മുടി സംരക്ഷിക്കാം
മുടിയുടെ വളർച്ചയെ ബാധിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ നല്ല മുടി വളരുകയുള്ളു. മുടിയുടെ നീളവും തരവും ജനിതകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈഫോയ്ഡ്, മലേറിയ പോലുള്ള ശാരീരികമായ അസുഖങ്ങൾ, താരൻ, പൂപ്പൽ പോലുള്ള തലയിലെ അസുഖങ്ങൾ , വിറ്റമിനുകളുടെയും ആവശ്യത്തിനുള്ള പോഷകങ്ങളുടെയും കുറവ് എന്നിവയെല്ലാം മുടി വളർച്ചയെ ബാധിക്കുന്ന ഘടകങ്ങളാണ്. ടെൻഷൻ, സ്ട്രസ്സ് എന്നിവ മുടികൊഴിച്ചിലിലേക്കും നയിക്കും. അത്രയും സങ്കീർണമാണ് മുടിയുടെ വളർച്ച.
മുടി കൊഴിഞ്ഞു തുടങ്ങുമ്പോൾതന്നെ കാണുന്ന എണ്ണകളുടെയും ജെല്ലുകളുടെയും ഷാംപൂവിന്റെയുമൊക്കെ പിറകേ പായാൻ ടെൻഡൻസി കൂടുതലാണ് നമ്മളിൽ പലർക്കും. ശരിക്കും പറഞ്ഞാൽ നമ്മുടെ ശരീരത്തിന് ഒരുതരത്തിലുള്ള എണ്ണയുടെയും ആവശ്യമില്ല. പുറംരാജ്യങ്ങളിലുള്ളവർ എണ്ണ ഉപയോഗിക്കാതെ ഷാംപൂ മാത്രം
ഉപയോഗിക്കുന്നവരാണ്. ഇവിടെ സ്ഥിതി അങ്ങനെയല്ല.
കുളിക്കു മുൻപും കുളി കഴിഞ്ഞുമൊക്കെ തലയിൽ എണ്ണ തേയ്ക്കുന്നവരുണ്ട്. തലയോട്ടി ക്ലീനായി ഇരിക്കണമെന്നു മാത്രമേയുള്ളു. ഇതുതന്നെയാണ് അടിസ്ഥാനപരമായി ചികിത്സയിലും ചെയ്യുന്നത്. പിഎച്ച് വാല്യു നോർമൽ ആയിട്ടുള്ള ഷാംപൂവും എണ്ണയും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മുടി സ്ട്രെയ്റ്റനിങ്, കളറിങ് എന്നിവ ഇപ്പോൾ ട്രെൻഡിങ്ങാണ്. നല്ല ആരോഗ്യമുള്ള മുടിയിൽ ഇവ ചെയ്യുന്നതിൽ മറ്റു പാർശ്വഫലങ്ങളൊന്നുമുണ്ടാകില്ല. മുടി കൊഴിച്ചിൽ ടെൻഡൻസി ഉള്ള സമയങ്ങളിൽ ഇവ ചെയ്യാതിരിക്കുന്നതാകും നല്ലത്. ഇവ ചെയ്യുന്നതിനു മുൻപ് ഒരു വിദഗ്ധോപദേശം സ്വീകരിക്കുന്നത് നല്ലതാകും. കളർ ചെയ്യുമ്പോൾ ആദ്യം
ചെയ്ത കളർ പോയതിനു ശേഷം മാത്രം അടുത്തത് തിരഞ്ഞെടുക്കുക. ഇതിലുള്ള കെമിക്കലുകൾ എപ്പോഴും മുടിയെ പോസിറ്റീവായി ബാധിക്കണമെന്നില്ല. സ്ട്രോങ് ഷാംപൂവും സ്ട്രെയ്റ്റനിങും കളറിങും പലപ്പോഴും മുടിയുടെ ഗുണമേൻമയെ ബാധിക്കാറുണ്ട്. സ്ട്രെയ്റ്റൻ ചെയ്ത് ഒരു മൂന്നു മാസം കഴിയുമ്പോൾ പലരിലും മുടികൊഴിച്ചിൽ കൂടുന്നതായും കാണുന്നുണ്ട്. എന്നാൽ ആരോഗ്യമുള്ള മുടിയെ ഇതൊന്നും ബാധിക്കാറുമില്ല.