ജയരാഗങ്ങള്‍

തന്റെ സംഗീത ജീവിതത്തിലെ രണ്ട് ദശാബ്‌ദങ്ങള്‍ പൂര്‍ത്തിയാക്കുന്ന എം ജയചന്ദ്രന്റെ ഗാനങ്ങള്‍ക്ക് ആദരം. ഈ ആദരത്തിനായി സിനിമാ സംഗീത ലോകത്തെ ഒട്ടുമിക്ക പ്രമുഖരും തിരുവനന്തപുരത്ത് ഒത്തുകൂടുമ്പോള്‍ സംഗീത പ്രേമികള്‍ക്ക് അത് മറക്കാനാകാത്ത ഒരു അനുഭവമായി മാറും.

മനോരമ ഓൺലൈനിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന, സൂപ്പര്‍ താരം സുരേഷ് ഗോപി ആമുഖം നല്‍കുന്ന ജയരാഗങ്ങള്‍ എന്ന സംഗീത രാവില്‍ യേശുദാസ്, ജി വേണുഗോപാല്‍, ശ്രേയാഘോഷാല്‍, ശ്രീറാം, രാജലക്ഷ്‌മി, വിജയ് യേശുദാസ്, വിജയലക്ഷ്‌മി എന്നിങ്ങനെ നിരവധി കലാകാരന്‍മാര്‍ക്കൊപ്പം നിരവധി സംഗീത പ്രമുഖര്‍ പങ്കെടുക്കുമ്പോള്‍ ഇതുവരെ ഒരു ഷോയിലും ദര്‍ശിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഒരു ദൃശ്യ വിരുന്ന് ഒരുങ്ങും.

തലസ്ഥാന നഗരിക്ക് ആദ്യമായി ബംഗാളി ശബ്ദ സൗന്ദര്യം ശ്രേയാ ഘോഷാലിന്റെ പാട്ടും കേൾപ്പിക്കുന്ന കലാസന്ധ്യ. പച്ചപ്പനംതത്തേ മുതൽ കാത്തിരുന്നു കാത്തിരുന്നുവരെ... നവംബർ 28ലെ അനന്തപുരിയിലെ രാവിന് ജയചന്ദ്രൻ സംഗീതത്തിന്റെ താളമായിരിക്കും.

ഗാനങ്ങൾ മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന തകര്‍പ്പന്‍ നൃത്തങ്ങളും വേദിയെ കൂടുതല്‍ ഉജ്വലമാക്കും. മനോഹരമായ ജയചന്ദ്രൻ ഈണങ്ങളുടെ നടന ഭംഗി കാണിച്ചു തരുന്നതോടൊപ്പം ബാലഭാസ്‌കറും സ്റ്റീഫൻ ദേവസ്യയും കാഴ്‌ചവയ്ക്കുന്ന സംഗീത വിരുന്നും ഇവിടൊരു സംഗീത മഴ തന്നെ പെയ്യിക്കും.

കീബോർഡുമായി സ്റ്റീഫൻ ദേവസ്യയും വയലിനിലെ മാന്ത്രികതയുമായി ബാലഭാസ്കറുമെത്തുമ്പോള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ അവതാരക മികവുമായി വെഞ്ഞാറമൂട് സുരാജും കൂട്ടരും പരിപാടിയിലുടനീളമുണ്ടാകും.