നവംബർ 14. കുട്ടികളുടെ സ്വന്തം ചാച്ചാ നെഹ്റുവിന്റെ ജന്മദിനം. എത്രയോ വർഷങ്ങളായി ഈ ദിനം നാം ശിശുദിനമായി ആഘോഷിക്കുന്നു. സ്കൂളിൽ എന്തൊക്കെ പരിപാടികളാ ഉണ്ടായിരുന്നേ...
പക്ഷേ ഇത്തവണ എല്ലാം കൊറോണ എന്നു പേരായ ഒരു കുഞ്ഞൻ വൈറസ് കൊണ്ടുപോയി. ജൂൺ 1 മുതൽ ഏകദേശം 45 ലക്ഷം കുട്ടികളാണ് കേരളത്തിൽ വീടുകൾക്കു പുറത്തിറങ്ങാനാകാതെ ഒതുങ്ങിപ്പോയത്. പക്ഷേ പഠിത്തത്തിനു മാത്രം ഒരു മുടക്കവും വന്നില്ല. ഓൺലൈനായും വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ് ബെൽ ക്ലാസായും അതു കൂടെയുണ്ട്. കൊറോണക്കാലം കുട്ടികളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളിലൂടെ ഒരു കുട്ടിസഞ്ചാരം.
കുട്ടികൾക്ക് ശരാശരി 9–11 മണിക്കൂർ നേരത്തെ ഉറക്കം വേണമെന്നാണു കണക്ക്. മുൻപായിരുന്നെങ്കിൽ രാത്രി വൈകി കിടന്നാലും അതിരാവിലെ എഴുന്നേൽക്കണം, വേഗം റെഡിയാകണം,
എന്നിട്ട് സ്കൂളിലേക്ക് ഓടണം. പക്ഷേ ഇപ്പോൾ ആ ഓട്ടവും നിന്നു സ്കൂൾ ബസിന്റെ ഹോണടി ശബ്ദം കേൾക്കാനുമില്ല. സ്കൂളിലേക്കു പോകാനുള്ള സമയം ലാഭിച്ചതുകൊണ്ട് ഇത്തിരി നേരം കൂടി ഉറങ്ങാമെന്നുമായി... :)
കുട്ടികൾ ഒരു കാരണവശാലും പ്രാതൽ മുടക്കരുതെന്നാണ്. പക്ഷേ രാവിലെ സ്കൂളിലേക്കുള്ള ഒരുക്കത്തിനും ഓട്ടത്തിനുമിടയിൽ എന്തെങ്കിലും കഴിച്ചാലായെന്നായിരുന്നു ഇതുവരെ. ഇപ്പോൾ രാവിലെ സ്വസ്ഥമായിരുന്ന്
ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടം പോലെ കഴിക്കാം. പക്ഷേ വലിച്ചുവാരിത്തിന്ന് തടി കൂട്ടരുതെന്നും ഇടയ്ക്കിടെ കുഞ്ഞുകുഞ്ഞ് വ്യായാമങ്ങൾ ചെയ്യണമെന്നും ടീച്ചർ പ്രത്യേകം പറഞ്ഞിട്ടുണ്ട് :)
രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയത്ത് 20 മിനിറ്റ് വെയിൽകൊണ്ടാൽ ധാരാളം വൈറ്റമിൻ ഡി കിട്ടുമെന്നാണ് ടീച്ചർ പറഞ്ഞത്. അതായത് അതിരാവിലെ സൂര്യനിൽനിന്നു ലഭിക്കുന്നതിനേക്കാൾ അഞ്ചിരട്ടി.
പല സ്കൂളിലും മോണിങ് അസംബ്ലി മാറി നൂൺ അസംബ്ലി വരാനിരിക്കെയായിരുന്നു കൊറോണയുടെ വരവ്. രാവിലെ ‘കലപില’ കൂട്ടി മൈതാനത്ത് ഒരുമിച്ചുനിന്ന് അസംബ്ലി കൂടാൻ കൊതിയാവുന്നു. ഇപ്പോൾ വെയിലേറ്റുള്ള അസംബ്ലി ഇല്ലന്നേയുള്ളൂ ഫോണിലും
ലാപ്‌ടോപിലുമൊക്കെ ദിവസവും വോയിസ് മെസേജും വിഡിയോകളുമായി പ്രാർഥനയും പ്രിൻസിപ്പലിന്റെ സന്ദേശവുമൊക്കെ എത്തുന്നുണ്ട്.
