ആനയെ ശർക്കരയിൽ കയറ്റിയ ഗോവിന്ദൻ വൈദ്യർ!

ജിക്കു

കോട്ടയത്തിനടുത്ത് ഭരണങ്ങാനത്ത് ചാലയിൽ കോരൻ മകൻ ഗോവിന്ദൻ വൈദ്യർ പരമ്പരാഗതമായി ആനകളെ ശർക്കരയുണ്ടയിൽ കയറ്റുന്നു. തലമുറകളായി കൈമാറപ്പെട്ടു വന്ന ഈ അത്ഭുത ജാലവിദ്യ, ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഉപയോഗപ്പെടുന്നു എന്നാണു ഗോവിന്ദൻ വൈദ്യർ അവകാശപ്പെടുന്നത്."

കഥകളുണ്ടാക്കുന്നതിൽ മലയാളിയെക്കഴിഞ്ഞേ ആളുള്ളു. "ഇനി ഒരു മൈക്കും ഒരു സൈക്കിളും എടുത്തോണ്ട് ഞാൻ ഇറങ്ങാൻപോവാ.. രവീന്ദ്രാ തന്നേം തന്റെ മോളെയും ഈ നാട്ടിൽ നാറ്റിച്ചില്ലെങ്കിൽ എന്റെ പേര് തന്റെ പട്ടിക്ക് താനിട്ടോ" എന്നും പറഞ്ഞിട്ട് ലുങ്കി മടക്കിക്കുത്തി പോയ നാരായണന്റെ നാടാണിത്. കടത്തിണ്ണകളിൽ നിന്നു ഫെയ്സ്ബുക് വരാന്തകളിലേക്ക് കാലം മാറിയതോടെ കഥകൾ പുതിയ രൂപത്തിലായി. പണ്ട് തൃശൂരുകാരൻ കുഞ്ഞുമോൻ തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിൽ ഹൃദ്രോഗചികിത്സ കഴിഞ്ഞ് തിരികെ നാട്ടിലെത്തിയപ്പോൾ കഥകൾ കേൾക്കാൻ ആളുകൾ ചുറ്റുംകൂടി. നാട്ടിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യ വ്യക്തിയെന്ന ഗമയിൽ കക്ഷി സംഭവം വിവരിച്ചതിങ്ങനെ "പിള്ളേച്ചാ, ഒരു മെഷീന്റെ ഉള്ളിലേക്ക് കടത്തിവിടും, ഉടനെ മെഷീൻ ഉച്ചത്തിൽ വിളിച്ചുപറയുവാണ് ഹാർട്ടാ,ഹാർട്ടാ ന്ന്, ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ". ഹാർട്ട് പരിശോധിക്കുന്ന ഒരു മെഷീനുണ്ടെന്നും അതിലൂടെ കടത്തിവിടുമ്പോൾ രോഗമുണ്ടെങ്കിൽ അത്യുച്ചത്തിൽ ഹാർട്ട്, ഹാർട്ട് എന്നുവിളിച്ചുപറയുമെന്നും വിശ്വസിച്ച് ആ നാട്ടുകാർ പിന്നെയും കഴിഞ്ഞു മൂന്നു വർഷങ്ങൾ!

