2.40 കോടി രൂപയുടെ എ എം ജി, ജി ടി എസ്
ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസിന്റെ എ എം ജി ‘ജി ടി എസ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത് അടുത്തിടെയാണ്. കമ്പനി കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച 14—ാമതു മോഡലായ ‘എ എം ജി ജി ടി എസ്. 2.40 കോടി രൂപയാണു വാഹനത്തിന്റെ ഡൽഹി ഷോറൂമിലെ വില. 2015ലെ വേൾഡ് പെർഫോമൻസ് കാർ ഓഫ് ദ് ഇയർ, റെഡ് ഹോട്ട് ഡിസൈനിന്റെ ബെസ്റ്റ് ഓഫ് ദ് ബെസ്റ്റ് അംഗീകാരങ്ങളുടെ തിളക്കത്തോടെയാണ് ‘ജി ടി എസി’ന്റെ വരവ്.
റേസിങ് വിദഗ്ധർ രൂപകൽപ്പന ചെയ്തതെന്ന പെരുമ പേറുന്ന ‘ജി ടി എസി’ന് ഇന്ത്യയിലുള്ള ഏറ്റവും വേഗമേറിയ ‘എ എം ജി’ മോഡലെന്ന സ്ഥാനവും സ്വന്തമാണ്. രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷൻ(എഫ് ഐ എ) നടത്തുന്ന ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിലെ ഔദ്യോഗിക സുരക്ഷാ കാറും ഈ മോഡൽ തന്നെ. കാറിലെ നാലു ലീറ്റർ, വി എയ്റ്റ്, ഇരട്ട ടർബോ എൻജിന് പരമാവധി 510 ബി എച്ച് പി കരുത്തും 650 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും; നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടതാവട്ടെ വെറും 3.8 സെക്കൻഡ്. മണിക്കൂറിൽ 310 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം.
റേസ് ട്രാക്കിൽ പിറവി കൊണ്ട ചരിത്രമാണു മെഴ്സീഡിസ് ബെൻസിന്റേതെന്നു കാർ അവതരണ വേളയിൽ മെഴ്സീഡിസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോളണ്ട് ഫോൾജർ അനുസ്മരിച്ചു. കമ്പനിയുടെ ജനിതകഘടനയിലെ ഈ റേസിങ് പാരമ്പര്യത്തിനുള്ള തെളിവാണ് ‘എ എംജി ജി ടി എസ്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉടമകൾക്ക് രൂപകൽപ്പനയിൽ ഇടപെടാൻ അവസരം നൽകുന്ന ‘ഡിസൈനൊ’ പദ്ധതിയിൽ പതിനായിരത്തോളം വ്യത്യസ്ത രീതിയിലുള്ള ‘എ എം ജി ജി ടി എസ്’ സാധ്യമാണെന്നാണു മെഴ്സീഡിസ് ബെൻസിന്റെ അവകാശവാദം. കാറിന്റെ നിറക്കൂട്ടിൽ ഏഴും അപ്ഹോൾസ്ട്രിയിൽ ആറും അലോയ് വീൽ ഡിസൈനിൽ നാലും സീറ്റ് ബെൽറ്റിന്റെ നിറത്തിൽ മൂന്നും ട്രിമ്മിൽ നാലും ഓപ്ഷനൽ പാക്കേജിൽ അഞ്ചും സാധ്യതകളാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.
സുരക്ഷാ വിഭാഗത്തിൽ കൊളീഷൻ പ്രിവൻഷൻ അസിസ്റ്റ് പ്ലസ്, അഡാപ്റ്റീവ് ബ്രേക്ക്, അറ്റൻഷൻ അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, അഡാപ്റ്റീവ് ഹൈബീം അസിസ്റ്റ്, ലെയ്ൻ കീപ്പിങ് അസിസ്റ്റ് സഹിതം ലെയ്ൻ ട്രാക്കിങ് പാക്കേജ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ് എന്നിവയൊക്കെ കാറിൽ ലഭ്യമാണ്. ഇതിനു പുറമെ ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ മുൻ എയർ ബാഗ്, വിൻഡോ ബാഗ്, നീ ബാഗ്, കംബൈൻഡ് തൊറാക്സ്/പെൽവിസ് സൈഡ് എയർ ബാഗ് തുടങ്ങിയവയും കാറിലുണ്ട്.