ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ
ഹെയർഡൈകൾക്ക് ആൺ സൗന്ദര്യത്തിൽ ഒഴിവാക്കാനാകാത്ത സ്ഥാനമാണുള്ളത്. മുടിക്കു വേറിട്ട നിറങ്ങൾ നൽകുന്നതു മുതൽ നരയുടെ വെള്ളിരേഖകളെ കറുപ്പിച്ച് ചെറുപ്പമാക്കുന്നതു വരെയുള്ള ദൗത്യങ്ങൾ ആൺ സൗന്ദര്യത്തിനായി ഡൈകൾ നിറവേറ്റുന്നു. ഏത് ഹെയർ ഡൈ തിരഞ്ഞെടുക്കുമ്പോഴും ആദ്യം ശ്രദ്ധിക്കേണ്ടത് അതു സ്വന്തം ചർമത്തിന് ഇണങ്ങുമോ എന്നാണ്.
പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഡൈകളാണു തിരഞ്ഞെടുക്കുന്നതെങ്കിലും അതിലടങ്ങിയിരിക്കുന്ന ദൂഷ്യഫലങ്ങളുണ്ടാക്കുന്ന രാസവസ്തുക്കളുടെ പേര് കമ്പനി പായ്ക്കറ്റിൽ രേഖപ്പെടുത്താറില്ല. മുടിക്ക് കൂടുതൽ കറുപ്പു നിറം പകരാനായി മിക്ക ഡൈകളിലും പാരാസിനഡിൻഡൈയാമിൻ എന്ന രാസവസ്തു ചേർക്കാറുണ്ട്. ഇത് ഗുരുതരമായ ചർമരോഗങ്ങളുണ്ടാക്കും.
ഇത്തരം ദോഷങ്ങളില്ലാതെ ഹെയർഡൈകൾ ഉപയോഗിക്കാനായാണ് ചിലർ ഹെർബൽ ഡൈകൾ തേടിപ്പോകുന്നത്. എന്നാൽ, എല്ലാ ഹെർബൽ ഡൈകളിലും പ്രകൃതിദത്ത വസ്തുക്കൾ മാത്രമല്ല അടങ്ങിയിരിക്കുന്നത്.
ചിലതരം ഹെർബൽ ഡൈകളിൽ ഹെന്ന അടങ്ങിയിട്ടുണ്ടാകും. ഒറിജിനൽ ഹെർബൽഡൈ തിരിച്ചറിയാൻ മാർഗമുണ്ട്. ഒരു മഗിലോ ചെറിയ പാത്രത്തിലോ അല്പം പൊടിയെടുത്ത് വെള്ളം ചേർത്തു നോക്കുക. പൊടിയുടെ മുകൾ ഭാഗത്ത് ബ്രൗൺ നിറമാണെങ്കിൽ ഡൈയിലെ പ്രധാന ചേരുവ ഹെന്ന ആണെന്ന് ഉറപ്പിക്കാം.
എന്നാൽ, കാപ്പിപ്പൊടിയുടെ നിറമാണുണ്ടാകുന്നതെങ്കിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന പാരാസിനഡിൻ ഡൈയാമിൻ എന്ന രാസവസ്തു ആയിരിക്കും അതിൽ അടങ്ങിയിട്ടുള്ളത്. ഈ ഡൈ ഉപയോഗിക്കാതിരിക്കുകയാണു നല്ലത്.
കൺപീലിയിലോ പുരികത്തിലോ ഹെയർ ഡൈ ഉപയോഗിക്കരുത്. ഇതു കാഴ്ച ഇല്ലാതാക്കുന്നതിനു വരെ കാരണമാകാം. ഹെയർ ഡൈയുടെ പായ്ക്കറ്റിൽ ഉപയോഗക്രമം രേഖപ്പെടുത്തിയിട്ടുണ്ടാകും. അതു പാലിക്കുക. കൂടുതൽ സമയം ഡൈ തലയിൽ പുരട്ടി വച്ചാൽ കൂടുതൽ കറുക്കും എന്ന ധാരണ തെറ്റാണ്. ഡൈ ഉപയോഗിച്ച ശേഷം 25 മനിറ്റിനു ശേഷം ശുദ്ധജലത്തിൽ ഡൈ കഴുകിക്കളയണം.