ബി. ജയമോഹൻ
പ്രശസ്ത തമിഴ് നോവലിസ്റ്റാണ് ബി. ജയമോഹൻ. മലയാളത്തിലും എഴുതാറുണ്ട്. കന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ 1962 ഏപ്രിൽ 4-ന് ജനിച്ചു. കൊമേഴ്സിൽ ബിരുദമെടുത്തിട്ടുണ്ട്. നാല് നോവലുകളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും മൂന്ന് നിരൂപണ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. 'നൂറുസിംഹാസനങ്ങൾ' എന്ന മലയാള നോവൽ പ്രധാന കൃതിയാണ്. 'ഒഴിമുറി' എന്ന മലയാള സിനിമ ഉൾപ്പെടെ നിരവധി ചലചിത്രങ്ങൾക്ക് സംഭാഷണം എഴുതിയിട്ടുണ്ട്.
എം.ഗോവിന്ദൻ മുതൽ ബാലചന്ദ്രൻ ചുളളിക്കാട്വരെയുളള ആധുനിക മലയാള കവികളുടെ കവിതകൾ ‘തർക്കാല മലയാള കവിതകൾ’ എന്ന പേരിൽ തമിഴിൽ പുസ്തകമാക്കിയിട്ടുണ്ട്. മലയാളത്തിലെ അഞ്ച് യുവകവികളുടെ കവിതകൾ ‘ഇൻറൈയ മലയാളകവിതകൾ’ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1991-ലെ ചെറുകഥക്കുളള കഥാപുരസ്കാരം, 1992-ലെ സംസ്കൃതി സമ്മാൻ പുരസ്കാരം എന്നിവ ലഭിച്ചു. ‘ചൊൽപുതിത്’ എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും കൺവീനറുമാണ്.
ആനഡോക്ടർ എന്ന നോവലിനെ കുറിച്ച് ജയമോഹൻ
ഇതൊരു ആധുനിക സാഹിത്യം അല്ല. ശരിക്കു പറഞ്ഞാൽ ഇതൊരു പുരാണം. മഹാന്മാരെയും മഹാവീരന്മാരെയും കഥകളിലൂടെ ചരിത്രത്തിൽ നിർത്തുക എന്നതാണ് പൗരാണികന്റെ കർമം. ഇതൊരു പ്രചരണ കഥയാണ്. അതുകൊണ്ട് ഇതിനു കോപ്പിറൈറ്റ് ഇല്ല. തമിഴ്നാട്ടിൽ മുപ്പതോളം പ്രസിദ്ധീകരണങ്ങളും വ്യക്തികളും ഇത് അച്ചടിച്ചു വിതരണം ചെയ്തിട്ടുണ്ട്. ഇന്നും തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കഥയാണിത്. ധാരാളം സ്കൂളുകളിൽ ഇത് പാഠമാണ്. 2002 ൽ ഡോക്ടർ കെ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഒഴിച്ച് മറ്റാരും അറിഞ്ഞിരുന്നില്ല. ഇന്ന് കൊല്ലംതോറും ഡോക്ടർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് യോഗങ്ങൾ നടക്കുന്നു. പുരാണത്തിന്റെ ശക്തി അതാണ്.
ആദർശത്തിൽ ഉറച്ചു ജീവിച്ച മനുഷ്യരുടെ പന്ത്രണ്ടു കഥകൾ ഉള്ള ‘അറം’ എന്ന സമാഹാരം ഞാൻ 2010 ൽ എഴുതുകയുണ്ടായി. അതിലുള്ള മറ്റൊരു കഥയാണിത്–‘നൂറ് സിംഹാസനങ്ങൾ’, ‘വണങ്ങാൻ’ പോലേ.
ഗവിയിലെ മുൻഫോറസ്റ്റ് ഉദ്യോഗസ്ഥനും എന്റെ സുഹൃത്തുമായ ബഷീറിന് നന്ദി. അദ്ദേഹത്തോട് നടത്തിയ സംഭാഷണങ്ങൾ ഈ കഥയ്ക്ക് സഹായമായിട്ടുണ്ട്.