ലോകത്തിലെ ഏറ്റവും ബൃഹത്തായതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ കോവിഡ് വാക്സിനേഷനെ വിശേഷിപ്പിച്ചത്. ജനുവരി മുതൽ ജൂലൈ വരെയുള്ള 5 ഘട്ടത്തിൽ വാക്സീൻ ലഭിക്കുക 30 കോടി പേർക്ക്! കോവിഡ് മുന്നണിപ്പോരാളികളായ 3 കോടി പേർക്കായിരിക്കും ഒന്നാം ഘട്ടത്തിൽ സൗജന്യ വാക്സീൻ. കേരളത്തിൽ ആദ്യഘട്ടം റജിസ്റ്റർ ചെയ്തിരിക്കുന്നത് 3.6 ലക്ഷത്തോളം പേർ. എങ്ങനെയാണ് നമ്മുടെ വാക്സീൻ സംഭരണവും വിതരണവും?
ബ്രിട്ടിഷ്– സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനകയ്ക്കു വേണ്ടി ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ് എന്ന വൈറൽ വെക്‌ടർ വാക്സീനാണ് ഇന്ത്യയിലും കേരളത്തിലും ജനുവരി 16ന് വിതരണം ചെയ്യുക. മനുഷ്യ ശരീര കോശങ്ങളിലേക്ക് നിരുപദ്രവകാരിയായ മറ്റു വൈറസുകള്‍ വഴി (വെക്ടർ) കോവിഡിനു കാരണമാകുന്ന സാർസ്–കോവ്–2 വൈറസിന്റെ ജനിതക വസ്തുവിനെ കടത്തിവിട്ട് രോഗ പ്രതിരോധത്തിനായുള്ള ആന്റിബോഡി ഉൽപാദനത്തിന് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ പ്രേരിപ്പിക്കുന്നതാണ് ഈ വാക്സീൻ.
വാക്സീന് ഗുരുതര പാർശ്വഫലമില്ല, പനി, തടിപ്പ് തുടങ്ങിയ നേരിയ ലക്ഷണങ്ങൾക്കു മാത്രം സാധ്യത.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സീൻ ‘കോവാക്സീൻ’ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള അനുമതിയും (എമർജൻസി ഓതറൈസേഷൻ) ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നൽകിയിട്ടുണ്ട്. ഇതു നൽകാൻ ഗുണഭോക്താവിന്റെ പ്രത്യേകാനുമതിയും തുടർനിരീക്ഷണവും വേണമെന്നതിനാൽ ആദ്യഘട്ടത്തിൽ കോവിഷീൽഡ് മാത്രമായിരിക്കും നൽകുക.
ഇതുവരെ റജിസ്റ്റർ ചെയ്തവർ | 3,68,866 |
വിതരണ കേന്ദ്രങ്ങൾ | 133 |
എറണാകുളം | 12 |
തിരുവനന്തപുരം | 11 |
കോഴിക്കോട് | 11 |
മറ്റു 11 ജില്ലകളിൽ | 9 വീതം |
ഒരു കേന്ദ്രത്തിൽ പ്രതിദിനം വാക്സീൻ ലഭിക്കുക: 100 പേർക്ക്
സംസ്ഥാനത്ത് പ്രതിദിനം ആകെ വാക്സീൻ ലഭിക്കുക:
13,300 പേർക്ക്
സർക്കാർ മേഖലയിലെ അലോപ്പതി, ആയുഷ് ആരോഗ്യ കേന്ദ്രങ്ങളും സ്വകാര്യ ആശുപത്രികളുമാണ് കുത്തിവയ്പ് കേന്ദ്രങ്ങൾ. ഓരോ കേന്ദ്രത്തിനും പ്രത്യേക ഫാർമസിസ്റ്റ്. ഡോക്ടർമാർക്കും വാക്സിനേറ്റർമാർക്കും ഉൾപ്പെടെ പരിശീലനം പൂർത്തിയായി. ജനുവരി രണ്ടിനും എട്ടിനുമായി നടത്തിയ ഡ്രൈ റണും വിജയകരം.