അഖിൽ, അജു, ബിബീഷ്, ആരതി, മീനു, രമ്യ... ടീച്ചർ ഹാജർ വിളിക്കുന്നതു കേൾക്കാൻതന്നെ എന്തു രസമാ. അതിനു മറുപടിയായി ഓരോരുത്തരുടെയും പലതരത്തിലുള്ള ‘പ്രസന്റ് ടീച്ചർ’
പറച്ചിലുകളും. ഇപ്പോൾ ക്ലാസിലിരുന്നുള്ള പ്രസന്റ് പറച്ചിൽ ഇല്ലന്നേയുള്ളൂ, ടീച്ചർക്ക് രാവിലെത്തന്നെ എല്ലാവരും വാട്സാപ്പിൽ വോയിസ് മെസേജായി ‘ഹാജർ’ അയച്ചു കൊടുക്കുന്നുണ്ട്.
നേരത്തേ പലപ്പോഴും ‘ഹോം വർക്ക് ചെയ്തോ?’ എന്നു ടീച്ചർ ക്ലാസിൽ ചോദിക്കുമ്പോഴായിരിക്കും അതിനെപ്പറ്റി ആലോചിക്കുന്നതുതന്നെ. ചെയ്തില്ലെങ്കിൽ ടീച്ചർ കണ്ണുരുട്ടും. ഉത്തരം
തെറ്റിയാൽ ചിലപ്പോൾ ചീത്തയും കേൾക്കും. ഇപ്പോൾ പക്ഷേ ആരും ഹോം വർക്ക് ചെയ്യാൻ മറക്കുന്നില്ല. കുട്ടികൾ മറന്നാലും രക്ഷിതാക്കളെ മെസേജയച്ച് കൃത്യമായി ഓർമിപ്പിക്കുന്നുണ്ട് ടീച്ചർമാർ. അമ്മ വീട്ടിലുണ്ടെങ്കിൽ
അപ്പപ്പോൾത്തന്നെ ഹോം വർക്ക് ചെയ്യാം. ഇനിയിപ്പോൾ അമ്മ ജോലിക്കു പോയാലും തിരികെ വന്ന് എല്ലാ മെസേജുകളും നോക്കി കൃത്യമായി ഹോം വർക്ക് ചെയ്യിപ്പിക്കും. ഇപ്പോൾ ടീച്ചർമാരുടെ കണ്ണുരുട്ടലുമില്ല. ‘ശ്രദ്ധിക്കണം കേട്ടോ’
എന്നു മാത്രമേ പറയുന്നുള്ളൂ. അമ്മ അടുത്തുള്ളതുകൊണ്ടായിരിക്കുമോ?
എല്ലാവരും കറികൾ പരസ്പരം പങ്കുവച്ചുള്ള ആ ഉച്ചയൂണ് ഇനി എന്നു കഴിക്കാനാകും? നീനുവിന്റെ അമ്മയുണ്ടാക്കുന്ന ചെമ്മീൻ ചമ്മന്തിയും ആതിരയുടെ വീട്ടിൽനിന്നു കൊണ്ടുവരുന്ന
സ്പെഷൽ തോരനും... നാവിൽ വെള്ളമൂറുന്നുവെന്നു മാത്രമല്ല, നല്ല സങ്കടവും വരുന്നുണ്ട്. കൂട്ടുകാരെയും കാണാൻ കൊതിയാകുന്നു. പക്ഷേ ഒരു സന്തോഷമുണ്ട്, അമ്മയ്ക്കൊപ്പം അടുക്കളയിൽ കൂടി ഇപ്പോൾ പല പാചക പരീക്ഷണങ്ങളും
നടത്താൻ പറ്റുന്നുണ്ട് :)
ഉച്ചയ്ക്കും പി.ടി. ക്ലാസിലും ഇന്റർവെൽ സമയത്തുമെല്ലാം മൈതാനത്തും സ്കൂൾ മുറ്റത്തും പൊടിപാറിച്ച്, ഉല്ലസിച്ച് കളിച്ചിരുന്ന നാളുകൾ ഓർമയിൽ ഇപ്പോഴും ആർത്തുവിളിക്കുന്നുണ്ട്.
