പുരിക സൗന്ദര്യം കൂട്ടാൻ
ഹെയർ ട്രാൻസ്പ്ലാന്റ് എന്നത് തലയിലെ മുടി മാറ്റിവയ്ക്കുന്ന പ്രക്രിയ മാത്രമാണെന്നു കരുതിയാൽ തെറ്റി. തലമുടിക്കൊപ്പം പുരികവും മീശയും താടിയും വരെ പുനഃസ്യഷ്ടിക്കാനും ഡിസൈൻ ചെയ്യാനുമുള്ള നൂതന ചികിൽസാശാഖയായി വളർന്നു കഴിഞ്ഞു. അപകടമോ പൊള്ളലോ മറ്റും സംഭവിച്ചു പുരികം നഷ്ടമായവർക്ക് ഹെയർ ട്രാൻസ്പ്ലാന്റ് ചികിൽസയിലൂടെ പുരികം വീണ്ടെടുക്കാനാവും. പുരുഷന്മാരെക്കാളും സ്ത്രീകളാണ് പുരികത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നത്. സ്ത്രീ – പുരുഷ വ്യത്യാസമില്ലാതെ പുരികം വ്യക്തിത്വത്തിന്റെ ഭാഗമാണ്. ആത്മവിശ്വാസം ഉയർത്തുകയും ചെയ്യും. പുരികം കളർ ചെയ്യുന്ന പ്രക്രിയയായ മൈക്രോ പിഗ്‌മെന്റേഷനും (എംപിജി) പുരികത്തിന്റെ ഭംഗി കൂട്ടുന്ന െഎബ്രോ കറക്‌ഷൻ ചികിൽസയും ചെയ്ത് മുഖ സൗന്ദര്യം കൂട്ടാം. കല്യാണ സമയത്ത് ഒരുങ്ങുന്നതിനൊപ്പമാണ് പലരും ഇത്തരം ചികിൽസ തേടാറുള്ളതെങ്കിലും പുരികം ആകർഷകമാക്കാൻ പ്രായ പരിധിയില്ല.
മുടിയഴക് പോലെ തന്നെ പ്രധാനപ്പെട്ടതാണ് മീശയുടെയും താടിയുടെയും പരിപാലനം. മുടിയെക്കുറിച്ചു മാത്രം ഇത്ര നാളും വേവലാതിപ്പെട്ടിരുന്ന യുവാക്കൾ മീശയിലും താടിയിലും പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാൻ മൽസരിക്കുകയാണ്. വ്യക്തിയുടെ മുഖാകൃതിക്കു ചേർന്ന മീശയും താടിയും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മുഖത്തിന് അനുയോജ്യമായ രീതിയിൽ താടിയും മീശയും ഡിസൈൻ ചെയ്യുവാൻ ഹെയർ ട്രാൻസ്പ്ലാന്റ് ചികിൽസ വഴിയൊരുക്കുന്നു. താടിയോ മീശയോ വളർച്ചക്കുറവുള്ളവർക്ക് ഫില്ലിങ് എന്ന ചികിൽസാരീതിയും ഫലപ്രദമാണ്.
മുടി കൊഴിയുന്നതിന് അനേകം കാരണങ്ങളുണ്ടെങ്കിലും നമ്മൾ ഉപയോഗിക്കുന്ന തലയിണയും മുഖ്യ ഘടകമാണ്. നവജാതശിശുക്കളിൽ തലയുടെ പിൻവശത്ത് മുടിയുടെ വളർച്ച വളരെ കുറവുള്ളതായി കാണാം. നൈലോൺ തലയിണയും റബർ ഷീറ്റുമാണ് അമിതമായി തല വിയർക്കുന്നതിനും കുഞ്ഞുങ്ങളുടെ തലയുടെ പിൻഭാഗത്ത് മുടി കൊഴിഞ്ഞു പോകുന്നതിനും കാരണം. നമ്മൾ ഉപയോഗിക്കുന്ന തലയിണ നൈലോൺ നിർമിതമാണെങ്കിൽ തലയുടെ പിൻഭാഗം വല്ലാതെ ചൂടാകുവാനും മുടി കൊഴിഞ്ഞു പോകുവാനും കാരണമാകും.