യഥാർഥ വാക്സീൻ ഉപയോഗിക്കാതെ നടത്തുന്ന മോക്ക് ഡ്രിൽ അഥവാ സാങ്കൽപിക വാക്സിനേഷൻ. വാക്സീൻ നൽകുന്നതൊഴികെ ബാക്കിയെല്ലാ നടപടിക്രമങ്ങളും പരിശോധിക്കും. കോൾഡ് സ്റ്റോറേജുകളിലെ സൗകര്യങ്ങൾ, അവിടെനിന്ന് വിതരണ കേന്ദ്രത്തിലേക്ക് വാക്സീൻ എത്തിക്കൽ, ആൾക്കൂട്ട നിയന്ത്രണം, കേന്ദ്രത്തിന്റെ കോവിൻ സോഫ്റ്റ്‌വെയറിൽ ഡേറ്റ അപ്‌ലോഡ് ചെയ്യുന്നത് തുടങ്ങിയവയെല്ലാം പരിശോധിക്കും. വാക്സീൻ വിതരണത്തിൽ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് യഥാർഥ വിതരണ ദിവസത്തിനുള്ളിൽ വേണ്ട മാറ്റം വരുത്തി എല്ലാം കൃത്യമായി നടപ്പാക്കുകയെന്നതാണു ലക്ഷ്യം. വിതരണത്തിന്റെ ഓരോ ഘട്ടത്തിലെയും പ്രവർത്തനം വിലയിരുത്താൻ കോ–ഓർഡിനേറ്റർമാർക്ക് അവസരവും ലഭിക്കും. കേരളത്തിൽ ബ്ലോക്ക്–ജില്ലാ തലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഡ്രൈ റൺ നടത്തി വിവരങ്ങൾ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും കൈമാറിയിരുന്നു.
ഉൽപാദന കേന്ദ്രം മുതൽ കുത്തിവയ്ക്കുന്നതുവരെ കോവിഷീൽഡ് വാക്സീന്റെ താപനില 2 മുതൽ 8 ഡിഗ്രി വരെയായി നിലനിർത്തേണ്ടതുണ്ട്. ഇത്തരത്തിൽ നിർദേശിക്കപ്പെട്ട താപനിലയിൽ വാക്സീൻ സൂക്ഷിക്കാനും ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് എത്തിക്കാനും വേണ്ടിയുള്ള സംവിധാനത്തെയാകെ പറയുന്നതാണ് കോൾഡ് ചെയിൻ അഥവാ ശീതീകരണ ശൃംഖല. ഈ ശൃംഖല കൃത്യമായി പ്രവർത്തിച്ചാൽ മാത്രമേ വാക്സീന്‍ കേടാകാതെ വിതരണത്തിന് എത്തിക്കാനാകൂ. കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ മരുന്ന് നൽകുന്നതിനുള്ള ശീതീകരണ ശൃംഖല കേരളത്തിനു നിലവിൽ സ്വന്തമായുണ്ട്. കോൾഡ് ചെയിനുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ കേന്ദ്രവും കോൾഡ് പോയിന്റുകൾ എന്നാണറിയപ്പെടുക. കേരളത്തിലെ കോവിഡ് കോൾഡ് ചെയിനിൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് എന്തെല്ലാമാണ്?
സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുണെയിലെ ഉൽപാദന കേന്ദ്രത്തിൽനിന്ന് വിമാനത്താവളത്തിലേക്ക് വാക്സീനെത്തുന്നു. താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ ക്രമീകരിക്കാവുന്ന കൂൾ ചേംബറുകൾ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം സജ്ജം.
മുംബൈയിൽനിന്ന് ജനുവരി 13ന് വ്യോമമാർഗം വലിയ കോൾഡ് ബോക്സുകളില്‍ വാക്സീൻ തിരുവനന്തപുരം, കോച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലെ സംഭരണ കേന്ദ്രങ്ങളിലെത്തിച്ചു.
വളരെ കുറഞ്ഞ കാലയളവിലേക്ക് താപനില ക്രമീകരിച്ച് സൂക്ഷിക്കാൻ സഹായിക്കുന്ന ഇൻസുലേറ്റഡ് കണ്ടെയ്നറുകളാണ് കോൾഡ് ബോക്സുകൾ. കൂളന്റ് ജെൽ പാക്കുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ഇവയിൽ തണുപ്പ് നിലനിർത്തുക.