വ്യാജവാർത്തയും സമൂഹമാധ്യമങ്ങളും

ഇത്തരം ഗുണ്ടുകഥകൾ പുതിയകാലത്ത് ചെലവാകണമെങ്കിൽ ഇത്ര പുളിക്കുമെന്ന് പിള്ളേച്ചനും കുഞ്ഞുമോനും ഒരുപോലെ സമ്മതിക്കും, പക്ഷേ സംഗതിയൊന്നു മിനുക്കിപ്പൊരിച്ച് മൊത്തത്തിൽ ഒരു 'ആംബിയൻസ്' തോന്നിപ്പിച്ചാൽ ഏതു പുളുവും വാട്ട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും സുഖമായി വിൽക്കാം. ദേശീയഗാനത്തിന് യുനെസ്കോ അവാർഡ് ലഭിച്ചെന്നും പഞ്ചസാരയിൽ എല്ലുപൊടിയുണ്ടെന്നും അഞ്ചുതലയുള്ള പാമ്പുണ്ടെന്നുമൊക്കെ വിശ്വസിച്ചാണ് പലരുടെയും ഇരിപ്പ്. ഏറ്റവുമധികം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ട വർഷമെന്ന ഖ്യാതിയും 2016 ന് സ്വന്തമാണ്. കറൻസിയിൽ ജിപിഎസ് സംവിധാനമുള്ള ചിപ്പ്, റേഡിയോ ആക്ടീവ് രാസവസ്തു എന്നിങ്ങനെ കഥകൾക്ക് പഞ്ഞമുണ്ടായിരുന്നില്ല.
കഥകൾ കൂടിയതുകൊണ്ടാവണം വ്യാജ വാർത്തകൾ തടയാനായി ഫെയ്സ്ബുക് നിർണായകമായ കഴിഞ്ഞ വർഷം നടത്തിയതും. സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകളുടെ പ്രചാരത്തിന് തടയിടേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് സൂചിപ്പിക്കുന്നതാണ് ഫാക്ട് ചെക്കർ എന്ന പുതിയ സംവിധാനം. ഗൂഗിൾ ഒക്ടോബറിൽ സേർച്ച് ഫലങ്ങളിൽ ഗൂഗിളും നുണപരിശോധന അവതരിപ്പിച്ചിരുന്നു. നുണവാർത്തകൾ കണ്ടാൽ അവ നുണയാണെന്ന് അടയാളപ്പെടുത്താനും ക്രമേണ പ്രചാരത്തിൽ നിന്നു നീക്കാനും ഈ സംവിധാനം ഉപകരിക്കും. മാധ്യമരംഗത്തെ ശക്തമായ ചുവടുവയ്പ്പ് കൂടിയായിരുന്നു ഈ തീരുമാനം. എങ്കിലും വാട്ട്സാപ് പോലെയുള്ള ഇൻസ്റ്റന്റ്‍ ചാറ്റ് സംവിധാനങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ പിടിച്ചുകെട്ടുക അത്ര എളുപ്പമല്ല.
കാണുന്നതെന്തും കണ്ണുംപൂട്ടി ഫോർവേഡ് ചെയ്യുന്ന മനോഭാവം മാറുന്നതുവരെ ഇത്തരം നുണവാർത്തകൾക്ക് കുറവുണ്ടാകില്ല.

നുണവാർത്തയുടെ പിന്നലെ സൈക്കോളജി

ആദ്യമെഴുതിയ ഭരണങ്ങാനത്തെ ഗോവിന്ദൻ വൈദ്യരുടെ കഥ ഒറ്റനോട്ടത്തിൽ തന്നെ ശുദ്ധ നുണയാണെന്ന് പകുതി ആളുകൾക്കും മനസിലായേക്കും. പക്ഷേ, അൽപ്പം എക്സ്ട്രാ ഫിറ്റിങ്സ് ചേർത്താൽ ആരും വിശ്വസിക്കുകയും ഒറ്റയടിക്കും ഫോർവേഡ് ചെയ്യുകയും ചെയ്യുന്ന 'ആധികാരികമായ' വിവരമായി മാറുന്നതുമാണ് പുതിയ കാലത്തെ നുണവാർത്തകളുടെ അടിസ്ഥാനം.

ഭരണങ്ങാനത്തെ കഥയെ ഇനി പുതിയൊരു രീതയിൽ അവതരിപ്പിക്കുകയാണ്. ഇന്റർനെറ്റിൽ കാണുന്ന കഥകളെന്തും അന്ധമായി വിശ്വസിക്കുന്നവർക്ക് ഡെഡിക്കേഷൻ!

ഭരണങ്ങാനത്തെ ആനക്കഥയെ 'ആധികാരമാക്കാനുള്ള' രസക്കൂട്ട്!

ചേരുവകൾ:
1) രാജ്യങ്ങൾ- ഒന്നോ രണ്ടോ (ഇതുവരെ കേൾക്കാത്തത് ഒന്നെങ്കിലും) യുഎൻ, യുനെസ്കോ, ഡബ്ള്യു ടി ഓ- ഇതിൽ ഏതെങ്കിലും പാകത്തിന്
2) ശാസ്ത്ര നാമങ്ങൾ, രാസവസ്തുക്കൾ (ഉദാ: ‍ഡിഎൻഎ,റൈബോസോം, ക്രോമസോം) - യുക്തി പോലെ (8,9 ക്ലാസുകളിലെ എൻസിഈആർറ്റി ടെക്സ്റ്റ് ബുക്കുകൾ തുറന്ന് വെക്കാം.) പാശ്ചാത്യ മാധ്യമങ്ങൾ/ വാർത്തകൾ - ഒന്നോ രണ്ടോ
3) ഇതുവരെ കേൾക്കാത്ത വികടം പിടിച്ച പേരുകളിൽ ഉള്ള സർവ്വകലാശാലകൾ - രണ്ടെണ്ണം
4) ആന- വലുത് ഒന്ന്
5) ശർക്കര ഉണ്ട - ഫോട്ടോ എടുക്കാൻ പാകത്തിന് ഒന്ന്.
6) ഐസിങ്ങിനായി രോഷം കൊള്ളാവുന്ന പ്രാദേശിക പ്രശ്നങ്ങൾ, മലയാളികളേയോ ഇന്ത്യക്കാരെയോ തെറിവിളി എന്നിവ കരുതാം
5) 'എത്ര ലൈക്ക് കൂട്ടുകാരേ, 1 ഷെയർ=1 പ്രയർ, മനുഷ്യനെങ്കിൽ ഷെയർ ചെയ്യൂ, നിങ്ങളുടെ ഓരോ ഷെയറിനും പത്തുപൈസ വീതം സക്കർബർഗ് നൽകും എന്നിങ്ങനെയുള്ള എഴുത്തുകൾ ഐസിങ്ങിന് മുകളിൽ (ഈ വാചകങ്ങൾ ബോൾഡ് ചെയ്യാൻ ശ്രദ്ധിക്കുക.)

