ഞാനും എന്റെ സോഷ്യൽ മീഡിയയും

പ്രശാന്ത് നായർ
(കോഴിക്കോട് കലക്ടർ)

ഈ വിര്‍ച്വല്‍ ലോകത്ത്, പറ്റാവുന്നത്രയും നര്‍മ്മം കണ്ടെത്തിയും ഇന്‍ഫര്‍മേഷന്‍ ആവശ്യാനുസരണം ഫില്‍റ്റര്‍ ചെയ്തുമാണ് നമ്മളൊക്കെ ജീവിച്ചുപോകുന്നത്. ഓർക്കുട്ടും ബ്ലോഗ്‌സ്പോട്ടുമൊക്കെ ചര്‍ച്ചകള്‍ക്കും മറ്റുമായി ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്. പിന്നീട് ഫെയ്‌സ്ബുക്കിന്റെ വരവോടെ നമ്മുടെയൊക്കെ വിർച്വൽ ജീവിതത്തില്‍ തന്നെ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായി. ജീവിതം തന്നെ വിർച്വൽ ആക്കിയവരാണ് പലരും.

പരമ്പരാഗത മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സോഷ്യൽ മീഡിയ എന്നത് ഒരു മള്‍ട്ടി-ചാനല്‍ ഇന്‍ററാക്ഷനുള്ള വേദിയാണ്. ഒരേ വിഷയത്തില്‍ തന്നെ പലതരം പ്രതികരണങ്ങള്‍ പരസ്പരം സംവദിക്കുന്നിടത്താണ് ഇതിന്‍റെ അനന്തസാധ്യതകള്‍ തുടങ്ങുന്നത്. ഇൗ സാധ്യത ചൂഷണം ചെയ്താണ് ഔദ്യോഗിക പേജ് നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്.

ഒരു ആശയം എഫ്ബിയിലെ ആള്‍ക്കൂട്ടത്തിനു മുന്നിലിട്ടു കൊടുത്താല്‍ പിന്നെ, അതിന്‍റെ സ്കോപ്പ് ചര്‍ച്ച ചെയ്യാനും എല്ലാവര്‍ക്കും കൂടി അത് നടപ്പിലാക്കാനുമുള്ള ഒരു വേദി ഒരുക്കി കൊടുക്കലാണ് നമ്മുടെ ഡ്യൂട്ടി. പലപ്പോഴും പുതിയ ആശയങ്ങൾ വരുന്നത് ഇത്തരം ചര്‍ച്ചകളില്‍ നിന്ന് തന്നെയാണ്. നമ്മുടെ ആശയങ്ങളെ നമ്മളെല്ലാവരും കൂട്ടായ്മയിലൂടെ പ്രാവർത്തികമാക്കുക എന്നത് തന്നെയാണ് അതിന്റെയൊരു ട്രിക്ക്.

കോഴിക്കോട് കളക്ടർ ആയി ചുമതലയേറ്റ ശേഷം രണ്ടു മൂന്നു ആഴ്ചയ്ക്കുള്ളില്‍ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ചിരുന്നു. മനസ്സിനെ വല്ലാതെ ഉലച്ച സന്ദർശനമായിരുന്നു അത്. അവരുടെ അത്യാവശ്യമായ ആവശ്യങ്ങളെപ്പറ്റി ഒഫീഷ്യൽ പേജിൽ അന്ന് പോസ്റ്റ് ചെയ്തപ്പോള്‍, വെറും രണ്ടാഴ്ചയ്ക്കുള്ളില്‍, അവിടത്തെ എല്ലാ ആവശ്യങ്ങളും ആളുകള്‍ നേരിട്ടിടപെട്ട് തന്നെ പരിഹരിച്ചു. അതോടു കൂടിയാണ് സോഷ്യൽ മീഡിയയുടെ ശക്തി ശരിക്കും മനസ്സിലാക്കുന്നത്. സർക്കാരിന്റെ ചുവപ്പ് നാടയ്ക്കപ്പുറത്ത് പ്രശ്നപരിഹാരം സാമൂഹികമായ കൂട്ടായ്മയിലൂടെ തിരിച്ചറിഞ്ഞ നിമിഷം.

സോഷ്യൽ മീഡിയയിൽ വെറുതെ വായിച്ച് തള്ളുന്നതിനപ്പുറം, കുറേ ആളുകൾ എങ്കിലും ചര്‍ച്ചകളില്‍ മുഴുകി അതിന്‍റെ 360° സാധ്യതകൾ അന്വേഷിക്കുന്നുണ്ട്. നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും നടപ്പിലാക്കാന്‍ കൂട്ടത്തോടെ മുന്നോട്ട് വരുന്നുണ്ട്. ഇത്തരം സാധ്യതകളെ ഔദ്യോഗികമായി ഉപയോഗിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത് ഈ സഹൃദയരെ മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ്.

കംപാഷനേറ്റ് കോഴിക്കോടിന്റെ ഭാഗമായുള്ള മിക്ക പരിപാടികളും എഫ്ബി പോസ്റ്റിട്ട് നാട്ടുകാരെ അറിയിച്ച് അവരെക്കൂടി ഉള്‍പ്പെടുത്തിയാണ് നടത്തി വരുന്നത്. ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റ് മാത്രം കണ്ടു വന്നവരാണ് കൊച്ചുകുട്ടികൾക്ക് വേണ്ടി കോഴിക്കോട് ബീച്ചില്‍ നടത്തിയ കലാപരിപാടികളും കുളംകോരി വൃത്തിയാക്കുന്നവര്‍ക്ക് 'ബിരിയാണി ഓഫറു'മൊക്കെ വിജയിപ്പിച്ചതും.

