പേയ്ടിഎം മുതല്‍ ജിയോ വരെ; ടെക് വിപ്ലവങ്ങളുടെ വർഷം

ബെർളി തോമസ്

നോട്ട് പ്രതിസന്ധി മൂലം രാജ്യമെങ്ങുമുള്ള ബാങ്കുകള്‍ക്കു മുന്നില്‍ സാധാരണക്കാരായ ആളുകള്‍ വരി നിന്നു വലഞ്ഞപ്പോള്‍, രാജസ്ഥാനിലെ ഗ്രാമീണര്‍ക്കിടയില്‍ നിക്ഷേപസമാഹരണവുമായിറങ്ങിയ മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍ ഇന്ത്യയുടെ ബാങ്കിങ് രംഗത്ത് പുതിയൊരധ്യായത്തിനു തുടക്കം കുറിക്കുകയായിരുന്നു. കറന്‍സി രഹിതമായൊരു സമ്പദ് വ്യവസ്ഥയ്ക്കു വേണ്ടി നില കൊള്ളുന്ന കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളും ഒരു തരത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചപ്പോള്‍ പുതിയൊരു കാലത്തിലേക്കു വാതില്‍ തുറന്നിട്ട എയര്‍ടെലും പേയ്ടിഎമ്മും ഭാവിയുടെ വാഗ്ദാനങ്ങളായി.

മൊബൈല്‍ നമ്പര്‍ അക്കൗണ്ട് നമ്പരാക്കിക്കൊണ്ട് രാജസ്ഥാനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ടെല്‍ ആരംഭിച്ച ബാങ്കിങ്ങും ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് ഏതു ഫോണില്‍ നിന്നും പണം അയക്കാനും സ്വീകരിക്കാനും വഴിയൊരുക്കുന്ന പേയ്ടിഎമ്മിന്റെ പുതിയ സംവിധാനവും ഇന്ത്യയ്ക്ക് അനുയോജ്യമായ സാങ്കേതികവിദ്യകളിലൂടെ കറന്‍സി രഹിതസമൂഹത്തിലേക്കുളള നമ്മുടെ യാത്ര ഉറപ്പു നല്‍കുന്നു. നവംബര്‍ എട്ടിനു ശേഷം രാജ്യത്തെ സാങ്കേതികവിദ്യാരംഗത്ത് ശക്തമായ കുതിപ്പു നേടിയ ധനകാര്യ സാങ്കേതികവിദ്യ (Financial Technology) ആണ് ഈ വര്‍ഷത്തെ താരം. സ്മാര്‍ട്‌ഫോണ്‍ വില്‍പനയും കൗതുകമുണര്‍ത്തുന്ന ടെക് സംരംഭങ്ങളും വിട്ട് പണം എങ്ങനെ എടുക്കാം, എങ്ങനെ അയയ്ക്കാം, നോട്ടില്ലാതെ എങ്ങനെ ബില്ലടയ്ക്കാം, കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാം എന്നിങ്ങനെയുള്ള സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായെത്തിയ ധനകാര്യ സാങ്കേതികവിദ്യയില്‍ തന്നെയായിരിക്കും വരും വര്‍ഷവും ഇന്ത്യയില്‍ ഏറ്റവുമധികം നൂതനമായ ഇടപെടലുകളും ആവിഷ്‌കാരങ്ങളും ഉണ്ടാവുക.

സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴി വലെറ്റ് സൃഷ്ടിച്ച് ഇടപാടുകള്‍ നടത്താന്‍ അവസരമൊരുക്കിയ പേയ്ടിഎമ്മും സമാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഡസനിലേറെ ആപ്പുകളും രാജ്യത്തു പിന്നാക്കം നില്‍ക്കുന്ന ആയിരക്കണക്കിനു ഗ്രാമങ്ങളില്‍ ഒരു ചലനവുമുണ്ടാക്കുന്നില്ലെന്നു കണ്ടാണ് പേയ്ടിഎം ടോള്‍ ഫ്രീ സംവിധാനവും എയര്‍ടെല്‍ ബാങ്കും തുടക്കമിട്ടത്. മറ്റു രാജ്യങ്ങളിലെ ധനകാര്യ സാങ്കേതികവിദ്യകളുടെ തനിപ്പകര്‍പ്പായ സേവനങ്ങളില്‍ നിന്നും ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുയോജ്യമായ ഇടപെടലുകള്‍ ശ്രദ്ധ നേടുന്നതും അതിനു പിന്നിലെ സാങ്കേതികവിദ്യ പ്രാധാന്യമര്‍ഹിക്കുന്നതും അതുകൊണ്ടാണ്. മൊബൈല്‍ നമ്പര്‍ തന്നെ അക്കൗണ്ട് നമ്പരാക്കിക്കൊണ്ട് ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കുകയും ആദ്യ നിക്ഷേപത്തിലെ ഓരോ രൂപയ്ക്കും ഓരോ മിനിറ്റ് വീതം ടോക് ടൈം നല്‍കിയും എയര്‍ടെല്‍ നേട്ടം കൊയ്തപ്പോള്‍, മൊബൈല്‍ ആപ്പ് ഉപയോഗിക്കാനുള്ള പരിജ്ഞാനവും അടിസ്ഥാനസൗകര്യങ്ങളുമില്ലാത്ത ലക്ഷക്കണക്കിനാളുകളെ ഉദ്ദേശിച്ച് ടോള്‍ ഫ്രീ നമ്പര്‍ വിളിച്ച് പണമിടപാടുകള്‍ നടത്താനുള്ള സംവിധാനമൊരുക്കി പേയ്ടിഎം മികവു കാട്ടി. ആഗോളതലത്തില്‍ സ്മാര്‍ട് ടെക്‌നോളജികളും ഗാജറ്റുകളും ശ്രദ്ധ നേടിയപ്പോള്‍ ഇന്ത്യയില്‍ ധനകാര്യ സാങ്കേതികവിദ്യ തിളങ്ങാനുള്ള കാരണം അതിന്റെ ജനസ്വാധീനം തന്നെയാണ്.

പരമ്പരാഗത സാമ്പത്തിക ഇടപാടുകളെ നവീന സാങ്കേതികവിദ്യകളിലൂടെ പുനര്‍നിര്‍വചിക്കുകയും കാലോചിതമായി പരിഷ്‌കരിക്കുകയും സുരക്ഷിതമാക്കുകയുമാണ് ധനകാര്യ സാങ്കേതികവിദ്യ ചെയ്യുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള ഇടപടലുകളെക്കാള്‍ ധനകാര്യ സാങ്കേതികവിദ്യയില്‍ എന്നും മുന്നിലുള്ളത് ചെറിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തന്നെയാണ്. മികച്ച ആശയത്തിലൂടെ വലിയ വിദേശ നിക്ഷേപം സ്വീകരിക്കുന്ന ഇത്തരം സ്റ്റാര്‍ട്ട് അപ്പുകള്‍ രാജ്യത്തെ പുതിയ കാലത്തിലേക്ക് നയിക്കാന്‍ കെല്‍പുള്ളവയാണ്. പ്രധാന ബാങ്കുകളെ കോര്‍ത്തിണക്കി യുപിഐ സംവിധാനം ഒരുക്കിയും മൊബൈല്‍ ബാങ്കിങ്ങിന് ഏകീകൃത യുഎസ്എസ്ഡി സംവിധാനമൊരുക്കിയും സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമ്പോഴും പേയ്ടിഎമ്മും മറ്റു വലെറ്റുകളും ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ചൈനീസ് ഭീമനായ ആലിബാബയുടെ നിക്ഷേപമുള്ള പേയ്ടിഎം ഇന്ത്യയില്‍ നേട്ടമുണ്ടാക്കുമ്പോള്‍ പരോക്ഷമായി അതിന്റെ ഗുണം ആലിബാബയ്ക്കു കൂടിയാണ്. ബിറ്റ്‌കോയിന്‍ പോലെയുള്ള വിര്‍ച്വല്‍ കറന്‍സികളുടെ വളര്‍ച്ചയും സ്വാധീനവും ധനകാര്യസാങ്കേതികവിദ്യയുടെ പുരോഗതിയില്‍ നിര്‍ണായകമായിട്ടുണ്ട്. പരമ്പരാഗത പേപ്പര്‍ കറന്‍സിയെക്കാള്‍ ഡിജിറ്റല്‍ നാണയങ്ങള്‍ക്കും ഇടപാടുകള്‍ക്കും വിശ്വാസ്യത ഉണ്ടാവുന്നതിന് ഇത്തരം സ്റ്റാര്‍ട്ട് അപ്പുകളുടെ സാധ്യതയും പ്രാധാന്യവും വര്‍ധിപ്പിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