എന്തൊക്കെത്തരം കളികളായിരുന്നു! ഓട്ടവും ചാട്ടും പാട്ടും ഡാൻസുമൊക്കെയായി എത്രയെത്ര മത്സരങ്ങളുമായിരുന്നു. ഇപ്പോൾ എല്ലാം ഒറ്റയ്ക്ക് വീട്ടിനകത്തിരുന്നാണെന്നു മാത്രം :(
ടിവിയിലും മൊബൈലിലും നോക്കിയിരിക്കാതെ പോയിരുന്നു പഠിക്ക് എന്നു പറഞ്ഞിരുന്ന അമ്മയും അച്ഛനും ഇപ്പോൾ പറയുന്നു, പോയി ടിവിയും മൊബൈലും നോക്കി പഠിക്കാൻ. പഴയപോലെ സിനിമയും
കാർട്ടൂണൊന്നുമല്ല ടിവിയിൽ കാണുന്നത്. ഇപ്പോൾ ടിവിയിൽ തങ്കുപ്പൂച്ചയും മിട്ടുപ്പൂച്ചയുമൊക്കെയാണ് ടീച്ചർമാർക്കൊപ്പം പഠിപ്പിക്കാനെത്തുന്നത്.
നേരത്തെയാണെങ്കിൽ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസിലിരിക്കണം. ഇപ്പോൾ ചെറിയ ക്ലാസിലെ കുട്ടികൾക്ക് ദിവസവും 2–4 മണിക്കൂറൊക്കെയേ ക്ലാസുള്ളൂ. കംപ്യൂട്ടർ–മൊബൈൽ സ്ക്രീനിലും ടിവിയിലും കുട്ടികൾ അധികനേരം നോക്കിയിരിക്കുന്നത് കണ്ണിന് നല്ലതല്ലത്രേ!
ക്ലാസുകൾ അവസാനിക്കുമ്പോഴുള്ള ആ മണിയടിയൊച്ച ശരിക്കും ‘മിസ്’ ചെയ്യുന്നുണ്ട്. എല്ലാവരും കൂടി ബഹളംവച്ച് പുറത്തേക്കോടുന്നതും...
പക്ഷേ ഇപ്പോൾ മണിയൊച്ചയൊന്നുമില്ല, വീട്ടിലെ ഇന്റർനെറ്റോ ടിവിയോ ഓഫാക്കിയാൽ ക്ലാസ് തീർന്നു. ആ പഴയ കൂട്ടയോട്ടമൊക്കെ കൊറോണ കൊണ്ടുപോയി :(
ഇനിയുമങ്ങു കുറേനാൾ വിലസാമെന്നൊന്നും കൊറോണേ നീ കരുതേണ്ട. നമ്മുടെ ശാസ്ത്രജ്ഞന്മാരെല്ലാം കൂടി ഒരു മരുന്നങ്ങു കണ്ടുപിടിക്കും. അപ്പോൾ നീ ഓടിയൊളിക്കുകയും ചെയ്യും. സ്കൂളു തുറക്കുമല്ലോ എന്ന് പണ്ടു വിഷമിച്ച നമ്മളൊക്കെ ഇപ്പോൾ നല്ല കുട്ടികളാ... സ്കൂളൊന്നു തുറക്കാൻ, സ്കൂളിലേക്ക് ഓടിയെത്താൻ, കൂട്ടുകാരെ കാണാൻ കാത്തിരിക്കുന്ന കുട്ടികൾ. ഇത്തവണ ശിശുദിനം കൊറോണ അങ്ങനെ കൊണ്ടുപോയിട്ടൊന്നുമില്ല. ചാച്ചാജിയുടെ വേഷം ധരിച്ച് ഫോട്ടോയെടുത്തും ചിത്രങ്ങൾ വരച്ചുമൊക്കെ നിരവധി മൽസരങ്ങൾ വിഡിയോ ക്ലാസിനിടെ ടീച്ചർമാർ പറഞ്ഞിട്ടുണ്ട്. അപ്പോൾ ശരി, എല്ലാവർക്കും ശിശുദിനാശംസകൾ.