തയ്യാറാക്കുന്ന വിധം:
1) രാജ്യങ്ങളെ ചരിത്രം പിഴിഞ്ഞെടുത്ത ശേഷം ഗ്രേവി ബെയ്സായി വയ്ക്കുക. ഇതിലേക്ക് മസാലയായി യുനെസ്കോ/യുഎൻ/ഡബ്ല്യുടിഒ എന്നിവ പാകത്തിനു ചേർക്കുക.
2) രാജ്യത്തിന്റെ മയം അനുസരിച്ച് കെമിസ്ട്രി പൊടിച്ച് ചേർത്ത് നന്നായി ഇളക്കുക (കുമിളകൾ വരാതെ സൂക്ഷിക്കണം)
3)ബയോളജിയും പരീക്ഷണശാലയുടെ പേരും സമമമായി ഒരു പാത്രത്തിൽ എടുത്ത്, അതിലേക്ക് പിഴിഞ്ഞ് വച്ച ചരിത്രം യോജിപ്പിക്കുക.
4) ഈ മിശ്രിതം പ്രധാന ചേരുവകളിൽ ഒഴിച്ച് തിളപ്പിക്കുക. അടുപ്പിൽ നിന്നു വാങ്ങിയ ശേഷം ആനയും ശർക്കരയും ചേർത്ത് ചൂടോടെ കുഴക്കുക.
5) ഇനി ചെറിയ ഉരുളകളാക്കിയോ കേക്ക് രൂപത്തിലോ ചൂടോടെ വാട്ട്സാപ്പിലോ ഫെയ്സ്ബുക്കിലോ വിളമ്പാം.
6) ദേശസ്നേഹം, സ്വന്തം നാട്ടുകാരെ തെറിവിളി, ധാർമിക രോഷം എന്നിവയിൽ ഏതെങ്കിലും യുക്തി പോലെ എടുത്ത് ഐസിങ്ങിനായി ഉപയോഗിക്കാവുന്നതാണ്.

ഇതാ നമ്മുടെ ആനക്കഥ പുതിയ രൂപത്തിൽ:

'നോഹയുടെ പേടകം ക്യൂബയിലേക്ക്': കണ്ടു പഠിക്കാം ഈ ക്യൂബൻ മാതൃക

എട്ട് നാട്ടാനകളും അഞ്ച് കാണ്ടാമൃഗങ്ങളും രണ്ടു നമീബിയൻ പരുന്തുകളും അടങ്ങുന്ന ഒരു മൃഗശാല 2014 ഓഗസ്റ്റ് 17 നു നമീബിയ ക്യൂബക്കു കടൽ മാർഗം കൈമാറി. ബിബിസി, എബിസി, സിഎൻഎൻ തുടങ്ങിയ പാശ്ചാത്യ മാധ്യമങ്ങളിൽ 'നോഹയുടെ പേടകം ക്യൂബയിലേക്ക്' എന്ന തലക്കെട്ടോടെ വാർത്തകളും നിറഞ്ഞു. എന്നാൽ ഈ മൃഗങ്ങളെ ക്യൂബ എന്ത് ചെയ്തു എന്ന് പിന്നീട് വിവരങ്ങൾ ഒന്നും പുറത്ത് വന്നിരുന്നില്ല. ക്യൂബ നടത്തുന്ന റിജൂവനേറ്റിങ് കണ്ടന്റ് ഓഫ് ലിവിങ് സെൽ എന്ന ലാബിലേക്കാണ് ഇവയെ കൊണ്ടുപോയത്. ലോകത്തെ പഞ്ചസാര ഉത്പാദനത്തിന്റെ 64.43 ശതമാനവും നടക്കുന്നത് ക്യൂബയിലാണ്. അറുപതു വർഷത്തിൽ ഏറെയായി ഈ തോത് നില നിർത്തിയതിനു 2002 ൽ യുനെസ്‌കോ ക്യൂബയിലെ ഹവാനാ നഗരത്തെ പിഎസ്ഒഇ ഹെറിറ്റേജ് സിറ്റിയായി (പെർസിസ്റ്റന്റ് ഷുഗർ ഓറിയെന്റഡ് എക്കണോമി) പ്രഖ്യാപിച്ചിരുന്നു.

