കോവിഡ് സാഹചര്യത്തിൽ ഇന്നേവരെയില്ലാത്ത നിയന്ത്രണങ്ങളാണ് ഇത്തവണ ടോക്കിയോ ഒളിംപിക്സിൽ. ഇന്നേവരെയില്ലാത്ത ചില കായിക ഇനങ്ങളും നമുക്ക് ഇത്തവണ കാണാം. പരിചയപ്പെടാം, ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലെ ആ നാല് ‘നവാഗതരെ...’
കോവിഡ് സാഹചര്യത്തിൽ ഇന്നേവരെയില്ലാത്ത നിയന്ത്രണങ്ങളാണ് ഇത്തവണ ടോക്കിയോ ഒളിംപിക്സിൽ. ഇന്നേവരെയില്ലാത്ത ചില കായിക ഇനങ്ങളും നമുക്ക് ഇത്തവണ കാണാം. പരിചയപ്പെടാം, ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലെ ആ നാല് ‘നവാഗതരെ...’
തെരുവുപിള്ളേരുടെ കളിയെന്ന് ഒരു കാലത്ത് കളിയാക്കി വിളിച്ചിരുന്ന സ്കേറ്റ്‌ബോർഡിങ്ങാണ് ഒടുവിൽ ഒളിംപിക്സിലേക്കെത്തിയിരിക്കുന്നത്. ചക്രങ്ങൾ ഘടിപ്പിച്ച സ്കേറ്റ്ബോർഡിൽ കാലുകൾ നിയന്ത്രിച്ച് അഭ്യാസപ്രകടനം നടത്തുന്ന ഈ കായിക ഇനത്തിന് ടോക്കിയോയിൽ 2 വിഭാഗങ്ങളിലായാണു മത്സരം.
‘ഡോം’ ആകൃതിയിലുള്ള, കൃത്യമായൊരുക്കിയ ട്രാക്കിലൂടെയായിരിക്കും മത്സരം. എത്രമാത്രം ഒറിജിനാലിറ്റിയുണ്ട്, ബുദ്ധിമുട്ടേറിയ ട്രിക്കുകൾ എത്രത്തോളമുണ്ട് എന്നിവ പരിശോധിച്ചായിരിക്കും വിധികർത്താക്കൾ വിജയിയെ തീരുമാനിക്കുക.
(സ്കേറ്റ് ബോർഡിങ് പാർക്ക് വിഭാഗം മത്സരത്തിന്റെ ട്രാക്ക് മാതൃക)
പേരുപോലെത്തന്നെ ഒരു സ്കേറ്റ്പാർക്കിന്റെ എല്ലാ ‘പരുക്കന്‍’ സ്വഭാവവുമുള്ള ഇടത്തായിരിക്കും മത്സരം. പടിക്കെട്ടുകൾ, കൈവരികൾ തുടങ്ങി യഥാർഥ സ്കേറ്റ്പാർക്കിലെ ഘടകങ്ങളെല്ലാം കൃത്രിമമായി ഒരുക്കും. ഇവയിലൂടെ സ്കേറ്റ് ബോർഡിലൂടെ പാഞ്ഞ്, നിശ്ചിതസമയത്തിനുള്ളിൽ എത്രമാത്രം മികച്ച പ്രകടനം പുറത്തെടുക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കും വിജയം. പുരുഷ–വനിതാവിഭാഗങ്ങളിലായി മത്സരമുണ്ട്.
(സ്കേറ്റ് ബോർഡിങ് സ്ട്രീറ്റ് വിഭാഗം മത്സരത്തിന്റെ ട്രാക്ക് മാതൃക)
1970 മുതൽ ശ്രമം നടക്കുന്നുണ്ട് കരാട്ടെയെ ഒളിംപിക്സിൽ കായിക ഇനമായി ഉൾപ്പെടുത്താൻ. ഒടുവിൽ കരാട്ടെയുടെ ജന്മനാടെന്നു കരുതുന്ന ജപ്പാനിൽ നടക്കുന്ന ഒളിംപിക്സിൽതന്നെ ആദ്യമായി ഈ ആയോധനകല മത്സര ഇനമായി ഇടംപിടിച്ചിരിക്കുന്നു. പുരുഷന്മാരുടെയും വനിതകളുടെയും മത്സരങ്ങൾക്കു രണ്ടു വിഭാഗമുണ്ട്. 1) കാട്ട-അഭ്യാസികൾ തങ്ങളുടെ കരാട്ടെ പ്രകടനം വിധികർത്താക്കൾക്കു മുന്നിൽ അവതരിപ്പിക്കും. പ്രയോഗിക്കുന്ന ടെക്നിക്കുകളുടെ അടിസ്ഥാനത്തിൽ വിജയിയെ തിരഞ്ഞെടുക്കും. 2) കുമിത്തേ-മത്സരാർഥികൾ തമ്മിൽ ഏറ്റുമുട്ടി വിജയിയെ തിരഞ്ഞെടുക്കും. പ്രതിയോഗിയെ നേരിടാനുള്ള ടെക്നിക്കുകളാണ് ഇതിൽ മാനദണ്ഡമാവുക.
