ജിമ്മില്‍ പോകുന്നതുകൊണ്ട് അപകടമുണ്ടോ?

ഏകദേശം 1970കളുടെ പകുതി മുതല്‍ 1985കളുടെ മധ്യം വരെയായിരുന്നു കേരളത്തിലെ ജിംനേഷ്യങ്ങളുടെ പുഷ്‌കല കാലം. അക്കാലത്തെ സിനിമകളും സാഹിത്യവുമൊക്കെ പരിശോധിച്ചാല്‍ പോലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് യുവാക്കള്‍ക്കിടയിലുണ്ടായിരുന്ന സ്വീകാര്യത വ്യക്തമാകും. അവിടങ്ങളിലെ പ്രധാന പരിപാടി ഇന്നത്തെ പോലെ ഫിറ്റ്‌നസ് നിലനിര്‍ത്തുകയായിരുന്നില്ല, മറിച്ച് മസില്‍ പെരുപ്പിക്കലായിരുന്നു എന്നു മാത്രം.

ക്രമേണ വെയിറ്റ് ട്രെയിനിങ് ശരീരത്തിനത്ര നല്ലതല്ലെന്ന ധാരണ സമൂഹത്തില്‍ പരന്നതോടെയാണ് പരമ്പരാഗത ജിംനേഷ്യങ്ങള്‍ പലതും ഇല്ലാതാകുകയും, അവയുടെ സ്ഥാനത്ത് ഹെല്‍ത്ത് ക്ലബ് മോഡല്‍ സംരംഭങ്ങള്‍ ഉയര്‍ന്നു വരുകയും ചെയ്തത്. ഇപ്പോഴത്തെ പതിറ്റാണ്ടിന്റെ തുടക്കത്തോടെ ഫിറ്റ്‌നസിന്റെ പ്രാധാന്യം കൂടുതല്‍ കൂടുതലാളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങുകയും, ഹെല്‍ത്ത് ക്ലബ്ബുകള്‍ക്ക് പ്രചാരം ഏറുകയും ചെയ്തു.

വ്യായാമത്തിന്റെ രീതി, ലക്ഷ്യം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഫിറ്റ്‌നെസ് സെന്ററുകളും പഴയ ജിംനേഷ്യങ്ങളും തമ്മില്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നു. മസില്‍ പെരുപ്പിക്കലൊക്കെ ഇപ്പോള്‍ ശരീരസൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കു മാത്രം താത്പര്യമുള്ള കാര്യമായി മാറിയിരിക്കുന്നു. മറ്റുള്ളവര്‍ ഫിറ്റ്‌നസ് നിലനിര്‍ത്താനും അമിത ഭാരം കുറയ്ക്കാനുമൊക്കെയായാണ് ഇപ്പോള്‍ ജിമ്മില്‍ പോകുന്നത്. യോഗയും എയ്‌റോബിക്‌സും പോലുള്ള മുറകള്‍ കൂടി ഇത്തരം സെന്ററുകള്‍ പരിശീലിപ്പിക്കുന്നതും മാറിയ കാഴ്ചപ്പാടിന്റെ ഉദാഹരണമാണ്.

അതേസമയം, ഓട്ടം, നടത്തം, സൈക്ലിങ് പോലുള്ള ശ്വസന സഹായ വ്യായാമങ്ങള്‍ (എയ്‌റോബിക് എക്‌സര്‍സൈസസ്) മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്ന ധാരണയും ശരിയല്ല. അതിനൊപ്പം വെയ്റ്റ് ട്രെയിനിങ് പോലുള്ള ശ്വസന നിയന്ത്രണ വ്യായാമങ്ങളും (അനെയ്‌റോബിക് എക്‌സര്‍സൈസസ്) സന്തുലിതമായി ചെയ്തു പോന്നാലേ ശരീരത്തിന് ആവശ്യമായ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സാധിക്കൂ. ഹൃദയത്തിനും ശ്വാസകോശങ്ങള്‍ക്കും കൂടുതല്‍ ശേഷി പകരുന്നത് എയ്‌റോബിക് വ്യായാമങ്ങളാണ്. ശ്വാസം നിയന്ത്രിച്ചുള്ള വ്യായാമങ്ങള്‍ ഹൃദ്രോഗികള്‍ക്ക് അത്ര നല്ലതുമല്ല. ജിംനേഷ്യത്തില്‍ പോകാന്‍ താത്പര്യമില്ലാത്തവര്‍ക്ക് മസില്‍ മെച്ചപ്പെടുത്താനുള്ള വ്യായാമങ്ങള്‍ വീട്ടില്‍ത്തന്നെ ചെയ്യാനുമാവും.

ആകെ വ്യായാമത്തിന്റെ 10 മുതല്‍ 30 ശതമാനം വരെ അനെയ്‌റോബിക് വ്യായാമങ്ങളും വേണം എന്നതാണ് ഏറ്റവും പുതിയ ഗവേഷണങ്ങളില്‍ വ്യക്തമാകുന്നത്. മസിലുകള്‍ക്ക് മതിയായ ദൃഢതയും വലിപ്പവുമുണ്ടാവാന്‍ ഇത് അത്യാവശ്യമാണ്. പ്രമേഹം, നടുവേദന, ഉപാപചയരോഗങ്ങള്‍, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ഉദരാര്‍ബുദം തുടങ്ങിയ പല രോഗങ്ങളെയും പ്രതിരോധിക്കാനും, വന്നാല്‍ അതജീവിക്കാനും ഇത്തരം വ്യായാമങ്ങള്‍ സഹായകമാണ്. നടത്തം, ജോഗിങ് തുടങ്ങിയ വ്യായാമങ്ങളൊക്കെ ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നവയാണ്.

© Copyright 2018 Manoramaonline. All rights reserved.