സന്താൾ ഗോത്രവർഗത്തിൽ നിന്നാണ് ഇന്ത്യയുടെ 15-ാം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വരവ്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ആയുധമെടുത്തു പോരാടിയതിന്റെ കഥ പറയാനുണ്ട് ദ്രൗപദിയുടെ പൂർവികർക്ക്. തോക്കും പീരങ്കിയുമായി വന്ന ബ്രിട്ടിഷ് സൈന്യത്തെ അമ്പും വില്ലും കുറുവടിയും കല്ലുംകൊണ്ട് നേരിട്ട പോരാട്ടവീര്യത്തിന്റെ ചരിത്രമാണത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവേളയിൽ അറിയാം, ഇന്ത്യയുടെ സ്വന്തം സന്താൾ വീരന്മാരുടെയും ധീരവനിതകളുടെയും കഥ..
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്നു നാം പഠിച്ചിട്ടുള്ളത് 1857ലെ പോരാട്ടത്തെക്കുറിച്ചാണ്. എന്നാൽ അതിലും മുൻപേതന്നെ, 1855ൽ ബ്രിട്ടിഷുകാർക്കെതിരെ ഒരു വൻ പോരാട്ടം നടന്നിട്ടുണ്ട്.. സ്വന്തം മണ്ണിൽ ജീവിക്കുന്നതിന് ബ്രിട്ടിഷുകാർക്കും ജമീന്ദാർമാർക്കും കരം കൊടുക്കേണ്ടി വന്ന ഒരു ജനതയുടെ പ്രതികരണമായിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഗോത്ര വിഭാഗമായ സന്താളുകളുടെ ചോരയുടെ മണമുള്ള പോരാട്ടക്കഥ.
1700കളിൽനിന്ന് തുടങ്ങുന്നു ആ ചരിത്രം. അന്ന് ബംഗാളിലെ ബിർഭൂമിൽ ജീവിച്ചിരുന്ന സന്താളുകളെ ജമീന്ദാര്‍മാർ സന്താൾ പർഗന എന്ന മേഖലയിലേക്കു മാറ്റി. ഇന്നത്തെ ജാർഖണ്ഡിലായിരുന്നു ഈ പ്രദേശം. കുന്നിൻപ്രദേശത്തെ കാടു വെട്ടിത്തെളിച്ച് ജീവിക്കാനായിരുന്നു നിർദേശം. പക്ഷേ കാടു വെട്ടിത്തെളിച്ച് താമസം ആരംഭിച്ചതോടെ ഭൂവുടമകൾ ഭൂമിക്ക് വൻ തുക കരം ഏർപ്പെടുത്തി. കരം ഒടുക്കാനായില്ലെങ്കിൽ ജന്മികളുടെ കൃഷിസ്ഥലത്ത് അടിമപ്പണി ചെയ്യണമെന്ന അവസ്ഥ! അതു വരെ ബാർട്ടർ സമ്പ്രദായത്തിലൂടെയായിരുന്നു സന്താളുകളുടെ ജീവിതം. എന്നാൽ ഇടപാടിന് പണം ഉപയോഗിക്കേണ്ട രീതി ബ്രിട്ടിഷുകാർ ഏർപ്പെടുത്തിയതോടെ ജന്മികളുടെ മുന്നിൽ എന്നും കൈനീട്ടേണ്ട അവസ്ഥയായി സന്താളുകൾക്ക്. ബ്രിട്ടിഷ് സർക്കാരും ജന്മികൾക്കൊപ്പമായിരുന്നു.
ഇന്നത്തെ ജാർഖണ്ഡിലെ സാഹേബ് ഗഞ്ച്, പഖൂർ, ഗോദ്ധ എന്നീ ജില്ലകൾ ചേർന്ന പ്രദേശമായിരുന്നു ദാമിൻ ഇ ഖോ. 1830 കളിൽ അന്നത്തെ ബംഗാൾ പ്രസിഡൻസിയിൽ പെടുന്ന പല വനപ്രദേശങ്ങളിൽ നിന്നും സന്താൾ ഗോത്രക്കാരെ ആ പ്രദേശത്തേയ്ക്ക് പുനരധിവസിപ്പിച്ചു. എന്നാൽ ബ്രിട്ടിഷുകാരും, ജമീന്ദാർമാരും ചേർന്ന് അവരെ പല രീതിയിലും കഷ്ടപ്പെടുത്തി. കൊള്ളപ്പലിശയ്ക്ക് വായ്പ കൊടുത്ത്, തിരിച്ചടയ്ക്കാൻ കഴിയാത്ത വിധത്തിൽ പലരെയും കുടുക്കി. അവരുടെ വസ്‌തുവകകൾ പിടിച്ചെടുക്കുകയും അടിമകളാക്കുകയും ചെയ്തു. പതിറ്റാണ്ടുകളോളം നീണ്ട ഇത്തരം അടിച്ചമർത്തലാണ് സന്താളുകൾക്കിടയിൽ വിപ്ലവത്തിന്റെ ആദ്യ വിത്തിട്ടത്.