വിമാനത്താവളത്തിലെ സംഭരണ കേന്ദ്രങ്ങളിൽനിന്ന് തണുപ്പ് ക്രമീകരിച്ച ഇൻസുലേറ്റഡ് വാനുകളിൽ 3 ജില്ലയിലെയും മേഖലാ വാക്സീൻ കേന്ദ്രങ്ങളിലേക്ക്.
മേഖലാ വാക്സീൻ കേന്ദ്രങ്ങളിൽനിന്ന് വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക്. കോഴിക്കോട് നിന്ന് 1100 ഡോസ് പുതുച്ചേരിയിലേക്കും അയയ്ക്കും.
ജില്ലാ വാക്സീൻ കേന്ദ്രങ്ങളിൽ വാക്ക്–ഇൻ കൂളറിലോ ഐസ് ലൈൻഡ് റഫ്രിജറേറ്ററിലോ (ഐഎൽആർ) സൂക്ഷിക്കും.
പേരുപോലെത്തന്നെ അകത്തേക്കു കയറാവുന്ന തരം കൂളറാണ് വാക്ക്–ഇൻ കൂളർ. ഇവയ്ക്ക് നിശ്ചിക വലുപ്പവും അകത്ത് നിശ്ചിത തണുപ്പും നിർദേശിച്ചിട്ടുണ്ട്.
ജില്ലാ വാക്സീൻ കേന്ദ്രങ്ങളിൽനിന്ന് വിവിധ വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സീനെത്തിക്കും. കേരളത്തിലാകെ 133 വിതരണ കേന്ദ്രങ്ങൾ. അവിടെയും ഐസ് ലൈൻഡ് റഫ്രിജറേറ്ററിലാണ് സൂക്ഷിക്കുക.
കോൾഡ് ചെയിനിലെ നിർണായക ഘടകമാണ് ഐഎല്‍ആർ. 2 മുതൽ 8 ഡിഗ്രി സെൽഷ്യസിൽ വാക്സീൻ സൂക്ഷിക്കുന്നതിനാണ് ഇതുപയോഗിക്കുക. വൈദ്യുതി ബന്ധം തടസ്സപ്പെട്ടാലും നിശ്ചിത സമയത്തേക്ക് താപനിലയിൽ മാറ്റം വരാത്ത സംവിധാനങ്ങളും ഇതിലുണ്ടാകും.
വിതരണ ദിവസം വാക്സീൻ കാരിയറിലേക്കു മാറ്റിയായിരിക്കും വിതരണ മുറിയിലേക്ക് എത്തിക്കുക. 2-8 ഡിഗ്രി സെൽഷ്യസിൽ മാറ്റം വരാത്തവിധം ഇൻസുലേറ്റ് ചെയ്യപ്പെട്ട ചെറുബോക്സുകളാണ് ഇവ. കൂളന്റ് ജെൽ പാക്കുകൾ, ഐസ് പായ്ക്കുകൾ എന്നിവ ഉൾപ്പെടെ ഉപയോഗിച്ചായിരിക്കും ഇതിൽ തണുപ്പ് നിലനിർത്തുക.
രാവിലെ 9 മുതൽ 5 വരെയാണ് വാക്സിനേഷൻ സമയം.18 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണ് വാക്സീന് അനുമതി. മുൻകൂർ റജിസ്റ്റർ ചെയ്യാത്തവർക്ക് വാക്സീൻ ലഭിക്കില്ല. റജിസ്റ്റർ ചെയ്തവർക്ക് വാക്സീൻ കേന്ദ്രം, ദിവസം, സമയം എന്നിവ അറിയിച്ച് മൊബൈലിൽ സന്ദേശം നൽകും. സർക്കാർ അംഗീകൃത രേഖ ഹാജരാക്കണമെന്നും ഓർമിപ്പിക്കും. മൊബൈൽ ഇല്ലാത്തവരെ നേരിട്ട് അറിയിക്കും. ആദ്യ ഡോസ് സ്വീകരിച്ച ശേഷം അടുത്ത ഡോസ് എന്നാണ് എടുക്കേണ്ടതെന്ന സന്ദേശവും എത്തും.
