തല മസാജ് ചെയ്താൽ മുടി കൊഴിയുമോ?
കുളിച്ചു കഴിഞ്ഞാൽ മുടിയിൽ നനവു നിൽക്കുന്നത് ആരോഗ്യത്തിനു ദോഷമാണെന്ന കാര്യത്തിൽ തകർക്കമില്ല. കുളി കഴിഞ്ഞാൽ നന്നായി തല തുടയ്ക്കുന്നതാണ് നമ്മുടെ പതിവ്. തല തുടയ്ക്കുന്നതിലെ രീതിയാണ് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നത്. കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവർത്തുന്നത് ഗുണത്തെക്കാൾ ദോഷമാണ് സമ്മാനിക്കുക. നെറുകയിൽ അമിത ശക്തിയോടെ അമർത്തി തുടയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും കൊഴിഞ്ഞു പോകാനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു. നനഞ്ഞ തലമുടിയിലെ വെള്ളം നല്ല ഗുണനിവാരമുള്ള ബാത്ത് ടവൽ ഉപയോഗിച്ച് മൃദുവായി ഒപ്പിയെടുക്കുകയാണ് അഭികാമ്യം.
മുടി നന്നായി വളരാൻ തലമുടി മസാജ് നല്ലതാണെന്ന് കരുതുന്നവരാണ് പലരും. ആരോഗ്യമുള്ള വ്യക്തികൾക്ക് ചെറിയ തോതിൽ മസാജ് ആശ്വാസം നൽകുമെങ്കിലും മുടി കൊഴിച്ചിൽ അനുഭവിക്കുന്നവർ തലമുടി മസാജ് ചെയ്യുന്നത് ഗുണത്തെക്കാളധികം ദോഷമായിരിക്കും സമ്മാനിക്കുന്നത്. അമിതമായി തലയിൽ തടവുന്നത് ബലക്ഷയമുളള മുടിയിഴകൾ പെട്ടെന്നു പൊഴിയാൻ കാരണമാകുന്നു. വൃത്തിയായി മുടി പരിപാലിക്കുന്നതാണ് ഏറ്റവും ആരോഗ്യകരമായ മാർഗമെന്നു കരുതുന്നവർ പോലും ചീർപ്പ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ശ്രദ്ധ നൽകാറില്ല. ഗുണമേന്മയില്ലാത്തതും വില കുറഞ്ഞതും പല്ലുകളുടെ അറ്റം കൂർത്തതുമായ ചീർപ്പുകൾ ശിരോചർമത്തിന് അസ്വസ്ഥതയുണ്ടാക്കുകയും മുടി കൊഴിയുന്നതിന്റെ തോത് കൂട്ടൂകയും ചെയ്യുന്നു. മൃദുവും പല്ലുകൾ തമ്മിലുള്ള അകലം (വൈഡ് സ്പേസ്) അൽപം കൂടിയതുമായ ചീർപ്പുകളാണ് എപ്പോഴും തിരഞ്ഞെടുക്കേണ്ടത്.