ഇതാണ് കാര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍.....

ലോകത്തിന്റെ മുഴുവന്‍ പ്രശംസ ഏറ്റുവാങ്ങിയ ഒരു കാര്‍. വേഗതയില്‍ എന്തിനെയും കവച്ചു വെയ്ക്കുന്ന ഉഗ്രന്‍ സാങ്കേതിക മികവ്. ആരെയും ആകര്‍ഷിക്കുന്ന പുരുഷ സൗന്ദര്യം. വന്യമായ ശബ്ദത്തോടെയുള്ള കുതിച്ചു പായല്‍. ആരെയും കൊതിപ്പിക്കുന്നതാണ് എ എം ജി ജി റ്റി എസിന്റെ ഉഗ്രത. അതുകൊണ്ടാണ്, ലോകത്തെമ്പാടുമുള്ള ഓട്ടോമൊബൈല്‍ എഴുത്തുകാര്‍ ഈ കാറിനു നൂറില്‍ നൂറു നല്‍കിയത്.

കാറോട്ടക്കാര്‍ കാറോട്ടത്തിനായി നിര്‍മ്മിച്ചത് എന്ന പരസ്യവാചകത്തിനെ അന്വര്‍ത്ഥമാക്കുന്നതാണ് ജി ടി എസിന്റെ ഡിസൈനും പെര്‍ഫോമെന്‍സുമെന്നു രാജ്യന്തര റിവ്യൂകൾ പറയുന്നു. മറ്റെന്തിനെയും തകര്‍ക്കുന്നത്ര പുരുഷ സൗന്ദര്യമെന്ന് (Devastatingly handsome) വിശേഷിപ്പിച്ചു കൊണ്ടാണ് ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടുകൾ ആരംഭിക്കുന്നത്. തന്റെ മുന്‍ഗാമിയായ എസ് എല്‍ എസിനെ സ്പ്രിന്റില്‍ തോല്‍പ്പിക്കാന്‍ കഴിവുണ്ടിതിന്. ടെസ്റ്റ് ഡ്രൈവിനിടെ, രണ്ടു ടര്‍ബോ വരുന്ന നാലു ലിറ്റര്‍ V8 എന്‍ജിന്‍, ജി ടി എസിനെ വെറും മൂന്നു സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വരെ എത്തിച്ചു.

6600 RPM നു മുകളില്‍ പോലും പെര്‍ഫോം ചെയ്യാന്‍ ജി ടി എസിനു സാധിക്കും. സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് പ്ലസ്, റേസ് മോഡുകളിലെത്തുമ്പോള്‍ ജി ടി എസ് , വന്യമായ ടോര്‍ക്കോടു കൂടി അസാമാന്യം വേഗത കൈവരിക്കും. ഓഫ് റോഡ്, മൗണ്ടയ്ന്‍ ഡ്രൈവുകളില്‍ കാണിക്കുന്ന അവിശ്വസനീയമായ ഗ്രിപ്പും സ്റ്റെബിലിറ്റിയും ജിടിഎസിനെ ഏറ്റവും മികച്ച സൂപ്പര്‍ കാറുകളിലൊന്നാക്കി മാറ്റുന്നു.

മേഴ്‌സിഡസ് പോര്‍ഷെ 911-നെ മറികടക്കാന്‍ ഇറക്കിയ സൂപ്പര്‍ കാര്‍ എന്നാണ് ഇതിനുള്ള വിശേഷണം. പെര്‍ഫോമന്‍സില്‍ ജാഗ് എഫ് ടൈപ് ആര്‍, പോര്‍ഷേ 911 ടര്‍ബോ, നിസാന്‍ ജി ടി ആര്‍ തുടങ്ങിയ സൂപ്പര്‍ കാറുകളേക്കാള്‍ വേഗമേറിയ കാറാണ് ജി ടി എസ്. ജി ടി എസിന്റെ കോക്ക്പിറ്റ് മികച്ച ക്രമീകരണം കൊണ്ടും ഡ്രൈവര്‍-ഫ്രണ്ട്‌ലി ഡിസൈന്‍ കൊണ്ടും ഏറെ മികച്ചു നില്‍ക്കുന്നു. മാനുവര്‍ ഗിയര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എക്‌സോസ്റ്റ് നോയ്‌സ് തുടങ്ങിയവ വലിയ ഡൈവിങ്ങ് അനുഭവമാണ്. താഴ്ന്ന സ്പീഡില്‍ മുരളുന്ന ഒരു റൗഡിയെയും ഉയര്‍ന്ന വേഗതയില്‍ മുറിവേറ്റ കാളയേ പോലെയും സ്‌പോര്‍ട്ടി ആണ് ജി ടി എസ്. ഇതു ശരിയ്ക്കും വാഹനങ്ങളിലെ ഇതിഹാസമാണ്.

അവിശ്വസനീയമായ ഡ്രൈവിങ് എക്‌സിപീരിയൻസാണ് ജി ടി എസ് നൽകുന്നത്. ഉന്മത്തമായ (intoxicating) വേഗത, കംഫോര്‍ട്ടബില്‍ ലോങ് ഡിസ്റ്റന്‍സ് ഡ്രൈവിങ് അനുഭവം, മികച്ച ബാലന്‍സ് തുടങ്ങി ഏതു സ്‌പോര്‍ട്‌സ് കാര്‍ പ്രേമിക്കും വേണ്ട എല്ലാ സൗകര്യങ്ങളും കൃത്യമായി സംയോജിതമായ ഒന്നാണ് ജി ടി എസ് എന്നും നിസംശയം പറയാം.

© Copyright 2016 Manoramaonline. All rights reserved....