വാക്സീൻ കേന്ദ്രത്തിൽ 3 മുറികൾ. ഇവയിൽ ഒരു ഭാഗത്തുകൂടി പ്രവേശിക്കുന്നവർ മറു ഭാഗത്തുകൂടി പുറത്തുപോകണം (പിപിഇ കിറ്റ് ധരിച്ച ട്രയൽ റണിലെ ചിത്രങ്ങളാണ് താഴെ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ യഥാർഥ വാക്സിനേഷന് പിപിഇ കിറ്റ് ധരിക്കേണ്ടതില്ല)
ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസത്തിനു ശേഷം രണ്ടാം ഡോസും എടുക്കണം. ആദ്യം സ്വീകരിച്ച അതേ വാക്സീൻ തന്നെയാണ് രണ്ടാമതും ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കണം. വാക്സീന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ വാക്സിനേഷൻ വിവരങ്ങൾ ഉൾപ്പെടുത്തിയ ക്യുആർ കോഡ് സഹിതമുള്ള സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് മൊബൈലിൽ എത്തും. സർക്കാരിന്റെ ഡോക്യുമെന്റ് സ്റ്റോറേജ് ആപ്പായ ഡിജിലോക്കറിലും ഇത് (digilocker.gov.in) സൂക്ഷിക്കാം. വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് നമ്പർ: 104, കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ദിശ നമ്പർ: 1075
ഓരോ കുപ്പിയിലും 5 മില്ലിലീറ്റർ വാക്സീനുണ്ടാകും; 10 ഡോസിനു തുല്യം. ഇതിൽനിന്ന് ഒരു ഡോസാണ് സ്വീകരിക്കുക. വാക്സീൻ വയൽ മോണിട്ടർ (വിവിഎം) പരിശോധിച്ചാൽ വാക്സീൻ കേടായോ എന്നു മനസ്സിലാക്കാം.
ഓരോ കുപ്പിയിലും 5 മില്ലിലീറ്റർ വാക്സീനുണ്ടാകും; 10 ഡോസിനു തുല്യം. ഇതിൽനിന്ന് ഒരു ഡോസാണ് സ്വീകരിക്കുക. വാക്സീൻ വയൽ മോണിട്ടർ (വിവിഎം) പരിശോധിച്ചാൽ വാക്സീൻ കേടായോ എന്നു മനസ്സിലാക്കാം.
വാക്സീൻ കുപ്പികളിലോ അടപ്പിലോ കുപ്പിക്കഴുത്തിലോ പതിക്കുന്ന ലേബലാണിത്. ഒരു വൃത്തത്തിനു നടുവിൽ ചതുരാകൃതിയിൽ വെളുത്ത നിറം കാണാം. വാക്സീന് അനുവദിച്ചതിനേക്കാൾ അധികം താപനിലയേൽക്കുമ്പോൾ നടുവിലെ ചതുരത്തിന്റെ നിറം മാറിക്കൊണ്ടിരിക്കും. ഒടുവിൽ വൃത്തത്തിന്റെ നിറവും ചതുരത്തിന്റെ നിറവും ഒന്നായാൽ വാക്സീൻ ഉപയോഗിക്കരുതെന്നർഥം. ചതുരത്തിലെ നിറം വൃത്തത്തിലെ നിറത്തേക്കാൾ കൂടിയാലും ഉപയോഗിക്കരുത്. ഈ ഘട്ടത്തിൽ കാലാവധി കഴിഞ്ഞിട്ടില്ലെങ്കിൽ പോലും വാക്സീൻ ഉപയോഗശൂന്യമാണ്.
ഏറ്റവുമാദ്യം ഏതു വാക്സീൻ ഡോസ് ഉപയോഗിക്കാമെന്ന് കണ്ടെത്താനും വിവിഎം ഉപയോഗിക്കാം. ചതുരവും വൃത്തവും തമ്മിലുള്ള നിറം കുറഞ്ഞുകൊണ്ടിരിക്കുന്ന വാക്സീൻ ആദ്യം ഉപയോഗിക്കുകയാണ് സാധാരണ ചെയ്യുക.
ആദ്യഘട്ടത്തിൽ നൽകുന്ന മുൻഗണനാ വിഭാഗക്കാർക്ക് സൗജന്യം. കമ്പനികളിൽനിന്നു വാക്സീൻ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്കു കൈമാറും. ആദ്യത്തെ 10 കോടി ഡോസിന് 200 രൂപ വീതം വില ഈടാക്കാനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം.
