കഷണ്ടിയെ നിയന്ത്രിക്കാനാകുമോ?
ഇടതൂർന്നു തഴച്ചു വളർന്ന മുടി നൽകുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല, പ്രത്യേകിച്ച് ഇൗ സെൽഫിക്കാലത്ത്. അതു കൊണ്ടാണല്ലോ മുടിയുടെ കാര്യത്തിൽ ആൺ - പെൺ വ്യത്യാസമില്ലാതെ എല്ലാവരും വളരെ ശ്രദ്ധിക്കുന്നതും മുടിയിലെ ചെറിയ മാറ്റം പോലും പലരെയും അസ്വസ്ഥരാക്കുന്നതും. പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് മുടി കൊഴിച്ചിലിന്റെ ത്രീവ്രത ഏറ്റവും പ്രകടമാവുന്നത്. പുരുഷന്മാരിൽ നെറ്റി കയറുന്നത് സ്വഭാവികമായി ഇരുപത്-ഇരുപത്തിയഞ്ച് വയസ്സിനിടയിലാണ്. .ചിലരിൽ പതിനാറ് വയസ്സു മുതൽ നെറ്റി കയറാറുണ്ട്. ഉപരിപഠനത്തിനോ ജോലി തേടിയോ പുതിയൊരു സ്ഥലത്ത് എത്തിപ്പെടുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദവും മറ്റും മുടി കൊഴിയുന്നതിന്റെ മുഖ്യ കാരണമായി കണക്കാമെങ്കിലും പാരമ്പര്യ ഘടകങ്ങളും പരിഗണിക്കേണ്ടതായുണ്ട്. നെറ്റി കയറുന്നതിന് ഒരോ ഘട്ടത്തിനും നോർവുഡ് ക്ലാസിഫിക്കേഷനിൽ ഒന്നു മുതൽ ഏഴുവരെ വരെയാണ്.
ഒന്നാം ഘട്ടം ഇരുപത് മുതൽ ഇരുപത്തിയഞ്ച് വയസ്സ് വരെ കാലയളവിൽ സ്വഭാവികമായി പിന്നിടും. ഒന്നാം ഘട്ടത്തിൽത്തന്നെ മൂന്നോ നാലോ ഘട്ടത്തിന്റെ രോഗാവസ്ഥ കാട്ടുകയാണെങ്കിൽ മതിയായ ശ്രദ്ധ നൽകണം. പ്രായമനുസരിച്ചുള്ള നെറ്റികയറലിനെ സ്വാഭാവികമായി കാണാമെങ്കിലും പെട്ടെന്നുള്ള മുടി കൊഴിച്ചിൽ അതീവ ഗൗരവമായെടുക്കുകയും വൈദ്യ സഹായം തേടുകയുമാണ് അഭികാമ്യം. നെറ്റി കയറുന്നതിനെക്കാളും മുടിയുടെ ഉള്ളു കുറയുന്ന അവസ്ഥയാണ് സ്ത്രീകളിൽ ആദ്യ പ്രകടമാവുക. സ്ത്രീകളിലെ മുടി കൊഴിയുന്നതിന്റെ കാരണങ്ങൾ നിരവധിയാണ്. ഹോർമോൺ അസന്തുലനാവസ്ഥ, തൈറോയ്ഡ് പ്രശ്നങ്ങൾ, ശരീര ഭാരത്തിന്റെ ഏറ്റക്കുറച്ചിൽ, ചില മരുന്നുകളുടെ പാർശ്വഫലം, പോഷകാഹാരക്കുറവ്, പ്രസവത്തിനു മുമ്പും ശേഷവുമുള്ള കാലം, ആർത്തവവിരാമം ഇവയെല്ലാം ചില ഘടകങ്ങളാണ്. പുരുഷന്മാരിൽ നെറ്റി കയറി കാലക്രമേണ കഷണ്ടിയാവുന്ന അവസ്ഥ വളരെ പ്രകടമാവുമ്പോൾ സ്ത്രീകളിൽ മൂർദ്ധാവിൽ മുടി രണ്ടായി പകുത്തെടുക്കുന്ന ഭാഗത്തെ മുടി നഷ്ടമായി തെളിഞ്ഞു വരുന്നത് കാണാം. പുരുഷന്മാരെക്കാളും സ്ത്രീകൾ മുടി വലിച്ച് കെട്ടി ഒരു ഭാഗത്ത് സമ്മർദം നൽകുന്നത് മുടി കൊഴിയാൻ കാരണമായേക്കാം. ആൺ പെൺ വ്യത്യാസമില്ലാതെ മുടിയുടെ സ്വാഭാവികമായുള്ള ഘടനയ്ക്കു വിപരീതമായി ഏതെങ്കിലുമൊരു ഭാഗത്ത് അമിത സമ്മർദ്ദം നൽകുന്നത് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.