മനോരമ ഓൺലൈൻ–അസെറ്റ് ഹോംസ് ചുറ്റുവട്ടം പുരസ്കാരം ഇടുക്കി ന്യൂമാന്

തിരുവനന്തപുരം∙ സംസ്ഥാനത്തെ മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള മനോരമ ഓൺലൈൻ–അസെറ്റ് ഹോംസ് 'ചുറ്റുവട്ടം സീസൺ -3' പുരസ്കാരം ഇടുക്കി ന്യൂമാന്. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും, മാഗ്സസെ അവാർഡ് ജേതാവ് ഡോ.രാജേന്ദ്ര സിങും ശശി തരൂർ എംപിയും ചേർന്ന് സമ്മാനിച്ചു. 75,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ഉൾപ്പെട്ട രണ്ടാം സ്ഥാനം തൃശൂരിലെ തണൽ റസിഡന്റ്സ് അസോസിയേഷനാണ്. കോട്ടയത്തെ മൈത്രി നഗർ റസിഡൻസ് അസോസിയേഷൻ മൂന്നാം സ്ഥാനക്കാർക്കുള്ള 50,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.



മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം കോഴിക്കോട്ടെ നിറവ് റസിഡന്റ്സ് അസോസിയേഷനും സ്പെഷ്യൽ ജൂറി പുരസ്കാരം എറണാകുളം തുരുത്തിക്കര സൗത്ത്– വെസ്റ്റ് റസിഡന്റ്സ് അസോസിയേഷനും സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ച‌ടങ്ങിൽ മാഗ്സസെ അവാർഡ് ജേതാവ് ഡോ.രാജേന്ദ്ര സിങും ശശി തരൂർ എംപിയും ചേർന്ന് പുരസ്കാര വിതരണം നടത്തി, വിജയികൾക്കുള്ള സമ്മാനതുകയടങ്ങിയ ചെക്ക് അസെറ്റ് ഹോംസ് ചീഫ് മാർക്കറ്റിങ് ഓഫിസർ സജിം എസ് കൈമാറി, മനോരമ ഓൺലൈൻ ചീഫ് കണ്ടന്റ് കോ ഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ്  സ്വാഗതം ആശംസിച്ചു.



ഗാന്ധിപുരം (തിരുവനന്തപുരം), ശ്രീരാമകൃഷ്ണപുരം (തിരുവനന്തപുരം), ഹലോ (പാലക്കാട്), മാർഗദീപം (കണ്ണൂർ ), മൈത്രി നഗർ (കൊല്ലം) എന്നീ അസോസിയേഷനുകളും മികച്ച പ്രകടനം നടത്തി അവസാന റൗണ്ടിൽ എത്തിയിരുന്നു. 'പ്രളയാനന്തര ജലസംരക്ഷണം’ എന്ന ആശയം അടിസ്ഥാനമാക്കിയായിരുന്നു ഇത്തവണത്തെ മത്സരം.



ജലസംരക്ഷണത്തിനായി വീട്ടുകൂട്ടായ്മകൾക്ക് എന്തു ചെയ്യാമെന്നതായിരുന്നു മത്സരത്തിന്റെ പ്രധാന വിഷയം. 1,200 ഓളം അസോസിയേഷനുകളാണ് റജിസ്റ്റർ ചെയ്തത്. മികച്ച പ്രവർത്തനങ്ങൾ നടത്തിയതും വ്യത്യസ്തവുമായ ആശയങ്ങളയച്ചതുമായ 33 വീട്ടുകൂട്ടായ്മകളെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തു. ഈ അസോസിയേഷൻ ഭാരവാഹികളുമായി സോണൽ അടിസ്ഥാനത്തിൽ നടത്തിയ മുഖാമുഖത്തിനു ശേഷം വിദഗ്ദരടങ്ങിയ പാനൽ നിര്‍ദ്ദേശിച്ച കാലയളവിൽ മൽസരവിഷയം അടിസ്ഥാനമാക്കി നടത്തിയ പ്രവർത്തനങ്ങളുടെ മികവാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.



© Copyright 2018 Manoramaonline. All rights reserved.