വ്യക്തികൾക്കു സ്വന്തം നിലയിൽ വാക്സീൻ വാങ്ങാൻ അൽപം കൂടി കാത്തിരിക്കേണ്ടി വരും. സ്വകാര്യ ഉപയോഗത്തിന് 1000 രൂപ വരെ ഈടാക്കിയേക്കാം. നിലവിൽ സർക്കാർ സംവിധാനത്തിലൂടെ മാത്രമാണ് വാക്സീൻ ലഭിക്കുക. ഏപ്രിലോടെ സ്വകാര്യ മേഖലയിലും വാക്സീൻ ലഭ്യമായിത്തുടങ്ങുമെന്നാണു സൂചന. പണം നൽകിയാൽ വാക്സീൻ നൽകാമെന്നതടക്കമുള്ള വ്യാജ പ്രതിരോധങ്ങളെ കരുതിയിരിക്കണം.
കോവിഡ് വാക്സീൻ നിർബന്ധിതമാക്കില്ലെങ്കിലും എടുക്കുന്നതാണ് ഉചിതമെന്നു സർക്കാർ വ്യക്തമാക്കുന്നു. സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകൾക്കു രോഗം വന്നുപോയതിലൂടെയോ വാക്സീൻ നൽകുന്നതിലൂടെയോ (മൊത്തം ജനസംഖ്യയിൽ 70% പേർക്കെങ്കിലും) ആന്റിബോഡി രൂപപ്പെടുമ്പോഴാണ് ഹേഡ് ഇമ്യൂണിറ്റി (സമൂഹ പ്രതിരോധശേഷി) ഉണ്ടാകുന്നത്.
കോവിഡ് വാക്സീൻ നിർബന്ധിതമാക്കില്ലെങ്കിലും എടുക്കുന്നതാണ് ഉചിതമെന്നു സർക്കാർ വ്യക്തമാക്കുന്നു. സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകൾക്കു രോഗം വന്നുപോയതിലൂടെയോ വാക്സീൻ നൽകുന്നതിലൂടെയോ (മൊത്തം ജനസംഖ്യയിൽ 70% പേർക്കെങ്കിലും) ആന്റിബോഡി രൂപപ്പെടുമ്പോഴാണ് ഹേഡ് ഇമ്യൂണിറ്റി (സമൂഹ പ്രതിരോധശേഷി) ഉണ്ടാകുന്നത്.
രണ്ടു രീതിയിലൂടെയും കൂടുതൽ ആളുകൾ പ്രതിരോധശേഷി കൈവരിക്കുന്നതോടെ വൈറസ് വ്യാപന സാധ്യതയും പിന്നാലെ രോഗവ്യാപനവും കുറയും. കോവിഡ് വാക്സീൻ നൽകുന്നതു പ്രധാനമായും ഈ പരോക്ഷ പ്രതിരോധം ലക്ഷ്യമിട്ടാണ്. എന്നാൽ വാക്സീനെടുത്താലും സാമൂഹിക അകലവും മാസ്ക് ഉപയോഗവും തുടരണമെന്ന് വിദഗ്ധർ നിര്‍ദേശിക്കുന്നു. കോവിഡ് ബാധിതരായിരിക്കുമ്പോഴോ ലക്ഷണങ്ങൾ ഉള്ളപ്പോഴോ വാക്സീൻ എടുക്കരുത്. രോഗം ഭേദമായി രണ്ടാഴ്ചയ്ക്കു ശേഷം സ്വീകരിക്കാം.
രാജ്യത്തെ 20% പേർക്കെങ്കിലും വാക്സീൻ ലഭ്യമാകുന്നതോടെ കോവിഡിനെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ശക്തമാകുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ പ്രതീക്ഷ. ആ പ്രതീക്ഷയുടെ ചിറകിലേറി സെപ്റ്റംബർ–ഒക്ടോബർ മാസത്തോടെ രാജ്യത്തെ എല്ലാവർക്കും വാക്സീൻ ലഭ്യമാകുമെന്നും കരുതുന്നു. അതിനുള്ള രൂപരേഖയും തയാറായിക്കൊണ്ടിരിക്കുകയാണ്. ‘മഹാമാരി അവസാനിക്കുന്നതായി സ്വപ്നം കാണാൻ തുടങ്ങിക്കോളൂ...’ എന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം ഇനി നമുക്കും ഏറ്റെടുക്കാമെന്നർഥം.