This website is only viewable in Portrait mode,
please rotate your mobile

അഭിമാന ചന്ദ്രയാൻ

ഐഎസ്ആർഒയുടെ അഭിമാന നേട്ടം; ചന്ദ്രനെത്തൊട്ടുരുമ്മി ഇന്ത്യയുടെ സ്വന്തം ചന്ദ്രയാൻ 2

ഐഎസ്ആർഒയുടെ അഭിമാന നേട്ടം; ചന്ദ്രനെത്തൊട്ടുരുമ്മി
ഇന്ത്യയുടെ സ്വന്തം ചന്ദ്രയാൻ 2

ചന്ദ്രയാൻ 2 ലാൻഡർ ഇറങ്ങുന്നതിവിടെ

ചന്ദ്രയാൻ-1

 • ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യം പറന്നുയർന്നത് പിഎസ്എൽവി–11 റോക്കറ്റിൽ 2008 ഒക്ടോബർ 22ന്; 11 പേലോഡ് (ഇന്ത്യയുടെ 5, ബാക്കി മറ്റു രാജ്യങ്ങളുടെ)
 • 2008 നവംബർ 14ന് മൂൺ ഇംപാക്റ്റ് പ്രോബ് മാതൃപേടകത്തിൽ നിന്നു വേർപെട്ട് ചന്ദ്രോപരിതലത്തിൽ, ദക്ഷിണധ്രുവത്തിൽ ഷാക്ക്‌ൽടൻ വിള്ളലിനടുത്ത് ഇറങ്ങി. ചാന്ദ്രമണ്ണിലെ ജലാംശത്തിന്റെ സാന്നിധ്യം, ചന്ദ്രനിലെ ധ്രുവങ്ങളിൽ ഐസിന്റെ രൂപത്തിലുള്ള ജലസാന്നിധ്യം എന്നിവയെക്കുറിച്ച് വിവരങ്ങൾ ലഭ്യമാക്കി. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ വിതരണം, അന്തരീക്ഷം, ഹീലിയം–3ന്റെ സാന്നിധ്യം എന്നിവ സംബന്ധിച്ച വിവരങ്ങളും ചാന്ദ്രഗർത്തങ്ങളുടെയും പർവതങ്ങളുടെയും വിസ്മയ ദൃശ്യങ്ങളും ഭൂമിയിലെത്തിച്ചു
 • 2009 ഓഗസ്റ്റ് 29ന് പേടകവുമായുള്ള ബന്ധം നഷ്ടമായി. എന്നാൽ ചന്ദ്രോപരിതലത്തിന് 200 കി.മീ. മുകളിലായി ചന്ദ്രയാൻ ചന്ദ്രനെ ചുറ്റുന്നുവെന്ന് പിന്നീട് നാസ കണ്ടെത്തി.

ചന്ദ്രയാൻ 1 യാത്രാവഴി

ഭൂമി
ചന്ദ്രയാന്റെ വിക്ഷേപണം
ക്യാപ്ചർ ഓർബിറ്റ് 1000കിമീ
ഫൈനൽ ഓർബിറ്റ് 100 കിമീ
ട്രാൻസ്ഫർ ഓർബിറ്റ്
1 ലക്ഷം കി.മീ
എർത്ത് പാർക്കിങ് ഓർബിറ്റ് 36000 (ആദ്യ ഭ്രമണ പഥം)
ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക്

ചന്ദ്രയാൻ–2

ഐഎസ്ആർഒ ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും സങ്കീർണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യം. നിർമിച്ചത് ബെംഗളൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിൽ. പേടകത്തിൽ 13 പേലോഡ്. ലക്ഷ്യമിടുന്നത്: ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ജലത്തിന്റെ സാന്നിധ്യം, ചാന്ദ്രമണ്ണിന്റെയും പാറകളുടെയും രാസഘടന, ധാതുക്കൾ, ജലകണികകൾ തുടങ്ങിയവയെക്കുറിച്ചുള്ള പഠനം; ചന്ദ്രോപരിതലത്തിലുള്ള ഹീലിയം 3 നിക്ഷേപം അളക്കൽ.

