വെട്ടിവിഴുങ്ങാനുള്ള ലൈസന്‍സല്ല വര്‍ക്കൗട്ട്

തടി കുറയ്ക്കാന്‍ വര്‍ക്കൗട്ട് ചെയ്തിട്ട്, തടി കൂടുമെന്നു പേടിച്ച് ഭക്ഷണം ആവശ്യത്തിനു കഴിക്കാതിരിക്കുന്നവരുണ്ട്. ഇത് ക്ഷീണവും തളര്‍ച്ചയും രോഗവും മറ്റുമായിരിക്കും സൃഷ്ടിക്കുക. എന്നാല്‍, വര്‍ക്കൗട്ട് ചെയ്ത് കൊഴുപ്പ് ഉരുക്കിക്കളയുന്നുണ്ടല്ലോ, അപ്പോഴിനി ഇഷ്ടംപോലെ ഭക്ഷണം കഴിച്ചാലും കുഴപ്പമില്ലെന്നു കരുതുന്നുവരുമുണ്ട്. ആദ്യം പറഞ്ഞ രീതി പോലെ തന്നെ അപകടകരമാണ് രണ്ടാമത്തെ രീതിയും.

വ്യായാമത്തിനു ശേഷമുള്ള ഒരു മണിക്കൂര്‍ സമയത്തു കഴിക്കുന്ന ഭക്ഷണം ശരീരത്തിന് ഏറ്റവും ഗുണകരമായിരിക്കുമെന്നാണ് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. അതേസമയം, ഗുണം കിട്ടണമെങ്കില്‍ ജങ്ക് ഫുഡ് വെട്ടി വിഴുങ്ങണമെന്നല്ല ഇതിനര്‍ഥം. കഴിക്കുന്ന ഭക്ഷണവും ഹെല്‍ത്തിയായിരിക്കണം.

വ്യായാമത്തിനു ശേഷമുള്ള ഭക്ഷണം ഇടനേരത്തുള്ള ഭക്ഷണമാണെന്ന കാര്യം മറക്കാതെ വേണം കഴിക്കാന്‍ വ്യായാമത്തിനു ശേഷം മസിലുകള്‍ തളരുകയും പോഷകാംശങ്ങള്‍ ആവശ്യമുള്ള അവസ്ഥയില്‍ എത്തുകയും ചെയ്‌തേക്കാം. വ്യായാമത്തിനു ശേഷം ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്നു നോക്കൂ:

∙ മസില്‍ ഗ്ലൈക്കോജന്റെ കുറവ് നികത്തും

∙ മസില്‍ പ്രോട്ടീന്‍ വിഘടനം കുറയ്ക്കും

∙ മസില്‍ പ്രോട്ടീന്‍ വിശ്ലേഷണം കൂട്ടും

∙ മസില്‍ വേദന കുറയ്ക്കും

∙ കോര്‍ട്ടിസോള്‍ നില കുറയ്ക്കും

∙ പൊതുവെയുള്ള അസ്വസ്ഥത ഇല്ലാതാക്കും

ഇത്തരം പ്രയോജനങ്ങള്‍ ലഭിക്കണമെങ്കില്‍ വര്‍ക്കൗട്ടിനു ശേഷം കഴിക്കാനുള്ള ഭക്ഷണം എന്താണെന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും വേണം. മാംസാഹാര പ്രിയര്‍ക്ക് പറ്റിയത് ഗ്രില്‍ഡ് ചിക്കനാണ്. അതിനൊപ്പം ധാരാളം പച്ചക്കറികളും ഉറപ്പാക്കുക. ചീസും മുട്ടയുടെ വെള്ളക്കരു മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന ഓംലെറ്റും നന്നായിരിക്കും. മത്സ്യം ഉത്തമമാണ്. പ്രോട്ടീനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ചെറിയ കടല്‍ മത്സ്യങ്ങളില്‍ സമൃദ്ധമാണ്.

മാംസാഹാരം കഴിക്കാത്തവര്‍ക്ക് പ്രധാനമായും നിര്‍ദേശിക്കപ്പെടുന്ന മുളപ്പിച്ച പയര്‍ വര്‍ഗങ്ങളാണ്. ഡ്രൈഫ്രൂട്ട്‌സും നട്‌സും കഴിക്കാം. ചപ്പാത്തിയും പച്ചക്കറികളും കപ്പലണ്ടിയും നന്ന്. സെറിയല്‍സും കൊഴുപ്പു നീക്കിയ പാലും ആകാവുന്നതാണ്.

വ്യായാമത്തിനു ശേഷം ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരുമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് പ്രോട്ടീന്‍ പൗഡര്‍ചേര്‍ത്ത ചോക്ലേറ്റ് മില്‍ക്ക് നല്ല ഫുഡ് സപ്ലിമെന്റായിരിക്കും. പാചകം ചെയ്യാനുള്ള മടി കാരണം കഴിക്കാതിരിക്കുന്നവരാണെങ്കില്‍, ഓട്ട്‌സിനെ ആശ്രയിക്കാം. ജിം ബാഗില്‍ വെള്ളക്കുപ്പിയുടെ കൂടെ ഒരു നേന്ത്രക്കായ കൂടി കരുതുന്നതും നല്ലതാണ്. കഴിക്കുന്നത് വര്‍ക്കൗട്ടിനു ശേഷമായിരിക്കണമെന്നു മാത്രം.

© Copyright 2018 Manoramaonline. All rights reserved.