കസാവ കിഴങ്ങിൽ നിന്നും സൊബ്രി മരത്തിന്റെ കായ്കളിൽ നിന്നുമാണ് ക്യൂബയിൽ പഞ്ചസാരയും ശർക്കരയും നിർമ്മിക്കുന്നത്. 'ലോ ഷുഗർ ഗ്ലൂക്കോസ്' ആണ് ഇതിലെ പ്രധാനഘടകം. ഹെക്‌സോൾ എന്ന് ശാസ്ത്ര നാമമുള്ള സോർബിറ്റോൾ ജീവകോശത്തിന്റെ റൈബോസോമുകളിലെ പ്രധാന ഘടകമാണ്. സോർബിറ്റോൾ അടങ്ങിയ ഭക്ഷണം ശീലമാക്കിയാൽ യുവത്വം നീണ്ടുനിൽക്കുമെന്നു സീൻഫ്യൂഗോസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ തെളിയിച്ചതുമാണ്.

ക്യൂബയിലെ പാൽമ സോറിയാനോ എന്ന കരീബിയൻ ഗ്രാമത്തിലാണ് കസാവയിൽ നിന്നും സോർബികായ്കളിൽ നിന്നും സോർബിറ്റോൾ ശാസ്ത്രീയമായി വേർപെടുത്തുന്ന ലബോറട്ടറി പ്രവർത്തിക്കുന്നത്. പരീക്ഷണശാലയിലെ ജീവശാസ്ത്രവിഭാഗം മേധാവി യാനി ഡയാസിന് പറയാനുള്ളത് കേൾക്കാം "ആനകളിലാണ് ഞങ്ങൾ പരീക്ഷണം തുടങ്ങിയത്. സോർബിറ്റോൾ ഘടകത്തെ ശാസത്രീയമായി സംസ്കരിച്ച ശേഷം ഗർഭസ്ഥ ശിശുവിന് ദഹിക്കുന്ന ഭക്ഷണ രൂപത്തിൽ ധാന്യമിശ്രിതത്തിൽ ചേർത്ത് പാകപ്പെടുത്തുന്നു. ഗർഭപാത്രത്തിന്റെ മാതൃകയിൽ തയ്യാറാക്കിയ ഗോളരൂപത്തിലുള്ള കൃത്രമസാഹചര്യത്തിലേക്ക് സോർബി–ഷുഗർ–സീരിയൽ മിശ്രിതം നിറച്ച് ആനയെ ഉള്ളിലേക്ക് കടത്തിവിടുന്നു. തൊലിക്ക് പുറമേ വിയർക്കാത്ത മൃഗമായതിനാൽ ആനയുടെ ചർമത്തിലും ആന്തരിക ശ്വേധ ധമനികളിലും സോർബിറ്റോൾ ആഴ്ന്നിറങ്ങും. 52 മണിക്കൂറുകൾക്കു ശേഷം റീജുവിനേറ്റഡ് കോശങ്ങൾ വേർപെടുത്തുന്നു. ഇവ ക്യൂബൻ പെണ്ണാനകളിൽ ഇൻസെമിനേഷൻ വഴി സ്ഥാപിച്ച് നമീബിയൻ ആനകളെ ക്ലോൺ ചെയ്ത് എടുക്കുന്നു. ഈ രണ്ടാം പരമ്പരയിലെ ആനകൾ നമീബിയൻ ആനകളുടെ പ്യുവർ ബ്രീഡ് ആയിരിക്കും." ഇവിടെ നമ്മൾ കാണേണ്ടത് അയൽരാജ്യത്തെ ജൈവവൈവിധ്യത്തോടുള്ള പ്രതിബദ്ധത കൂടിയാണ്. ആനകളെ ഉത്സവപറമ്പുകളിൽ അണിനിരത്തുന്നതിനു നിയന്ത്രണങ്ങൾ വന്നപ്പോൾ എതിർത്തവർക്ക് കണ്ണുതുറന്നു കാണാം ഈ ക്യൂബൻ മാതൃക. ഇത് നിങ്ങൾ പരമാവധി സോഷ്യൽ മീഡീയയിൽ ഷെയർ ചെയ്യൂ. നമ്മുടെ ഭരണാധികാരികൾ കണ്ണുതുറക്കട്ടെ.

© Copyright 2017 Manoramaonline. All rights reserved....
ഞാനും എന്റെ സോഷ്യൽ മീഡിയയും
പേയ്ടിഎം മുതല്‍ ജിയോ വരെ; ടെക് വിപ്ലവങ്ങളുടെ വർഷം