സർഫിങ് ബോർഡിലേറിച്ചെന്ന് തിരമാലകളെ കീഴ്‌പ്പെടുത്തുന്നവർ വിജയികളാകുന്ന മത്സരം. ജപ്പാനിലെ സുരിഗസാകി ബീച്ചിലെ തിരമാലകളെ വകഞ്ഞുമാറ്റി സർഫിങ് ബോർഡിൽ കുതിച്ചു പായുന്ന സാഹസികരാകും മത്സരത്തിലെ പ്രധാന ആകർഷണം. പുരുഷ, വനിതാ വിഭാഗങ്ങളിൽ മത്സരമുണ്ടാകും. ആദ്യഘട്ടത്തിൽ ഹീറ്റ്‌സ്. തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർഥികൾ പരസ്പരം ഏറ്റുമുട്ടും. നോക്കൗട്ട് റൗണ്ടിനൊടുവിൽ വിജയിയെ തിരഞ്ഞെടുക്കും. ആർക്കും കാലാവസ്ഥയുടെ ആനുകൂല്യം ലഭിക്കാതിരിക്കാൻ താരങ്ങളെല്ലാം പരസ്പരം മത്സരിക്കേണ്ടി വരും. തിരകളുടെ സ്വഭാവമനുസരിച്ചു മത്സരസമയത്തിൽ മാറ്റംവരും; ആവശ്യമെങ്കിൽ ഇന്നത്തെ മത്സരത്തിന്റെ ബാക്കി നാളെ നടത്താമെന്നു ചുരുക്കം.
കരുത്ത്, ശരീരവഴക്കം, മുന്നേറാനുള്ള കഴിവ്, ടെക്നിക്കുകൾ പ്രയോഗിക്കാനുള്ള ശേഷി എന്നിവയെല്ലാം ഒത്തു ചേർന്നാൽ സ്പോർട് ക്ലൈംബിങ്ങില്‍ വിജയം കൈപ്പിടിയിലൊതുക്കാം. കുത്തനെ ഉറപ്പിച്ച പ്രതലത്തിലൂടെ വേഗത്തിൽ മുകളിലേക്കു കയറിപ്പോകുന്ന കായിക വിനോദമാണിത്. കയറുന്നതിന് സഹായിക്കാൻ പ്രതലത്തിൽ പല ഘടകങ്ങളും ഘടിപ്പിച്ചിട്ടുണ്ടാകും.
(സ്പോർട് ക്ലൈംബിങ് വേദിയുടെ മാതൃക)
സ്പീഡ്, ബോൾഡറിങ്, ലീഡ് എന്നീ 3 വിഭാഗങ്ങളിലായി പുരുഷ–വനിതാ വ്യക്തിഗത മത്സരങ്ങളാണു നടത്തുക. മികച്ച സ്കോർ സ്വന്തമാക്കുന്നവർക്ക് ജയം. ഒരേ പ്രതലത്തിലാണു മത്സരമെന്നതിനാൽ ഒരാളുടെ കയറ്റം മറ്റൊരാൾക്കു കാണാൻ കഴിയില്ല. അങ്ങനെ കാണുന്നതു കയറ്റത്തിൽ ഗുണം ചെയ്യുമെന്നതിനാലാണു നിയന്ത്രണം.
ബെയ്ജിങ് ഒളിംപിക്സിനു ശേഷം വേദി വിട്ട സോഫ്റ്റ്ബോളും ബേസ്ബോളും മടങ്ങിയെത്തുന്നെന്ന പ്രത്യേകതയുമുണ്ട് ടോക്കിയോ ഒളിംപിക്സിൽ. യുഎസിൽ ഉൾപ്പെടെ ഏറെ പ്രചാരത്തിലുള്ള ബേസ്ബോൾ 1992ലാണു മെഡൽ ഇനമായി ഒളിംപിക്സിൽ ഉൾപ്പെടുത്തിയത്. എന്നാൽ, 2008നുശേഷം ഒഴിവാക്കി. ബേസ്‌ബോളിനു സമാനമായ സോഫ്റ്റ്ബോൾ ഒരു മത്സരയിനമായി ഒളിംപിക്സിലേക്കെത്തുന്നത് 1996ലെ ഗെയിംസിലാണ്. ബേസ്‌ബോളിനെക്കാൾ കുറച്ചുകൂടി വലിയ പന്തുപയോഗിച്ച് ഇൻഡോറിലാണു സോഫ്റ്റ്ബോൾ കളിക്കുന്നത്. 2008നു ശേഷം അതും ഒഴിവാക്കി. ഒളിംപിക് ബേസ്ബോളിൽ പുരുഷ ടീമുകൾ മാത്രമേയുള്ളൂ; സോഫ്റ്റ്ബോളിൽ വനിതാ ടീമുകളും. ടോക്കിയോയിൽ പുതുതായുള്ള നാലിനങ്ങളിൽ കരാട്ടെ ഒഴികെയുള്ള മത്സരങ്ങൾ 2024ലെ പാരിസ് ഒളിംപിക്സിലുമുണ്ടാവും.