സന്താൾ ഗോത്രത്തിലെ ഉപവിഭാഗങ്ങളിലൊന്നായ മുർമു വിഭാഗത്തിലെ സഹോദരങ്ങളായ കനുവും സിദ്ധോയുമാണ് ബ്രിട്ടിഷ് നികുതി സമ്പ്രദായത്തിനും ജന്മിമാരുടെ ചൂഷണത്തിനുമെതിരെയുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചത്. 1855 ജൂൺ 30നായിരുന്നു അത്. പ്രത്യേകരീതിയിൽ മടക്കിയ ഇല എല്ലാവർക്കും അയച്ച് സന്ദേശം കൈമാറുന്ന ‘ധർവക്’ എന്ന ഗോത്ര ആശയവിനിമയ രീതിയിലൂടെ പതിനായിരത്തോളം പേരെ കനുവും സിദ്ധോയും വിളിച്ചു ചേർത്തു. മറ്റ് സഹോദരങ്ങളായ ഛന്ദും ഭൈരവും സഹോദരിമാരായ ഫുലോയും ജാനോയും ഒപ്പം ചേർന്നു. അതോടെ കൂടുതൽ വനിതകളും പോരാട്ടത്തിനായി ആയുധമെടുത്തൊരുങ്ങി.
ബ്രിട്ടിഷുകാർക്ക് നികുതിയോ ജന്മിമാര്‍ക്ക് പണമോ നൽകാതെ അതിനോടകം സന്താൾ വിഭാഗക്കാർ സമാന്തര ഭരണം ആരംഭിച്ചിരുന്നു. അതോടൊപ്പമായിരുന്നു ബ്രിട്ടിഷുകാരെ ലക്ഷ്യമിട്ട് കൽക്കട്ടയിലേക്കുള്ള യാത്ര. സന്താളുകൾക്കൊപ്പം മറ്റു ഗോത്രവിഭാഗക്കാരും താഴ്‍ന്ന വിഭാഗക്കാരുമെല്ലാം ചേർന്നു.
അതിനിടെ ബംഗാളിലെ പഞ്ച്കാട്ടിയയിൽ വച്ച് ഹർമ ദേശ്മാഞ്ചി എന്ന സന്താൾ തലവനെ അറസ്റ്റ് ചെയ്തു. അതോടെ പോരാട്ടം കനത്തു. നേരിടാനെത്തിയ പൊലീസുകാരെയെല്ലാം സന്താളുകള്‍ തുരത്തിയോടിച്ചു. ബ്രിട്ടിഷ് സൈന്യത്തിലെ ഒരു വിഭാഗത്തെയും തോൽപിച്ചുവിട്ടു. അറുപതിനായിരത്തോളം പേരുണ്ടായിരുന്നു ആ സമയത്തു സംഘത്തിലെന്നാണു ചരിത്രം പറയുന്നത്.
സന്താൾ മുന്നേറ്റം തുടരുന്നതിനിടെ 1855 നവംബറിൽ ബ്രിട്ടിഷ് സര്‍ക്കാർ പട്ടാളനിയമം പ്രഖ്യാപിച്ചു. തോക്കുകളും പീരങ്കികളുമായി ബ്രിട്ടിഷ് പട്ടാളവുമിറങ്ങി. തീതുപ്പുന്ന തോക്കുകൾക്കും പീരങ്കിപ്പടയ്ക്കും മുന്നിൽ അധികനാൾ പിടിച്ചു നിൽക്കാൻ സന്താളുകൾക്കായില്ല. പതിനായിരക്കണക്കിനു പേരാണ് പോരാട്ടത്തിൽ രക്തസാക്ഷികളായത്. സന്താളുകളുടെ കുടിലുകളെല്ലാം സൈന്യം ആനകളെ ഉപയോഗിച്ച് തകർത്തു. സിദ്ധോയും കനുവും വീരമൃത്യു വരിച്ചു.
സന്താൾ പോരാട്ടത്തെക്കുറിച്ച് അന്ന് വിഖ്യാത സാഹിത്യകാരൻ ചാൾസ് ഡിക്കെൻസ് തന്റെ ‘ഹൗസ്‌ഹോൾഡ് വേഡ്സ്’ എന്ന ആഴ്ചപ്പതിപ്പിൽ ഇങ്ങനെ എഴുതി:
സന്താളുകളുടെ ആ ഐതിഹാസിക പോരാട്ടം പക്ഷേ വെറുതെയായില്ല. 1876ൽ സന്താൾ പർഗന ടെനൻസി ആക്ട് സർക്കാർ പാസാക്കി. ഗോത്ര വിഭാഗക്കാരുടെ ഭൂമി ഗോത്രവിഭാഗക്കാർ അല്ലാത്തവർക്കു കൈമാറരുതെന്നായിരുന്നു ആക്ടിലൂടെ നിർദേശിച്ചത്. അനേകായിരങ്ങളുടെ ചോര വീഴ്ത്തി സന്താൾ വീരന്മാർ നേടിയെടുത്തതായിരുന്നു അത്. ഇടറാത്ത മനോധൈര്യത്തിനു മുന്നിൽ ബ്രിട്ടിഷ് ഭരണകൂടം മുട്ടുമടക്കിയ പോരാട്ടമായി ഇന്നും ഇന്ത്യൻ ചരിത്രത്താളുകളിൽ സന്താൾ വീരരുടെ പോരാട്ടംനിറഞ്ഞു നിൽക്കുന്നു.