ഡോക്ടർ കെ
ആന ഡോക്ടർ എന്നറിയപ്പെട്ട ഡോക്ടർ വി. കൃഷ്ണമൂർത്തി (1923–2002) തമിഴകത്തിലെ പ്രധാന മൃഗഡോക്ടറും വനസംരക്ഷകനുമായിരുന്നു. ആനകൾക്കായി ജീവിച്ചു. അദ്ദേഹം ടോപ്പ് സ്ലിപ്പിൽ കഴിഞ്ഞ വീട് ഇന്ന് അദ്ദേഹത്തിന്റെ സ്മാരകമാണ്.
പഴയ മദിരാശി പ്രസിഡൻസിയിൽ വൈദ്യനാഥയ്യരുടെ മകനായി ജനിച്ചു. മദ്രാസ് വെറ്ററിനറി കോളജിൽ നിന്ന് ബിരുദം നേടി. 1952 ൽ ഇന്ത്യൻ വനംവകുപ്പിൽ ഡോക്ടറായി പണിയിൽ കയറി. തേക്കടിയിലും ടോപ്സ്ലിപ്പിലുമായി താമസിച്ച് ജോലി ചെയ്തു.
ആനകൾക്കായി ജീവിതം മാറ്റിവച്ചയാളാണ് ഡോക്ടർ കെ. വന്യമൃഗങ്ങൾക്ക് പോസ്റ്റ്മോർട്ടം വേണം എന്ന് എഴുതിയും പോരാടിയും വിജയിച്ചു. പോസ്റ്റ് മോർട്ടം ചെയ്ത് തുടങ്ങിയപ്പോ ഴാണ് തമിഴ്നാട്ടിലും കേരളത്തിലും മരിക്കുന്ന ആനകളിൽ പകുതിയോളം ആനകൾ വേട്ടക്കാരുടെ ഇരകളാണെന്ന് മനസ്സിലായത്. 1953 മുതൽ 1956 വ രെ അദ്ദേഹം 18 ആനകളുടെ ജഡം പരിശോധിച്ചപ്പോൾ അവയിൽ 12 ആനകൾ മനുഷ്യരാൽ കൊല്ലപ്പെട്ടവ എന്ന് വ്യക്തമായി.
ആനകൾക്ക് പറ്റിയ സ്ഥലം കാടുകളാണ് എന്ന് കൃഷ്ണമൂർത്തി പറഞ്ഞു. ക്ഷേത്രങ്ങളിലെ ആനകളെ കൊല്ലത്തിലൊരിക്കൽ കാടുകളിലേക്ക് കൊണ്ടുചെന്ന് ഒരു മാസം താമസിപ്പിക്കുന്ന പദ്ധതി അദ്ദേഹം ഉണ്ടാക്കിയതാണ്. 15 ആളുകളെ കൊന്ന മുതുമലയിലെ മേഘ്ന ആനയെ മെരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് വാർത്തയായി. ജയലളിതയുടെ മരണത്തിനു ശേഷം ആനകളുടെ വനയാത്ര പദ്ധതി നിർത്തലാക്കപ്പെട്ടു.
ഡോക്ടർ കെ 1972 ൽ വാഷിങ്ടനിലെ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്കോളർഷിപ്പ് നേടി. നാട്ടാനകളെ പരിരക്ഷിക്കുന്നതിനെപ്പറ്റി ധാരാളം പഠനക്യാമ്പുകൾ നടത്തി. അതിനൊരു പദ്ധതി ഉണ്ടാക്കി സർക്കാരിനെക്കൊണ്ട് സ്വീകരിപ്പിച്ചു. അമ്പതോളം പഠനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഒടുവിലത്തെ ലേഖനം 1999 ൽ നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചതാണ്. International Union for the Conservation of natural resources, Asian Elephant Specialist Group തുടങ്ങി പല സംഘടനകളിലെ അംഗമായിരുന്നു. 2000 ത്തിൽ വനരക്ഷകർക്കുള്ള ഏറ്റവും വലിയ അംഗീകാരമായ വേണുമേനോൻ അലൈസ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.
2002 ഡിസംബർ 9 ന് ഡോക്ടർ കെ നിര്യാതനായി. വയസ്സ് 73. ഇംഗ്ലിഷ് പത്രങ്ങളിലെ ഏതാനും വാർത്തകളൊഴിച്ചാൽ തമിഴ്നാട്ടിൽ പൊതുവേ ആരും ശ്രദ്ധിക്കാതെ കടന്നു പോയ ഒരു ജീവിതമായിരുന്നു.