ജിമ്മില്‍ പോകുമ്പോ ചോറ്റുപാത്രം കൊണ്ടുപോകാമോ?

ജിമ്മിലൊക്കെ പോകുമ്പോൾ പതിവിലേറെ ശാരീരികാധ്വാനമാണ്. അപ്പോള്‍ ശരീരം ക്ഷീണിക്കാതിരിക്കാന്‍ നല്ല ഭക്ഷണവും കഴിക്കണ്ടേ? എന്തൊക്കെയാണീ നല്ല ഭക്ഷണങ്ങള്‍, എപ്പോഴൊക്കെ അതു കഴിക്കാം, വര്‍ക്കൗട്ട് ചെയ്യുന്നതിനു തൊട്ടു മുന്‍പോ തൊട്ടു പിന്നാലെയോ ഭക്ഷണം കഴിക്കാമോ? സംശയങ്ങള്‍ പലര്‍ക്കും കാണും.

വെറും വയറ്റില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നു കരുതുന്നുവെങ്കില്‍ അതു തെറ്റാണ്. അനാരോഗ്യകരമായ ഭക്ഷണം തീര്‍ച്ചയായും ഒഴിവാക്കണം, വ്യായമം ചെയ്ത് കലോറി കത്തിക്കുകയും വേണം. ജിമ്മില്‍ പോകുന്നതിനു തൊട്ടുമുമ്പ് ഭക്ഷണം ഒഴിവാക്കുന്നത് നല്ല ശീലമാണ്. എന്നാല്‍ വ്യായാമം ചെയ്യുന്നതിനു മുമ്പ് ഭക്ഷണമേ വേണ്ട എന്നു കരുതരുത്. ഒന്നോ ഒന്നരയോ രണ്ടോ മണിക്കൂറായിരിക്കും ജിമ്മില്‍ സാധാരണ ഒരു ദിവസം ചെലവഴിക്കാറ്. രാവിലെ എക്‌സര്‍സൈസ് ചെയ്യാന്‍ പോകുന്നവര്‍ക്ക് അത്രയും സമയം പൂര്‍ത്തിയാക്കാന്‍ വെറും വയറ്റില്‍ എളുപ്പമല്ല. എന്നാല്‍, വയര്‍ നിറഞ്ഞെന്നു തോന്നിക്കുന്നത്ര ഭക്ഷണം കഴിക്കുന്നതും വര്‍ക്കൗട്ടിനു നന്നല്ല. രക്തത്തിലെ ഗ്ലൂക്കോസ് നില ഉയര്‍ത്തുകയും അധിക ഊര്‍ജം നല്‍കുകയും ചെയ്യാന്‍ ഭക്ഷണം നിര്‍ബന്ധമാണു താനും.

രാവിലെ വര്‍ക്കൗട്ട് തുടങ്ങുന്നത് അര മണിക്കൂര്‍ മുന്‍പ് ലഘുവായി ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഒരു ഏത്തപ്പഴമോ മറ്റോ മതിയാകും. ഏത്തപ്പഴത്തില്‍ പെട്ടെന്ന് ദഹിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വ്യായാമത്തിനുള്ള ഊര്‍ജം നല്‍കുന്നു. ഇതില്‍ ഉയര്‍ന്ന തോതില്‍ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഞരമ്പുകളുടെയും മസിലുകളുടെയും പ്രവര്‍ത്തനത്തിന് സഹായകമാവുന്നു.

ഏത്തപ്പഴം കഴിക്കാന്‍ സൗകര്യം കുറവാണെങ്കില്‍ ഗ്ലൂക്കോസ് കലക്കിയ വെള്ളം കരുതിയാലും മതി. ക്ഷീണം മാറി വര്‍ക്കൗട്ട് സമയം പൂര്‍ത്തിയാക്കാന്‍ അതു സഹായിക്കും. കുറഞ്ഞ അളവില്‍ കൊഴുപ്പ് അടങ്ങിയ, കുറച്ച് പ്രോട്ടീനും കൂടുതല്‍ നാരുകളും (ഫൈബര്‍) അടങ്ങിയ ഭക്ഷണമാണ് മാതൃകാപരം. കാരണം, ആഹാരത്തിലെ കൊഴുപ്പ് ദഹിക്കാനാണ് ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നത്. ഇതു കഴിഞ്ഞാല്‍ പ്രോട്ടീനും കാര്‍ബോ ഹൈഡ്രേറ്റുകളുമാണ് ദഹനത്തിനായി കൂടുതല്‍ സമയമെടുക്കുന്നത്.

ഇത്തരത്തില്‍, വര്‍ക്കൗട്ടിനു മുന്‍പ് കഴിക്കാവുന്ന മറ്റൊന്ന് ഓട്ട്‌സാണ്. ഫൈബര്‍ കണ്ടന്റ് സമൃദ്ധമായതിനാല്‍ ഇത് രക്തത്തിലേക്ക് ക്രമാനുഗതമായി കാര്‍ബോഹൈഡ്രേറ്റുകള്‍ വിട്ടുകൊടുക്കുന്നതിനാല്‍ വ്യായാമം ചെയ്യുമ്പോള്‍ ഊര്‍ജനില സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ആപ്പിള്‍, വാല്‍നട്ട്, ബ്രൗണ്‍ ബ്രഡ്, പുഴുങ്ങിയ മുട്ട, ഫ്രൂട്ട് സലാഡ് തുടങ്ങിയവയും ആകാം. തൈര്, കൊഴുപ്പു കുറഞ്ഞ പാല്‍ എന്നിവ കുടിയ്ക്കുന്നതും തെറ്റല്ല. പപ്പായയും പൈനാപ്പിളും നല്ല ഭക്ഷണത്തില്‍പ്പെടും. ഇവയിലെ ഗ്ലൂക്കോസ് ശരീരത്തിന് ഊര്‍ജം നല്‍കും.

വാല്‍നട്ട് പോലെ നല്ലതാണ് ബദാം, ആപ്രിക്കോട്ട്, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവയും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം വ്യായാമത്തിന് പ്രധാനമാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തി ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കാന്‍ ഇത് സഹായിക്കും.

© Copyright 2018 Manoramaonline. All rights reserved.