ലോഞ്ചർ

പേടകത്തെ വഹിച്ചത് ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി) ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റ് എംകെ ത്രീ (മാർക്ക് 3) എം1. 4000 കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റിന്റെ വിളിപ്പേര് ‘ഐഎസ്ആർഒയുടെ ബാഹുബലി’. ഇതു യാത്രയുടെ മൂന്നു ഘട്ടത്തിൽ ഉപയോഗിച്ചത്:

 • എസ്2000 സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ
 • എൽ110 ലിക്വിഡ് സ്റ്റേജ്
 • സി25 അപ്പർ സ്റ്റേജ്

ചന്ദ്രയാൻ 2 ഘടകങ്ങൾ

ഓർബിറ്റർ

പേടകത്തിലെ ഓർബിറ്ററിൽ നിന്ന് ലാൻഡർ സെപ്റ്റംബർ രണ്ടിനു ബഹിരാകാശത്ത് ‘ബന്ധം’ വിച്ഛേദിച്ചു. ഓർബിറ്റർ ചന്ദ്രനെ ഒരു വർഷത്തിലേറെ വലംവയ്ക്കും. ഇതിലെ പരീക്ഷണ ഉപകരണങ്ങൾ:

 • ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാൻ ടെറെയ്ൻ മാപ്പിങ് ക്യാമറ 2
 • ധാതുപഠനത്തിന് കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്സ്–റേ സ്പെക്ട്രോമീറ്റർ
 • സൂര്യനിൽ നിന്നുള്ള എക്സ്റേ വികിരണങ്ങളെപ്പറ്റി പഠിക്കാൻ സോളർ എക്സ്റേ മോണിറ്റർ
 • ചന്ദ്രന്റെ അന്തരീക്ഷഘടനയെക്കുറിച്ച് പഠിക്കാൻ ‘ചേസ് 2’
 • റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ചന്ദ്രനെ സ്കാൻ ചെയ്യാൻ സിന്തറ്റിക് അപ്പർചർ റഡാർ
 • ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാൻ ഇമേജിങ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ
 • ലാൻഡറും റോവറും ഇറങ്ങുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്താൻ ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറ

‘വിക്രം’ ലാൻഡർ

ചന്ദ്രയാൻ 2ന്റെ സുപ്രധാനഭാഗം. ആയുസ്സ് ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസം). ബെംഗളൂരുവിലെ ബൈലാലുവിലുള്ള ഇന്ത്യൻ ഡീപ് സ്പെയ്സ് നെറ്റ്‌വർക്കുമായും (ഐഡിഎസ്എൻ) ഓർബിറ്ററുമായും റോവറുമായും ബന്ധം പുലർത്തും. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ സ്മരണയിൽ വിക്രം എന്നു പേര്. ചന്ദ്രയാൻ ഒന്നിലെ മൂൺ ഇംപാക്റ്റ് പ്രോബ് ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നു. എന്നാൽ ചന്ദ്രയാൻ 2 ലാൻഡറിന് നാലു കാലിൽ പറന്നിറങ്ങുന്ന ‘സോഫ്റ്റ് ലാൻഡിങ്’ രീതിയാണ്.

പരീക്ഷണ ഉപകരണങ്ങൾ:

 • ചന്ദ്രനിലെ കമ്പനങ്ങളെക്കുറിച്ച് (മൂൺ ക്വേക്ക്സ്) പഠിക്കാൻ ഇൻസ്ട്രമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി (ഇൽസ)
 • ചന്ദ്രോപരിതലത്തിലെ താപനില അളക്കാൻ സർഫസ് തെർമോഫിസിക്കൽ എക്സ്പിരിമന്റ്
 • ഉപരിതലത്തിലെ പ്ലാസ്മയുടെ സാന്ദ്രത അളക്കാൻ ലാങ്മ്യൂർ പ്രോബ്
 • നാസയുടെ ലേസർ റെട്രോറിഫ്ലക്ടർ അറേ (എൽആർഎ)

‘പ്രഗ്യാൻ’ റോവർ

പ്രഗ്യാനെന്നാൽ സംസ്കൃതത്തിൽ ‘അറിവ്’ എന്നർഥം. ചന്ദ്രയാൻ–1ൽ റോവർ ഉണ്ടായിരുന്നില്ല. 6 ചക്രം; സെക്കന്റിൽ 1 സെന്റിമീറ്ററാണ് റോവറിന്റെ സഞ്ചാരം, ആകെ 500 മീ. സഞ്ചരിക്കാനുള്ള ശേഷി. ചന്ദ്രോപരിതലത്തിൽ 150– 200 മീ. വരെ സഞ്ചരിക്കും. ആയുസ്സ് ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസം). പ്രവർത്തനം സൗരോർജത്തിൽ. ലാൻഡറുമായി മാത്രം ആശയവിനിമയം. ചന്ദ്രോപരിതല ഘടനയെക്കുറിച്ച് ആഴത്തിലുള്ള പഠനം ലക്ഷ്യം.