2016 മൊത്തമായെടുത്താല്‍ ഇന്ത്യയെ മാത്രമല്ല, ലോകത്തെയാകെ സ്വാീനിച്ച, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്ജീവിതം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുള്ളത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ്. മനുഷ്യരാശി ആയിരക്കണക്കിന വര്‍ഷങ്ങളിലെ ജീവിതത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത അറിവും അനുഭവങ്ങളും സാഹിത്യവും വിജ്ഞാനവുമെല്ലാം മനപാഠമാക്കിയ സൂപ്പര്‍ കംപ്യൂട്ടറുകള്‍ ക്ലൗഡ് സംവിധാനം വഴി എല്ലായിടത്തേക്കും എത്തുന്ന കാഴ്ച വിസ്മയകരമാണ്. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ നമുക്ക് സംസാരിച്ചു കാര്യം നടത്താവുന്ന ഗൂഗിളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായ ഗൂഗിള്‍ നൗ മുതല്‍ മണിപ്പാല്‍ ആശുപത്രിയിലെത്തുന്ന കാന്‍സര്‍ രോഗികള്‍ക്കുള്ള പ്രാഥമിക ചികില്‍സ എങ്ങനെ വേണമെന്നതിനെപ്പറ്റി ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തിന് നിര്‍ദേശം നല്‍കുന്ന ഐബിഎം വാട്‌സണ്‍ എന്ന സൂപ്പര്‍ കംപ്യൂട്ടര്‍ വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെഷീന്‍ ലേണിങ്ങിന്റെയും വളര്‍ച്ചയുടെ അടയാളങ്ങളാണ്. അനുനിമിഷം പുതിയത് പഠിക്കുകയും സ്വയം അറിവു പരിഷ്‌കരിക്കുകയും നിഷ്പക്ഷമായ തീരുമാനങ്ങളിലും നിഗമനങ്ങളിലും എത്താന്‍ സഹായിക്കുകയും ചെയ്യുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രാജ്യഭരണത്തിലും വിദ്യാഭ്യാസത്തിലും ഉള്‍പ്പെടെ മനുഷ്യീവിതത്തിലെ സമസ്ത മേഖലകളിലും ഗുണകരമായി ഇടപെടുന്ന കാഴ്ചയാണ് 2017ല്‍ നമ്മെ കാത്തിരിക്കുന്നത്. ഒരു പക്ഷെ, അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം ആളുകളുടെ ജോലി കളയാന്‍ പോകുന്ന സാങ്കേതികവിദ്യ കൂടിയായിരിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.

