപിച്ചെങ്കിലും രക്ഷയുണ്ടായില്ല. അഭിഭാഷകർ തെറ്റിദ്ധരിപ്പിച്ചു, കേന്ദ്ര–സംസ്ഥാന സർക്കാരുകളും അമിക്കസ് ക്യൂറിയും ഗൂഢാലോചന നടത്തി, നിർഭയ കൊല്ലപ്പെടുമ്പോൾ പ്രതി പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല, സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകാത്ത വിധം വിനയ് ശർമയ്ക്ക് സ്കിസോഫ്രീനിയ പിടിപെട്ടു തുടങ്ങി പല അടവുകളും വിവിധ കോടതികളിൽ പ്രതികൾ പയറ്റിയെങ്കിലും ഒന്നും ഫലിച്ചില്ല. തിരുത്തൽ ഹർജികളും പുനഃപരിശോധനാ ഹർജികളുമെല്ലാം സുപ്രീംകോടതിയും തള്ളി. അവസാനത്തെ പ്രതിയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളിയതോടെ മാർച്ച് 5ന് അന്തിമ മരണ വാറന്റ്– വധശിക്ഷ മാർച്ച് 20ന് നടപ്പാക്കണം. ദയാഹർജി തള്ളി 14 ദിവസത്തിനു ശേഷമാകണം വധശിക്ഷയെന്ന ചട്ടപ്രകാരമായിരുന്നു ഈ തീയതി. മാർച്ച് 20നു പുലർച്ചെ വരെ രക്ഷ തേടി പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം.