ഹെയർട്രാൻസ്പ്ലാന്റ് ചികിൽസ കഴിഞ്ഞാൽ
ഹെയർട്രാൻസ്പ്ലാന്റ് ചികിൽസയ്ക്ക് ശേഷം എങ്ങനെ തലമുടി പരിചരിക്കുന്നുവോ അത്രയും നല്ലതായിരിക്കും ചികിൽസയുടെ ഫലം. ചികിൽസയുടെ നാലാം ദിവസം തല മുഴുവനായി കുളിക്കാം. ഹെയർട്രാൻസ്പ്ലാന്റ് ചെയ്യുന്ന അവസരത്തിൽ മുടി പിഴുതെടുക്കന്ന ഭാഗം (ഡോണർ ഏരിയ) മാത്രമേ കഴുകാറുള്ളൂ. തല മുഴുവൻ കഴുകുന്ന പ്രക്രിയ കഴിഞ്ഞാൽ ചികിൽസ തേടിയ വ്യക്തിയ്ക്ക് മുൻപ് എന്തെല്ലാം ചെയ്തിരുന്നോ അതെല്ലാം അനായാസം ചെയ്യാം. വേദനയോ പാർശ്വഫലങ്ങളോ ഇല്ലാത്ത ചികിൽസാ രീതിയായതിനാൽ ട്രാൻസ്പ്ലാന്റ് കഴിഞ്ഞുള്ള അടുത്ത നിമിഷം മുതൽതന്നെ ആ വ്യക്തിക്ക് സാധാരണ ജീവിത്തതിലേക്കു മടങ്ങാനും സാധിക്കും. ഹെയർട്രാൻസ്പ്ലാന്റ് ചികിൽസ കഴിഞ്ഞാൽ അദ്യ മൂന്നു ദിവസം ചില മരുന്നുകൾ കഴിക്കേണ്ടി വരും.
ഹെയർട്രാൻസ്പ്ലാന്റ് ചെയ്ത് ആദ്യ പതിനഞ്ചു ദിവസം കഠിനമായ ജോലികളും ജിംനേഷ്യത്തിലെ വ്യായാമവും നീന്തലുമെല്ലാം ഒഴിവാക്കണം. ഇൗ സമയത്ത് അനായാസം യാത്ര ചെയ്യാനും വാഹനമോടിക്കാനും തടസ്സമില്ല. ട്രാൻസ്പ്ലാന്റ് ചെയ്ത ഭാഗത്ത് മുടി ആറ് മുതൽ എട്ടു മാസത്തിനുള്ളിൽ സാധാരണ പോലെ വളർന്നിട്ടുമുണ്ടാകും. സാധാരണ ഗതിയിൽ മൂന്നു മാസം കൊണ്ട് മുപ്പത് ശതമാനം വളർച്ചയും അഞ്ചു മാസം കഴിയുമ്പോൾ അൻപത് ശതമാനം വരെ വളർച്ചയും എട്ടുമാസമാകുമ്പോൾ എൺപത് ശതമാനവും പത്ത് മാസമാകുമ്പോൾ പൂർണ തോതിലുള്ള വളർച്ചയും ഉണ്ടാകും. ആദ്യ രണ്ടു മാസം കഴിയുമ്പോൾ വേണമെങ്കിൽ മുടി മുറിക്കാനും വെട്ടിച്ചെറുതാക്കി (ട്രിം) നിറുത്താനും ആറുമാസം കഴിയുമ്പോൾ വളർന്നു വന്ന ഭാഗം വടിച്ചു കളയാനും സാധിക്കും. ട്രാൻസ്പ്ലാന്റ് ചെയ്ത ഭാഗത്ത് മുടി നൈസർഗികമായ (പ്രകൃതിദത്ത) വളർച്ച നേടിയാൽ കൊഴിഞ്ഞു പോകുമെന്ന ഭയം വേണ്ട.