പോക്കിമോന്‍ ഗോ വിപ്ലവം

ഇതുവരെ കണ്ട ഗെയിമിങ് ശൈലിയും അനുഭവവും മാറ്റിമറിച്ചുകൊണ്ട്, ഓഗ്മെന്റഡ് റിയാലിറ്റിയില്‍ ഊന്നി യഥാര്‍ഥ ലോകത്തില്‍ അയഥാര്‍ഥമായ ഗെയിം കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ച് അവയെ വേട്ടയാടി മെരുക്കിയെടുക്കുന്നതിന്റെ ഹരം പകര്‍ന്നെത്തിയ പോക്കിമോന്‍ ഗോ മൊബൈല്‍ ഗെയിമിങ്ങില്‍ ഈ വര്‍ഷത്തെ താരമാണ്. ആംഗ്രി ബേഡ്‌സ് മൂവിയുടെ വരവിനെ തുടര്‍ന്ന് ആംഗ്രി ബേഡ്‌സ് ഗെയിമുകള്‍ വീണ്ടും ഉണര്‍വു നേടിയെങ്കിലും പുറത്തിറങ്ങിയ ഇടങ്ങളിലെല്ലാം പോക്കിമോന്‍ ഗോ ചരിത്രം കുറിച്ചു. ഇന്ത്യയുള്‍പ്പെടെ ഇനിയും ഭൂരിഭാഗം രാജ്യങ്ങളിലും ഗെയിം എത്തിയിട്ടില്ലെങ്കിലും പോക്കിമോന്‍ ഗോയുടെ പ്രസിദ്ധിക്കും പ്രചാരത്തിനും കുറവില്ല. 2015ല്‍ ശ്രദ്ധ നേടിയ ആംഗ്രി ബേഡ്‌സ് 2, ആള്‍ട്ടോസ് അഡ്വഞ്ചര്‍ തുടങ്ങിയ ഗെയിമുകള്‍ക്ക് ഈ വര്‍ഷം പ്രചാരം കുറഞ്ഞു. പോക്കിമോന്‍ ഗോ കഴിഞ്ഞാല്‍, ക്ലാഷ് റോയല്‍, ക്രാഷ്‌ലാന്‍ഡ്‌സ്, അഫ്‌സാള്‍ട്ട് എക്‌സ്ട്രീം, ഫിഫ 2016 തുടങ്ങിയ ഗെയിമുകളും ഈ വര്‍ഷം തരംഗമുണ്ടാക്കി.

ഫ്രീഡം മുതല്‍ ജിയോ വരെ

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടു സഹകരിച്ച് വിവിധ രാജ്യാന്തര കമ്പനികള്‍ ഇന്ത്യയില്‍ സ്വന്തമായി ഫാക്ടറി ആരംഭിച്ച വര്‍ഷമായിരുന്നു 2016. എന്നാല്‍, മേക്ക് ഇന്‍ ഇന്ത്യയെ ആഘോഷമാക്കിക്കൊണ്ട് ദില്ലി കമ്പനി പ്രഖ്യാപിച്ച 251 രൂപയുടെ ഫ്രീഡം സ്മാര്‍ട്‌ഫോണ്‍ ടെക് ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചെങ്കിലും നാണം കെടുത്തി. നാനോ കാര്‍ അവതരിപ്പിച്ച ഇന്ത്യയില്‍ നിന്ന് 251 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍ പ്രഖ്യാപിച്ചപ്പോള്‍ ലോകം വിസ്മയിച്ചു. രാജ്യാന്തര മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍, 2500 രൂപയ്ക്ക് ചൈനയില്‍ നിര്‍മിക്കുന്ന സ്മാര്‍ട്‌ഫോണാണ് 251 രൂപയ്ക്ക് വില്‍ക്കുമെന്ന് പ്രഖ്യാപിച്ച് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചതെന്നു തെളിഞ്ഞതോടെ തട്ടിപ്പു പൊളിഞ്ഞു. പിന്നാലെ, പിന്നാലെ ഫ്രീഡം കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നു തെളിഞ്ഞതോടെ ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കിക്കൊടുക്കാന്‍ സ്ഥാപകര്‍ നിര്‍ബന്ധിതരായി.
ആഗോള ടെലികോം മേഖലയിലെ തന്നെ ഏറ്റവും വലിയ നിക്ഷേപം നടത്തി റിലയന്‍സ് ജിയോ ഇന്ത്യയില്‍ തുടക്കമിട്ട 4ജി സേവനമാണ് സാങ്കേതികരംഗത്തെ മറ്റൊരു നേട്ടം. അണ്‍ലിമിറ്റഡ് കോളും എസ്എംഎസും 4ജി ഇന്റര്‍നെറ്റും ഉള്‍പ്പെടെ എല്ലാം സൗജന്യമായി നല്‍കിക്കൊണ്ട് പ്രഖ്യാപിച്ച ജിയോ നെറ്റ് വര്‍ക്ക് ആദ്യദിവസം തന്നെ ലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടി. പരിധികളില്ലാത്ത സൗജന്യ സേവനം രാജ്യത്തെ മറ്റു ടെലികോം കമ്പനികളെ പിടിച്ചുകുലുക്കി. മല്‍സരം മുറുകിയതോടെ സൗജന്യ ഓഫറുകളുടെ പ്രളയവുമായി മറ്റുള്ളവരും രംഗത്തെത്തിയതോടെ രാജ്യമെങ്ങും, നഗരമേഖളകളില്‍ പ്രത്യേകിച്ചും അണ്‍ലിമിറ്റഡ് ഡേറ്റ പുതിയ വിപ്ലവമായി.
രാജ്യത്തെ റയില്‍വേ സ്റ്റേഷുകളില്‍ സൗജന്യ വൈഫൈ നല്‍കിക്കൊണ്ട് റയില്‍ടെലുമായി സഹകരിച്ച് ഗൂഗിള്‍ ആരംഭിച്ച പദ്ധതി കൊച്ചിയും തൃശൂരും കോഴിക്കോടും ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളെ രാജ്യാന്തരനിലവാരത്തിലേക്കുയര്‍ത്തി. വൈഫൈ പദ്ധതി വിജയമായതോടെ ഗൂഗിള്‍ സ്‌റ്റേഷന്‍സ് എന്ന പേരില്‍ അതു വിപുലമാക്കി വിദ്യാലയങ്ങളലും വ്യാപാരസമുച്ചയങ്ങളിലുമെല്ലാം വൈഫൈ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍.