ഫിനാന്‍ഷ്യല്‍ സ്റ്റാറ്റസും സോഷ്യല്‍ സ്റ്റാറ്റസും നോക്കി വേര്‍തിരിക്കാതെ, ഞങ്ങളും നിങ്ങളും എന്ന് കൂട്ടം കൂടാതെ നമുക്കിവിടെ ഒരു കലക്റ്റീവ് എഫേര്‍ട്ടിടാന്‍ സാധിക്കുന്നുണ്ട്. പബ്ലിക്കിനെ കൊണ്ട് തന്നെ അവരുടെ ആവശ്യങ്ങൾ പറയിപ്പിക്കുക, അത് നടപ്പിലാക്കാൻ അവരെ തന്നെ മുന്നിൽ നിർത്തുക എന്നതാണ് പബ്ലിക് എന്‍ഗേജ്മെന്‍റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെയാണ് ഉത്തരവാദിത്തങ്ങള്‍ വീതം വെച്ച് എല്ലാവരും കൂടി കാര്യങ്ങള്‍ നടത്തിപ്പോരുന്നത്.

എങ്കിലും നമ്മള്‍ പരമ്പരാഗത എഴുത്തുകളിൽ നിന്നും വായനയിൽ നിന്നും സോഷ്യൽ മീഡിയയുടെ സാധ്യതകളിലേക്ക് പൂർണമായും വന്നെത്തിയിട്ടില്ല, പലപ്പോഴും ബാലിശമായ കാര്യങ്ങളിലാണ് ഇവിടെ ചർച്ചകൾ നടക്കുന്നത്. എല്ലാവർക്കും അപ്ന അപ്ന ഫ്രീഡവും സ്പേസും ആവശ്യമാണ്, നമ്മുടേതായ ആശയങ്ങൾ പറയാനും താൽപ്പര്യങ്ങൾ പങ്കു വയ്ക്കാനും ഉള്ള ഇടമാണ് ഫെയ്‌സ്ബുക്ക് ഒക്കെ. തമ്മിൽ തള്ളാനും തെറി വിളിക്കാനും മാത്രമല്ല എന്ന് സാരം.

ഔദ്യോഗികമായും സ്വകാര്യമായും രണ്ടു ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ പരസ്പരം ഇടകലര്‍ത്താതെ ഞാൻ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ വേര്‍തിരിവ് എല്ലാവരേയും പോലെ ഒരു വ്യക്തിയെന്ന നിലയില്‍ ഞാനും കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതാണ്.

കുറച്ചപ്പുറത്തേക്ക് മാറി നിന്ന് കാര്യങ്ങളെ ലൈറ്റ് ആയി വീക്ഷിക്കുന്നതാണ് സോഷ്യൽ മീഡിയയിലും ജീവിതത്തിനും ആരോഗ്യത്തിന് നല്ലത്. എല്ലാവർക്കും ഒരേ പോലെ സ്വാതന്ത്ര്യം ഉള്ള ഇടമായതിനാൽ ആരും ഇവിടെ ഒരു സംഭവമല്ലയെന്നും പറ്റിയാല്‍ ദിവസേന ഓര്‍ക്കാം. ഭയത്തിന്റെയും ഭക്തിയുടെയും ബാധ്യത ഇവിടെ ആർക്കും ആരോടുമില്ല. കമ്മ്യൂണൽ ആയ പ്രശ്നങ്ങളോ മനപ്പൂർവ്വം ഉണ്ടാകുന്ന പ്രശ്നങ്ങളോ ഒക്കെ സോഷ്യൽ മീഡിയയിൽ വരുമ്പോൾ അതിനെതിരെ ഒരു സമൂഹം ഒറ്റക്കെട്ടായി നിൽക്കണം . യാഥാർത്‌ഥ സമൂഹത്തിൽ എന്ന പോലെ വിർച്വൽ സമൂഹത്തിലും അത് സാധിക്കും. ലൈക്ക് ബട്ടൺ ഉപയോഗിക്കുന്ന പോലെ റിപ്പോർട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒന്നും നമ്മൾ മടിക്കേണ്ടതില്ല, സഹിഷ്ണുതയോടെ വേണം എന്നു മാത്രം.

ഔദ്യോഗിക പേജിൽ ഇപ്പോൾ രണ്ടര ലക്ഷത്തോളം ഫോളോവെഴ്‌സുണ്ട്, അതിൽ എത്രയോ പുതിയ ആശയങ്ങൾ ദിനംപ്രതി വരാറുണ്ട്. തുറന്ന മനസ്സോടെ അവയെ സ്വീകരിക്കാൻ എന്നും തയ്യാറാണ് എന്ന് ഈ അവസരത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഇങ്ങനെ കിട്ടുന്ന പുത്തൻ ആശയങ്ങൾക്ക് ചെവി കൂർപ്പിച്ചിരിക്കുന്നതാണ് ഒരു ഡൈനാമിക്ക് അഡ്മിനിസ്‌ട്രേഷന്റെ ലക്ഷണം എന്നു ഞാൻ വിശ്വസിക്കുന്നു.

© Copyright 2017 Manoramaonline. All rights reserved....
ആനയെ ശർക്കരയിൽ കയറ്റിയ ഗോവിന്ദൻ വൈദ്യർ!
പേയ്ടിഎം മുതല്‍ ജിയോ വരെ; ടെക് വിപ്ലവങ്ങളുടെ വർഷം