  പരീക്ഷണ ഉപകരണങ്ങൾ:

 • ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്)
 • ആൽഫ പാർട്ടിക്ക്ൾ ഇൻഡ്യൂസ്ഡ് എക്സ്–റേ സ്പെക്ട്രോസ്കോപ് (എപിഎക്സ്എസ്)

ചാന്ദ്രയാൻ 2 ആദ്യഘട്ട
യാത്ര ഇങ്ങനെ:

ചന്ദ്രനിലെ മുൻദൗത്യങ്ങളുടെയും
ചന്ദ്രയാൻ 2–ന്റെയും ലാൻഡിങ് കേന്ദ്രങ്ങൾ

ലൂണ
അപ്പോളോ
സർവേയർ
റേഞ്ചർ
ചന്ദ്രയാൻ 2

ചന്ദ്രയാൻ 2 യാത്രാവഴി

ജൂലൈ 22നു ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം അഞ്ചു തവണ പേടകത്തിന്റെ ഭൂഭ്രമണപഥം ഉയർത്തൽ നടന്നു. ഓഗസ്റ്റ് 14നു ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നു പേടകം ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഓഗസ്റ്റ് 20നു ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. പിന്നീട് 5 തവണ ചാന്ദ്രഭ്രമണപഥം താഴ്ത്തി. സെപ്റ്റംബർ ഒന്നിന് ചന്ദ്രന്റെ ഏറ്റവുമടുത്ത് 114 കിലോമീറ്ററും ഏറ്റവുമകലെ 128 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലെത്തി.

എർത്ത് പാർക്കിങ് ഓർബിറ്റ് 170x40400കി.മീ (ആദ്യ ഭ്രമണപഥം)
ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക്

ഓർബിറ്ററിനോട്‌
യാത്ര പറഞ്ഞ് ലാൻഡർ

ഓർബിറ്ററിൽ നിന്ന് ലാൻഡർ സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്കു വേർപെട്ടു. സെപ്റ്റംബർ മൂന്നിന് രാവിലെ ചന്ദ്രന്റെ കൂടുതൽ അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാൻഡറിനെ മാറ്റി. നാലിനു പുലർച്ചെ ചന്ദ്രനു 35 കിമീ മുകളിലുള്ള ഭ്രമണപഥത്തിൽ ലാൻഡറെത്തി.

'സോഫ്റ്റായി' ചന്ദ്രനിലേക്ക്...

സെപ്റ്റംബർ 7നു പുലർച്ചെ 1.55നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം മാർസിനസ് സി, സിംപെലിയസ് എൻ വിള്ളലുകൾക്കിടയിൽ ലാൻഡർ പറന്നിറങ്ങുക. അതിനു മുന്നോടിയായി വിക്രം ലാൻഡർ സ്വയം എൻജിൻ ഡീബൂസ്റ്റ് ചെയ്തു വേഗം കുറയ്ക്കും. പിന്നീട് ദക്ഷിണധ്രുവം സൂക്ഷ്മമായി സ്കാൻ ചെയ്യും. ലാൻഡിങ്ങിനുള്ള കുന്നും കുഴിയും ഇല്ലാത്ത സുരക്ഷിത സ്ഥലം സ്വയം കണ്ടുപിടിച്ചതിനു ശേഷം സോഫ്റ്റ്‌ലാന്‍ഡിങ്. അക്ഷാംശം 70.9 ഡിഗ്രി തെക്കും 22.7 ഡിഗ്രി കിഴക്കുമായാണ് ലാൻഡിങ്. ഇവിടെ ഇറക്കാൻ അനുയോജ്യമായ സ്ഥലം ലഭിച്ചില്ലെങ്കിൽ അക്ഷാംശം 67.7 ഡിഗ്രി തെക്കും 18.4 ഡിഗ്രി പടിഞ്ഞാറും ലാൻഡിങ്ങിനുള്ള പദ്ധതിയും ഐഎസ്ആർഒയ്ക്കുണ്ട്. ചന്ദ്രന്റെ മധ്യരേഖയിൽ നിന്ന് തെക്കോട്ട് ഇത്രയും ദൂരം മാറി ഒരു ദൗത്യം ഇറങ്ങുക ഇതാദ്യമായിട്ടായിരിക്കും. ഇറങ്ങിയതിനു പിന്നാലെ ഭൂമിയിലേക്ക് ഓർബിറ്റര്‍ വഴി ലാൻഡറിൽ നിന്ന് ആദ്യ സന്ദേശം. അതോടെ യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമാവും.

റോവറിന്റെ യാത്ര

ചന്ദ്രനിലിറങ്ങി 4 മണിക്കൂർ കൊണ്ട് ലാൻഡറിൽ നിന്ന് റോവർ പുറത്തേക്കെത്തി പര്യവേഷണം തുടങ്ങും. റോവറിൽ നിന്ന് ലാൻഡറിലെത്തുന്ന ഗവേഷണ വിവരങ്ങൾ അവിടെ നിന്നു ഭൂമിയിലേക്ക് അയയ്ക്കുക ഓർബിറ്ററായിരിക്കും.

Read in English