ഓഡിയോ ജാക്കിനു വിട

3.5 എംഎം ഓഡിയോ ജാക്ക് ഉപകരണങ്ങളോടു വിട പറഞ്ഞു തുടങ്ങിയത് ഈ വര്‍ഷമാണ്. ചില ചൈനീസ് കമ്പനികളുടെ പ്രീമിയം ഫോണുകളില്‍ നിന്ന് ആദ്യം തന്നെ പുറത്തായ ഓഡിയോ ജാക്ക് ഒഴിവാക്കി പകരം വയര്‍ലെസ് ഇയര്‍പോഡുകള്‍ അവതരിപ്പിച്ച് ആപ്പിള്‍ ഐഫോണ്‍ 7 അവതരിപ്പിച്ചതോടെ ഓഡിയോ ജാക്കിന്റെ അന്ത്യം ഏറെക്കുറെ ഉറപ്പായി. സാംസങ്ങിന്റെ അടുത്ത മോഡലായ ഗ്യാലക്‌സി എസ്8ലും 3.5 എംഎം ഓഡിയോ ജാക്ക് ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ മറ്റു കമ്പനികളെയും ഈ തീരുമാനത്തിലേക്കു നയിക്കും.

സ്മാര്‍ട്‌ഹോം

ഫോണിനു പിന്നാലെ വീട്ടുപകരണങ്ങളൊക്കെ സ്മാര്‍ട്ടായതിനെ തുടര്‍ന്ന് ഫോണിനെയും മറ്റുപകരണങ്ങളെയും എല്ലാം ഏകോപിപ്പിക്കുന്നതിനായി വിര്‍ച്വല്‍ അസിസ്റ്റന്റിനെ ഒരുപകരണമാക്കി ഗൂഗിള്‍ വീട്ടിലെത്തിച്ചതും ഈ വര്‍ഷമാണ്. ആമസോണ്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച അലക്‌സ വിര്‍ച്വല്‍ അസിസ്റ്റന്റ് പോലെ തന്നെയാണ് ഗൂഗിള്‍ ഹോം എന്ന ആട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ അസിസ്റ്റന്റിന്റെ പ്രവര്‍ത്തനം. ഉപകരണത്തിനടുത്തേക്കു വരാതെ വീട്ടിനുള്ളില്‍ നിന്ന് ഒരു വ്യക്തിയോടെന്ന പോലെ ഗൂഗിള്‍ ഹോമിനോട് നമ്മുടെ ആവശ്യങ്ങള്‍ പറയാം. അസിസ്റ്റന്റ് എല്ലാം അനുസരണയോടെ ചെയ്യും.

© Copyright 2017 Manoramaonline. All rights reserved....
ഞാനും എന്റെ സോഷ്യൽ മീഡിയയും
ആനയെ ശർക്കരയിൽ കയറ്റിയ ഗോവിന്ദൻ വൈദ്യർ!